ണ്ട് പണ്ട് നോട്ടുനിരോധനത്തിനും ജി.എസ്.ടിക്കും മുന്‍പേ രണ്ട് കമിതാക്കള്‍ ജോലി അന്വേഷിച്ചിറങ്ങി. സാമ്പത്തിക മാന്ദ്യവും, ആഗോള റിസെഷനും തോല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് വ്യത്യസ്ത നഗരങ്ങളിലായി ഒരു വിധം മോശമല്ലാത്തോരോ ജോലി അവര്‍ തരപ്പെടുത്തി. പിന്നെ നാട്ടുനടപ്പു പോലെ ആദ്യ ശമ്പളത്തിന്റെ ഒരു ഭാഗം അന്യോന്യം എന്തെങ്കിലും 'വിശേഷിച്ച്' വാങ്ങാനായി മാറ്റി വെയ്ക്കുകയും ചെയ്തു.

നേരിട്ട് കാണുമ്പോള്‍ വാങ്ങി തന്നാല്‍ മതി എന്നതാണ് ഉടമ്പടി. അക്കൗണ്ടില്‍ കിടക്കുകയാണെങ്കില്‍ ഏതു വഴി ചെലവായി എന്നറിയാത്ത വിധം നഷ്ടപ്പെടും എന്നതിനാല്‍ ആയിരം രൂപ രണ്ടു പേരും എടുത്ത് മാറ്റി വച്ചു. നേരിട്ട് അത് കൊടുക്കുന്ന സ്വപ്നം മനസിന്റെ ഒരു കോണിലും പൊന്നു പോലെ കാത്തു വച്ചു.

അകലെയായിരുന്നു അവരുടെ മഹാനഗരങ്ങള്‍. ജോലി കിട്ടിയ ആദ്യ നാളുകളും. വിചാരിച്ച പോലെ കണ്ട് മുട്ടുക എളുപ്പമല്ല.മാറ്റിവച്ച പണം, തിരക്കുകളില്‍ പെട്ട് മാറ്റി വയ്ക്കപ്പെട്ട കണ്ടുമുട്ടലിനായി കാത്തിരുന്ന് മുഷിഞ്ഞു.

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞ്..സോറി.. കാത്തിരിപ്പാണല്ലോ പ്രണയത്തിന്റെ മെയിന്‍

പക്ഷേ ജോലി കിട്ടിയ പെണ്ണിന് അങ്ങനെ അധിക കാലം അങ്ങനെ പ്രേമിച്ച് നടക്കാന്‍ പറ്റില്ലാന്ന് അറിയാല്ലോ.. പിന്നെ വീട്ടില്‍ കല്യാണാലോചനകളുടെ തകൃതി. അവനാണെകില്‍ അയ്യോ എനിക്ക് കല്യാണം കഴിക്കാനൊന്നും പ്രായപൂര്‍ത്തിയായിട്ടില്ല എന്നൊരു ലൈനും. മാത്രവുമല്ല അവരുടെ ജാതി, മതം, വര്‍ഗ്ഗം, ഭാഷ, വേഷം എല്ലാം പ്രശ്‌നമാണ്. മതേതരത്വവും, നാനാത്വത്തില്‍ ഏകത്വവും അവരെ സംബന്ധിച്ച് എത്തിപ്പിടിക്കാവുന്നതിലും എത്രയോ മുകളിലായിരുന്നു.

ഫോണ്‍ വഴി വീട്ടിലെ അവസ്ഥയും അവന്റെ ദുരവസ്ഥയും ഏറ്റുമുട്ടി അവസാനം അവര്‍ പിരിയാന്‍ തീരുമാനിക്കുകയാണ് സുഹൃത്തുക്കളേ പിരിയാന്‍ തീരുമാനിക്കുകയാണ്.

ആരുംപേടിക്കണ്ട, ഇത് കൂടെ കൂട്ടിയാല്‍ ഏതാണ്ടൊരു ഇരുന്നൂറാമത്തെ പിരിയല്‍ ആയിരുന്നു അവര്‍ക്ക്. സത്യം പറഞ്ഞാല്‍ കല്യാണം കഴിഞ്ഞ് പത്തു വര്‍ഷത്തോളമാകുന്ന ഈ വേളയിലും അവര്‍ തമ്മില്‍ ചേര്‍ന്നതിനേക്കാളേറെ പിരിഞ്ഞിട്ടുണ്ട് എന്ന് വേണം അനുമാനിക്കാന്‍.

അപ്പൊ അന്ന് അങ്ങനെ പിരിഞ്ഞു. പിന്നെ ഏതാണ്ട് ഉറച്ചു എന്നൊരു ഒരു കല്യാണാലോചനാ വേളയില്‍ ആ കാശിന് ഒരു വാച്ച് വാങ്ങി അവനു പാഴ്സല്‍ ചെയ്ത് ആ ഭാരം നൈസായി അവള്‍ അങ്ങ് ഒഴിവാക്കി.

