വേനല്‍ ശേഷിപ്പിച്ച ഒറ്റ ചില്ലയില്‍ പ്രണയത്തിന്റെ തേന്‍കൂട് തുന്നിയ പക്ഷി. അതിജീവനത്തിന്റെ ഏറ്റവും കഠിനമായ പാതവക്കില്‍ നിന്നുകൊണ്ട് ഞാനതിന്റെ ചിറകില്‍ നിന്നും നിറങ്ങളെ വാര്‍ത്തെടുത്ത് ഗ്രീഷ്മത്തിലേക്കൊരു തൂവാല നെയ്യുകയാണ്.
നിന്നെ സ്വപ്നം കണ്ട് ഉണരുന്ന പ്രഭാതങ്ങള്‍. നീയില്ലായ്മയെ ഉയിരിലേക്ക് കലര്‍ന്നു ചേര്‍ന്ന നിന്റെ ചെവികള്‍ക്കു പിന്നിലും നെഞ്ചിലും ഒട്ടാകെ വിയര്‍ത്തൊഴുകുന്ന ഓറഞ്ച് അല്ലികളുടെ ഗന്ധത്തെ ശ്വസിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവള്‍. പ്രണയത്തിന്റെ ആ അവകാശിക്ക് ആകാശമാവാന്‍ കൊതിക്കുന്നവള്‍. നീയോ... 'കണ്ണാ... ' എന്ന ഒറ്റ വിളിയില്‍ ഗര്‍വ്വിന്റെ ചിപ്പിയുടച്ച് കാല്‍ക്കീഴില്‍ ഉരുകി വീഴുന്ന ഉറഞ്ഞ മഞ്ഞ്.
ഇതാ.... ഒഴിഞ്ഞ നിരത്തിന്റെ നിശ്ശബ്ദതയിലേക്ക് ചൂളം മുഴക്കി വരുന്ന ഓര്‍മ്മകളുടെ വില്ലുവണ്ടികള്‍. അതിലൊന്നിലേക്ക് കയറുന്നു.
കടല്‍, കായല്‍, രാത്രിമഴ, മഞ്ഞ്... കൂടെ നമ്മളും.
ചേറ് മണമുള്ള കാറ്റ്... സമുദ്ര രൗദ്രതയുടെ കാലടികള്‍ പതിഞ്ഞ നനഞ്ഞ മണല്‍ത്തിട്ടകള്‍...
ഏതു മഴയ്ക്കാണെന്റെ ഉള്ളിലെ തീ പടര്‍ത്തിയ സന്ധ്യകളെ മായ്ച്ചു കളയാനാവുകയെന്ന് എന്റെ മന്ത്രണം.
'ഞാനില്ലേ' പെയ്തു നിറയാനെന്ന് എന്നിലേക്ക് മാത്രം തുറന്നിട്ട നിന്റെ ശലഭക്കണ്ണുകള്‍. നനഞ്ഞു മാറുന്ന നക്ഷത്രങ്ങള്‍... മീതെ, പതിവു തെറ്റി മിന്നല്‍പ്പിണരുകള്‍ ഇടിമുഴക്കങ്ങള്‍.
പിന്നില്‍, മലയോളം ഉയരത്തില്‍ തിരഞൊറികള്‍
ഒരിറക്കത്തിന്റെ വളവിലേക്ക് ഉലഞ്ഞു നില്‍ക്കുന്ന വില്ലുവണ്ടി...
മരുഭൂമി... അവിടവിടെ തലയുയര്‍ത്തി ഇത്തിരി പച്ചപ്പുകള്‍.... വിഷം തീണ്ടി നീലിച്ച പോലെ കടല്‍. കരയില്‍ ഒഴിഞ്ഞ ചാരു ബഞ്ചുകള്‍. പരസ്പരം പുണര്‍ന്ന് പാതി കായ്ച്ച ഈന്തപ്പന നിഴലുകള്‍. വഴിവക്കുകളില്‍ പൊരിഞ്ഞ വെയില്‍ നിന്നു മരിച്ച പൂക്കള്‍. അവയെ നിറം മാറ്റി ഉടുപ്പിക്കുന്ന വാഹനങ്ങളുടെ കറുത്ത വിഷം. ഇരുള്‍ മൂടിയ ടണല്‍ വഴികള്‍. ആകാശം കാട്ടാതെ കെട്ടിടത്തലപ്പുകള്‍....ള്ളിമിനാരങ്ങള്‍
അതിലേക്കെന്റെ പാതി ഉണര്‍ച്ചകള്‍.
