തുലാവര്‍ഷമഴയില്‍ ഇടിമിന്നലിനിടയില്‍  ഇടിവെട്ടുന്ന ശബ്ദം മുഴങ്ങവേ പനമ്പള്ളി മനോരമജംഗ്ഷന്‍ മുതല്‍ നേരെ കുണ്ടന്നൂര്‍തോടു വരെ ബൈക്കില്‍  ചീറിപ്പാഞ്ഞ്  മഴ നനഞ്ഞ് ഒരു യാത്ര. ആകെ നനഞ്ഞു കുതിര്‍ന്ന്. യാത്രയില്‍ ഇടയ്ക്ക് വണ്ടി നിന്നു പോകും. അപ്പോള്‍ രണ്ടു പേരും കൂടി വണ്ടി തള്ളി മഴ നനഞ്ഞ് നടക്കും. അല്പദൂരം കഴിഞ്ഞ് ഏതെങ്കിലും വീട്ടില്‍ വണ്ടി കയറ്റി വയ്ക്കും. എന്നിട്ട് നടക്കും. ഓട്ടോ കിട്ടിയാല്‍ അധികം താമസ്സിയ്ക്കാതെ കണ്ണന്റെ വീട്ടിലെത്തും. അവിടെ അമ്മ കണ്ണേട്ടന്റെ  ചൂരലും ചുക്കുകാപ്പിയും വഴിക്കണ്ണുമായി ഞങ്ങളെ സ്വീകരിയ്ക്കുവാന്‍ കാത്തു നിലക്കുന്നുണ്ടാവും. ഒന്നു രണ്ടടി വേദനിപ്പിയ്ക്കാതെ തരും. ആ അമ്മ എല്ലാം ഇന്ന് ഓര്‍മ്മകള്‍ മാത്രം. മധുരതരമായ ഓര്‍മ്മ മാത്രം. എല്ലാം വെറും ഒരോര്‍മ്മ മാത്രമായി. ഓര്‍മ്മകള്‍ സുന്ദരം മധുരതരം. ചിലര്‍ക്കത് എരിഞ്ഞടങ്ങിയ കിനാക്കളേയും നനുവാര്‍ന്ന മോഹങ്ങളേയും കൂട്ടി  ഒരിക്കല്‍ കൂടി ഹൃദയത്തില്‍ വിങ്ങുന്ന  നീറുന്ന ആ പഴമയിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം. ആ ഗതകാല സ്മരണയിലേയ്ക്ക് ഒരു എത്തിനോട്ടം. അത് നൊമ്പരത്തിനിടയിലെ ഒരു സുഖം. എന്തേ 'അത് ഇനിയും വരില്ലേ' എന്ന ചോദ്യത്തിനു ഒരുത്തരവും കിട്ടില്ല.എന്നാലും വൃഥാ മോഹിയ്ക്കുന്നു. വെറുതെ, വെറുതെ, വെറുതേ മോഹിക്കുന്നു. നീറുന്ന പിടയുന്ന ഒര്‍മ്മകള്‍ക്കും ഉണ്ടൊരു ഓളവും താളവും.  

