പാട്ടു കേട്ടാണ് ഞെട്ടിയുണര്‍ന്നത്. ഹോട്ടല്‍ മുറിയിലെ ഏകാന്ത മൂകതയിലേക്ക് ആര്‍ദ്രമായ ഒരു പ്രണയഗാനം ഒഴുകിവരുന്നു; ഭകൊഹ്‌രാ' എന്ന ചിത്രത്തില്‍ ഹേമന്ത് കുമാര്‍ മുഖര്‍ജി ഈണമിട്ട് പാടി അനശ്വരമാക്കിയ പാട്ട്: ''യേ നയന്‍ ഡരേ ഡരേ യേ ജാന്‍ ഭരേ ഭരേ, സരാ പീനേ ദോ...''
ആദ്യം തോന്നിയത് ഈര്‍ഷ്യയാണ്. സുഖകരമായ ഉറക്കം ഇടക്കുവെച്ചു മുറിഞ്ഞുപോയതിലുള്ള ദേഷ്യം. പാതിരയ്ക്ക് പൊടുന്നനെ എവിടുന്നാണീ ഗാനപ്രവാഹം? തൊട്ടപ്പുറത്തെ മുറിയില്‍ നിന്നാവണം. അഗാധഗാംഭീര്യമാര്‍ന്ന ശബ്ദവും ഭാവദീപ്തമായ ആലാപനവും. കൊല്‍ക്കത്ത ലെയ്ക്ക് മാര്‍ക്കറ്റിനടുത്തുള്ള കോമളവിലാസ് എന്ന പുരാതന ഹോട്ടലിലെ പഴമയുടെ ഗന്ധമുള്ള മുറികളിലൊന്നില്‍ ഉറക്കച്ചടവോടെ ആ നിശാഗാനമേള കേട്ടു കിടക്കേ, അറിയാതെ കോപം കൗതുകത്തിന് വഴിമാറുന്നു. ഹേമന്ത് കുമാറിന്റെ പാട്ടുകള്‍ മാത്രമേ പാടുന്നുള്ളൂ അജ്ഞാതഗായകന്‍. അതും എനിക്കേറെ പ്രിയപ്പെട്ട പാട്ടുകള്‍. കേട്ടാലും കേട്ടാലും മതിവരാത്തവ: ന തും ഹമേ ജാനോ, തും പുകാര്‍ ലോ, നയന്‍ സോ നയന്‍, യാദ് കിയാ ദില്‍ നേ കഹാം ഹോ തും, യേ രാത് യേ ചാന്ദ്‌നി ഫിര്‍ കഹാം, ജാനേ വോ കൈസേ... ഓരോ ഗാനവും ഓരോ അപൂര്‍വ്വസുന്ദര ശില്‍പ്പം. പാടുന്നതാരായാലും ഒരിക്കലും നിലയ്ക്കാതിരിക്കട്ടെ ഈ മെഹ്ഫില്‍.
ഹിന്ദിയും ബംഗാളിയും മാറിമാറി വന്നു നിറയുന്നു പാട്ടുകളില്‍. ഇടയ്ക്കിടെ കുപ്പിവള വീണു ചിതറും പോലെ ഒരു പെണ്‍ചിരി. അപ്പോള്‍, ഗായകന്‍ ഒറ്റയ്ക്കല്ല. കേള്‍ക്കാന്‍ ഒരു കൂട്ടുകാരി കൂടിയുണ്ട്. അവള്‍ക്കു വേണ്ടി പാടുകയാവണം അയാള്‍; ശബ്ദത്തില്‍ പ്രണയം നിറച്ച്. രസം തോന്നി. കാമുകീ കാമുകന്മാരാകുമോ? അതോ ഭാര്യാഭര്‍ത്താക്കന്മാരോ? ആരുമാകട്ടെ. ഒരു കാര്യത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ സംശയം. എന്തുകൊണ്ട് ഹേമന്ത് കുമാറിന്റെ പാട്ടുകള്‍ മാത്രം പാടുന്നു ഈ മനുഷ്യന്‍? കൗമാര യൗവന കാലത്തിന്റെ ഓര്‍മ്മകള്‍ മുഴുവന്‍ പീലിവിടര്‍ത്തി നില്‍ക്കുന്ന ആ പാട്ടുകളില്‍ സ്വയം നഷ്ടപ്പെട്ടു കിടക്കേ ഉറങ്ങിപ്പോയത് അറിഞ്ഞില്ല. ഉറക്കത്തില്‍ പോലും ഹേമന്തിന്റെ ശബ്ദത്തിനൊപ്പം അലഞ്ഞുനടക്കുകയായിരുന്നില്ലേ ഉപബോധമനസ്സ്?