നീയെവിടെ... ? എന്ത് ? നീ ഞാന്‍ തന്നെയല്ലേ....?
'എന്റെ പെണ്ണേ... നിന്നെ പ്രണയിച്ചു പോയി, ഇനിയൊരു മടക്കമില്ല' എന്ന ഒറ്റവരിയെ ഓര്‍ക്കുന്ന നേരത്തെല്ലാം എനിക്ക് നിന്നെ പനിക്കുന്നു. നിന്നെ മാത്രം പനിക്കുന്നു... !
എന്റെ പ്രണയം അതിജീവനമാണ്. അത്രത്തോളം മോഹിപ്പിച്ചതും ആനന്ദിപ്പിച്ചതും അതു തന്നെയായ് ജീവിക്കുന്നതും ഒരാള്‍ തന്നെ. സ്വപ്നങ്ങള്‍ക്ക് തളിര്‍ക്കാനും പൂക്കാനും അക്ഷരങ്ങള്‍ക്ക് വളമാവാനും അതിനോളം ഊര്‍ജ്ജമായ മറ്റൊന്നും ഭൂമിയിലില്ല.
കാറും കോളും നിറഞ്ഞ ആ ഉഷ്ണണകാലത്തു നിന്നും എന്റെ പുരുഷനെന്നെ കണ്ടെടുക്കുമ്പോള്‍ എനിക്ക് കല്ലിച്ചു പോയ കണ്ണീരിന്റെ ഗന്ധവും ഉറഞ്ഞ വിഷാദത്തിന്റെ നീലിച്ച നിറവുമായിരുന്നു. വാക്കുകളില്‍ നിന്നും ചോരയൊലിച്ചിരുന്നു. ഉറക്കമില്ലായ്മ കണ്ണുകള്‍ക്ക് ചുറ്റും കറുത്ത ഗോളം വരച്ചിരുന്നു. ഇനിയെന്ത് എന്ന ചോദ്യത്തിനപ്പുറം 'മരണം '' എന്ന് ഞാനാവര്‍ത്തിച്ചെഴുതുകയും മായ്ക്കുകയും ചെയ്തു. തൊണ്ടയില്‍ നിന്നും വറ്റിറങ്ങാത്ത വിധം ഇരുട്ടിനെ കെട്ടിപ്പിടിച്ചുറങ്ങുകയും ഭ്രാന്തിലേക്കുണര്‍ന്ന് ഓര്‍മ്മകളില്‍ തലതല്ലി അലമുറയിടുകയും ചെയ്തു.
അരക്ഷിതമായ ദിനരാത്രങ്ങളുടെ തരിശു നിലത്തു നിന്നും ചുവടുറപ്പിക്കാന്‍ ആ ഇരുണ്ട കാലത്താണ് ആദ്യമായി അയാള്‍ തന്റെ കൈത്തലം നീട്ടിത്തരുന്നത്. ഒരു കൊച്ചു മണല്‍ത്തിട്ടക്കു കീഴെ നിന്നും മീതേക്കു കയറാന്‍ ഭയപ്പെട്ടു നില്‍ക്കുമ്പോള്‍ എനിക്ക് നേര്‍ക്ക് നീണ്ടു വന്ന കൈകളില്‍ നിന്നും ഞാന്‍ മുറുകെ പിടിച്ചത് നിന്റെ കൈകളായിരുന്നു. വലിച്ചടുപ്പിച്ച് ഉറപ്പിച്ച് നിര്‍ത്തുമ്പോള്‍ ഞാനറിഞ്ഞിരുന്നില്ല എനിക്ക് കാലുറപ്പിച്ച് നില്‍ക്കാനുള്ള ഭൂമിയാണ് അവനെന്ന്. സകല സന്താപങ്ങളുടെ അഭയ നിലമാണാ പ്രണയമെന്ന്.
