നന്മണ്ട: ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയില്‍ വി. മധുസൂദനന് നായര്‍ ആലപിച്ച 'അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിക്ക് ഏത് സ്വര്‍ഗം വിളിച്ചാലും...' എന്ന കവിത കാരക്കുന്നത്തെ മുഹമ്മദ് സാദിഖിനും ജമീലയ്ക്കും ഹൃദയമറിഞ്ഞ് പാടാം. കാരണം മറ്റൊന്നുമല്ല, 37 വര്‍ഷത്തെ വിവാഹജീവിതത്തിനിടയില്‍ തമ്മില്‍ പിരിഞ്ഞിരുന്നത് ആകെ ഏഴ് ദിവസംമാത്രം. അതും നിര്‍ഭാഗ്യം കൊണ്ടുമാത്രമെന്ന് രണ്ടുപേരും ഒരേ സ്വരത്തില്‍ സാക്ഷ്യപ്പെടുത്തുന്നു.
ഡല്‍ഹിയിലെ ഒരു ബന്ധുവിന്റെയടുത്തേക്ക് രണ്ടുപേരും ഒരുമിച്ച് യാത്ര ആസൂത്രണം ചെയ്തതായിരുന്നെങ്കിലും പനികാരണം ജമീലയ്ക്ക് യാത്ര മുടക്കേണ്ടിവന്നു. ജീവിതത്തില്‍ ഏറ്റവും പ്രയാസംനേരിട്ട ദിനങ്ങളേതെന്ന് ചോദിച്ചാല്‍ ഇരുവരുടെയും മറുപടി ആ ദിനങ്ങളെക്കുറിച്ചുതന്നെ.
ചേളന്നൂര്‍ ശ്രീനാരായണ വിലാസം സ്കൂളില്‍ ജോലി ചെയ്യുന്നതിനിടെയാണ് മുഹമ്മദ് സാദിഖ് പ്രീഡിഗ്രിക്കാരി ജമീലയെ കാണുന്നത്. രണ്ടരവര്‍ഷത്തെ പ്രണയം വിവാഹത്തിലെത്തി. 1983-ല്‍ ആയിരുന്നു വിവാഹം. ടി.ടി.സി. കഴിഞ്ഞശേഷം ജമീല ഇതേ സ്കൂളിലെ അധ്യാപികയായി.
മൂന്നുതവണ വിദേശയാത്ര ചെയ്തപ്പോഴും ഉംറ നിര്‍വഹിക്കാന്‍ പോയപ്പോഴും ഒപ്പംതന്നെയാണ് പോയതെന്ന് പറയുമ്പോള്‍ ടീച്ചറുടെ മുഖത്ത് പ്രണയാര്‍ദ്രമായ കൗമാരകാലത്തിന്റെ തിരയിളക്കം. നിത്യജീവിതത്തില്‍ ചെറിയ സൗന്ദര്യപ്പിണക്കം പോലും ഓര്‍മയിലില്ലെന്ന് സാദിഖ് മാഷും കൂട്ടിച്ചേര്‍ക്കുന്നു.
65-കാരനായ സാദിഖ് വിരമിച്ചതിനുശേഷവും ടീച്ചറിനെ സ്കൂളിലേക്കയക്കാന്‍ നന്മണ്ട 12 വരെ എത്തും. വൈകുന്നേരം തിരിച്ചുകൊണ്ടുപോവാനും മുടങ്ങാതെ മാഷുണ്ടാവും. ഈ വര്‍ഷം സര്‍വീസില്‍നിന്ന് വിരമിക്കാനാരിക്കുകയാണ് ജമീല.
ഗാന്ധിചിത്രങ്ങള്‍, സ്റ്റാമ്പുകള്‍, നാണയങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരത്തിനുടമയാണ് സാദിഖ്. ജൂനിയര്‍ റെഡ് ക്രോസ്സിന്റെ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ്.