രുവശത്ത് മഴയാണ് ഇടിവെട്ടി പെയ്യുന്ന തുലാമഴ. മറുവശത്ത് മരം പെയ്യുകയാണ് പെരുമഴയില്‍ നനഞ്ഞ ചില്ലകള്‍ കുലുക്കുമ്പോള്‍ പെയ്യുന്നത്ര നനുനനുത്ത സ്‌നേഹമഴ. നനഞ്ഞ വിരല്‍ത്തുമ്പു കൊണ്ട് എന്റെ ചെറുവിരലില്‍ അവന്‍ ഇറുക്കെ പിടിച്ചിട്ടുണ്ട്. ഒരിക്കലും വിടില്ലെന്നവാശിയില്‍. പക്ഷേ ഇന്ന് ആദ്യമായി അവന്‍ പറഞ്ഞു നീ നിന്റെ ചേച്ചിയുടെ ചോദ്യത്തിന് മറുപടി നല്‍കണം. വീട്ടുകാര്‍ എനിക്കായി കണ്ടെത്തിയ വിവാഹത്തിന് സമ്മതിക്കണം. ഇനി അവരോട് നോ പറയേണ്ട. അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാവണം അവന്‍ അങ്ങനെ പറയുന്നത്. അവന്റെ ആ പറച്ചിലിന് ഹൃദയം പറിച്ചെറിയുന്ന വേര്‍പടിന്റെ ഗന്ധമുണ്ട്. അഞ്ചുവര്‍ഷം നെഞ്ചില്‍ ചേര്‍ത്തു പിടിച്ചവന്‍, ഒരിക്കലും തനിച്ചാവില്ലെന്ന് വാക്കുതന്നവന്‍, ചിക്കൂസേന്നു മാത്രം നീട്ടിവിളിച്ചവന്‍, അവനാണ് പറയുന്നത് എല്ലാം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് സമ്മതം മൂളിക്കോളാന്‍. നൂറുകണക്കിന് കിലോമീറ്റര്‍ അപ്പുറത്തിരുന്ന് ആ കണ്ണു നിറയുന്നത് എനിക്കു കാണാമായിരുന്നു. ഞാന്‍ മാത്രം തൊട്ടറിഞ്ഞ, ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് എനിക്കു തോന്നിയ ആ നെഞ്ച് ഒന്നു നിശ്ചലമായ ശേഷം നിസംഗതയോടെ മിടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. 

മൂന്നരവയസുമുതല്‍ രോഗിയായിരുന്നിട്ടും എന്റെ ഇഷ്ടത്തിന് മാത്രം പഠിപ്പിച്ചു വളര്‍ത്തിയ അച്ഛന്റെ ഒരൊറ്റ ചോദ്യത്തിനു മുന്നില്‍ എന്നേ പോലെ തന്നെ അവനും ഉത്തരമില്ലാതായി. ഞാന്‍ ഒന്നു തിരിഞ്ഞു നടക്കുമ്പോള്‍ ആയിരം വട്ടം പിന്നാലെ വന്നു കെഞ്ചിരുന്നവന്‍ ഇക്കുറി ശരിക്കും തളര്‍ന്നു. അവനെ വിവാഹം കഴിച്ചില്ലെങ്കില്‍ മറ്റാരും ജീവിതത്തില്‍ വരേണ്ട എന്ന്  ഞാന്‍ വാശിപിടിച്ചപ്പോള്‍ ഇനി ഞാന്‍ മരിച്ചിട്ടണോ എന്ന എന്റെ അച്ഛന്‍െ ചോദ്യം ഞങ്ങളെ രണ്ടുപേരയെും ഒരുപോലെ തളര്‍ത്തി. സ്‌നേഹിച്ച പുരുഷന്റെ കൈപിടിച്ചയക്കാന്‍ എന്റെ വീട്ടുകാര്‍ തയ്യാറായിരുന്നു. പക്ഷേ പ്രണയമാണെങ്കിലും എനിക്കും അവനും ഇടയിലുള്ള അന്തരം വളരെ വലുതായിരുന്നു.

പണവും അന്തസുമൊക്കെ അളന്നു നോക്കുമ്പോള്‍ തനി കൂലിപ്പണമിക്കാരന്റെ മകള്‍ക്ക് സോകോള്‍ഡ് ചന്തപ്പെണ്ണെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമ്മയുടെ മകള്‍ക്ക് പ്രണയത്തില്‍ പോലും മാര്‍ക്കറ്റ് കുറയും. പോരാത്തതിത് ആകെയുണ്ടായിരുന്ന ചേച്ചിയുടെ ഒന്നാന്നാര ഒളിച്ചോട്ടം കൂടിയാകുമ്പോള്‍ അഭിമാനിയും സമ്പന്നരുമായ അവന്റെ വീട്ടുകാര്‍ക്ക് നോ പറയാന്‍ കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല. തുടക്കത്തിലൊക്കെ അവന്റെ അമ്മയ്ക്കും വീട്ടുകാര്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പിന്നീടുള്ള അന്വേഷണങ്ങളില്‍ ഞങ്ങള്‍ മോശം വീട്ടുകാരാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഇനി കല്യാണം നടത്തിയാല്‍ ആരും സഹകരിക്കില്ലെന്നു വന്നതോടെ പിടിച്ചു നില്‍ക്കാന്‍ എന്റെ പ്രിയപ്പെട്ടവനും ആയില്ല. 