പിറ്റേന്ന് കാലത്ത് എഴുന്നേറ്റയുടന്‍ ആദ്യം ചെയ്തത് വാതില്‍ തുറന്നു ചുറ്റും നോക്കുകയാണ്. അയല്‍ മുറികളെല്ലാം പൂട്ടിക്കിടക്കുന്നു. കൊളോണിയല്‍ യുഗത്തിന്റെ അവശിഷ്ടം പോലെ നീണ്ടുനിവര്‍ന്നു കിടക്കുന്ന വരാന്ത പോലും ശൂന്യം. അപ്പോള്‍ പിന്നെ തലേന്ന് രാത്രി കേട്ട പാട്ടുകളോ? ഇനി അതെല്ലാം കിനാവ് മാത്രമായിരുന്നു എന്ന് വരുമോ? അല്ലെന്നറിഞ്ഞത് പത്തു മണിക്ക് പ്രാതലുമായി മുറിയില്‍ വന്ന ഹോട്ടല്‍ ബോയ് പറഞ്ഞാണ്. ഇതൊരു പുതിയ കാര്യമല്ല സര്‍. അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തന്നെ. പക്ഷേ സര്‍ കരുതും പോലെ ചെറുപ്പക്കാരല്ല. അയാള്‍ക്ക് എഴുപത്‌വയസ്സെങ്കിലും വരും. അവര്‍ക്കും നല്ല പ്രായമുണ്ട്. പക്ഷേ സുന്ദരിയാണ്. എല്ലാ കൊല്ലവും ഈ സമയത്ത് രണ്ടുപേരും ഇവിടെ വന്നു മുറിയെടുക്കും. രണ്ടു ദിവസം താമസിച്ച് മടങ്ങും. മൂന്നുനാലു കൊല്ലമായി ഞാനിത് കാണുന്നു....'' കണ്ണിറുക്കി അര്‍ത്ഥം വെച്ച് ചിരിക്കുന്നു ബംഗാളിപ്പയ്യന്‍. പിന്നെ ദീര്‍ഘനിശ്വാസത്തോടെ ഇത്ര കൂടി: അവര്‍ ആഘോഷിക്കട്ടെ സര്‍. നമുക്കോ പറ്റുന്നില്ല. അവരെങ്കിലും സുഖിക്കട്ടെ...സാറിന് പരാതിയുണ്ടെങ്കില്‍ ഞാന്‍ റിസപ്ഷനില്‍ പറയാം.'' പൊടുന്നനെ ഞാന്‍ പറഞ്ഞു: എന്ത് പരാതി? എനിക്കൊരു പരാതിയുമില്ല. വെറുതെ ചോദിച്ചെന്നേയുള്ളൂ..''
അന്ന് രാത്രി കൊല്‍ക്കത്ത നഗരാതിര്‍ത്തിയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍ ജെ സി ടി മില്‍സ് മത്സരമാണ്. ദേശീയ ലീഗ് ഫുട്‌ബോളിലെ നിര്‍ണായക പോരാട്ടം. ജോലിയെടുക്കുന്ന പത്രത്തിന്റെ കൊച്ചി ഓഫീസിലേക്ക് മാച്ച് റിപ്പോര്‍ട്ട് ഫാക്‌സ് ചെയ്ത ശേഷം ഹോട്ടലില്‍ തിരിച്ചെത്തുമ്പോള്‍ രാത്രി പത്തു മണി. ഞരങ്ങുകയും മൂളുകയും ചെയ്യുന്ന ഗോവണിപ്പടികള്‍ ഓടിക്കയറി മുകളിലെത്തിയപ്പോള്‍ വരാന്തയുടെ അറ്റത്ത് ഒരാള്‍ നില്‍ക്കുന്നു. ഒരു കൈയില്‍ മദ്യചഷകം. മറ്റേ കൈയില്‍ പുകയുന്ന സിഗരറ്റ്. ചുണ്ടില്‍ ഹേമന്ത് കുമാറിന്റെ പാട്ട്. ഇന്നലെ കേട്ട അതേ ശബ്ദം. അതേ ഭാവഗാംഭീര്യം. തൂണില്‍ ചാരിനിന്ന് മുന്നിലെ കട്ടപിടിച്ച ഇരുട്ടിലേക്ക് നോക്കി മൂളുകയാണ് അയാള്‍: ''ചുപ് ഹേ ധര്‍ത്തീ ചുപ് ഹേ ചാന്ദ് സിതാരെ... ''
