വേരുകള്‍ 

മിര്‍സ ഗാലിബിന്റെ ഗസലിന്റെ നൈസര്‍ഗ്ഗമാധുര്യത്തില്‍ സ്റ്റിയറിങ്ങില്‍ താളം പിടിച്ചുകൊണ്ടു രാമേട്ടന്റെ വണ്ടി മൈലുകള്‍ താണ്ടി. ഉത്തരകര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ നിഷ്‌കളങ്കതയിലേക്ക് മലഞ്ചെരുവിലൂടെ യാത്രനീളുമ്പോള്‍ സേതുവിന്റെ മനസ് നിറയെ തന്റെഗ്രാമത്തിന്റെ കാറ്റും ഭഗവതിക്കാവും നീണ്ടഇടവഴികളും മഞ്ചാടി വീണുകിടക്കുന്ന കല്‍പടവുകളും തറവാടും മാത്രമായിരുന്നു. ഡോക്ടര്‍ പദവി കിട്ടിയതിനു ശേഷം ആദ്യത്തെ ക്യാമ്പ് ആണ്. നിര്‍ബന്ധമായും പങ്കെടുക്കേണ്ടതായതു കൊണ്ടാണ് ഇഷ്ടം ഇല്ലാഞ്ഞിട്ട് പോലും യാത്രയ്ക്ക് ഒരുങ്ങിയത്. വികസനത്തിന്റെ കാല്‍വെപ്പുകള്‍ ഇല്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് മാസങ്ങള്‍ തോറും നടത്തണം എന്ന മെഡിക്കല്‍ ഫെഡറേഷന്റെ തീരുമാനത്തിന്റെ ആദ്യചുവടാണ് കൊപ്പല്‍ ജില്ല. ഒപ്പം ഉള്ള ഗാഥയും ഫിറോസും നിര്‍മലും അശ്വതിയും ഒക്കെ യാത്രകള്‍ ഇഷ്ടമുള്ളവരാണ്. പക്ഷെ നാട്‌വിട്ടു മറ്റൊരുലോകം സേതുവിന്റെ മനസിനെ ഒരിക്കല്‍ പോലും ആകര്‍ഷിച്ചിട്ടില്ല.

രാവും പകലും നിര്‍ത്താതെയുള്ളയാത്രയ്‌ക്കൊടുവില്‍ അവര്‍ കൊപ്പല്‍ സിറ്റിയില്‍നിന്ന് 12 കിലോമീറ്റര്‍ ഉള്ളിലുള്ള ഹിരേ സിന്ധോഗി എന്നകൊച്ചു ഗ്രാമത്തിലെത്തി. അവിടെ അവരെ വരവേറ്റത് നല്ല നീണ്ടുനിവര്‍ന്നുകിടക്കുന്ന വിശാലമായ പാടങ്ങളാണ്. വയലുകളില്‍ നിറയെ ചെമ്മരിയാടുകളുംപശുക്കളും. നല്ല വെയില്‍ ഉണ്ടെങ്കിലും തണുപ്പുള്ള കാലാവസ്ഥ.വിരലിലെണ്ണാവുന്ന കുഞ്ഞു കടകളും ഒട്ടും തിരക്കില്ലാത്ത കുറച്ചുമനുഷ്യരും മാത്രം. മരങ്ങളില്‍ നിറയെപക്ഷികള്‍. മെതിക്കാനുള്ള കറ്റകളും കയറ്റിവരുന്ന കാളവണ്ടി. മണ്‍കലങ്ങളില്‍ വെള്ളംനിറച്ചു വരുന്ന സ്ത്രീകള്‍..അങ്ങനെ ആകെമൊത്തം കഥകളില്‍ ഒക്കെ കേട്ട് മറന്ന ഒരുകുഞ്ഞു ഗ്രാമം. ഗ്രാമത്തില്‍ അവരെ കാത്ത് ഡോ.റോയ് ഉണ്ടായിരുന്നു. കൂടെ പത്തോളം ഭാഷകള്‍കൈകാര്യം ചെയ്യാന്‍ അറിയുന്ന വിടര്‍ന്ന നീലിച്ചകണ്ണുകള്‍ ഉള്ള ഒരു ദളിദ് പെണ്‍കുട്ടിയും. വൈദേഹി അതായിരുന്നു അവളുടെ പേര്. കന്നടയും മലയാളവും എല്ലാം അവള്‍ക്ക് നന്നായിവശമുണ്ട്. വരുന്ന ഡോക്ടര്‍സ്‌നെ സഹായിക്കാന്‍ വേണ്ടിയാണ് അവളെ വരുത്തിയത്.

ഡോ .റോയുടെ സഹായത്തോടെ അവിടെ താമസസൗകര്യങ്ങളും, ഭക്ഷണ സൗകര്യങ്ങളും ഒക്കെതരപ്പെട്ടു. അന്ന് വൈകീട്ട് മെഡിക്കല്‍ ക്യാമ്പിനെപറ്റി നാട്ടുവാസികളെ എല്ലാം വിവരം അറിയിക്കാനായി നോട്ടീസ് വിതരണം ചെയ്തു. പക്ഷെ അതില്‍ ഭൂരിഭാഗം ആളുകള്‍ക്കും നന്നായിവായിക്കാന്‍ പോലും അറിയില്ല എന്നതായിരുന്നുദുരവസ്ഥ. 