അന്ന് ശ്രീകൃഷ്ണ ജയന്തി ആയിരുന്നു..1977-78 കാലഘട്ടം പൊന്നു 7ാം ക്ലാസ്സില്‍ പഠിയ്ക്കുന്നു.  സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതുന്നതിനാല്‍ അവധി ദിവസങ്ങളില്‍ അവള്‍ പഠിക്കാന്‍ പോയിരുന്നു. ഞായറാഴ്ച പോലും ഈ പതിവ് തെറ്റാതെ തന്നെ തുടര്‍ന്നു. അന്ന് കൃഷ്ണാഷ്ടമിയായതിനാല്‍ അമ്പലത്തില്‍ പോയ ശേഷം പഠിക്കാന്‍ പോയാല്‍ മതി എന്ന് അമ്മ പറഞ്ഞതനുസരിച്ച് പൊന്നു രവിപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എത്തി. അപ്പോള്‍ ശ്രീകോവിലിന്റെ മുന്‍പില്‍ രണ്ടു ചേട്ടന്മാര്‍ തൊഴുതു നിലക്കുന്നതു കണ്ടു. അവര്‍ക്ക് നല്ല പൊക്കവും, അവള്‍ക്ക് പൊക്ക കുറവും.  അതിനാല്‍ അവരോട് അല്പം മാറി ഒതുങ്ങിത്തരുമോ, ഒന്നു തൊഴുതിട്ട് ഞാന്‍ മാറിക്കോളാം എന്നാവശ്യപ്പെട്ട അവളെ അവര്‍ കളിയാക്കുന്ന രീതിയില്‍ നോക്കി. സങ്കടം വന്ന അവള്‍ ശ്രീകോവിലിലേയ്ക്കു നോക്കി ഞാന്‍ പിന്നെ വന്നു തൊഴുതോളാം കണ്ണാ ഇപ്പോള്‍ ഞാന്‍ പോകുന്നു എന്നു പറഞ്ഞു പുറത്തറങ്ങി. പിന്നീട് ഇടയ്ക്കിടെ പലയിടത്തും അവരെ കണ്ടുമുട്ടി. അങ്ങനെയിരിയ്‌ക്കേ അവളുടെ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ വച്ച് ഇവരുമായി ഉടക്കി സംസാരം ഉണ്ടായി. കൂട്ടുകാരിയുടെ അച്ഛനും അമ്മയ്ക്കും പൊന്നുവിനെ വല്യ ഇഷ്ടമായിരുന്നു. അവള്‍ അവര്‍ക്കു പിറക്കാതെ പോയ ആണ്‍കുട്ടിയായിരുന്നു.ഏകദേശം ഒരു വര്‍ഷത്തോളം ഉടക്കിത്തന്നെയായിരുന്നു അവര്‍ രണ്ടു പേരോടും.. ഇതിനിടയ്ക്ക് അവരോടുള്ള വഴക്ക് കൂട്ടുകാരിയുടെ പപ്പ മാറ്റിയെടുത്തു... അങ്ങനെയിരിയ്‌ക്കേ അവളുടെ കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷത്തിന് പൊന്നുവും പോയിരുന്നു. ഒരു ചെറിയ ഹാളിലായിരുന്നു പരിപാടി. കുറേ കൂട്ടുകാരുടെ പാട്ടും ഡാന്‍സും മറ്റും ഉണ്ടായിരുന്നു.ഹാളില്‍ നിറയെ കുട്ടികളും ചേച്ചിമാരും കുറേചേട്ടന്മാരും. ആരുടേയും മാതാപിതാക്കളോ മുതിര്‍ന്നവരോ തിങ്ങിനിറഞ്ഞിരുന്ന ആ ഹാളില്‍ ഉണ്ടായിരുന്നില്ല.കുട്ടികളുടേതു മാത്രമായിരുന്നു ആ പരിപാടി. ആ പരിപാടിയില്‍ അമ്പലത്തില്‍ കണ്ട ചേട്ടന്മാരില്‍ ഒരാള്‍  പാട്ടു പാടാന്‍ വന്നു. 