അപ്പോള്‍ ഇയാളാണ് അയാള്‍. പഴയ ഋഷികേശ് മുഖര്‍ജി ചിത്രങ്ങളില്‍ അമിതാഭ് ബച്ചന്‍ ധരിച്ചു കണ്ടിട്ടുള്ള തൂവെള്ള പൈജാമയും കുര്‍ത്തയും വേഷം. നര കയറിയ നീണ്ട മുടി. സ്വര്‍ണനിറ ഫ്രെയിമുള്ള കണ്ണട. മധ്യവയസ്സ് എന്നേ പിന്നിട്ടെങ്കിലും കാഴ്ച്ചയില്‍ സുന്ദരന്‍. മുറിയിലേക്ക് നടന്നുപോകവേ അയാള്‍ പാടിക്കൊണ്ടിരുന്ന പാട്ടിന്റെ അടുത്ത വരികള്‍ ബോധപൂര്‍വം മൂളി ഞാന്‍, തെല്ലുറക്കെ:ഖോയെ ഖോയെ സേ യേ മസ്ത് നസാരേ, ഠഹരേ ഠഹരേ സേ യേ രംഗ് കേ ധാരേ..'' കയ്യിലെ മധുപാത്രത്തില്‍ നിന്ന് ഒരു കവിളെടുത്ത ശേഷം പൊടുന്നനെ തിരിഞ്ഞു നോക്കുന്നു അയാള്‍; തെല്ലൊരു അത്ഭുതത്തോടെ...ഒരു ഹേമന്ത് ഭ്രാന്തന്‍ മറ്റൊരു ഭ്രാന്തനെ തിരിച്ചറിഞ്ഞ നിമിഷം. അരേ ബാബ, ഡു യു ലൈക് ഹേമന്ത്ദാ?''മുഖവുരയൊന്നും കൂടാതെ അയാളുടെ ചോദ്യം.യാ.. ഹി ഈസ് റൈറ്റ് ഹിയര്‍..''നെഞ്ചിലേക്ക് വിരല്‍ ചൂണ്ടി എന്റെ മറുപടി. ഹൃദയത്തിന്റെ ഉള്ളറയിലല്ലാതെ മറ്റെവിടെ സൂക്ഷിക്കും ഹേമന്തിനെ?
അതായിരുന്നു തുടക്കം. നിമിഷങ്ങള്‍ക്കകം ചിരകാല'' സുഹൃത്തുക്കളായി മാറി ഞങ്ങള്‍. ഹേമന്തസംഗീതത്തിന്റെ പട്ടുനൂലില്‍ കോര്‍ത്ത ഗാഢ സൗഹൃദം. ഇന്ദ്രനീല്‍ അതാണയാളുടെ പേര്. കോളേജ് പ്രൊഫസറായി വിരമിച്ച ശേഷം ഗംഗാനദീ തീരത്തെ മൂര്‍ഷിദാബാദില്‍ താമസിക്കുന്നു. അത്യാവശ്യം സാഹിത്യ രചനയുമുണ്ട്. ചെറുപ്പത്തിലേ നന്നായി പാടിയിരുന്നു. ഞാന്‍ ഈ പാട്ടുകള്‍ പാടുമ്പോള്‍ ആളുകള്‍ പറയും ഹേമന്ത്ദായുടെ ശബ്ദവുമായി സാമ്യം തോന്നുന്നു എന്ന്. പിന്നെപ്പിന്നെ ഈ പാട്ടുകളെ കൂടാതെ എനിക്കൊരു ജീവിതം ഇല്ലെന്ന നിലവന്നു. എന്തൊരു ഫീല്‍ ആണ് അദ്ദേഹത്തിന്റെ ശബ്ദത്തില്‍.. അമിതമായ വികാരപ്രകടനമില്ല. വളരെ ഒതുക്കത്തോടെ ആണ് പാടുക. എന്തൊക്കെയോ ഉള്ളില്‍ അടക്കിപ്പിടിച്ച പോലെ. ആര്‍ക്കും അദ്ദേഹത്തിന്റെ ആലാപനത്തിലെ ആത്മാംശം അനുകരിക്കാന്‍ പറ്റില്ല. ഞാനൊക്കെ ശ്രമിക്കുന്നു, അത്ര മാത്രം.''അവസാന പുകയെടുത്ത് സിഗരറ്റുകുറ്റി താഴെ റോഡരികിലെ ഓടയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ഇന്ദ്രനീല്‍ ഇത്രയും കൂടി പറഞ്ഞു: ഇനിയെനിക്ക് ഒരാഗ്രഹമേ ഉള്ളൂ. ഹേമന്ത്ദായുടെ ഒരു പാട്ട് പാടിക്കൊണ്ട് മരിക്കണം. അവസാന ശ്വാസത്തിലും കലരണം ആ പാട്ട്..''അത്ഭുതം തോന്നിയില്ല എനിക്ക്. മുന്‍പും കേട്ടിട്ടുണ്ടല്ലോ പാട്ടുപ്രേമികളുടെ അത്തരം കിറുക്കന്‍ ആഗ്രഹങ്ങള്‍.