അല്ലെങ്കില്‍ തന്നെ ചില സമയങ്ങളില്‍ പ്രണയം വല്ലാതെ പരാജയപ്പെട്ടു പോകാറുണ്ട് പ്രത്യേകിച്ച് റിയലിറ്റിയുമായി ഏറ്റുമുട്ടുമ്പോള്‍. ഇതോക്കെ മുന്നേ തിരിച്ചറിഞ്ഞിട്ടാണ് ഒരായിരം വട്ടം ഞാന്‍ അവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷേ അപ്പോഴൊക്കെ അവനായിരുന്നു നിര്‍ബന്ധം. എല്ലാം ശരിയാകുമെന്ന് അവനായിരുന്നു ആത്മവിശ്വസം. ചേട്ടന്റെ വിവാഹം കഴിഞ്ഞതോടെ  അവന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ കൂടി വന്നു.  ഞാന്‍ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന് അവനും വാശിപിടിച്ചു. അവന്റെ വാശി രണ്ടു കുടുംബത്തിന്റെയും സാമാധാനം തകര്‍ത്തു. ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചതിനു ശേഷം രണ്ട് ആണ്‍മക്കളെ വളര്‍ത്തി വലുതാക്കിയത് അവന്റെ അമ്മയായിരുന്നു. രണ്ട് ആണ്‍മക്കള്‍ക്കും വീട്ടിലിരുന്നു മദ്യപിക്കാന്‍ സ്വാതന്ത്ര്യം കൊടുത്ത അമ്മ. 25ാം വയസിലും മകന് ചോറുവാരി കൊടുത്തിരുന്ന അമ്മ. സ്വര്‍ഗമായിരുന്നു അവരുടെ വീട്. ഒടുവില്‍ എന്റെ പേരില്‍ അമ്മയും മകനും മിണ്ടാതായി. പ്രിയപ്പെട്ടവരൊക്കെ എന്‍െ പേരില്‍ അടര്‍ന്നു പോകുമ്പോഴും അമ്മയും മകനും തമ്മിലുള്ള ബന്ധം ഒരു മൗനത്തിന്റെ തണലില്‍ ഒതുങ്ങിയപ്പോഴും കോര്‍ത്തുപിടിച്ച ആ വിരലിലെ പിടുത്തം അണുവിട മാറാതെ അവന്‍ ശ്രദ്ധിച്ചിരുന്നു.എന്നാല്‍ ഇക്കുറി അവന്‍ ശരിക്കും തളര്‍ന്നു. 

അച്ഛന്റെ ചോദ്യത്തിനു മുന്നില്‍ അവനും തളര്‍ന്നു.  ഒരിക്കലും പിരിയില്ലെന്നു കരുതി ഞങ്ങള്‍ കുരുക്കിട്ടു കൂട്ടിപ്പിടിച്ച വിരലുകള്‍ ഒരു പോലെ തളരുന്നത് വേദനയോടെ അറിയുന്നുണ്ട്. എന്റെ മുന്നില്‍ നിന്ന് ഉറക്കെ ചിരിക്കുന്നവന്‍, കരയുന്നവന്‍, ചിക്കൂസേന്ന് നീട്ടി വിളിക്കുന്നവന്‍ എന്റെ പ്രിയപ്പെട്ടവന്‍ എല്ലാവരുടേയും കാലുപിടിച്ചിട്ടും സമ്മതിക്കുന്നില്ലന്നായപ്പോള്‍ പറഞ്ഞു പോയതാകും മറ്റൊരു പുരുഷന്‍െ ഭാര്യയാകാന്‍. ഞങ്ങള്‍ പ്രണയിച്ച് പരാജയപ്പെട്ടവരല്ല വാക്കുതെറ്റിച്ചവരുമല്ല പരസ്പര ചതിച്ചവരല്ല. ജന്മം തന്നവരെ ജീവന്റെ വിത്തുകളായി ഭൂമിയില്‍ നട്ടുവളര്‍ത്തിയവരെ വിഷമിപ്പിക്കാന്‍ കഴിയാത്തത് കൊണ്ട് പരസ്പരം നഷ്ട്ടപ്പെട്ട രണ്ടുപേര്‍. എല്ലാം അറിഞ്ഞുകൊണ്ട് തന്നെ, അവനോളം എന്നെ സ്‌നേഹിക്കാന്‍ ഈ ഭൂമിയില്‍ ആര്‍ക്കും കഴിയില്ലെന്ന തിരിച്ചറിവോടെ. ഞാന്‍ ചേര്‍ത്തു പിടിച്ചപോലെ അവനേ ചേര്‍ത്തു പിടിക്കാന്‍ ഈ ജന്മം മെറ്റാരു പെണ്ണിനും കഴിയില്ലെന്ന് അംഗികരിച്ചു കൊണ്ട് തന്നെ ഞങ്ങള്‍ പരസ്പരം നഷ്ട്ടപ്പെടുത്തി. വേദനകൊണ്ട് നെഞ്ച് ചുട്ടുപഴുക്കുമ്പോഴും ഹൃദയം ഉരികിയൊഴുകുമ്പോഴും ഒരിക്കല്‍ പോലും വിഷമിക്കുന്നുണ്ടോ എന്ന് പരസ്പരം ചോദിക്കാതെ.... 

എഴുതിയത്: ദേവി

Content Highlights: valentines day breakup stories