രണ്ടായിരത്തിപതിനാറിന്റെ രണ്ടാം പകുതി, ജോലിതിരക്കുകള്‍ക്കിടയിലും ഇടവേളകളില്ലാതെ മുഖപുസ്തകത്തില്‍ മുഖംകാണിക്കാന്‍ മടികാണിക്കാത്ത കാലം. കെ.ആറിനെ പെണ്ണ് കെട്ടിച്ചേ അടങ്ങു എന്ന വാശിയോടെ വീട്ടുകാര്‍ മാട്രിമോണിയല്‍ സൈറ്റുകള്‍ കയറിയിറങ്ങിയും, ബ്രോക്കര്‍മാര്‍ക്ക് പിന്നാലെ നടന്നും കുഴയുന്ന കാലം..
കത്തുന്നചൂട് കോമരമാടുന്ന ഒരു വെള്ളിയാഴ്ച്ചയിലെ പകലില്‍ പതിവുപോലെ മുഖപുസ്തകത്തിലൂടെ തെക്ക് വടക്കലയുന്നതിനിടയിലാണ് വൈഷുവിനെ വളരെ യാദൃശ്ചികമായി മുഖപുസ്തകത്തില്‍ ഫ്രണ്ടായി ലഭിക്കുന്നത്.
നാലയിരത്തിനു മുകളിലുള്ള മുഖപുസ്തക സൗഹൃദങ്ങളിലെ അനേകം സ്ത്രീ നാമധേയങ്ങളില്‍ ഒന്നു മാത്രമായി വൈഷുവിനെയും കണക്കാക്കുനതിനിടയിലാണ് ഇരുവരുടെയും കോമണ്‍സുഹൃത്തിന്റെ വൈഷുവിനെ കുറിച്ചുള്ള വിവരണം മെസ്സഞ്ചറില്‍ എന്നെതേടിയെത്തുന്നത്.
'രണ്ടു പേരും എന്തേലുമൊക്കെ എഴുതുന്നവര്‍, രണ്ടു പേരും സഖാക്കള്‍ ,നിനക്ക് ഒന്നാലോചിച്ചു കൂടെ'മനസ്സിലേക്ക് ഒരു ചെറിയ തീപ്പൊരി വിതറിയിട്ട് മുഖപുസ്തക സുഹൃത്തായ രാഹുല്‍ സ്‌കൂട്ടായി.
രാഹുലിന്റെ വാക്കുകള്‍ക്ക് മസില്‍പിടുത്തത്തിന്റെ അകമ്പടിയോടെ 'ഹേയ് അതൊന്നും ശരിയാവില്ല എന്ന് മറുപടികൊടുക്കുമ്പോള്‍ തന്നെ വൈഷുവിന്റെ ഇന്‍ ബോക്‌സില്‍ എന്റെ വക 'ഹായ് ' എത്തി കഴിഞ്ഞിരുന്നു.
ആദ്യമൊക്കെ 'ഹായ്,സലാം 'പറച്ചിലുകളുടെ തനിയാവര്‍ത്തനങ്ങള്‍ ,പിന്നീടത് പരിചയപ്പെടുത്തലിലേക്കും, ഫോണ്‍സംഭാഷണങ്ങളിലെക്കും വളര്‍ന്ന ബന്ധം,
പിവി സിന്ധു ഒളിമ്പിക്‌സില്‍ ബാഡ്മിന്റ്ന്‍ ഫൈനല്‍ കളിച്ച ദിവസമാണ്,ആദ്യമായി ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നത്, പിന്നീടത് രാത്രിയും പകലുമായി ആഴ്ച്ചകളോളം സൗഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നുള്ള സംഭാഷണങ്ങളായി നീണ്ടു.ലക്ഷ്യം പരസ്പരം മനസിലാക്കുക എന്നത് മാത്രം.
ഇരുവരുടെയും ,ചിന്തകള്‍ക്കും, കാഴ്ചപ്പാടുകള്‍ക്കും ഒരേ തരംഗദൈര്‍ഘ്യം ആണെന്ന് മനസ്സിലായതോടെ ജീവിതത്തില്‍ ഒന്നിക്കാമെന്ന നിര്‍ണായകമായ തീരുമാനത്തിലേക്ക് ഇരുവരും ഏത്തിചേര്‍ന്ന് ,ഒപ്പം ഞങ്ങള്‍ പ്രണയിച്ചു തുടങ്ങുകയായിരുന്നു.
പുത്തന്‍തലമുറയുടെ 'ഹായ്,ഡാര്‍ജലിംഗ് 'പ്രണയങ്ങളുടെ പ്രളയകാലത്ത് ഞങ്ങളുടെ സ്വകാര്യസംഭാഷണങ്ങളില്‍ മധുരമൂറുന്ന വാക്കുകള്‍ മാത്രമായിരുന്നില്ല, പുസ്തകങ്ങളും, എഴുത്തും,ആനുകാലിക സംഭവവികാസങ്ങളും ചര്‍ച്ചയ്ക്ക് വരുമായിരുന്നു.
ആദ്യമായി കാണുമ്പോള്‍ ഏവിടെ ഉമ്മവെക്കുമെന്ന് ചോദിക്കുന്ന അതെ തീവ്രതയോടെ, ട്രമ്പിന്റെ വൈറ്റ്ഹൗസിലേക്കുള്ള ചുവട് വെപ്പ് മുതല്‍ മണിയാശാന്റെ മന്ത്രിസഭാ പ്രവേശനം വരെയും നോട്ട് നിരോധനത്തിന്റെ ശരിതെറ്റുകള്‍ മുതല്‍ ലോകോളേജ് സമരം വരെയും, പെരുമാള്‍ മുരുകന്‍ മുതല്‍ സന്തോഷ് എച്ചിക്കാനം വരെയും, റോജര്‍ഫെഡററുടെ വിംബിള്‍ഡന്‍ വിജയംമുതല്‍,തമിഴകലോകത്തെ ഇളക്കിമറിച്ച ജെല്ലികെട്ടു വിഷയംവരെയും, ഞങ്ങളുടെ സ്വകാര്യചര്‍ച്ചകളില്‍ കടന്നുവന്നു.
അതെ ഞങ്ങള്‍ ഇന്നു പ്രണയിക്കുന്നു, ചിരിച്ചുകൊണ്ട് ,വഴക്കടിച്ചു കൊണ്ട്, കരഞ്ഞുകൊണ്ട്,രോഷംപ്രകടിപ്പിച്ചുകൊണ്ട് ,അങ്ങനെ പലപല വികാരങ്ങളാല്‍ സമ്മിശ്രമായ ഞങ്ങളുടേതായ പാതയിലുടെ എന്റെയും വൈഷുവിന്റെയും പ്രണയം മുന്നോട്ടുപോകുന്നു, അതിനു വഴിയൊരുക്കിയത് മുഖപുസ്തകവും.