ബോഡിഗാര്‍ഡിലെ സേതുലക്ഷ്മിയായി എത്തിയ മിത്ര കുര്യനെ അത്ര പെട്ടെന്നൊന്നും മലയാളി സിനിമ പ്രേക്ഷകര്‍ മറന്നുകാണില്ല. അതിനുശേഷവും ഒട്ടേറെ കഥാപാത്രങ്ങളുമായി മിത്ര പ്രേക്ഷകമനസിലിടം നേടി. 2015-ല്‍ സംഗീതസംവിധായകനായ വില്യം ഫ്രാന്‍സിസുമായുള്ള വിവാഹത്തോടെ സിനിമയില്‍നിന്ന് ബ്രേക്ക് എടുത്തെങ്കിലും സേതുലക്ഷ്മി എന്ന ഒറ്റകഥാപാത്രത്തിലൂടെ തന്നെ മിത്ര ഇന്നും മലയാളികള്‍ക്ക് സുപരിചിതയാണ്. ഏകദേശം മൂന്നുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് മിത്രയും വില്യമും വിവാഹിതകരാകുന്നത്. നല്ല അസ്സല്‍ പ്രണയവിവാഹം. വിവാഹം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ആ പ്രണയകാലത്തെ രസകരമായ മുഹൂര്‍ത്തങ്ങള്‍ വില്യമും മിത്രയും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.
നയാഗ്ര വെള്ളച്ചാട്ടത്തിന് മുന്നില്‍
വില്യം: ഗുലുമാല്‍ സിനിമയിലാണ് മിത്രയെ ആദ്യമായി കാണുന്നത്. അതിനുശേഷം ഒരു അമേരിക്കന്‍ ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ചെന്നൈയിലെ യുഎസ് എംബസിയിലെത്തിയപ്പോള്‍ നേരിട്ടുകണ്ടു.
മിത്ര: ഞാന്‍ വില്യം എന്നുപറഞ്ഞാണ് എന്നെ പരിചയപ്പെടാന്‍ വന്നത്. ആ ഷോയുടെ ഭാഗമായി കാനഡയിലെത്തിയപ്പോള്‍ വില്യം തന്നെ പ്രണയംതുറന്നുപറയുകയും ചെയ്തു. നയാഗ്ര വെള്ളച്ചാട്ടത്തെ സാക്ഷിയാക്കിയായിരുന്നു വില്യം പ്രണയം തുറന്നുപറഞ്ഞത്.
പ്രണയകാലത്തെ സുന്ദരനിമിഷങ്ങള്‍
മിത്ര: എല്ലാ നിമിഷങ്ങളും ഏറെ സന്തോഷകരമായിരുന്നു. നമ്മള്‍ മാത്രമുള്ള നിമിഷങ്ങള്‍. കൂടിച്ചേരലുകള്‍, ആരുമറിയാതെ പരസ്പരം കാണാറുള്ള നിമിഷങ്ങള്‍. ഇപ്പോള്‍ പരസ്പരം കാണാനൊന്നും യാതൊരു നിയന്ത്രണവുമില്ലല്ലോ. പക്ഷേ, വിവാഹത്തിന് മുമ്പ് ആരും അറിയാതെ എന്നെ കാണാന്‍ വരിക, സമ്മാനങ്ങള്‍ തരിക, അത് ഒളിപ്പിച്ചുവെയ്ക്കുക അങ്ങനെ എല്ലാനിമിഷങ്ങളും മനോഹരമായിരുന്നു..
എന്നാല്‍ ഇതിനിടെ ചെറിയ പിണക്കങ്ങളൊക്കയുണ്ടെന്ന് വില്യം പറയുന്നു. പ്രണയകാലത്തെ രസകരമായ ചില്ലറ പിണക്കങ്ങള്‍. '' പ്രണയകാലത്തെ ആദ്യ പ്രണയദിനത്തില്‍ മിത്രയെ ഒരു സര്‍പ്രൈസ് വിസിറ്റിലൂടെ ഞെട്ടിച്ചു. പക്ഷേ അന്ന് എന്റെ കൈയില്‍ സമ്മാനമൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ മിത്ര ഒന്നുപിണങ്ങി. പിന്നെ ഓടിപ്പോയി ഒരു സമ്മാനമൊക്കെ വാങ്ങിയതിന് ശേഷമാണ് പിണക്കം മാറിയത്. പ്രണയം തുടങ്ങിയത് മുതല്‍ നല്‍കിയ എല്ലാ സമ്മാനങ്ങളും മിത്ര ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.''
പ്രണയദിനം...