അവളുടെ പിറകില്‍ വന്ന് അവളെ പിടിച്ച്  ഒരുവശത്തേയ്ക്ക് മാറ്റി നിര്‍ത്തിയിട്ടാണ് ആ ചേട്ടന്‍ പാട്ടുപാടാന്‍ സ്റ്റേജിലേയ്ക്കു കയറിയത്. ആ ഹാള്‍ റ്റീനേജസിന്റെ ക്ലബ്ബായിരുന്നു. കൗമാരപ്രയത്തിലല്ലാത്ത അല്ലാതെ അതില്‍ ആദ്യമായിട്ട്  ഒരാള്‍ വന്നത് പൊന്നുവാണ്.ആ ചേട്ടന്‍ പാട്ടു തുടങ്ങി.സുന്ദരീ നിന്‍ തുമ്പുകെട്ടിയ....  നല്ലതുപോലെ പാടുന്നുണ്ട്. അനുപല്ലവി കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ഒരു സംശയം.  തന്റെ മുടിയില്‍ തപ്പി നോക്കിയ അവള്‍ക്ക്  ഒരു തുളസിക്കതിര്‍ കിട്ടി. അവള്‍ ആ തുളസിക്കതിരുമായി തിക്കിതിരക്കി ഒരു വിധം മുമ്പിലെത്തി. ചരണം കഴിഞ്ഞ് വീണ്ടും സുന്ദരീ പാടി  നോക്കിയത് അവളുടെ മുഖത്തും കയ്യിലെ തുളസ്സിക്കതിരിലേയ്ക്കും. ആരും തന്നെ ആ കാഴ്ച കണ്ടതില്ല. ശ്രദ്ധിച്ചിട്ടില്ല.അവള്‍ ഒന്നും സംഭവിയ്ക്കാത്ത മട്ടില്‍ കുട്ടികളുടെ ഇടയിലേയ്ക്ക് മറഞ്ഞു.. ഒരു ഡാന്‍സിനു ശേഷം ആ ചേട്ടന്റെ വക  ഞാന്‍ നിന്നെ പ്രേമിയ്ക്കുന്നു മാന്‍ കിടാവേ എന്ന പാട്ടും കൂടി. അതൊരു പ്രണയാഭ്യര്‍ത്ഥനയായിരുന്നു.പാട്ടിലൂടെയുള്ള കണ്ണന്റെ പ്രണയാഭ്യര്‍ത്ഥന ആര്‍ക്കും മനസ്സിലായില്ല. പിന്നേയും രണ്ടു മൂന്ന് പാട്ടുകള്‍ കൂടി പാടിയതിനാല്‍ ആദ്യം പാടിയത് ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല.അവള്‍ ഒന്നും സംഭവിയ്ക്കാത്ത രീതിയില്‍ ഭക്ഷണം കഴിച്ച് പുറത്തു വന്നു. അപ്പോള്‍ അതാ തന്നെത്തന്നെ നോക്കിനില്ക്കുന്ന പാട്ടുകാരന്‍. അവള്‍ നിറഞ്ഞ കുസൃതിച്ചിരിയോടെ കൂട്ടുകാരുടെ ഇടയില്‍ മറഞ്ഞുനിന്നു. ഇടയ്ക്കിടയ്ക്ക് കൂട്ടുകാരുടെ ഇടയില്‍ നിന്നും എത്തിനോക്കിയപ്പോള്‍ ആ ആള്‍ കണ്ണിമയ്ക്കാതെ തന്നെ നോക്കുന്നതു കണ്ട അവള്‍ കൂട്ടുകാരിയോട് യാത്ര പറഞ്ഞ്  വീട്ടിലേയ്ക്കു പോന്നു. എന്തായാലും ആ ആള് പിറകെയൊന്നും വന്നില്ല. പേടിയുണ്ടായിരുന്നു പിറകേയെങ്ങാനും വന്നെങ്കിലോ എന്ന്. അങ്ങനെ പിറകേ വരാത്തതിനാല്‍  ഒരു ചെറിയ ബഹുമാനം തോന്നി ആ ആളോട്. രണ്ടു ദിവസ്സം കഴിഞ്ഞ് സ്‌കൂളിലേയ്ക്ക് പോകുന്ന വഴിയില്‍ നില്ക്കുന്നതു കണ്ടു. ഒന്നും ചോദിയ്ക്കുകയോ പറയുകയോ ചെയ്തില്ല. ദൂരെ നിന്നും താന്‍ നടന്നു വരുന്നതും നോക്കി ബൈക്കില്‍  ഇരിയ്ക്കുന്നു. ഒരു ചെറിയ ചിരി സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ മനസ്സിലാവൂ ചിരിയുണ്ട് മുഖത്ത് എന്നുള്ളത്.