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ നിര്‍മല്‍ പലതിനെപറ്റിയും വാചാലനായി.
'സേതു.. ഇത് ഒരുതരത്തിലും പുരോഗതിഎത്താത്ത ഒരു ഗ്രാമം ആണല്ലോ. വിദ്യാഭാസംപോലുമില്ലാത്ത ആളുകള്‍. പുറം ലോകത്തെ പറ്റിയാതൊരു അറിവുമില്ല. നമ്മള്‍ കുറച്ചകഷ്ടപ്പെടേണ്ടി വരും എന്നാണ് തോന്നുന്നത്. നമുക് അവരുടെ ഭാഷയും വശമില്ല'
'ഡോ.റോയ് ഉണ്ടല്ലോ. പിന്നെ ഭാഷയുടെ കാര്യത്തില്‍ വൈദേഹിയും.
അപ്പോ പിന്നെ അതോര്‍ത്തു പ്രയാസപ്പെടേണ്ട. എന്ത് തന്നെ ആയാലും ഒരുമാസം ഇവിടെ നില്‍കണമല്ലോ എന്നോര്‍ക്കുമ്പോളാണ് സങ്കടം.' 
സേതുവിന് വീണ്ടും നാടിന്റെ ചിന്തകള്‍ വന്നുകണ്ണുകള്‍ നിറഞ്ഞു...

പിറ്റേ ദിവസം കാലത്തു തന്നെ ഗ്രാമത്തിലെ കവലയ്ക്ക് അടുത്ത ഒഴിഞ്ഞ പറമ്പില്‍ എല്ലാ സജീകരണങ്ങളോടും കൂടി ക്യാമ്പ് ആരംഭിച്ചു. ആളുകളുടെ നല്ല തിരക്ക് അനുഭവപെട്ടു. വൈദേഹിയുടെ സഹായത്തില്‍ അവര്‍ക്കുകാര്യങ്ങള്‍ വളരെ എളുപ്പമായി. പലതരംഅസുഖകള്‍. അതിന്റെ ശാസ്ത്രീയ വശങ്ങളെ പറ്റി ഒന്നും അവരാരും ബോധവാന്മാര്‍ കൂടിയായിരുന്നില്ല എന്നാതാണ് സത്യം. എങ്ങും നിഷ്‌കളങ്കതയുടെ മുഖങ്ങള്‍ മാത്രം. രോഗികള്‍ക്ക് ആശ്വാസമേകുവാന്‍ അവര്‍ പ്രേത്യേകം ശ്രദ്ധിച്ചു. പല ഗ്രാമവാസികളും അവര്‍ക്കായി മധുരപലഹാരങ്ങള്‍ നല്‍കുകയും കൃഷി ചെയ്തുണ്ടാക്കിയ പഴങ്ങള്‍ നല്‍കുകയും ചെയ്തു. അതിലുപരി സ്‌നേഹവും കൊണ്ട് അവരുടെഹൃദയം നിറഞ്ഞു. കൂടുതല്‍ മരുന്നുകളും സജീകരണങ്ങളും വേണം എന്ന് ആവിശ്യപ്പെട്ട് ഹോസ്പിറ്റലിലേക്ക് വിളിച്ചറിയിക്കുകയുണ്ടായി. അങ്ങനെ ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. ആ നാടിനോട് പതിയെ എല്ലാവരും ഇഴുകിചേര്‍ന്നു. ഭാഷയും പഠിച്ചു തുടങ്ങി. ഏറെ വൈകാതെ വൈദേഹി അവരില്‍ ഒരാളായി മാറി.

അങ്ങനെയിരിക്കെ ഒരു ദിവസം കാലത്ത് ഒരുസ്ത്രീ തന്റെ കുഞ്ഞുമായി ക്യാമ്പില്‍ എത്തി. കുഞ്ഞിന് നല്ല ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നു.ആസ്മയുടെ മൂര്‍ച്ഛിച്ച അവസ്ഥയില്‍എത്തപ്പെട്ടിരിക്കുന്നു. ഇതുവരെ ഹോസ്പിറ്റലില്‍പോയിട്ടില്ല എന്ന് ആ സ്ത്രീ പറഞ്ഞപ്പോള്‍ ഗാഥയ്ക്ക് ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല. അവള്‍ ആ സ്ത്രീയോട് ദേഷ്യത്തില്‍ സംസാരിച്ചു. പോയി കുഞ്ഞിന്റെ അച്ഛനുമായി ഇപ്പോള്‍ തന്നെ വരാന്‍ ഗാഥ ഉറച്ച സ്വരത്തില്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ ആ സ്ത്രീ തല കുനിച്ചിരുന്നു. മറുപടിയില്ല മൗനംമാത്രം. ഒടുവില്‍ കണ്ണുകള്‍ നിറച്ചു കൊണ്ട് അവര്‍ എഴുനേറ്റു നടന്നു. കുഞ്ഞിനെ നോക്കാതെ വിടുന്നത് ശരിയല്ല എന്ന് തോന്നി ഗാഥ പുറകെ പോയി അവരുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ വാങ്ങി ശുശ്രൂഷ തുടങ്ങി. വേണ്ട മരുന്നുകള്‍ എല്ലാം നല്‍കി.അപ്പോളും ആ സ്ത്രീയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഭര്‍ത്താവ് ജീവനോടെ ഇല്ലേ എന്ന സംശയം ഗാഥയില്‍ വേരോടി. പിന്നെ ഒന്നും ചോദിക്കാന്‍ തോന്നിയില്ല.

