എന്നിലെ നിനക്കായ്

ന്നിലെ നിന്റെ ഓര്‍മ്മകള്‍ക്ക് നനുത്ത മഞ്ഞുതുള്ളിയുടെ ചുബനമേറ്റു തുടിപ്പോടെ വിടര്‍ന്നു നില്‍ക്കുന്ന ചെമ്പകത്തിന്‍ സുഗന്ധം... ആയിരം  നക്ഷത്രങ്ങള്‍ക്കൊപ്പം ചന്ദ്രിക പൂനിലാവ്  പൊഴിക്കുന്ന ഈ  രാവില്‍ എന്തേ എന്നില്‍ പൊതിയുന്നു നിന്റെ ഓര്‍മ്മകള്‍ക്ക് ചെമ്പക പൂമണം. എന്റെ മനസ്സില്‍ നഷ്ടങ്ങളുടെ കരിന്തിരി കത്തിച്ച് കടന്നുപോയ നീയെന്നില്‍ ഇപ്പോള്‍ ഓര്‍മ്മകളുടെ മഞ്ഞായി പൊഴിയുകയാണ്.

കാണാമറയത്ത് എവിടെയോ എന്റെ ഓര്‍മ്മകള്‍ക്കുമപ്പുറം നീ രമിക്കുമ്പോള്‍ നിന്നെത്തേടി അലയുന്ന എന്റെ മനസ്സിന്റെ ദ്രുതതാളങ്ങളുടെ വിറയലുകള്‍  നീയറിയുന്നുവോ.

ഇന്നലെകളിലേക്ക് മനസ്സ് കടിഞ്ഞാണില്ലാത്ത പായുമ്പോള്‍ നീയറിയുന്നോ ക്യാമ്പസിലെ വാകമരങ്ങള്‍ കൂടി സംസാരിച്ച നമ്മുടെ  പ്രണയം. ആ മരത്തണലില്‍ ഇരുന്നല്ലേ  എന്നും എന്റെ മിഴികള്‍ നിന്നെ തേടി  തുടങ്ങിയത്?

കണ്ണുകള്‍ തമ്മിലുടക്കുമ്പോള്‍ എന്റെ കണ്ണില്‍ നിറഞ്ഞ പരിഭ്രമം മറക്കാന്‍ ഞാന്‍ തത്രപ്പെടുമ്പോള്‍ നിന്റെ മിഴികളില്‍ വിടര്‍ന്നിരുന്ന കുസൃതി എന്നില്‍ വിരിയിച്ചത്  അനുരാഗപൂക്കള്‍...

നിന്നെക്കുറിച്ചുള്ള എന്റെ ചിന്തകള്‍ക്ക് മഞ്ഞുപെയ്യും പുലരിയില്‍ വിടര്‍ന്ന ചെമ്പകപ്പൂമണമായിരുന്നു...

നിന്റെ ഓര്‍മകളില്‍ എന്റെ ഹൃദയതാളം തുടി കൊട്ടുമ്പോള്‍ ഒരു പാഴ്മുളം തണ്ടിന്‍ ഈണമായ് നീ വന്നു നിറയുന്നു എന്നില്‍...എനിക്ക് പ്രിയപ്പെട്ടോരന്യനാണ് നീയെന്നു എന്തേ എന്‍ മനം തുടിച്ചു...

അസാന്നിധ്യത്തില്‍ പോലും നിന്റെ സാന്നിധ്യം ഞാനറിയാന്‍ തുടങ്ങിയപ്പോള്‍  ഞാനറിഞ്ഞു നീ എനിക്ക് പ്രിയമാര്‍ന്നതെന്ന്... എന്നില്‍ ഞാന്‍ മറന്നുവെച്ച എന്തെല്ലാമോ  നിന്നിലൂടെ ഞാനറിയാന്‍ തുടങ്ങി... ചെമ്പകപ്പൂമണമോലും കാറ്റില്‍ നിന്റെ  ഈണത്തിനായ് എന്റെ ഹൃദയം തുടിച്ചത് നീ അറിഞ്ഞതില്ലേ ! 