കണ്ണ് മിഴിച്ച് ഒരു നോട്ടം നോക്കി അവള്‍ നടന്നു പോയി. ഓരോ ദിവസവും ഓരോരോ ഭാഗത്തു  കാത്തു നിന്നു. ഒന്നും ചോദിയ്ക്കുകയോ പറയുകയോ ചെയ്യാതെ. പിറകേ നടന്നു ശല്യം ചെയ്യാത്തതു കൊണ്ട് ആളോട് അവള്‍ക്കും ഇഷ്ടം തോന്നിത്തുടങ്ങി. മറ്റുള്ളവരുടെ സാമീപ്യത്തില്‍ നല്ലതുപോലെ വര്‍ത്തമാനം പറയുകയും ചെയ്തിരുന്നു. രണ്ടുപേരും അങ്ങനെ കുറേനാള്‍ കടന്നു പോയി. ഇടയ്ക്കിടെ ടീച്ചറമ്മയുടെ കൂടെ വീട്ടില്‍(കണ്ണേട്ടന്റെ അമ്മയാണ്) പോകുമ്പോള്‍ അവിടെ ആ പാട്ടുകാരനെ ചിലപ്പോള്‍ തനിച്ചു കാണാറുണ്ട്. എപ്പോഴും നിറയെ കൂട്ടുകാര്‍ കൂടെ ഉണ്ടാകും. മറ്റുള്ളവരുടെ സാമീപ്യത്തില്‍ രണ്ടു പേരും നല്ലതുപോലെ സംസാരിയ്ക്കും. എന്നാല്‍ തനിച്ചായാല്‍ രണ്ടു പേരും മൗനം. വളരെയധികം  ദിവസങ്ങള്‍ പോയ്മറഞ്ഞു. തനിച്ചാവുമ്പോള്‍ അവളോട് ഒന്നും തന്നെ അവന്‍ ചോദിച്ചില്ല .അവള്‍ പറഞ്ഞതുമില്ല.മൗനം വാചാലമായ നിമിഷങ്ങള്‍. അവള്‍ക്കും തോന്നിത്തുടങ്ങി, ആരും അറിയാതെ ഒന്നും പുറത്തു പ്രകടിപ്പിയ്ക്കാതെ അവള്‍ നടന്നു. ആരെങ്കിലും അറിഞ്ഞാല്‍ പിന്നെ അവളുടെ വീട്ടില്‍ വിവരം എത്തും. അങ്ങനെയിരിയ്‌ക്കേ  സ്‌കൂളില്‍ ക്യാമ്പ് വന്നു. ക്യാമ്പിന് അവളും ചേര്‍ന്നു. രണ്ടാമത്തെ ദിവസം വൈകുന്നേരമായപ്പോള്‍ ടീച്ചറമ്മ സ്‌കൂളില്‍  വന്നിരിയ്ക്കുന്നതു കണ്ടു അവള്‍ അന്നു രാത്രി ടീച്ചറമ്മയുടെ (കണ്ണേട്ടന്റെ) വീട്ടിലാണ് ഉറങ്ങിയത്. രാവിലെ അഞ്ചരമണിയ്ക്ക് സ്‌കൂളില്‍ എത്തിച്ചു. അന്നു വൈകുന്നേരം കണ്ണേട്ടന്റെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ണേട്ടനും അച്ഛനും  സംസാരിക്കുന്നത്  അവള്‍ കേട്ടു. കുറച്ചു ദിവസമായി കണ്ണേട്ടന്‍ വിഷമിച്ചു നടക്കുകയാണെന്ന്. എല്ലാവരും അന്വേഷിച്ചിട്ടും ഒന്നുമില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ആ കാര്യം അച്ഛനും മകനും ചര്‍ച്ച ചെയ്യുന്നതാണ് പൊന്നു കേട്ടത്. അച്ഛന്‍  നീയെന്താ ഇങ്ങനെ? അവള്‍ മിണ്ടുന്നില്ലേ, പിണങ്ങിയോ, ഉടക്കിയോ എന്നെല്ലാമായി ചോദ്യം ചെയ്യല്‍. സംസാരം കുറച്ചു കഴിഞ്ഞപ്പോള്‍ മകന്‍ അച്ഛനോട് പറയുന്നതു കേട്ട അവള്‍ ഒന്നും മിണ്ടാന്‍ സാധിയ്ക്കാതെ നിന്നു. അവള്‍ ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല അവള്‍ക്ക് എന്നെ ഇഷ്ടമാണെന്ന്. ഞാന്‍ എന്താ ചെയ്യേണ്ടത് എന്ന സംശയത്തിലാണ്. 