അന്ന് ഉച്ചയ്ക്ക് എല്ലാവരും ഭക്ഷണം കഴിക്കുമ്പോള്‍ ഈ സംഭവത്തെ പറ്റി ഗാഥ വൈദേഹിയോട് ചോദിച്ചു. ഗ്രാമത്തില്‍ ഉള്ള എല്ലാവരെ പറ്റിയും അവള്‍ക്ക് നന്നായി അറിയമായിരന്നു. പക്ഷേ ചോദ്യം കേട്ടയുടനെ അവള്‍ തല താഴ്ത്തിയിരുന്നു. ഒടുവില്‍ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ വൈദേഹി പറയാന്‍ തുടങ്ങി.

'ഡോക്ടര്‍ അത് ഇവിടുത്തെ ഒരു സ്ത്രീയുടെ മാത്രം കഥയല്ല. ഇവിടെ മാതികസമുദായത്തില്‍പ്പെട്ട എല്ലാ സ്ത്രീകളുടെയും കഥയാണ്. വലിയൊരു വിഭാഗം മുറുകെപ്പിടിച്ചിരിക്കുന്ന വിശ്വാസത്തിന്റെ ഒരു ഭാഗം മാത്രമാണ് നേരത്തെ വന്ന മല്ലികാറാണി. മാതിക സമുദായത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളാരും വിവാഹം കഴിക്കാന്‍ പാടില്ലെന്നതാണ് വിശ്വാസം. '

അപ്പൊ ,നേരത്തെ വന്ന മല്ലികാറാണിയും വിവാഹംകഴിച്ചിട്ടില്ല? അപ്പൊ ആ കുഞ്ഞ് ?
മുഴുവന്‍ ആക്കാന്‍ സമ്മതിക്കാതെ ഫിറോസ് ്‌ചോദ്യങ്ങള്‍ ആരംഭിച്ചു. വൈദേഹി തുടര്‍ന്നു..

അവര്‍ ദേവദാസികളാണ്. പ്രായപൂര്‍ത്തിയായാല്‍ അവര്‍ അമ്പലത്തിലെത്തി പ്രത്യേകം പൂജിച്ച മുത്തുകെട്ടണം. ദൈവത്തിന്റെ ദാസിയാവണം. പിന്നെ,ആരോടെങ്കിലുമൊപ്പം ശയിക്കാം. ആ പുരുഷന്മാര്‍ തങ്ങളുടേതിനെഅപേക്ഷിച്ച് ഉന്നതകുലത്തില്‍പ്പെട്ടവരായിരിക്കണമെന്നു മാത്രം. അങ്ങനെയുണ്ടാകുന്ന കുഞ്ഞുങ്ങളുടെ അച്ഛനാരെന്ന് സ്ത്രീകള്‍ വെളിപ്പെടുത്തരുത്. അത് പെണ്‍കുഞ്ഞാണെങ്കില്‍ അമ്മയുടെ ഈ ജീവിതം അവളും ആവര്‍ത്തിക്കുന്നു.വിശ്വാസത്തിന്റെ പേരില്‍ ജീവിതം മാറ്റിവയ്ക്കുന്ന ഇത്രയും സ്ത്രീകളോ എന്നു ചോദിക്കരുത്. എല്ലാം നാടിന്റെ നന്മയ്ക്കാണെന്ന വിശ്വാസത്തില്‍ അവര്‍ കഴിയുന്നു. പെണ്‍കുട്ടികള്‍ ദേവദാസികളാക്കപ്പെട്ടില്ലെങ്കില്‍ ദേവി കോപിക്കും എന്നു കരുതുന്ന അമ്മമാര്‍ മക്കളെയും ദേവദാസികളാക്കുകയായിരുന്നു.