എന്റെ പകലുകള്‍ നിന്നില്‍ തുടങ്ങി പകലോന്‍ പടിഞ്ഞാറ് വിട പറയുമ്പോഴും ഞാന്‍ നിന്നില്‍ തന്നെ അലിഞ്ഞു നില്‍ക്കുന്നു...എന്തേ നീ എനിക്കിത്ര പ്രിയപ്പെട്ടതായി...!

നിലാവിന്റെ നുറുങ്ങ് നുരയുന്ന പാലില്‍ വീഴ്ത്തിയപോല്‍ നിന്റെ  ചുണ്ടില്‍ വിരിയുന്ന ചിരി  എന്നു നീ  കോറിയിട്ടത് എന്നെ കുറിച്ചായിരുന്നോ എന്നു ഞാന്‍ കൊതിച്ചു....അന്ന്  എന്റെ കണ്ണുകളിലെ കുഞ്ഞു നക്ഷത്രങ്ങളില്‍  നിറഞ്ഞത് നിന്നോടുള്ള ഇഷ്ടത്തിന്റെ  തിളക്കമായിരുന്നു...

സ്വന്തമാക്കല്‍ മാത്രമല്ല പ്രണയം വിട്ടുകൊടുക്കല്‍ കൂടിയാണെന്ന് എന്നെ  പഠിപ്പിച്ചത് നീ ...ഹൃദയം നുറുങ്ങുന്ന വേദനയാണെങ്കിലും മനസ്സുകൊണ്ട് നീ എന്നുമെന്നെ ചേര്‍ത്തു പിടിക്കും എന്ന എന്റെ മൗന നൊമ്പരത്തിന് മഴവില്ലിന്റെ ഏഴഴകായിരുന്നു...

നീ ഒരിക്കലും എന്നില്‍ നിന്നകലുന്നില്ല...എന്നില്‍ നിറഞ്ഞു നില്‍ക്കുന്നത് നീ തന്നെ...എന്നിലൂടെ ഞാന്‍ നിന്നെ കാണുന്നു....ചെമ്പകപൂമണമോലുന്ന പൂങ്കാറ്റില്‍ നിന്റെ ഓര്‍മകളുടെ ഈണം അലയടിക്കുമ്പോള്‍ എന്റെ മിഴികളില്‍ നക്ഷത്രമായ് നീ തിളങ്ങും....

എന്റെ സ്വപ്നങ്ങളില്‍ നിലാവ് പെയ്യുന്ന രാവുകളില്‍ നിന്റെ മടിത്തട്ടില്‍ തലവെച്ചു  നിന്നില്‍ ഞാനുറങ്ങും മതിവരുവോളം...അതുകണ്ട് അങ്ങകലെ വെള്ളിത്തളികപോല്‍ തിളങ്ങുന്നൊരമ്പിളി  നാണം വന്നു മുഖം മറക്കും....രാവിന്റെ അന്ത്യ യാമങ്ങളില്‍ രാപ്പാടിയുടെ പാട്ടുകേട്ടു നിന്നില്‍ അലിഞ്ഞലിഞ് എനിക്കില്ലാതാകണം...

നീ ഞാന്‍ ആകുന്നിടത്തോളം എന്നില്‍ നിറയുന്ന  ചെമ്പകപ്പൂമണം കുളിരോലും തെന്നലായ് നിന്നെ പൊതിയും എന്നുമെന്നുമൊരോര്‍മ്മയായ്...........

ഒരുപാട് പ്രിയമോടെ......നഷ്ടപ്രണയമേ......നിനക്കായ്...........

                                     നിന്നിലെ ഞാന്‍..

ജയശ്രീ രാജേഷ്

Content Highlights: AdipoliyaneLove Parayu Aa BreakUp Kadha ValentinesDaySpecial2019