ജംഗ്ഷനില്‍ ബസ്സിറങ്ങിയിട്ട് കടയില്‍നിന്നൊരു സിഗററ്റുവാങ്ങിക്കത്തിച്ചു പുകയൂതിപ്പറത്തിക്കൊണ്ട് വീട്ടിലേക്കുള്ളവഴിയേ മെല്ലെനടക്കുമ്പോള്‍ ആരോ എന്റെ പേരു വിളിക്കുന്നതുകേട്ടാണ് ഞാന്‍ തിരിഞ്ഞുനോക്കിയത്. 

ഒരുനിമിഷം ഞാന്‍ അവിടെത്തന്നെ തറഞ്ഞുനിന്നുപോയി. പത്ത് പതിമൂന്നുകൊല്ലങ്ങള്‍ക്കുമുന്നേകണ്ട അതേഭംഗിയുമായി അവള്‍ എന്റടുത്തേയ്ക്കുനടന്നുവരുന്നു. എന്നെ നോക്കിച്ചിരിച്ചുകൊണ്ട് അടുത്തേയ്ക്കുവന്ന് സുഖമാണോടാ എന്നുതിരക്കിയപ്പോള്‍ അതിനു മറുപടിപറയാന് ഞാന്‍ ഒന്നുരണ്ടുനിമിഷമെടുത്തു. അതേ സുഖമാണ് നിനക്കു സുഖമാണോ എന്നു മറുചോദ്യം ചോദിച്ചുകൊണ്ട് ഞാന്‍ കൈയിലിരുന്ന സിഗററ്റ് ദൂരേയ്ക്ക് വലിച്ചെറിഞ്ഞിട്ട് നടക്കാനാരംഭിച്ചു. സുഖമാണെന്ന് പറഞ്ഞുകൊണ്ട് അവള്‍ ഒപ്പം നടന്നു. പലപല കാര്യങ്ങളും വിശേഷങ്ങളും ചോദിച്ചും പറഞ്ഞുംകൊണ്ടുള്ള നടത്തം. 

ഒരു തണുപ്പുള്ള പ്രഭാതത്തില്‍ മഞ്ഞനിറമുള്ള പാവാടയും ചന്ദനക്കളറിലുള്ള ഉടുപ്പുമിട്ട് ബാഗുംതൂക്കി പാടവരമ്പേനടന്നുവന്ന ആ മെലിഞ്ഞുകൊലുന്നനെയുള്ള പെണ്ണിനെക്കണ്ട് ഷോക്കടിച്ചതുപോലെ നിന്ന ഒരു കൗമാരക്കാരന്‍ എന്റെയുള്ളില്‍ ചത്തുമരവിച്ചുകിടക്കുന്നുണ്ടായിരുന്നു. ഗ്രാമത്തില്‍ പുതുതായി താമസത്തിനുവന്നതായിരുന്നു അവളും കുടുംബവും. അവള്‍ സ്‌കൂളില്‍പ്പോകുന്നത് എന്റെ വീടിന്റെ മുന്നിലെ പാടശേഖരത്തിനു നടുവിലൂടെയുള്ള വീതികുറഞ്ഞ തോട്ടുവരമ്പേയായിരുന്നു. ആ സുന്ദരമുഖംമാത്രം മനസ്സില്‍ കൊതിപ്പിച്ചുകൊണ്ട് എപ്പോഴും വിടര്‍ന്നുനില്‍ക്കാനാരംഭിച്ചത് പ്രായം മോഹിപ്പിക്കുന്നതുകൊണ്ടുകൂടിയായിരുന്നു. അവള്‍ക്ക് എന്റെ മോഹം മനസ്സിലായിക്കാണുമോ ആവോ? പത്താം ക്ലാസ്സുകഴിഞ്ഞശേഷം അവളുടെ അച്ഛനു ട്രാന്‍സ്ഫര്‍ ആയപ്പോള്‍ സ്‌കൂളുമാറിപ്പോയ അവളെ പിന്നീടിപ്പോഴാണ് കാണുന്നത്. ബന്ധുവീട്ടില്‍ ഒരു കാര്യമായിട്ടുവന്നതാണെന്നും രണ്ട് ആണ്‍കുട്ടികളാണ് തനിക്കെന്നും കെട്ട്യോന്‍ ബാങ്കുദ്യോഗസ്ഥനാണെന്നുമൊക്കെ അവള്‍ വിശേഷങ്ങള്‍ തുടര്‍ന്നും പറഞ്ഞുകൊണ്ടിരുന്നു. നിന്റെ കല്യാണം കഴിഞ്ഞോ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ ഇല്ലായെന്നയര്‍ത്ഥത്തില്‍ വിലങ്ങനെ തലയാട്ടി. ഒന്നു മൂളിക്കൊണ്ടവള്‍ മുന്നോട്ടു നടന്നു.

'നിനക്കെന്നൊടു പ്രേമമായിരുന്നോടാ?'

എന്റെ വീട്ടിലേയ്ക്കു തിരിയുന്ന വയല്‍വരമ്പിനടുത്തെത്തിയപ്പോള്‍ ഒച്ചതാഴ്ത്തി അവളെന്നോടു ചോദിച്ചപ്പോള്‍ അത്രയും നേരമില്ലാതിരുന്ന ഒരു പരിഭ്രമത്തിനടിപ്പെട്ടുകൊണ്ട് ദയനീയതനിറഞ്ഞ മുഖത്തോടെ ഞാനവളെയൊന്നുനോക്കി. എന്നെ നോക്കി ഒരു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് ഒന്നു തുറന്നുപറയാമായിരുന്നു എന്നുമാത്രം പറഞ്ഞവള്‍ നടന്നുപോയി.

ഞാനൊരുണക്കമരമായി ആ വഴിയില്‍ കത്തിയമര്‍ന്നു.