ലോകമുണ്ടായ കാലം മുതല്‍ ഒരേ ഒരു വികാരം മാത്രമേ എന്നും നിലനിന്നിട്ടുള്ളൂ. അതിനെ സ്‌നേഹമെന്നും കരുതലെന്നും പ്രണയമെന്നും പല രീതിയില്‍ വിളിക്കും. കൗമാരപ്രായത്തിലുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്കെല്ലാം പ്രണയമാണ്. അതിന്റെ കാരണം അവര്‍ക്ക് അവരോടുതന്നെ പ്രണയമാണ്, പ്രണയമെന്ന സങ്കല്പത്തോട് പ്രണയമാണ്.

പ്രണയപൂരിതമാണ് അവരുടെ ജീവിതം മുഴുവന്‍. ചിലര്‍ക്കത് തുറന്നു പ്രകടിപ്പിക്കാന്‍ ധൈര്യമുണ്ട്. ചിലര്‍ കുടുംബപശ്ചാത്തലം കാരണവും കുടുംബത്തില്‍ എന്തു വിചാരിക്കും എന്നു ചിന്തിച്ചും പ്രണയം തുറന്നുപറയുന്നില്ല. ഒരുകാലത്ത് പ്രണയിക്കുന്ന വ്യക്തിക്കു വേണ്ടി ഒരു പൂവോ, ഇലയോ ഒക്കെ ബുക്കിനുള്ളില്‍ വെച്ച് വര്‍ഷങ്ങളോളം കാത്തിരിക്കുന്നതു പതിവായിരുന്നു. ഒരുപക്ഷേ, മറ്റേയാള്‍ ആ പ്രണയം അറിഞ്ഞുപോലും കാണില്ല.

പക്ഷേ, കാലം മാറിയതോടെ പ്രണയത്തിന്റെ ഭാവങ്ങള്‍ മാറി. ഇപ്പോള്‍ എല്ലാം ഒട്ടിപ്പിടിക്കുന്ന പ്രണയങ്ങളാണ്. ഇന്നത്തെ പ്രണയം, മറ്റന്നാള്‍ ഇല്ല, നാളെ വേറൊരാളോട് എന്ന രീതിയിലേക്കു മാറി. ഒരുപാട് വ്യത്യാസം കുട്ടികളില്‍വന്നു. അതിലേറ്റവും പ്രധാനം സാമൂഹികജീവി എന്നതില്‍നിന്ന് ഒരു വ്യക്തിമാത്രമായി മാറിക്കൊണ്ടിരിക്കുന്നു.

എനിക്കെന്ത് തോന്നുന്നു. ഞാന്‍ അതു ചെയ്യണം, ചെയ്തിരിക്കണം. ഉടനെ അതു ചെയ്യണം. ചെയ്തില്ലെങ്കില്‍ ഇരിക്കപ്പൊറുതിയില്ല എന്ന ചിന്തയിലേക്കു വരികയാണ്. സാമൂഹികജീവി എന്നതില്‍നിന്ന് ഒരു വ്യക്തിയധിഷ്ഠിതമായ ജീവിയായി മാറുന്നു.

പ്രണയമെന്നും സ്‌നേഹമെന്നും പറയുന്നത് കൊടുക്കല്‍ വാങ്ങല്‍ ആയിരുന്നില്ല. ഇന്ന് അത് കൊടുക്കല്‍ വാങ്ങല്‍ ആയി മാറി.

വേറൊരാള്‍ക്കു വേണ്ടി നമ്മള്‍ സഹിക്കുന്നതായിരുന്നു, വിട്ടുകൊടുക്കുന്നതായിരുന്നു പ്രണയം. നമ്മള്‍ക്ക് ഇഷ്ടമുള്ളയാളിന്റെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതായിരുന്നു പ്രണയം. ഇഷ്ടപ്പെട്ടയാളെ വിട്ടുകൊടുത്തിട്ട് അവരുടെ നന്മയ്ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന സംസ്‌കാരമായിരുന്നു അന്ന്. ഇന്ന് അതിന്റെ നേരേ വിപരീതമായി. കിട്ടിയില്ലെങ്കില്‍ ആസിഡ് ഒഴിക്കുമെന്ന ചിന്തയിലേക്കു മാറി. അത് നമ്മളിലുണ്ടാകുന്ന മനുഷ്യത്വരഹിതമായ പ്രവണതയുടെ ഭാഗമാണ്. കാപട്യം നമ്മളുടെ മൂന്നാമത്തെ മുഖമുദ്രയായി വന്നു.

ഇതു മൂന്നും കുട്ടികളുടെ പ്രശ്‌നമല്ല. സമൂഹത്തിന്റെ പ്രശ്‌നമാണ്. കുട്ടികള്‍ അതിന്റെ ഭാഗമായി പെട്ടുപോകുന്നതാണ്. സമൂഹത്തിലെ കാപട്യം കുട്ടികളും ഏറ്റെടുത്തു.

മറ്റൊരാളിനെ ഉപദ്രവിക്കാതിരിക്കുക, സ്വയം നശിക്കാതിരിക്കുക. പ്രണയത്തില്‍ വേണ്ട ഭാവമിതാണ്. കൊലക്കുറ്റം ചെയ്യുന്നതിലും വലിയ തെറ്റാണ് ആസിഡ് ഒഴിക്കുക തുടങ്ങിയ കാര്യങ്ങളെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.

പ്രണയത്തിന്റെ ഭാവമേ മാറി. ഇന്നൊരു കവിതയിലും കഥയിലും പ്രണയമില്ല. ഏതെടുത്തു നോക്കിയാലും വൈരാഗ്യത്തിന്റെയും ചതിയുടെയും ഭാവങ്ങളാണ്. അതുകൊണ്ടുതന്നെ പുതിയ തലമുറയ്ക്ക് പ്രണയത്തിന്റെ ആര്‍ദ്രത നഷ്ടപ്പെട്ടുപോകുന്നു. ഇതു മാറ്റാന്‍ എല്ലാവരും പ്രയത്നിക്കണം. വീട്, കോേളജ്, സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നു തുടങ്ങണം. പ്രണയം തോന്നുന്നതു തെറ്റല്ല, പ്രണയിക്കുന്നവരെ ശിക്ഷിക്കുകയും വേണ്ട. എന്നാല്‍, പ്രണയം പ്രതികാരമായി വളരുന്നതു കണ്ടാല്‍ ഇടപെടണം.