ങ്ങനെ നടക്കാതെ പോയ സ്വപ്നമാണ് കൊച്ചിന്‍ സാരംഗി തിയേറ്റേഴ്‌സിന്റെ 'പ്രണയദിനപ്പൂക്കള്‍' എന്ന നാടകം. പക്ഷേ, ജീവിതത്തില്‍ പിന്നെയുമൊരു നാടകം നടന്നു. അതാണ് ഈ നില്‍ക്കുന്ന ഭര്‍ത്താവ് മുരളീധരന്‍ പിള്ളയും മക്കള്‍ അദ്വൈതും ആദ്രിജയും പിന്നെ ഞാനും....''

തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കിഡ്‌നി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ ലത ജീവിതം വിവരിച്ചപ്പോള്‍ നിലയ്ക്കാത്ത കൈയടി. വൃക്കദാതാക്കളെ ആദരിക്കാനായി കിഡ്‌നി ഫൗണ്ടേഷന്‍ നടത്തിയ ചടങ്ങില്‍ ആദരം ഏറ്റുവാങ്ങിയ ദമ്പതിമാരാണ് ലതയും ഭര്‍ത്താവ് മുരളീധരന്‍പിള്ളയും.

രണ്ടുരംഗം വീതമുണ്ട് ഇരുവരുടെയും ജീവിതനാടകത്തില്‍. ജീവനുതുല്യം സ്‌നേഹിച്ചവര്‍ക്കായി ജീവന്റെ അംശം പകുത്തിട്ടും പകുത്തുനല്‍കിയവര്‍ മരണത്തിലേക്ക് വീണതാണ് ആദ്യഭാഗം. വൃക്കദാതാക്കളായ ആ രണ്ടുപേര്‍ ആകസ്മികമായി കണ്ടുമുട്ടുന്നതും പുത്തനൊരു ജീവിതം കരുപ്പിടിപ്പിക്കുന്നതുമാണ് രണ്ടാംഭാഗം. ആ രണ്ടാംഭാഗത്തിലെ നായികയും നായകനുമാണ് ലതയും മുരളീധരന്‍ പിള്ളയും.

ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകനും നാടകപ്രവര്‍ത്തകനുമായ കായംകുളം സ്വദേശി രാജേഷ് ലതയെ വിവാഹം കഴിച്ചത് 1988-ല്‍. അന്ന് ലത പ്രീഡിഗ്രി പഠനം കഴിഞ്ഞ് നില്‍ക്കുകയാണ്. വൃക്കയില്‍ കല്ല് രൂക്ഷമായതോടെ വലിയകുളങ്ങരയില്‍ വീടുവെച്ച് അവിടെ ട്യൂട്ടോറിയല്‍ ജോലി തുടങ്ങി. ഇതിനിടെ കൊച്ചിന്‍ സാരംഗി എന്ന നാടക ട്രൂപ്പ് തുടങ്ങി രചനയും സംവിധാനവും നിര്‍വഹിച്ചു. ജീവിതം സന്തോഷകരമായി നാടകത്തിരക്കേറി ചികിത്സ മറന്നതൊടെ വൃക്ക പിണങ്ങി. 1999-ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും അടുത്തതായി അവതരിപ്പിക്കാനുള്ള പ്രണയദിനപ്പൂക്കള്‍ എന്ന സാമൂഹിക നാടകത്തിന്റെ പണികളെല്ലാം രാജേഷ് പൂര്‍ത്തിയാക്കിയിരുന്നു. 2003-ല്‍ ലത നല്‍കിയ വൃക്ക മാറ്റിവെച്ചെങ്കിലും പ്രോസ്റ്റേറ്റ് പ്രശ്‌നം വൃക്കയെ ബാധിച്ചതോടെ 2004-ല്‍ രാജേഷ് മരണത്തിന് കീഴടങ്ങി.

ഏറെയകലെയല്ലാത്ത ഓച്ചിറയില്‍ മറ്റൊരു സ്‌നേഹബന്ധം ഇതേ കാലയളവില്‍ സമാനമായൊരു സാഹചര്യത്തെ നേരിടുന്നുണ്ടായിരുന്നു. രാജേഷിന്റെ കൂട്ടുകാരനും ട്യൂട്ടോറിയല്‍ അധ്യാപകനുമായ ഓമനക്കുട്ടനെ കടുത്തവൃക്കരോഗം പിടികൂടി. ഏക സഹോദരനായ മുരളീധരന്‍പിള്ള വൃക്ക നല്‍കി. മൂന്നരവര്‍ഷത്തിനുശേഷം 2005 ഫെബ്രുവരി 26-ന് ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഓമനക്കുട്ടന്‍ മരിച്ചു.

വിവാഹാലോചനയുമായി ഇറങ്ങിയപ്പോഴാണ് ചേട്ടന്‍ ഓമനക്കുട്ടന്റെ സുഹൃത്തായ രാജേഷിന്റെ മരണത്തെപ്പറ്റിയും ഭാര്യ ലതയെപ്പറ്റിയും മുരളീധരന്‍പിള്ള അറിഞ്ഞത്. 2005 ഓഗസ്റ്റ് 25-ന് ലതയും മുരളീധരന്‍പിള്ള പുതിയ ജീവിതത്തിലേക്ക് കടന്നു. അവരുടെ ജീവിതത്തിലേക്ക് രണ്ടുപേര്‍കൂടി വന്നു-ഏഴില്‍ പഠിക്കുന്ന അദ്വൈതും രണ്ടില്‍ പഠിക്കുന്ന ആദ്രിജയും. 

Content Highlights: Latha Muraleedharan Pillai Life story, Valentine's Day 2020