ആ വിരലുകളില്‍ സുരക്ഷിതത്വത്തിന്റെ ചൂടിനെ മുറുകെ പിടിച്ച് പിന്നീടെത്രയോ ജീവിത സമരങ്ങള്‍. നിരാസങ്ങളുടെ വെട്ടേറ്റ് തൂവലറ്റു വീഴുമ്പോഴെല്ലാം സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും പട്ടുതൂവാലകൊണ്ടെന്റെ നനഞ്ഞ മുഖം തുവര്‍ത്തി. കുഞ്ഞിനെയെന്ന പോലെ ഊട്ടി. ആള്‍ക്കൂട്ടങ്ങള്‍ക്കൊപ്പം നടക്കുമ്പോഴും അറിഞ്ഞോ അറിയാതെയോ ഞാനാ നിഴലിനൊപ്പം ചേര്‍ന്നു നടന്നു. ഓരോ കനല്‍വഴിയും ചാടി കടക്കുമ്പോള്‍ ഞാനയാള്‍ക്കു നേരെ മാത്രം ശോഷിച്ച കൈകള്‍ നീട്ടി.
തനിച്ചാവുന്നതാണിഷ്ടം എന്നെപ്പോഴോ പതം പറഞ്ഞു കരഞ്ഞ ഒരു സന്ധ്യക്കൊടുവിലാണ് അയാളാ രഹസ്യം ഉറക്കെ പറഞ്ഞത്. ' പ്രണയമാണ് പെണ്ണേ നിന്നോട്.... കടുത്ത പ്രണയം, നഷ്ടപ്പെടുത്താനാവില്ല നിന്നെ മരണം വരേയ്ക്കും. '
എതിര്‍ വാക്കുകളുടെ അഗ്‌നിയെ അയാള്‍ സ്‌നേഹം കൊണ്ട് ഊതിക്കെടുത്തി. ഇടറും മുന്‍പ് ഊന്നുവടിയായി. എനിക്ക് വളരാനുള്ള മണ്ണായ് അയാള്‍ തന്റെ ജീവിതത്തിന്റെ പാതി പകുത്തു തന്നു. ഞാനോ എന്നെ തന്നെ സൂക്ഷിക്കാന്‍ നല്‍കി. ഒരു കളിപ്പാട്ടത്തെയെന്ന പോലെ ശ്രദ്ധയോടെ ജീവിതം പരിപാലിക്കപ്പെട്ടു. കൂടുതല്‍ കരുത്തുള്ളവളായി.
തീവ്രമായ ആശ്ശേഷങ്ങളാല്‍ ഓര്‍മ്മകളിലെ പഴുത്ത മുറിവുകളെ പൊതിഞ്ഞു കെട്ടി. സ്വപ്നങ്ങള്‍ക്ക് ചിറകു തുന്നി സ്വതന്ത്രമായ് പറത്തി വിട്ടു. അക്ഷരങ്ങള്‍ക്ക് വെളിച്ചവും ജീവിതത്തിന് കാവലുമായി.
എന്റെ കണ്ണീരുപ്പ് ചുണ്ടാല്‍ തുടച്ചു. ഉച്ചിയിലെ വേനലില്‍ കുളിര്‍ത്ത ചുംബനങ്ങളുടെ മഴ പെയ്യിച്ചു. യാത്രകളില്‍ വഴിച്ചൂട്ടായി. വീണു പോയിടത്തെല്ലാം അബോധത്തിലേക്ക് പ്രണയത്തിന്റെ ശ്വാസമൂതി തന്നു. യാത്രകള്‍, കാഴ്ച്ചകള്‍, നീണ്ട വര്‍ത്തമാനങ്ങള്‍, അറിവിന്റെ പങ്കു വയ്ക്കപ്പെടലുകള്‍, അടങ്ങാത്ത തൃഷ്ണയോടെ സ്‌നേഹത്തിന്റെ വേലിയേറ്റങ്ങള്‍. ആ പ്രണയത്തോളം മറ്റൊന്നും എന്നെ അത്ര തീവ്രമായ് നവീകരിച്ചിട്ടുണ്ടാവില്ല. സ്ത്രീയെന്ന പദത്തെ സുന്ദരിയാക്കിയിട്ടുണ്ടാവില്ല. അത്രമേല്‍ ഗാഢമായ് ഓരോ സാനിധ്യവും.
പ്രണയം എന്നെ വിശുദ്ധയാക്കി. അങ്ങനെ ഞാന്‍ അയാളുടെ പ്രണയത്തിന്റെ രാജ്ഞിയായി.