അപ്പോ ഇവിടുത്തെ ആണ്‍കുട്ടികളോ? സേതുആശ്ചര്യത്തോടെ ചോദിച്ചു 

'ആണ്‍കുട്ടികള്‍ക്ക് മറ്റു പ്രദേശങ്ങളില്‍ച്ചെന്നും മരളുസിദ്ധേശ്വര വിശ്വാസികളല്ലാത്ത മറ്റുവിഭാഗങ്ങളില്‍ നിന്നും വീട്ടുകാര്‍ തന്നെ പെണ്‍കുട്ടികളെ കണ്ടെത്തി കൊടുക്കും. സ്വന്തംനാട്ടിലെ പെണ്‍കുട്ടികളെ തങ്ങളുടെ ആണ്‍മക്കളെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ അവര്‍ ധൈര്യപ്പെട്ടില്ല. നാടുമുടിയും എന്ന ഭയം തന്നെ കാരണം. ചിലരെ അടുത്ത നാട്ടിലെസ്ത്രീകള്‍ വിവാഹം കഴിച്ച് അങ്ങോട്ടു കൊണ്ടു പോയി. ഇവിടെ താമസിച്ചാല്‍ ജനിക്കാനിരിക്കുന്ന പെണ്‍കുട്ടികളെ കാത്തിരിക്കുന്നത് നല്ല ജീവിതമല്ല എന്ന് അവര്‍ക്ക് അറിയാമല്ലോ.വിശ്വാസത്തെ വിട്ട് വിവാഹം സ്വപ്നം കാണാന്‍ ഇവിടുത്തെ പെണ്‍കുട്ടികള്‍ക്കും ധൈര്യമില്ലായിരുന്നു എന്നതാണ് സത്യം. വിശ്വാസത്തെ കര്‍ക്കശമായി ഇത്രയും കാലം നിലനിര്‍ത്തിക്കൊണ്ടു പോന്നതിനാലാണ് നാട് ഇങ്ങനെയെങ്കിലും നിലനില്‍ക്കുന്നത് എന്നുവാദിക്കുന്നവരും ഇവിടുണ്ട്....'

ഹോ, വിചിത്രം തന്നെ. ഇവിടുത്തെ ഒരു ആണുങ്ങള്‍ക്ക് പോലും ഇതിനെ എതിര്‍ത്ത് വിവാഹം കഴിച്ചു നട്ടല്‍നിവര്‍ത്തി ജീവിക്കാന്‍ ധൈര്യം ഇല്ലായിരുന്നോ എന്നതില്‍ അതിശയം തോന്നുന്നു.
സേതുവിന് അത് ഉള്‍കൊള്ളാന്‍ സാധിച്ചില്ല. ഇതിനെതിരെ ഒരുമിച്ച് എന്തെങ്കിലും ചെയ്യണം എന്ന് അവര്‍ ആഗ്രഹിച്ചു. അങ്ങനെ അവര്‍ നാട്ടിലെ പല പ്രമുഖരോടും ഈ ആചാരത്തെ പറ്റി ചോദിക്കുകയും അതിന്റെ മോശവശങ്ങളെ പറ്റി യുവാക്കളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ എല്ലാം പരാജയം മാത്രം. അടിഉറച്ച വിശ്വാസങ്ങള്‍ തിരുത്താന്‍ ഒരു ചെറുപ്പക്കാര്‍ പോലും തയ്യാറായില്ല. അത് അവരില്‍ നിരാശ പടര്‍ത്തി. അങ്ങനെ പിന്നെയും ദിവസങ്ങള്‍ കടന്നു പോയി. പിന്നീട് ഉള്ള ഒഴിവ് വേളകളില്‍ വൈദേഹിയോടൊപ്പം അവര്‍ ആ നാടും അവിടുത്തെ ഓരോ കണികയെ പോലും അറിയാന്‍വേണ്ടിയുള്ള യാത്രകള്‍ ആരംഭിച്ചു. ഗ്രാമത്തിലെ മുഴുവന്‍ ചരിത്രവും അവള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. ആ യാത്രകളില്‍ എവിടെയൊക്കെയോ വെച്ച് സേതുവിന്റെ ഹൃദയത്തില്‍ വൈദേഹിയുടെനീലിച്ച കണ്ണുകള്‍ പ്രണയാര്‍ദ്രമായി പതിഞ്ഞിരിക്കണം. അവന്റെ നോട്ടങ്ങള്‍ അവളിലേക്ക് ഉള്ള ദൂരം കുറച്ചു കൊണ്ടേയിരുന്നു. പലപ്പോഴായി അവള്‍ക്ക് അത് മനസ്സിലാവുകയും ഒഴിഞ്ഞു മാറി നടക്കുകയും ചെയ്തു. ആരും അറിയാതെ അവിടെ പ്രണയത്തിന്റെ പട്ടങ്ങള്‍ നൂല്‍പൊട്ടി ആകാശമാകെ പാറിപറന്നു. സേതുപതിയെ ആ നാടുമായി പരിചിതമായി അതിലേറെ വൈദേഹിയോടും