പാതി ചാരിയ വാതിലിനപ്പുറത്തേക്ക് കണ്ണുകള്‍ അറിയാതെ നീണ്ടു ചെല്ലുന്നു. ഇന്നലെ കേട്ട പെണ്‍ശബ്ദത്തിന്റെ ഉടമ ഇപ്പോള്‍ എന്ത് ചെയ്യുകയാവണം? ഭര്‍ത്താവിന്റെ പാതിരാ ഗാനമേള ആസ്വദിക്കാന്‍ തയ്യാറെടുക്കുകയായിരിക്കുമോ? സുന്ദരിയായിരിക്കുമോ അവര്‍? ഉള്ളിലെ പത്രലേഖകന്റെ ആകാംക്ഷ അടങ്ങുന്നില്ല. ഒട്ടും അസ്വാഭാവികത തോന്നാന്‍ ഇട നല്‍കാതെ ചോദിച്ചു: സാറിന്റെ ഭാര്യ ഉറങ്ങിയിരിക്കും അല്ലേ?'' ഒന്നും മിണ്ടാതെ കുറച്ചുനേരം പകച്ചുനിന്നു ഇന്ദ്രനീല്‍. എന്നിട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു. ഇടയ്ക്ക് ചുമച്ചിട്ടും കണ്ണുകള്‍ നിറഞ്ഞിട്ടും നിര്‍ത്താതെ ചിരിച്ചുകൊണ്ടിരുന്നു അയാള്‍. ചിരിക്കൊടുവില്‍ സ്‌നേഹപൂര്‍വ്വം എന്റെ ചുമലില്‍ തൊട്ട് അയാള്‍ പറഞ്ഞു: 'ഭാര്യയോ? ആറു വര്‍ഷമായി അവള്‍ വിട്ടുപിരിഞ്ഞിട്ട്. കാന്‍സര്‍ ആയിരുന്നു..'' ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരമായിരുന്നതു കൊണ്ട് കുറച്ചുനേരം നിശബ്ദനായി നിന്നു ഞാന്‍. പിന്നെ സോറി'' പറഞ്ഞു. ''സ്വന്തം ഭാര്യയുടെ മരണത്തെ കുറിച്ച് പറയുമ്പോള്‍ എന്താണിത്ര ചിരിക്കാന്‍ എന്നോര്‍ക്കുന്നുണ്ടാകും. അല്ലേ? അതവള്‍ക്ക് ഞാന്‍ കൊടുത്ത വാക്കാണ്. ചിരിയോടെ മാത്രമേ അവളെ കുറിച്ച് ഓര്‍ക്കാവൂ എന്നാണ് നിബന്ധന. ഇതാ ആ നിമിഷം വരെ ഞാനത് പാലിച്ചിട്ടേയുള്ളൂ..''ഇന്ദ്രനീലിന്റെ ശബ്ദം തെല്ലൊന്ന് ഇടറിയോ?