ഇതിന് അച്ഛന്‍ മറുപടി പറയുന്നതും കേട്ടു 'അവളുടെ കണ്ണില്‍ നിറയെ നിന്നോടുള്ള  പ്രണയം ആണ്, ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചില്ലേ, അതു പോലും മനസ്സിലാക്കാന്‍ കഴിയാത്ത നീ അവളെ സ്‌നേഹിയ്ക്കുന്നു എന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. ഇതു കേട്ട കണ്ണേട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു. അവളുടെ കണ്ണിലും മനസ്സിലും നിറയെ ഞാന്‍ ആണെന്ന് എനിയ്ക്കറിയാം. പക്ഷേ അതു കേള്‍ക്കുവാന്‍ സാധിയ്ക്കില്ലല്ലോ? എനിയ്ക്കതു കേള്‍ക്കണം, അവള്‍ എന്നോട് പറയണം. അതിന് അച്ഛന്റെ മറുപടി കേട്ട അവള്‍ ഞെട്ടിപ്പോയി. വെറുതെ പിരികേറ്റി അവളെക്കൊണ്ട് വിളിച്ചുകൂവിയ്ക്കരുത്.  നീ ഇങ്ങനെ അവള്‍ പറഞ്ഞു കേള്‍ക്കണമെന്നു വാശി കാണിച്ചാല്‍ അവള്‍ മറൈന്‍ ഡ്രൈവില്‍ നിന്നേയും കൂട്ടിപോയി കായലിനെ സാക്ഷിയാക്കി ഉറക്കെ വിളിച്ചു പറയും. അത് വേണോ? എന്നാലും എന്നു പറഞ്ഞു നിറുത്തി. പിറ്റേ ദിവസം അവള്‍ ക്യാമ്പില്‍ നിന്നും വന്നത് ആലിലകളും ചെന്താമരപ്പൂവും കൊണ്ടാണ്. ഇത് ആരും കണ്ടതുമില്ല അറിഞ്ഞതുമില്ല. അന്നു രാത്രി കണ്ണേട്ടന്റെ അമ്മ, അച്ഛന്‍, മുത്തച്ഛന്‍, മുത്തശ്ശി, അച്ഛമ്മ, അച്ഛച്ഛന്‍, രണ്ട് ചെറിയമ്മാവന്മാര്‍, ചെറിയച്ഛന്‍, കുടുംബ സുഹൃത്തായ ഫെറി അങ്കിള്‍, മാഗി ആന്റി,അവരുടെ മക്കള്‍ (അവര്‍ എന്റെ അഞ്ചു  മുതല്‍ ഏഴു വരെ കൂടെ പഠിച്ചവരാണ് ') പിന്നെ കണ്ണേട്ടന്റെ കുറേ കൂട്ടുകാര്‍ ഇത്രയും ആളുകള്‍ ഒന്നിച്ചിരുന്ന് ഓരോ കാര്യങ്ങളും തമാശയും പറഞ്ഞിരിയ്‌ക്കേ ഞാന്‍  'എനിയ്‌ക്കൊരു ഗൗരവമുള്ള കാര്യം പറയുവാനുണ്ടെന്നു പറഞ്ഞു. അച്ഛന്‍ ഒഴികെ എല്ലാവരും ക്യാമ്പിലെ കാര്യമായിരിക്കുമെന്നാണ് കരുതിയത്. ഞാന്‍ എഴുന്നേറ്റ് 'കണ്ണേട്ടന്റെ മുന്‍പില്‍ (ആള് കസേരയിലിരിയ്ക്കുകയാണ് ) താഴെ മുട്ടുകുത്തി നിന്ന് ആ കണ്ണിലേക്കു നോക്കി  ഇങ്ങനെ പറഞ്ഞു. 