ഒരു മാസം പെട്ടെന്ന് കടന്നു പോയി. തിരികെ പോകുവാന്‍ ഇനി രണ്ടുനാള്‍ മാത്രം. അപ്പോളാണ് നാട്ടില്‍ നിന്ന് സേതുവിന്റെ 'അമ്മ വിളിച്ചത്.  വിവാഹത്തിനായി ഒരു പെണ്‍കുട്ടിയെ 'അമ്മ കണ്ടുവെച്ചിട്ടുണ്ട് എന്ന് പറയാനായിരുന്നു ആ വിളിയുടെ ഉദ്ദേശം.നാട്ടില്‍ വന്നിട്ട് നോക്കാം എന്ന് പറഞ്ഞു ഫോണ്‍വെച്ചപ്പോളും സേതുവിന്റെ ഹൃദയത്തില്‍ ഒരുഭാരം അനുഭവപെട്ടു.നാളെ ഈ നാട് വിട്ടു പോവേണ്ട തന്നെ ഇവിടെ പിടിച്ചു നിര്‍ത്തുന്ന ആ ചങ്ങലകണ്ണിയെ കുറിച്ചുതാന്‍ എങ്ങനെ അമ്മയോട് പറയും എന്ന് സേതു ആലോചിച്ചു. ഉറക്കം വരാതെ ബാല്‍ക്കണിയില്‍ പോയിനിന്നപ്പോള്‍ താഴെ വൈദേഹി വിദൂരതയിലേക്ക് നോക്കി അവളുടെ വീടിന്റെതിണ്ണയില്‍ ഇരിക്കുന്നതു സേതു കണ്ടു. അവള്‍ തന്നെ പറ്റിയാവുമോ ചിന്തിക്കുന്നത് എന്നയാള്‍ സംശയിച്ചു. അവള്‍ക്കും തന്നോട് പ്രണയം കാണുമോ? അനേകം ചോദ്യങ്ങളാല്‍ മനസ് വല്ലാതെ വീര്‍പ്പുമുട്ടുന്നതായി അനുഭവപെട്ടു. അവളുടെ കണ്ണുകള്‍ക്ക് എന്ത് തിളക്കമാണ്. മുട്ടോളം ഉള്ള നേര്‍ത്ത മുടിയിഴകള്‍ കാറ്റില്‍ ഇളകുന്നു. അവളുടെ മൂക്കുത്തിയുടെ തിളക്കം ദൂരെ നിന്നേകാണാം. കൊലുസിന്റെ മണികള്‍ മണ്ണോടു ചേര്‍ന്ന് നില്‍ക്കുന്നു.അവള്‍ ഒരു സുന്ദരി തന്നെ ആണ് അതിലുപരി നല്ലപെരുമാറ്റവും അടക്കവും ഒതുക്കവും ഉള്ള പെണ്‍കുട്ടി. സേതുവിന്റെ ഹൃദയം അവളിലേക്ക് നീളുന്ന പോലെ തോന്നി.

തന്റെ ഹൃദയത്തില്‍ ഇവള്‍ എപ്പോളാണ് സ്ഥാനം പിടിച്ചത് അയാള്‍ ആശ്ചര്യപ്പെട്ടു. അവള്‍ ഇടയ്ക്ക് കണ്ണുകള്‍ തുടയ്ക്കുന്നതായി സേതു കണ്ടു. ഈ സമയത് അങ്ങോട്ട് പോയികാര്യം അന്വേഷിക്കുന്നത് ഉചിതമല്ല.നാളെ ചോദിക്കാം എന്നുറപ്പിച്ചു തിരികെ റൂമില്‍ പോയികിടന്നു. പിറ്റേന്ന് ക്യാമ്പിന്റെ അവസാനദിനമാണ്. ഇടയില്‍ ഒഴിവ് സമയത്തു സേതു വൈദേഹിയുടെഅരികിലേക്ക് ചെന്നു. താന്‍ ഇന്നലെ രാത്രി എന്തിനാ കരഞ്ഞത്? സേതു അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കികൊണ്ട് ചോദിച്ചു. അത് ഞാന്‍...ഡോക്ടര്‍ ഉറങ്ങിയില്ലായിരുന്നോ? അവള്‍ ചോദിച്ചു. ഇല്ല. ഉറക്കം വരാതെ പുറത്തു വന്നപ്പോളാണ് താന്‍ പുറത്തു നില്കുന്നത് കണ്ടത്. പറയു. എന്തിനാ കരഞ്ഞത്? ഏയ്. ഒന്നുല്ല എന്ന് പറഞ്ഞവള്‍ തിരികെ നടക്കാന്‍ ഒരുങ്ങി. ഇന്ന് ഞങ്ങള്‍ തിരികെ പോവുന്നതോര്‍ത്താണോസങ്കടം? സേതു ചോദിച്ചു. അതിനും ഉത്തരം മൗനം മാത്രമായിരുന്നു.'ഇന്ന് ഞങ്ങള്‍ പോയാല്‍ പിന്നെ നമ്മള്‍ കാണുക പോലുമില്ല. എങ്കില്‍ പോവാതിരുന്നൂടെ. അവള്‍ പരിഭവത്തോടെ ചോദിച്ചു