വരൂ, നമുക്ക് ഇരുന്നു സംസാരിക്കാം..'' സ്വന്തം മുറിയിലേക്ക് എന്നെ ഭവ്യതയോടെ ക്ഷണിക്കുന്നു അദ്ദേഹം.ഇപ്പോള്‍ നിങ്ങളുടെ മനസ്സിലുള്ള ചോദ്യം എന്തായിരിക്കുമെന്ന് നിങ്ങള്‍ പറയാതെ തന്നെ എനിക്കറിയാം. ഇന്നലെ രാത്രി കേട്ട ആ ശബ്ദം ആരുടേതാണ് എന്നല്ലേ?''കട്ടിലില്‍ ചാരിയിരുന്ന് തലയിണ എടുത്ത് മടിയില്‍ വെച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. സത്യമായിരുന്നു. എനിക്കെന്നല്ല, ആര്‍ക്കും തോന്നാവുന്ന സംശയം.നിങ്ങളുടെ ഊഹം ശരിയാണ്. അവള്‍ എന്റെ കാമുകിയാണ് അവന്തിക. ഷി ഈസ് മൈ നോട്ടി ലിറ്റില്‍ സ്വീറ്റ് ഹാര്‍ട്ട്. ഞാന്‍ അവളെ വിളിക്കുന്നതെന്തെന്ന് അറിയുമോ? രാധ. ഹേമന്ത് ദായുടെ സ്വന്തം സിനിമ ബീസ് സാല്‍ ബാദിലെ വഹീദാ റഹ്മാന്‍ കഥാപാത്രത്തിന്റെ പേര്. തമ്മില്‍ കണ്ടു സ്‌നേഹിച്ചു തുടങ്ങുമ്പോഴേ വിളിച്ചു തുടങ്ങിയതാണ്. ഇപ്പോഴും എനിക്കവള്‍ രാധ തന്നെ. അവള്‍ക്ക് ഞാന്‍ നീലും.'' ആറോ ഏഴോ പെഗ് അകത്താക്കിക്കഴിഞ്ഞിരുന്നതു കൊണ്ട് ശബ്ദത്തിന് അല്‍പ്പം ഇഴച്ചില്‍ ബാധിച്ചിരുന്നെങ്കിലും ഇന്ദ്രനീല്‍ സംസാരിക്കുന്നത് ഹൃദയത്തില്‍ നിന്നാണെന്ന് തോന്നി എനിക്ക്. കണ്ണുകള്‍ കളവ് പറയില്ലല്ലോ.
ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന് ഉറപ്പുള്ളതിനാലാകണം, കട്ടിലില്‍ ചാഞ്ഞിരുന്ന് സ്വന്തം ജീവിതകഥ പറഞ്ഞു ഇന്ദ്രനീല്‍. സിനിമ പോലെ രസകരമായ കഥ. ഞങ്ങള്‍ ഒരേ കോളേജില്‍ പഠിച്ചതാണ്. ഞാനും രാധയും. എന്നെക്കാള്‍ മൂന്ന് വര്‍ഷം ജൂനിയര്‍ ആയിരുന്നു അവള്‍. ഒരിക്കല്‍ കാന്റീനില്‍ ഇരുന്ന് കൂട്ടുകാര്‍ക്കു വേണ്ടി ഹേമന്തിന്റെ പാട്ടുകള്‍ പാടിക്കൊണ്ടിരിക്കേ എന്നെ കാണാന്‍ വന്നു അവള്‍. ഇപ്പോഴും ഓര്‍മ്മയുണ്ട് ആ രൂപം. വലിയൊരു പൊട്ട്. കുഞ്ഞു നേപ്പാളിക്കണ്ണുകള്‍ മാലാ സിന്‍ഹയെ പോലെ. രണ്ടു കൈയിലും കളിമണ്‍ വളകള്‍. എന്നെപ്പോലെ ഹേമന്ത് കുമാറിന്റെ ആരാധികയാണ് അവളും. വെറുതെ കണ്ടു പരിചയപ്പെടാനാണ് അവള്‍ വന്നത്. എങ്കിലും അന്ന് യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഇത്തിരിപ്പോന്ന ആ കണ്ണുകളിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു. ഇത് അപകടമാണല്ലോ എന്ന് മനസ്സിലോര്‍ത്തു. അതായിരുന്നു തുടക്കം. പിന്നീട് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയുടെ ഒരു ചടങ്ങില്‍ വെച്ച് ഹേമന്ത് കുമാറിനെ ആദ്യമായി നേരില്‍ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്, അങ്ങാണ് എന്നെ കാമുകനാക്കി മാറ്റിയത് എന്ന്..'' ഇന്ദ്രനീല്‍ ചിരിച്ചു.
