നോക്കി നില്‍ക്കെ പെയ്തുതീര്‍ന്ന മഴയുടെ ഈറനില്‍ ഇന്നും എനിക്ക് തണുക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ജ്വരം ബാധിച്ചു കണ്ണുകള്‍ കനത്തു വിങ്ങുന്നുമുണ്ട്. എന്റെ പ്രണയനൊമ്പരത്തിന് നീണ്ട ഇരുപത്താറു വര്‍ഷത്തെ ഓര്‍മപ്പെടുത്തലുകള്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ അവരുടെ വീടിന്നടുത്തേയ്ക്ക് താമസം മാറിയത്. ഒരു പതിനാലുകാരിയുടെ ദിവാസ്വപ്നങ്ങളിലേയ്ക്ക് സ്‌നേഹം എത്രപെട്ടെന്നാണ് പടര്‍ന്നു കയറിയത്. പ്രണയം നോട്ടത്തിലൂടെയും തുടര്‍ന്ന് കത്തുകളിലൂടെയും പങ്കിട്ടെടുത്ത ദിനങ്ങള്‍. എന്തിനാണിങ്ങനെ നോക്കുന്നത് എന്ന ചോദ്യത്തിന് എന്തിനാണറിയില്ലേ എന്ന ഒരു കുഞ്ഞുമറുപടിയില്‍ ഭക്ഷണപാത്രം മടിയില്‍ വെച്ച് ഉണ്ണാന്‍ മറന്നു പോയ ഒരുപെണ്‍കുട്ടിയെ എനിക്ക് ഓര്‍മയുണ്ട്. അവള്‍ ഒരു മിണ്ടാപെണ്ണായിരുന്നു. കോണ്‍വെന്റ് സ്‌കൂളിന്റെ അച്ചടക്കത്തില്‍ വളര്‍ന്ന പെണ്‍കുട്ടി. അയല്‍പക്കമായിരുന്ന അവനോട് അവള്‍ എത്ര മിണ്ടിക്കാണും, വിരലിലെണ്ണാവുന്ന വാക്കുകള്‍. 

പറയാനുള്ളതെല്ലാം ഞങ്ങള്‍ എഴുതിതീര്‍ത്തു. വരികളില്‍ സ്‌നേഹം നിറഞ്ഞുപെയ്തു. ഒരു പേജില്‍ നിന്നും നാലു പേജുവരെ എഴുതിയിട്ടും തീരാത്ത വിശേഷങ്ങള്‍.വാക്കുകളിലെ മായാജാലങ്ങള്‍. പക്ഷേ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ പ്രണയം വീട്ടുകാരറിഞ്ഞു. പിന്നീട് എല്ലാ ദുരന്തപ്രണയത്തിലെ നായികയേയും പോലെ നാടുകടത്തല്‍, ഹോസ്റ്റലിലാക്കല്‍ തുടങ്ങിയ പ്രയോഗങ്ങളും ശാരീരിക പീഡനവും. നാടുകടത്തപ്പെട്ട ഞാന്‍ പ്രീഡിഗ്രിയും ഡിഗ്രിയും ചെയ്തത് അമ്മ വീട്ടില്‍ വെച്ചായിരുന്നു. ഒന്നു കാണാന്‍ പോലും അവസരമില്ല. എന്നിട്ടും പരസ്പരം കണ്ടിരുന്നില്ലയെങ്കിലും ഞങ്ങള്‍ സ്‌നേഹിച്ചു. ഞാന്‍ പഠിക്കുന്ന കോളേജ് രഹസ്യമായറിഞ്ഞ അവന്‍ കുറെ നാളുകള്‍ക്കു ശേഷം എന്നെ കാണാന്‍ അവിടെയെത്തി. പക്ഷേ അതു പിടിക്കപ്പെട്ടു. ഞങ്ങളുടെ മനസ്സുകളെ കുടുംബസ്‌നേഹത്തിന്റെ തുലാസിലിട്ട് എന്റെ വീട്ടുകാര്‍വിലപേശി. അങ്ങനെ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം എഴുതിയ ഒരു കത്ത് അവന്റെ കൈയ്യില്‍ ലഭിച്ചതോടെ നിഷ്‌കളങ്കമായ ആ സ്‌നേഹത്തിന് തിരശ്ശീല വീണു.