മിത്ര: ആദ്യത്തെ പ്രണയദിനം തന്നെ അടിയായിരുന്നു. പെണ്‍കുട്ടികള്‍ കുറച്ചുകൂടുതല്‍ റൊമാന്റക്കായിരിക്കും. അതുകൊണ്ട് തന്നെ പ്രണയദിനത്തില്‍ ഒരു സമ്മാനമൊക്കെ പ്രതീക്ഷിക്കുമല്ലോ. പക്ഷേ, ചേട്ടായി വിചാരിച്ചത് സര്‍പ്രൈസ് വിസിറ്റാകും ഏറ്റവും വലിയ സമ്മാനമെന്നാണ്. എത്ര ചെറുതാണേലും ഒരു സമ്മാനമൊക്കെ ആഗ്രഹിക്കുന്നയാളാണ് ഞാന്‍.
പ്രണയിച്ച് വിവാഹം കഴിച്ചതിനാല്‍ ഫെബ്രുവരി 14 ഇന്നും ഏറെ പ്രിയപ്പട്ടതാണ്. എവിടെയാണെങ്കിലും ഈ ദിവസം പുറത്തൊക്കെ പോയി ഡിന്നര്‍ കഴിക്കും. എല്ലാ സമ്മാനങ്ങളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇടയ്ക്ക് അതെല്ലാം നോക്കി ആ സമയവും സന്ദര്‍ഭങ്ങളുമെല്ലാം ഓര്‍ത്തെടുക്കുന്നത് എനിക്കിഷ്ടമാണ്. പ്രണയിനികളുടെ പ്രിയപ്പെട്ട സ്ഥലം എന്നറിയപ്പെടുന്ന പാരീസിലെ ഈഫല്‍ ടവര്‍ കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു. അത് നടക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ ഒരു പ്രണയദിനത്തില്‍ ചേട്ടായി എന്നെ പാരീസില്‍ കൊണ്ടുപോയി. ഈഫല്‍ ടവര്‍ നേരിട്ടുകണ്ടു. രണ്ടുദിവസം അവിടെ ചിലവഴിച്ചു. എനിക്ക് കിട്ടിയ ഒരു ഡബിള്‍ ബോണസായിരുന്നു അത്.
പ്രണയത്തില്‍നിന്ന് വിവാഹത്തിലേക്ക്
വില്യം: 2012 മുതലാണ് പ്രണയം തുടങ്ങിയത്. 2015 ല്‍ വിവാഹവും. ഞങ്ങളുടെ പ്രണയം വിവാഹത്തിലേക്കെത്താന്‍ എനിക്ക് വീട്ടുകാരുടെ മുമ്പില്‍ അവതരിപ്പിക്കേണ്ട സാഹചര്യമുണ്ടായില്ല. കാരണം ചില മാധ്യമങ്ങള്‍ ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയപ്പോള്‍ തന്നെ അവര്‍ക്ക് മനസിലായിരുന്നു. പിന്നെ ഞാന്‍ അവരോട് നേരിട്ട് പറഞ്ഞില്ലെന്ന വിഷമം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ.
മിത്ര: ജീവിതത്തില്‍ പ്രണയവിവാഹമേ ഉണ്ടാവുകയുള്ളൂവെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അറേഞ്ച്ഡ് വിവാഹങ്ങളോട് ഒരിക്കലും യോജിക്കാത്ത ആളാണ് ഞാന്‍. പരസ്പരം മനസിലാക്കി അങ്ങനെ ഒരാളെ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം. പെട്ടെന്ന് ഒരു ദിവസം ഒരു പരിചയവുമില്ലാത്ത ഒരാള്‍ വന്ന് വിവാഹം ഉറപ്പിച്ച് പിന്നെ ജീവിതകാലം മുഴുവന്‍ അയാളോടൊപ്പം ജീവിക്കുന്നത് എനിക്ക് ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. പ്രണയിച്ച് വിവാഹം കഴിക്കുകയുള്ളു എന്ന് തീരുമാനിച്ചിരുന്നെങ്കിലും ആ ഒരു വ്യക്തിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു കുറേകാലം. അങ്ങനെയാണ് വില്യമിനെ കണ്ടുമുട്ടിയത്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്ന വിവരമറിഞ്ഞതോടെ ഞാന്‍ തന്നെ വീട്ടില്‍ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.
യൊഹാന്‍ വില്യം എന്ന കുസൃതിക്കുടുക്ക...