പരിചയം മെല്ലെ പ്രണയമായി വളരുന്നു. അതൊരു സാധാരണ പൈങ്കിളി പ്രണയമായിരുന്നില്ല. നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഇടതുപക്ഷ മനസ്ഥിതിയുള്ള രണ്ടു പേര്‍ തമ്മിലുള്ള ഗൗരവമാര്‍ന്ന പ്രണയം. ''ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലമായിരുന്നു അത്. സിനിമയിലെ നായികാനായകന്മാരെ പോലെ എല്ലാം പരസ്പരം പങ്കുവെച്ചു മദിച്ചു നടന്നു ഞങ്ങള്‍. സാമ്പത്തികമായി അത്ര നല്ല നിലയിലല്ല അന്ന് എന്റെ കുടുംബം. പേരിനൊരു ജോലി പോലുമില്ല. അവളുടെ കുടുംബമാകട്ടെ, വലിയ തറവാടികള്‍.പണക്കാരും. അച്ഛന്‍ കവിയും സ്വാതന്ത്ര്യ സമര സേനാനിയുമൊക്കെ ആയിരുന്നു. പക്ഷേ മകളുടെ വിവാഹക്കാര്യം വന്നപ്പോള്‍ ആള്‍ കര്‍ക്കശക്കാരനായി. നല്ലൊരു ആലോചന ഒത്തുവന്നതും അദ്ദേഹം മകളെ കെട്ടിച്ചുവിട്ടു.കരഞ്ഞുകൊണ്ട് അവളെന്നെ അവസാനമായി കാണാന്‍ വന്നത് ഓര്‍മ്മയുണ്ട്. വിവാഹം കഴിക്കാം എന്ന് ഉറപ്പുകൊടുത്തിരുന്നെങ്കില്‍ ക്ഷമയോടെ എത്രകാലം വേണമെങ്കിലും എന്നെ കാത്തിരുന്നേനെ അവള്‍. പക്ഷേ ആ ഉറപ്പ് കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍. അതിനുള്ള ധൈര്യവും ഉണ്ടായില്ല. ഇന്നോര്‍ക്കുമ്പോള്‍ എന്നെക്കുറിച്ചു തന്നെ ലജ്ജ തോന്നും..''
അവന്തിക എന്ന രാധ താമസിയാതെ പ്രശസ്തനായ ഒരു ന്യൂറോ സര്‍ജന്റെ ഭാര്യയായി; മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദ്രനീല്‍ ഒരു സ്‌കൂള്‍ അധ്യാപികയുടെ ഭര്‍ത്താവും. ഗോഹട്ടി മെഡിക്കല്‍ കോളേജിലായിരുന്നു രാധയുടെ ഭര്‍ത്താവിന് ജോലി; ഇന്ദ്രനീലാകട്ടെ കോളേജ് ഉദ്യോഗവുമായി കൊല്‍ക്കത്തയിലും. പിന്നീടൊരിക്കലും പരസ്പരം കാണാനുള്ള അവസരം ഉണ്ടായില്ല. എങ്കിലും പഴയ പ്രണയിനിയെ പൂര്‍ണ്ണമായി മറക്കാന്‍ കഴിഞ്ഞില്ല നീലിന്. മരിക്കുന്നതിന് മുന്‍പ് ഒരിക്കലെങ്കിലും കാണണമെന്നുണ്ടായിരുന്നു. നടക്കില്ലെന്നറിഞ്ഞു കൊണ്ടുതന്നെ വെറുതെ ഒരു മോഹം. പക്ഷേ വിധി അവിടെയും ഇടപെട്ടു. നാല്‍പ്പതു വര്‍ഷത്തിന് ശേഷം തികച്ചും യാദൃച്ഛികമായി ഇന്ദ്രനീലും രാധയും കണ്ടു ഇത്തവണയും നിമിത്തമായത് ഹേമന്ത് കുമാര്‍ തന്നെ. ''കൊല്‍ക്കത്തയില്‍ ഹേമന്ത് ഉത്സവ് എന്ന പേരില്‍ ഒരു സംഗീത പരിപാടി നടക്കുന്നു. ഹേമന്ത് ദായുടെ പാട്ടുകള്‍ പാടുന്ന അമച്വര്‍ ഗായകരുടെ ഒരു അപൂര്‍വ സംഗമം. ഞാനുമുണ്ട് പാട്ടുകാരുടെ കൂട്ടത്തില്‍. ഏറെ പ്രിയപ്പെട്ട 'അമി ദൂര്‍ ഹോത്തെ തൊമാരി ദേഖേചി' എന്ന പാട്ട് പാടി ബാക്ക് സ്റ്റേജില്‍ വന്നപ്പോള്‍ ഒരു സ്ത്രീ എന്നെ കാത്തുനില്‍ക്കുന്നു അവിടെ. വെളിച്ചക്കുറവുണ്ടായിരുന്നതിനാല്‍ ആദ്യം ആരെന്ന് മനസ്സിലായില്ല. സാരി തലയിലൂടെ വലിച്ചിട്ടിരിക്കുകയാണ്. പക്ഷേ ആ ശബ്ദം കേട്ടയുടന്‍ ഞാന്‍ ഞെട്ടി. ഹൃദയമിടിപ്പ് കൂടി. ഈശ്വരാ.. ഇതാ വന്നിരിക്കുന്നു എന്റെ രാധ. ആ അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകളിലെ നീര്‍മണിത്തിളക്കം കണ്ടു ഞാന്‍...''അങ്ങേയറ്റം വികാരനിര്‍ഭരമായ മുഹൂര്‍ത്തം. മുടിയില്‍ നര കയറിത്തുടങ്ങിയിരുന്നെങ്കിലും പഴയതിനേക്കാള്‍ സുന്ദരിയായിരുന്നു അവള്‍ എന്ന് തോന്നി നീലിന്.