എന്നെ മറക്കണമെന്നും ഇനി കാണാന്‍ വരരുതെന്നും എഴുതുമ്പോള്‍ എന്റെ കൈകള്‍ വിറച്ചിരുന്നു. കണ്ണീരില്‍ കുതിര്‍ന്ന ആ കത്ത് വീട്ടുകാര്‍ തന്നെയാണ് അയച്ചത്. അവന്‍ തകര്‍ന്നു കാണുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ വിളിക്കാന്‍ ഒരു നമ്പറോ എഴുതാന്‍ ഒരു അഡ്രസോ എനിക്കുണ്ടായില്ല. ആകെ ഉണ്ടായത് പ്രതീക്ഷ മാത്രം. എന്നെങ്കിലും അവന്‍ എന്നെ അന്വേഷിച്ചു വരുമെന്ന് മാത്രം കരുതി ഞാന്‍ കാത്തിരുന്നു. എന്നാല്‍ നഷ്ടപ്രണയത്തിന്റെ ഭ്രാന്തില്‍ അവന്‍ ആദ്യമെത്തിയത് ബോംബെയിലാണ്. പിന്നീട് അമേരിക്കയിലേയ്ക്ക് കുടിയേറിയ മലയാളികളുടെ കൂട്ടത്തില്‍ അവനും. അവനെ പ്രതീക്ഷിച്ചു കാത്തിരിക്കാനുള്ള എന്റെ തീരുമാനത്തിനേറ്റ വെള്ളിടിയായിരുന്നു അത്. ഇനിയൊരിക്കലും അവന്‍ തിരച്ചുവരില്ല എന്ന ബോധ്യത്തില്‍ വീട്ടുകാരുടെ കടുത്ത നിര്‍ബന്ധപ്രകാരം ഞാന്‍ മറ്റൊരാളുടെ ഭാര്യയായി. പക്ഷേ പതിനാലുവയസ്സിലെ കൗമാരപ്രണയത്തെക്കുറിച്ചറിഞ്ഞ അയാള്‍ സംശയത്തിന്റെ എരിതീയിലേയ്ക്ക് എന്നെ എടുത്തെറിഞ്ഞപ്പോള്‍ കഥയുടെ രണ്ടാം ഭാഗം അവിടെ തുടങ്ങി...

അവനെ മറക്കാനോ അയാളെ സ്‌നേഹിക്കാനോ ഒരവസരം പോലും അയാളെനിക്ക് തന്നില്ല. പത്തു വര്‍ഷത്തെ ദാമ്പത്യത്തിന്റെ കറുത്ത ചായങ്ങള്‍ ഞാന്‍ മായ്ച്ചു കളയാന്‍ തീരുമാനിച്ചപ്പോള്‍ എനിക്ക് പ്രായം മുപ്പത്തിനാല്. കൂടെ ഒരാണ്‍കുഞ്ഞും. ഇന്ന് ഞാന്‍വിവാഹമോചിത. അവന്‍ കുടുംബസമേതം അന്യദേശത്തും. എന്നിട്ടും സത്യമായും അവനെയൊന്നു കാണാന്‍ വിരല്‍തുമ്പിലെങ്കിലും ഒന്നു തൊടാന്‍ കൊതിയോടെ ആഗ്രഹിക്കുന്നു. ശരിതെറ്റുകളുടെ ലോകം ഈ കാത്തിരിപ്പിനെ ഈ ചിന്തകളെ എന്താവും വിശേഷിപ്പിക്കുക. ഇനിയും കാത്തിരിക്കേണ്ടി വരുന്ന ഈ ഭ്രാന്തിനെ പൊറുത്തു തരാന്‍ കഴിയുമോ.
അറിയില്ലെനിക്ക്. എന്റെ മകന് അമ്മയുടെ സഹനത്തിന്റെ തീവ്രതയറിയാം. ഇന്നത്തെ അവന്റെ പ്രായത്തില്‍ അവന്റെ അമ്മ അനുഭവിച്ച സങ്കടമറിയാം..അവനും കാത്തിരിക്കുന്നു എനിക്കൊപ്പം.
ഒന്നുകാണാന്‍.് വരാതിരിക്കാന്‍ കഴിയുമോ?

എഴുതിയത്: സില്‍ജ മോഹനം 

Content Highlights: valentines day breakup stories