'എനിക്ക് തന്നോട് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട്' പറയൂ ഡോക്ടര്‍. സേതു പരിഭ്രമത്തോടെ ചോദിച്ചു.'താന്‍ വരുന്നോ എന്റെ കൂടെ ..എന്റെ അമ്മയ്ക്കമരുമകളായിട്ട്' ഞാന്‍ പോകുന്നു... അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു മറുപടി പറഞ്ഞിട് പോവൂ. അവന്‍ അവളെ തടഞ്ഞു. നീണ്ട നേരത്തെ മൗനത്തിനൊടുവില്‍ അവള്‍ പറഞ്ഞു 'ഡോക്ടര്‍, നിങ്ങള്‍ക്ക് ഒന്നും അറിയാത്ത ഒരുകാര്യം കൂടി ഉണ്ട്. അതും കൂടി അറിയൂ. മാതിക സമുദായത്തിലെ അടുത്ത ദേവദാസി. അത് ഞാനാണ്' അത് പറഞ്ഞു കൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തനിക്ക് ചുറ്റും ലോകം കറങ്ങുകയാണോ എന്ന് സേതുവിന് തോന്നി. തന്റെ പ്രിയപ്പെട്ടവളും ആ ആചാരത്തിന്റെ ദുര്‍വിധി ഏറ്റു വാങ്ങാന്‍ പോകുന്നുവെന്നത് ഉള്‍ക്കൊള്ളാന്‍ അയാള്‍ക്ക് സാധിച്ചില്ല. ആത്മഗതങ്ങളെ തടഞ്ഞു കൊണ്ട് അയാള്‍പറഞ്ഞു. 'ഈ ഗ്രാമത്തിന്റെ ആചാരങ്ങളെ എതിര്‍ത്ത് കൊണ്ട് എന്റെ ഒപ്പം വരാന്‍ നിനക്കു ധൈര്യമുണ്ടെങ്കില്‍ നിന്നെ ഞാന്‍ കൊണ്ട് പോയിരിക്കും, വേരുറച്ച അന്ധവിശ്വാസങ്ങള്‍ക്ക്‌നിന്നെ ഞാന്‍ വിട്ടു കൊടുക്കില്ല. നിന്റെ അമ്മയുടെ സമ്മതം മാത്രം മതി എനിക്ക്,എനിക്കറിയാം നിനക്കു എന്നെ ഇഷ്ടമാണ്,നമ്മള്‍ പ്രണയത്തില്‍ ആണ് പരസ്പരം പറഞ്ഞിട്ടില്ലായെങ്കിലും അത് പ്രകൃതി നമ്മില്‍ തീര്‍ത്തിരിക്കുന്നു. വരില്ലേ നീ എന്റെ കൂടെ ?

മുഴുവന്‍ കേട്ട് നിന്ന വൈദേഹി കണ്ണുകള്‍ പൊത്തിനിലത്തിരുന്നു. അവളെ മെല്ലെ എഴുന്നെല്‍പിച്ച ശേഷം അവളുടെ കവിളുകളില്‍ വീണുടഞ്ഞ കണ്ണീരിനെ അയാള്‍ തുടച്ചു കൊടുത്തു. അവളെ തന്നിലേക്ക് ചേര്‍ത്ത്പിടിച്ചു. അവള്‍ക്ക് ധൈര്യം നല്‍കി. പുറകില്‍ നിന്നൊരു ശബ്ദം കേട്ടവര്‍ തിരിഞ്ഞുനോക്കി. ഗ്രാമത്തിലെ ഒരാള്‍ എല്ലാം കണ്ടുകൊണ്ടു നില്‍ക്കുന്നുണ്ടയിരുന്നു. പിന്നീട് അവിടെ കോലാഹലങ്ങള്‍ തന്നെ സംഭവിച്ചു. അന്ന് തന്നെ നാട് വിടാന്‍ ഉള്ള താക്കീതു നല്‍കി സേതുവിനെയും മറ്റു ഡോക്ടര്‍മാരെയും അവര്‍ വെറുതെ വിട്ടു. വൈദേഹിയോട് ഒന്ന് യാത്ര പറയാന്‍ പോലും സേതുവിന് സാധിച്ചില്ല. വണ്ടിയില്‍ കേറുമ്പോള്‍ അയാള്‍ക്ക് പോകുവാന്‍ മനസ്സനുവദിച്ചില്ല. വണ്ടിയില്‍ നിന്ന് ഇറങ്ങി വൈദേഹിയുടെ വീടിനു മുന്നില്‍ ചെന്ന് അവളെ വിളിച്ചു. കാലം തെറ്റി ശക്തമായ മഴ പെയ്തു. അതിഭീകരമായ കാറ്റു വീശി. വൈദേഹി ജനലഴികള്‍ക്കിടയിലൂടെ സേതുവിനെ നോക്കി.ഇറങ്ങി തന്റെ ഒപ്പം വരാന്‍ അയാള്‍ വിളിച്ചു. പുറകില്‍ വലിയ കമ്പുകളും ഇരുമ്പ് തടികളുമായിആളുകള്‍ നില്കുന്നത് അവള്‍ കണ്ടു.