വിധിനിയോഗമായിരുന്നു ആ പുനഃസമാഗമം. ഹേമന്തിന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ കൊതിച്ചു വന്നതാണ് രാധ. പഴയ കാമുകന്‍ പാടുന്നുണ്ടെന്ന് അറിഞ്ഞിട്ടല്ല. ''അവളുടെ ഭര്‍ത്താവ് ഒരു റോഡപകടത്തില്‍ മരിച്ചിട്ട് വര്‍ഷങ്ങളായിരുന്നു. എന്റെ ഭാര്യ യാത്രയായിട്ട് ഒരു വര്‍ഷവും. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഓരോ പെണ്മക്കള്‍. വിവാഹിതരായി വിദേശത്ത് കഴിയുന്നു അവര്‍. അധികം കൂട്ടുകാരില്ല ഞങ്ങള്‍ക്കിരുവര്‍ക്കും. വിരസമായിത്തുടങ്ങിയ ജീവിതത്തില്‍ എന്നെ പോലെ അവള്‍ക്കും സംഗീതമാണ് ആകെയുള്ള കൂട്ട്. ആ രാത്രി ഏറെ നേരം സംസാരിച്ചു ഞങ്ങള്‍. നഗരത്തിലൂടെ അലക്ഷ്യമായി നടന്നു. വഴിയോരത്തു നിന്ന് രസഗുള കഴിച്ചു. ഗോഹട്ടിയിലേക്കുള്ള ആ രാത്രിയിലെ ഫ്‌ലൈറ്റ് അവള്‍ മിസ് ചെയ്തു. ഒരുമിച്ച് ഹോട്ടലില്‍ മുറിയെടുത്തു താമസിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. തെല്ലൊരു സങ്കോചത്തോടെയാണ് ആ നിര്‍ദേശം ഞാന്‍ മുന്നോട്ടു വെച്ചത്. എങ്ങനെയാകും പ്രതികരണം എന്നറിയില്ലല്ലോ. പക്ഷേ അവള്‍ എതിര്‍ത്തതേയില്ല. ആ പഴയ തിളക്കം വീണ്ടും അവളുടെ കണ്ണുകളില്‍ കണ്ടപോലെ.'' കോമളവിലാസിലാണ് മുറി കിട്ടിയത്. ഹോട്ടലില്‍ ഒരുമിച്ചു താമസിക്കുന്ന രണ്ട് മുതിര്‍ന്ന ദമ്പതിമാരെ ആരു സംശയിക്കാന്‍? നീലിനും രാധയ്ക്കും അതൊരു പുതിയ തുടക്കമായിരുന്നു. അന്ന് യാത്ര പറഞ്ഞു പിരിയുമ്പോള്‍ തീരുമാനിച്ചു, വര്‍ഷം തോറും കണ്ടുമുട്ടി സൗഹൃദം പുതുക്കണമെന്ന്. എല്ലാ വര്‍ഷവും രണ്ടു ദിവസം നീലും രാധയും കൊല്‍ക്കത്തയില്‍ വരും. കോമളവിലാസ് ഹോട്ടലില്‍ തങ്ങും. നാല് വര്‍ഷം പിന്നിടുന്നു അവരുടെ പുതുജീവിതം.