കാമുകന് ഒടുക്കത്തെ കോണ്‍ഫിഡന്‍സ് ആയിരുന്നു, ആ വാച്ചില്‍ നോക്കി അവന്‍ എന്നിട്ടും പറഞ്ഞു നാം നേരിട്ട് കാണുന്ന സമയം വരും, അന്നേ എന്റെ സമ്മാനം അവള്‍ക്ക് കൊടുക്കൂ.

അങ്ങനെ ഇരിക്കേ ഒരു അവധിക്ക് നാട്ടില്‍ വരുന്ന വഴി കാമുകന്‍ അവളുടെ നഗരത്തില്‍ ഇറങ്ങി. വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങിയ കാമുകി അവനെ കാണാന്‍ പ്രണയ വിവശയായി ഓടിക്കിതച്ചെത്തുന്നു.കാണാന്‍ ഒരു മണിക്കൂര്‍ ആണ് ആകെ ഉള്ളത്. ട്രാഫിക്കും തിരക്കും എല്ലാം കഴിഞ്ഞ് അവര്‍ കണ്ട് മുട്ടിയപ്പോള്‍ തന്നെ അനുവദിച്ച അര മണിക്കൂര്‍ കഴിഞ്ഞിരുന്നു. ബാക്കി അരമണിക്കൂറില്‍ ഒരു ഐസ്‌ക്രീമും കഴിച്ച് പിരിയാന്‍ അവര്‍ നിര്‍ബന്ധിതരായി.

'എന്റെ സമ്മാനം വേണ്ടേ ?'അവന്‍
'ആ വേണം വേഗം താ..'അവള്‍
'അതിനു നമ്മള്‍ ഇപ്പോള്‍ ബ്രേക്കപ്പില്‍ അല്ലേ?'-ന്‍
'ആഹാ അതിനു മുന്നേ തീരുമാനിച്ചതല്ലേ വാങ്ങി തരാം-ന്ന് ? വേഗം തന്നോ'-ള്‍
'ആ പക്ഷേ ഞാന്‍ ഒന്നും വാങ്ങീല. നീ വന്നിട്ട് ഒരുമിച്ച് വാങ്ങാം എന്നായിരുന്നു എന്റെ പ്ലാന്‍' -ന്‍
'നന്നായി. എനിക്ക് ഇനി സമായൊന്നുല്ല. ഇവിടെ ഞാന്‍ താമസിക്കുന്നിടത്ത് ഏഴ് മണിക്ക് മുന്നേ കേറണം. ഞാന്‍ പോവാ..  ഇനി എപ്പോളെങ്കിലും കാണുകയാണെങ്കില്‍ വാങ്ങി തന്നാ മതി.' -ള്‍
'എന്റെ കയ്യില് ഇപ്പൊ പൈസ ഉണ്ട്. ഇനി എപ്പോളെങ്കിലും എന്ന് പറഞ്ഞാല്‍ ഉണ്ടാവണം എന്നില്ല'- അവള്‍ ബസിനടുത്തേക്ക് ഓടുന്നതിനിടയില്‍ കേട്ടു.

എന്തായാലും ഒന്നും കിട്ടാന്‍ പോകുന്നില്ല എന്ന് അവള്‍ ഉറപ്പിച്ചു. ഇനി അവനെ കാണാനും വഴിയില്ല. എപ്പോഴത്തെയും പോലൊരു ബ്രേക്കപ് അല്ല അതെന്ന് അവര്‍ക്ക് ബോധ്യപ്പെടാന്‍ തുടങ്ങിയിരുന്നു.

പക്ഷേ അങ്ങനെ ആയിരുന്നില്ല. പിന്നെ അവരുടെ ജീവിതത്തില്‍ ട്വിസ്റ്റോടു ട്വിസ്റ്റായിരുന്നു(അതിവിടെ പ്രസക്തമല്ല). തകര്‍ന്നു തരിപ്പണമായെങ്കിലും എല്ലാ ട്വിസ്റ്റുകള്‍ക്കുമൊടുവില്‍ അവര്‍ വീണ്ടും ഒന്നിച്ചു.

അങ്ങനെ കാലം ഒരുപാട് ഉരുണ്ട്, വിഷു വന്ന്, വര്‍ഷം വന്ന്, തിരുവോണങ്ങള്‍ വന്ന് പിന്നെയൊരിക്കല്‍ പെട്ടെന്ന് ഒരു ദിവസം നോട്ടു നിരോധനവും വന്നു.

പ്രണയ ലേഖനങ്ങളും, സമ്മാനങ്ങളും എന്തിനു പ്രണയത്തെ ഓര്‍മിപ്പിക്കുന്ന എല്ലാം എടുത്ത് വീട്ടുകാരില്‍ നിന്നും ഒളിപ്പിച്ചു വച്ചിരുന്നു അവന്‍. അങ്ങനെ ഒളിപ്പിച്ചു വച്ചവയ്ക്കിടയില്‍ നിന്നും രണ്ട് അഞ്ഞൂറ് രൂപകള്‍ ഒരിക്കല്‍ കിട്ടി. പക്ഷേ അപ്പോഴേക്കും അവ അസാധു ആയി പോയിരുന്നു..