വില്യം-മിത്ര ദമ്പതിമാരുടെ മകന്‍ യൊഹാന്‍ വില്യമിന് ഇപ്പോള്‍ ഒരു വയസ്സായി. മകന്‍ വന്നതിനുശേഷം ജീവിതത്തില്‍ ഏറെ മാറ്റങ്ങളുണ്ടായെന്ന് ഇരുവരും പറയുന്നു.
മിത്ര: യൊഹാന്‍ വില്യം എന്നാണ് മകന്റെ പേര്. ഞങ്ങള്‍ സുഡു എന്ന് വിളിക്കും. ഒരു സ്ത്രീയില്‍നിന്ന് അമ്മയാവുക എന്നത് ശരിക്കും ഒരു വലിയമാറ്റമാണ്. ഇപ്പോള്‍ എന്തുകാര്യവും ചിന്തിക്കുമ്പോഴും അവനാണ് മുന്‍ഗണന നല്‍കുന്നത്. ശരിക്കും ഒരു ഫീല്‍ഗുഡ് ലൈഫ് എന്ന് ചുരുക്കിപറയാം.
വില്യം: അപ്പന്മാരെ മക്കള്‍ക്ക് എങ്ങനെ ഒതുക്കാമെന്നത് ഞാന്‍ ഇപ്പോ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്റേത് കുറച്ച് കുസൃതി നിറഞ്ഞ പ്രകൃതമാണ്. അതിപ്പോള്‍ എന്റെ മകന്‍ എന്നോട് കാണിച്ചപ്പോ ഞാന്‍ ഒതുങ്ങിപ്പോയി.
കെട്ട്യോള്‍ ആണെന്റെ മാലാഖ..
മിത്രയെക്കുറിച്ച് ഒറ്റവാക്കില്‍ പറയാന്‍ പറഞ്ഞാല്‍ താന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ പേരുപറയും വില്യം. അതെ കെട്ട്യോള്‍ ആണെന്റെ മാലാഖ.. മുന്നൂറിലധികം ചിത്രങ്ങളില്‍ മ്യൂസിക് പ്രോഗ്രാമറായിരുന്ന വില്യമിനെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് സ്വതന്ത്ര സംഗീത സ?വിധായകനായി സിനിമയില്‍ അവതരിപ്പിക്കുന്നത്. പിയാനോ ആര്‍ട്ടിസ്റ്റായ വില്യം ഒരു ലൈവ് പെര്‍ഫോര്‍മര്‍ കൂടിയാണ്. നിരവധി സിനിമകള്‍ക്ക് പുറമേ ഹരിഹരന്‍, കാര്‍ത്തിക് ശങ്കര്‍ മഹാദേവന്‍, ഹരിചരണ്‍, നരേഷ് അയ്യര്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി ഷോകളും ചെയ്തിട്ടുണ്ട്.
താന്‍ തന്നെ മ്യൂസിക് പ്രോഗാം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന സിനിമയില്‍ അഴലിന്റെ ആഴങ്ങളില്‍ എന്ന ഗാനമാണ് മിത്രയ്ക്ക് ഏറെ പ്രിയപ്പെട്ടതെന്നും വില്യം പറയുന്നു. സിനിമയില്‍നിന്ന് ബ്രേക്ക് എടുത്തെങ്കിലും മിത്ര അഭിനയരംഗത്തേക്ക് തിരികെ വരണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷേ, അതെല്ലാം മിത്രയുടെ തീരുമാനമാണ്- വില്യം പറഞ്ഞു.
വിവാഹത്തോടെ സിനിമയില്‍നിന്ന് മനഃപൂര്‍വ്വം വിട്ടുനിന്നതാണെന്ന് മിത്രയും പറയുന്നു. '' സിനിമയെ ഒരു ജോലിയായാണ് അന്നും ഇന്നും കണ്ടിട്ടുള്ളത്. വിവാഹത്തോടെ അതില്‍നിന്നും ഒരു ഇടവേളയെടുത്തെന്ന് മാത്രം. കുടുബവുമായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ കൂടിയായിരുന്നു ആ തീരുമാനമെടുത്തത്. കുടുബജീവിതം ഇല്ലാതെ തിരക്കുകളിലേക്ക് പോകേണ്ട എന്നതുതന്നെയായിരുന്നു തീരുമാനം. ഞാന്‍ ഇനിയും അഭിനയിക്കാന്‍ പോകുന്നത് തന്നയാണ് ചേട്ടായിക്ക് ഇഷ്ടം. നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ അഭിനയിക്കും'' - മിത്ര പറഞ്ഞുനിര്‍ത്തി.
Content Highlights: actress mithra kurian and husband william says about their love story
Photos Special Arrangement by William Francis