സംഗീതസാന്ദ്രമാണ് ജോര്‍ജിന്റെയും ബീനയുടെയും ജീവിതം. ഇരുള്‍നിറഞ്ഞ ജീവിതവഴിയില്‍ ജോര്‍ജിന്റെ കണ്ണാണ് ബീന. അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഹാര്‍മോണിയത്തില്‍ വിരലമര്‍ത്തി ജോര്‍ജ് പാടുമ്പോള്‍ ബീന നിഴല്‍പോലെ അരികിലുണ്ടാകും. അപ്രാപ്യമെന്ന് കരുതിയിരുന്ന ഇടങ്ങളിലേക്കെല്ലാം തന്റെ പ്രിയതമനെ കൈപിടിച്ച് നടത്തും. പാട്ടുപാടിയും കൂട്ടുകൂടിയും ജീവിതം ആഘോഷമാക്കുകയാണ് ഈ ദമ്പതിമാര്‍.

അമ്പത്തഞ്ചുകാരനായ അമ്പലവയല്‍ പോത്തുകെട്ടി ചെമ്മായത്തുകുടി ജോര്‍ജിന് നാലാംവയസ്സില്‍ കാഴ്ച നഷ്ടപ്പെട്ടതാണ്. കണ്ണിന് വെളിച്ചം നല്‍കാത്ത ദൈവം ജോര്‍ജിന്റെ ഹൃദയത്തില്‍ സംഗീതംനിറച്ചു. ഓടക്കുഴലും ഹാര്‍മോണിയവുമെല്ലാം ചെറുപ്പത്തിലേ സ്വായത്തമാക്കിയ അദ്ദേഹം പാട്ടിന്റെ വഴിയില്‍ ഇടറാതെ നീങ്ങി. എണ്‍പതുകളില്‍ പോത്തുകെട്ടിയില്‍ സി.ജി.എം. മൂസിക് സെന്റര്‍ എന്ന സംഗീതവിദ്യാലയം നടത്തിയാണ് ജോര്‍ജിന്റെ തുടക്കം.

നാലുവര്‍ഷത്തിനുശേഷം സംഗീതവിദ്യാലയം നിര്‍ത്തിയെങ്കിലും ജോര്‍ജ് സംഗീതം വിട്ടില്ല. തൊണ്ണൂറുകളില്‍ തെരുവോരങ്ങളിലും വിദ്യാലയങ്ങളിലുമെല്ലാം നിറസാന്നിധ്യമായി. ജോര്‍ജിന്റെ സംഗീതയാത്ര കേരളത്തിലുടനീളമെത്തി. ഏറെക്കാലം തനിച്ചായിരുന്നു താമസം. തനിച്ചെത്രനാള്‍ മുന്നോട്ടുപോകാനാകും എന്ന ആശങ്ക ഉടലെടുത്ത കാലത്താണ് ജോര്‍ജിന് കൂട്ടായി ബീനയെത്തുന്നത്.

വെള്ളിമാടുകുന്നിലെ അനാഥാലയത്തില്‍നിന്ന് ജോര്‍ജിന്റെ കൈപിടിച്ചിറങ്ങിയ ബീന ജോര്‍ജിന്റെ കണ്ണായി. മൂന്നാംവയസ്സില്‍ മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെട്ടവള്‍ക്ക് ആണൊരുത്തന്റെ കരുതല്‍. പാട്ടുകാരിയായ ബീന കൂട്ടിനെത്തിയതോടെ ജോര്‍ജിന്റെ സംഗീതയാത്രയ്ക്കുള്ള ഇന്ധനമായി. ഏറെനാളായി നിലച്ച കൊട്ടും പാട്ടുമെല്ലാം ചെമ്മായത്തുകുടി വീട്ടില്‍ തിരിച്ചെത്തി. ഇരുവരുംചേര്‍ന്ന് പാട്ടു പാടി. നാല്‍പ്പതാം വയസ്സില്‍ ജോര്‍ജ് തുടങ്ങിവെച്ച പ്രയാണം ഇവരൊന്നിച്ച് തുടരുകയാണ്. പാട്ടിന്റെ ലോകത്ത് താളപ്പിഴകളില്ലാത്ത ജീവിതം. പോത്തുകെട്ടിയിലെ കൊച്ചുവീട്ടിലിപ്പോള്‍ പരിഭവങ്ങളില്ല, നിറഞ്ഞുതുളുമ്പുന്ന പ്രണയവും പാട്ടും മാത്രം.