'കണ്ണേട്ടനെ എന്നു പറഞ്ഞപ്പോഴേയ്ക്കും  ചെറിയച്ഛന്‍ പറഞ്ഞു 'അവരെ തനിച്ചു വിട്' ഉടനെ ഞാന്‍എനിയ്ക്കു എല്ലാവരും കേള്‍ക്കെയാണ് പറയുവാനുള്ളത് ' എന്നു പറഞ്ഞു. 

ഇതു കേട്ട ഉടന്‍ ഞങ്ങളുടെ സുഹൃത്ത് തോമാച്ചന്‍ ടേപ്പ് റെക്കോര്‍ഡര്‍  എടുത്തു കൊണ്ടുവന്ന് റെക്കോര്‍ഡ് ചെയ്യാന്‍ തയ്യാറായി നിന്ന് എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പറയൂ പൊന്നു, കണ്ണേട്ടന്റെ കണ്ണില്‍ നോക്കി ഇങ്ങനെ പറഞ്ഞു 'ഉമ -മഹേശ്വരനെ, രാധ -മാധവനെ, രതിദേവി-കാമ ദേവനെ, മലര്‍-കരിവണ്ടിനെ പ്രണയിച്ചതിനേക്കാളെറെ കണ്ണേട്ടനെ ഞാന്‍ പ്രണയിക്കുന്നു. എന്തിനെന്ന് അറിയില്ലഎല്ലാവരും കരഞ്ഞു. കണ്ണേട്ടന്‍ എന്നെ ചേര്‍ത്തു പിടിച്ചു. അച്ഛനും ഫെറി അങ്കിളും അവരെ തനിച്ചുവിടു എന്ന് പറഞ്ഞു. പ്രണയം തുറന്നു പറഞ്ഞ വാചകം ആലിലയില്‍ എഴുതി, താമരയിതള്‍ വിടര്‍ത്തി അതില്‍ ഒരോന്നിലും കണ്ണന്‍ പൊന്നു എന്ന് എഴുതി താമരപ്പുവിനു ചുറ്റും ആലിലയും ചേര്‍ത്ത് ബൊക്കയാക്കി പ്രണയം പറഞ്ഞ സമയം കണ്ണേട്ടന്റെ കയ്യില്‍ കൊടുത്തു. കണ്ണേന്‍ മരിച്ചപ്പോള്‍ ആ താമരപ്പൂവും ആലിലയും കൂടിയാണ് കണ്ണേട്ടന്റെ കൂട്ടുകാര്‍ കണ്ണേട്ടനെ.... (അപ്പോഴേയ്ക്കും അതൊക്കെ കരിഞ്ഞ് ഉണങ്ങിരുന്നു) കണ്ണേട്ടന്‍ തന്ന ഒന്നു-രണ്ട് സമ്മാനങ്ങള്‍ ഇന്നും എന്റെ കൈലുണ്ട്. നിധിപോെല ഞാന്‍ അത് സൂക്ഷിക്കുന്നു. 

എഴുതിയത്: അനില കൃഷ്ണന്‍, ആലുവ

Content Highlights:valentines day breakup stories