അവള്‍ പുറത്തേക്ക് ഇറങ്ങി, ജനങ്ങളെ മുന്‍നിര്‍ത്തി കൊണ്ട് സേതുവിനോട് പറഞ്ഞു 'ഞാന്‍ ഈ നാടിന്റെ ദേവദാസിയാണ്. നിങ്ങള്‍ ആയിട്ട് ഈ നാടിന്റെ ആചാരങ്ങള്‍ തെറ്റിക്കരുത്,തിരികെ പോകു..ഫഞാന്‍ ഇവിടം വിട്ട് എങ്ങോട്ടേക്കുമില്ല' അപ്പോളേക്കും നിര്‍മലും ഫിറോസും അവിടേക്ക് ഓടി എത്തി. സേതുവിനെ നിര്‍ബന്ധപൂര്‍വം കൊണ്ട് പോയി. അങ്ങനെ അവരുടെ വണ്ടി ആ പാടങ്ങള്‍ക്കിടയിലൂടെ അകന്നു. പെട്ടന്നാണ് അശ്വതി അത് കണ്ടത്. മലചെരുവിലൂടെ വൈദേഹി ഓടി വരുന്നു. സേതു, നോക്ക്,വൈദേഹി. രാമേട്ടാ വണ്ടി നിര്‍ത്തു,നമുക്കൊപ്പം തിരികെ ഒരാള്‍ കൂടി ഉണ്ട് എന്ന തോന്നുന്നത്. ഗാഥ സന്തോഷത്തോടെ പറഞ്ഞു.വണ്ടി നിര്‍ത്തി,സേതു അവളുടെ അടുത്തേക്ക് ഓടി. വൈദേഹി. ഒടുവില്‍ നീ വന്നാലോ.'ഇല്ല ഡോക്ടര്‍, ഇപ്പോള്‍ എനിക്ക് വരാന്‍ സാധിക്കില്ല. ഒരുപാട് പേരുടെ കണ്ണ് വെട്ടിച്ചാണ് ഞാന്‍ വന്നത്. ഇപ്പോ ഞാന്‍ വന്നാല്‍ എന്റെ അമ്മയെ അവര്‍ കൊന്നു കളയും. പക്ഷെ ഞാന്‍ വരും അടുത്ത കൊയ്ത്തുത്സവത്തിനു രാത്രിയില്‍. ഡോക്ടര്‍ക്ക് വേണ്ടി ഞാന്‍ ഇവിടെകാത്തിരിക്കും'. സേതു അവളുടെ നെറുകയില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു, അടുത്ത ചിങ്ങനിലാവില്‍ ഞാന്‍ ഇവിടെ ഉണ്ടാവും എന്റെ പെണ്ണിനെ കൊണ്ട് പോവാന്‍. ഈ വാക്കിനു മാറ്റം ഉണ്ടാവില്ല വൈദേഹി, വേഗം പൊയ്‌ക്കോളൂ ആരും കാണണ്ട. അതും പറഞ്ഞു സേതു തിരികെ വണ്ടിയുടെ അടുത്തേക് നടന്നു.

കാണാമറയത്തേക്ക് വണ്ടി പോകുന്നതും നോക്കി. ആ മലയുടെ ഓരത്ത് അവള്‍ നിന്നു അടുത്ത കൊയ്ത്തുത്സവരാവിലേക്കുള്ള ഒരുപാട്‌സ്വപ്നങ്ങളുമായി. അങ്ങനെ ദിനരാത്രങ്ങള്‍ കടന്നുപോയി. പരസപരം കാണാതെ മിണ്ടാന്‍ പോലും സാധിക്കാതെ സേതു അവളെ നിത്യവും പ്രണയിച്ചുകൊണ്ടേയിരുന്നു. അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ആ ദിവസം വന്നെത്തി. സേതു അമ്മയുടെ അനുഗ്രഹം വാങ്ങി യാത്രപുറപ്പെടാന്‍ ഇറങ്ങി.അപ്പോളാണ് വീടിന്റെ മുന്നില്‍ ഒരു വണ്ടി എത്തിയത്. സേതു ഒന്ന് ഞെട്ടി,ഫിറോസും അശ്വതിയും ഗാഥയും നിര്‍മലും ഒക്കെ ഉണ്ട് വണ്ടിയില്‍.'ഡാ സേതു വാ വണ്ടിയില്‍ കേറൂ, നിനക്കൊപ്പം ഞങ്ങളുമുണ്ട്,  നിര്‍മലിന്റെ ആഹ്ലാദം കണ്ടപ്പോള്‍ സേതുവിന് വല്ലാത്ത സന്തോഷം തോന്നി. മാതക സമുദായത്തിലെ നീലിച്ച കണ്ണുള്ള ദേവദാസി കുട്ടിയെ കൊണ്ട് വരാന്‍ അവര്‍ ഒന്നിച്ചയാത്ര തുടങ്ങി. അന്നവര്‍ പിരിഞ്ഞ ആ മലഞ്ചെരുവില്‍ അവള്‍ക്കായി അവര്‍ കാത്തു നിന്നു. ഏറെ നേരം നിന്നിട്ടും വൈദേഹി വന്നില്ല. ഒടുവില്‍ എന്തും വരട്ടെ എന്ന് കരുതി അവളുടെ വീട് ലക്ഷ്യമാക്കി അവര്‍ നടന്നു. അവിടെ മൊത്തം ഉത്സവത്തിന്റെ തിരക്കുകള്‍. തെരുവ്വിളക്കുകളും തോരണങ്ങളും ആയിഅലങ്കരിക്കപ്പെട്ടിരിക്കുന്നു. അവളുടെ വീടിന്റെ അരികില്‍ വെളിച്ചം ഒന്നും തന്നെയില്ല, സേതുവിന്റെ മുഖത്താകെ നിരാശ പടര്‍ന്നു.

