കോട്ടയ്ക്കല്‍: 'ഇത് ഞങ്ങളുടെ 27-ാം വാലന്റൈന്‍സ് ദിനമാണ്. എല്ലാവര്‍ഷവും പ്രണയദിനത്തില്‍ സമ്മാനങ്ങള്‍ നല്‍കിയ ജയേട്ടന് ആദ്യമായി ഞാന്‍ ഒരു സമ്മാനം തിരിച്ചു നല്‍കുകയാണ്. എന്റെ സമ്മാനം ജയേട്ടന്റെ ശരീരം സ്വീകരിക്കണമേയെന്ന് മാത്രമാണ് പ്രാര്‍ഥന'. ഇപ്പോള്‍ വിതുമ്പുമെന്ന മട്ടില്‍ പറഞ്ഞുനിര്‍ത്തിയ ബിന്ദുവിന്റെ കണ്ണുകളില്‍ നിറഞ്ഞുനിന്ന കണ്ണീരിന് ജയപ്രകാശിന്റെ രൂപം. അതിന് സ്‌നേഹം എന്നുകൂടി പേരുണ്ട്.

എല്ലാവര്‍ഷവും പ്രണയദിനത്തില്‍ ചെറിയചെറിയ സമ്മാനങ്ങള്‍ നല്‍കാറുള്ള ഭര്‍ത്താവിന് വിലപിടിപ്പുള്ള ഒരു സമ്മാനം തിരിച്ചുനല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇത്തവണ ബിന്ദു. ഭര്‍ത്താവ് ജയപ്രകാശിന്റെ ജീവന്‍ നിലനിര്‍ത്താന്‍ പകുത്തുനല്‍കുന്നത് സ്വന്തം കരള്‍.

പാതിമെയ്യായി കൂടെക്കൂടിയിട്ട് 27 വര്‍ഷമായി. 54 കാരനായ കോട്ടയ്ക്കല്‍ 'ദ്വാരക'യില്‍ ജയപ്രകാശിന് കരള്‍രോഗം 2009-ല്‍ ത്തന്നെ തിരിച്ചറിഞ്ഞിരുന്നു. മരുന്നിലായിരുന്നു തുടര്‍ന്ന് ജീവിതം. കഴിഞ്ഞവര്‍ഷം അവസാനം ഡോക്ടര്‍മാര്‍ വിധിയെഴുതി, ഇനി കരള്‍മാറ്റിവെക്കാതെ മറ്റുമാര്‍ഗമില്ല. അന്നുതന്നെ ബിന്ദു തീരുമാനിച്ചു, കരള്‍ പകുത്ത് നല്‍കാന്‍. പരിശോധനകള്‍ അനുകൂലമായി. മാര്‍ച്ചിലെ ആദ്യ ആഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. ഇതിനാവശ്യമായ പണം കണ്ടെത്തുന്നതായിരുന്നു അടുത്ത വെല്ലുവിളി. 50 ലക്ഷത്തിലധികം രൂപവേണം. പത്ര ഏജന്‍സിയും എ.സി.ടി.ഡി. ബൂത്തും നടത്തിയാണ് ജയപ്രകാശ് കുടുംബം പോറ്റിയത്.

ഇപ്പോള്‍ ജോലികള്‍ചെയ്യാന്‍ കഴിയാതെയായി. മദ്യപാനമോ സിഗരറ്റ് വലിയോ ഒന്നുമില്ലായിരുന്ന ജയപ്രകാശിന് ഇന്ന് ശരീരത്തില്‍ നീര്വന്നതോടുകൂടി കരളില്‍ അടിഞ്ഞുകൂടുന്ന പത്ത് ലിറ്റര്‍വരെ ലായനി നീക്കം ചെയ്യുന്നതിനുള്ള ഫ്‌ലൂയിഡ് ടാപ്പിങ് ചെയ്തുവരികയാണ്. അനസ്‌തേഷ്യനല്‍കി അല്‍ബുമിന്‍ മരുന്ന് നല്‍കിയാണ് ഫ്‌ലൂയിഡ് ശേഖരിക്കുന്നത്. തുടക്കത്തില്‍ ആഴ്ചയില്‍ ഒരു പ്രാവശ്യം നടത്തിയിരുന്ന ഫ്‌ലൂയിഡ് ടാപ്പിങ് ഇപ്പോള്‍ രണ്ട് ദിവസം നടത്തണം. എട്ടുമണിക്കൂറോളം എടുക്കും ഇതിനായി. ഒരുതവണത്തെ ടാപ്പിങ്ങിന് 7200 രൂപ ചെലവ് വരുമെന്ന് ജയന്‍ പറഞ്ഞു. രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്ക്. മൂത്തമകള്‍ കാര്‍ത്തികയുടെ വിവാഹം കഴിഞ്ഞു. ഇളയ മകള്‍ കവിത.

കൊച്ചി അമൃത ആശുപത്രി ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. സുധീന്ദ്രനാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നത്. ശസ്ത്രക്രിയയ്ക്കുള്ള തുക കണ്ടെത്താനുള്ള പരിശ്രമത്തിലാണ് കോട്ടയ്ക്കല്‍ ജെ.സി.ഐ., സീനിയര്‍ ചേംബര്‍,ലയണ്‍സ് ക്ലബ്ബ്, കോട്ടയ്ക്കല്‍ ക്ലബ്ബ് തുടങ്ങിയ സംഘടനകള്‍. 

Content Highlights: Valentine's Day 2020, Love Story