''ഇന്ന് മുഴുവന്‍ ഞങ്ങള്‍ ഈ നഗരത്തില്‍ അലഞ്ഞു; പണ്ട് കൈകോര്‍ത്ത് നടന്നുപോയ വഴികളിലൂടെ വീണ്ടും നടന്നു, ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തേടിനടന്ന സെക്കന്റ് ഹാന്‍ഡ് ബുക്സ്റ്റാളുകളില്‍ വീണ്ടും കയറിയിറങ്ങി. പാര്‍ക്കുകളിലെ സിമന്റ് ബെഞ്ചുകളില്‍ ചെന്നിരുന്ന് ഹേമന്തിന്റെ പാട്ടുകള്‍ പാടി. സിനിമ കണ്ടു. ഒരു മിനിറ്റ് പോലും പാഴാക്കിയില്ല. പത്തുമുപ്പതു കൊല്ലം ഒറ്റയടിക്ക് ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും കൊഴിഞ്ഞുപോയ പോലെ. വൈകുന്നേരം അവളെ ഗോഹട്ടിയിലേക്ക് ഫ്‌ലൈറ്റ് കയറ്റിവിറ്റിട്ടാണ് ഞാന്‍ മടങ്ങിയത്. ഇപ്പോള്‍ ആകെ ഒരു ശൂന്യത. നിങ്ങളെ കണ്ടില്ലെങ്കില്‍ ഒരു പക്ഷേ ഭ്രാന്തു പിടിച്ചേനെ. ഇന്ന് രാത്രി മദ്യമാണ് എന്റെ തോഴി. യാത്ര പറയുമ്പോഴത്തെ അവളുടെ മുഖഭാവം മറക്കാന്‍ പറ്റുന്നില്ല. ഇനി ഒരു വര്‍ഷം കാത്തിരിക്കണ്ടേ തമ്മില്‍ കാണാന്‍ എന്നോര്‍ക്കുമ്പോള്‍.....'' ഒരു നിമിഷം പഴയ ടീനേജ് കാമുകനായി മാറുന്നു ഇന്ദ്രനീല്‍.
കഥ കേട്ടു തീര്‍ന്നപ്പോള്‍ ചോദിച്ചുപോയി:'സര്‍, നിങ്ങളുടെ രണ്ടു പേരുടെയും മക്കള്‍ അറിയുമോ ഈ രഹസ്യ സമാഗമം?''പകച്ചു പോയിരിക്കണം ഇന്ദ്രനീല്‍. കയ്യിലെ ഗ്ലാസില്‍ അവശേഷിച്ച മദ്യം ഒറ്റ വലിക്ക് കുടിച്ചുതീര്‍ത്ത ശേഷം എന്റെ മുഖത്ത് നോക്കി ഒരു പ്രത്യേക ചിരി ചിരിച്ചു അയാള്‍. ലജ്ജ കലര്‍ന്ന ചിരി. പിന്നെ ഒഴിഞ്ഞ ഗ്ലാസ് മേശപ്പുറത്തു വെച്ച് പറഞ്ഞു: 'ശുഭരാത്രി, സുഹൃത്തേ. ഇനി നമ്മള്‍ കണ്ടില്ലെന്നിരിക്കും. ഇന്ന് ഞാന്‍ പറഞ്ഞ കഥകളെല്ലാം മറന്നുകളയുക. പോകുമ്പോള്‍ ആ വാതില്‍ ഒന്നടച്ചേക്കുക..''
ഗുഡ്‌നൈറ്റ് പറഞ്ഞ് പുറത്തു വന്ന് വാതില്‍ ചാരിയിട്ടും മനസ്സില്‍ നിന്ന് മായുന്നില്ല ഇന്ദ്രനീലിന്റെ മുഖത്തെ ഭാവപ്പകര്‍ച്ച.എന്തായിരിക്കും ആ ചിരിയിലൂടെ അയാള്‍ പറഞ്ഞത് ? അറിയില്ല. ഉള്ളില്‍ ഹേമന്ത് കുമാര്‍ പാടിക്കൊണ്ടേയിരിക്കുന്നു ശര്‍ത്ത് എന്ന ചിത്രത്തിലെ ആ പ്രശസ്ത ഗാനത്തിന്റെ വരികള്‍... 'ന യേ ചാന്ദ് ഹോഗാ ന താരേ രഹേംഗേ, മഗര്‍ ഹം ഹമേശാ തുംഹാരേ രഹേംഗേ....'' ഈ ചന്ദ്രനും താരകളും ഒക്കെ ഇല്ലാതായാലും എന്നും നിന്റേതു മാത്രമായിരിക്കും ഞാന്‍...നിന്റേതു മാത്രം.
Content Highlights: valentine's day story