എല്ലാവരും ഉത്സവത്തിന്റെ തിരക്കിലായിരിക്കും, ഉത്സവം നടക്കുന്ന ക്ഷേത്രത്തിന്റെ അരികിലേക്ക് നടക്കാന്‍ ഒരുങ്ങുമ്പോള്‍ വൈദേഹിയുടെ മുറിയില്‍ നേരിയ വെളിച്ചം ഉള്ളതായി ഫിറോസ് കണ്ടു. അവര്‍ പുറകിലൂടെ പോയി ആ ജനല്‍പാളികള്‍ മെല്ലെ തുറന്നു. അവിടെ അവര്‍ കണ്ട ദൃശ്യം അവരില്‍ഓരോരുത്തര്‍ക്കും ഞെട്ടല്‍ ഉണ്ടാക്കി. അലസമായി കിടക്കുന്ന മുടിയിഴകള്‍. കണ്ണുകള്‍ ചുവന്നിരിക്കുന്നു. മുഖത്ത് അടിയുടെ പാടുകള്‍ തോളെല്ലുകള്‍ ഉന്തിയിരിക്കുന്നു, കവിളുകള്‍ ഒട്ടിയിരിക്കുന്നു, ഞരമ്പു പൊന്തിയ വിരലുകള്‍. അതില്‍ ഉപരി നിറവയറുള്ള പൂര്‍ണഗര്‍ഭിണി. സേതു തന്റെ കണ്ണുകളെ പുറകോട്ടു വലിച്ചു ചുമരില്‍ ചാരി നിന്നു. ഒടുവില്‍ അവളും ആ ആചാരത്തിന്റെ ബലിയാടുകളില്‍ ഒരുവള്‍ ആയി മാറി എന്ന സത്യം അവന്‍ കണ്ണീരോടെ തിരിച്ചറിഞ്ഞു. കണ്ണുനീര്‍ തുടച്ചു കൊണ്ട് വിറയാര്‍ന്ന ശബ്ദത്തില്‍ അവന്‍ വിളിച്ചു വൈദേഹി... ഞെട്ടലോടെ അവള്‍ മുഖമുയര്‍ത്തി, ഉറക്കെപ്പൊട്ടി കരഞ്ഞു. കാത്തിരിക്കാന്‍ എന്നെ ഇവര്‍ സമ്മതിച്ചില്ല ഡോക്ടര്‍. ഞാന്‍ തോറ്റു പോയി. 'ഇല്ല വൈദേഹി ഞാന്‍ നിന്റെ ശരീരത്തെ അല്ലമോഹിച്ചത്. നിന്റെ മനസിനെയാണ് വരൂ എന്റെ ഒപ്പം ഈ ആചാരങ്ങള്‍ക്ക് ഞാന്‍ നിന്നെ വിട്ടുകൊടുക്കില്ല എന്ന് നിനക്കു ഞാന്‍ വാക് തന്നത് നീമറന്നോ? 

'ഇല്ല ഇനി ഞാന്‍ എങ്ങോട്ടുമില്ല ദേവദാസിയാണ് ഞാന്‍ ദേവദാസി.. ഇവിടെനിന്ന് പോകു. ഇനി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി ജീവിച്ചോളാം.എന്റെ ഉദരത്തിലുള്ള ഈ കുഞ്ഞില്‍ നിന്ന് നാളെ ഇവിടെ മാറ്റങ്ങള്‍ ഉണ്ടാവും. ഉണ്ടാക്കും ഞാന്‍. ഇനിയെന്റെ ജീവിതം അതിനുവേണ്ടിയായിരിക്കും.പെണ്ണിന്റെ മനസിനെ അറിയുന്ന ഒരു തലമുറ നാളെ ഇവിടെ ഉണ്ടാവും. ജനലില്‍ പിടിച്ച അവളുടെ കൈകളില്‍ സേതു ഒന്നമര്‍ത്തി പിടിച്ചു. ഇത് നിനക്കു ഞാന്‍ നല്‍കുന്ന ധൈര്യമാണ്. ഒരുആണിന്റെ ധൈര്യം.നാളത്തെ ഹിരേ സിന്ധോകിയിലെ സ്ത്രീകള്‍ക്ക് മോചനം നിന്നിലൂടെ ഉണ്ടാവണം. ഇരുട്ടിലേക്ക് സേതു നടന്നകന്നു. ഒരു ആണിന്റെ ധൈര്യമുള്ള വാക്കുകള്‍ മാത്രം മതിയായിരുന്നു അവള്‍ക്ക് മുന്നോട്ട് നടക്കാന്‍. അതല്ലേ ഓരോ പെണ്ണും ആഗ്രഹിക്കുന്ന കരുത്ത്.

എഴുതിയത്: അര്‍ച്ചന പി സോമന്‍ 

Content Highlights: valentines day breakup stories