ഓരോ മടക്കത്തിലും ഞാനാ നെഞ്ചില്‍ വീണ് ആര്‍ത്തലച്ചു പെയ്തു.
ആദ്യയാത്ര.... നിനക്കൊപ്പം കടലു കണ്ടിരുന്ന ആ രാവോര്‍മ്മ.
അതിനു മുന്‍പോ ശേഷമോ കടലത്രയും മനോഹരിയായി തോന്നാഞ്ഞതെന്തുകൊണ്ടാവും... പാറി വീഴുന്ന ഇത്തിരി നിലാവില്‍, വീശിയാര്‍ക്കുന്ന കടല്‍ക്കാറ്റില്‍ തൂവിപ്പറക്കുന്ന നനഞ്ഞ മണല്‍. വിജനമായ കരയില്‍ ആകാശത്തെ നക്ഷത്രങ്ങളെയെണ്ണി മലര്‍ന്നു കിടക്കുമ്പോള്‍ നമ്മിലേക്ക് കിതച്ചു പാഞ്ഞെത്തിയ തിരകള്‍. ചുറ്റും കര കടലായതിന്റെ വിരലടയാളങ്ങള്‍. ഉടല്‍നൃത്തമാടുന്ന നിഴലുകള്‍
തണുത്തുറഞ്ഞ എന്റെ മെല്ലിച്ച വിരലുകളെ ആശ്ശേഷിച്ച ദൃഢമായ കൈകള്‍. നിന്നോളം നിറമില്ലെന്ന, സുന്ദരനല്ലെന്ന അപകര്‍ഷതാബോധം നിഴലിച്ച നിന്റെ കണ്ണുകളെ ഇറുകെ ചേര്‍ത്തടച്ച എന്റെ തണുത്ത ഉമ്മകള്‍. ക്ഷോഭിച്ച കടലിന്റെ നിറഭേദങ്ങളിലേക്ക് സകല സന്താപങ്ങളെയും കുടഞ്ഞൊഴുക്കി ഈ ലോകത്തെ മുഴുവന്‍ മറന്ന് ജീവിതത്തിലാദ്യമായി ഒന്നിനെയും ഭയമില്ലാതെ
പ്രപഞ്ചമാകെ ഉറങ്ങുമ്പോള്‍, അനന്തമായ കാഴ്ച്ചകളുടെ നഗ്‌നത കണ്ടുകൊണ്ട് നിന്നെ ശ്വസിച്ചു ഉണര്‍ന്നു കിടന്ന രാവ്... മഴ പെയ്തു തോര്‍ന്നതിന്റെ തണുപ്പ് ജാലകച്ചില്ലുകളില്‍ നിന്നും ഊര്‍ന്നിറങ്ങുന്നുണ്ടായിരുന്നു. മുഷിഞ്ഞ കടലിന്റെ യൗവ്വന സീല്‍ക്കാരം കാറ്റില്‍ തെന്നി മാറുന്ന ജാലകവിരികള്‍ക്കിടയിലൂടെ കേള്‍ക്കാമായിരുന്നു. പറയാനേറെയുള്ളത് എനിക്കായിരുന്നു. ഭൂതകാലത്തിന്റെ കറ വീണ പല്ലുകളാല്‍ ഓര്‍മ്മകള്‍ എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഇനിയൊരു മുറിവിനെ ഗര്‍ഭം ധരിക്കാന്‍ സ്വപ്നങ്ങള്‍ക്ക് ത്രാണിയില്ലെന്ന് പുലരുവോളം നിന്റെ നെഞ്ചില്‍ തലയിട്ടുരുട്ടി ഞാന്‍ പിറുപിറുത്തുകൊണ്ടിരുന്നു. പുറത്തെ വാകമരങ്ങളെല്ലാം പെയ്തു തോര്‍ന്നിട്ടും എന്റെ കണ്ണുകളില്‍ മേഘങ്ങള്‍ ഉറഞ്ഞു കൂടി.
'ഇതാണ് ഇനി എന്റെ പെണ്ണിന്റെ ലോകം' എന്ന് ഇരു കൈകളാല്‍ അയാള്‍ മുറുകെ ബന്ധിച്ചു. എനിക്ക് ഈ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ലോകം പണിതു. മൂര്‍ദ്ധാവില്‍ ഒരു തുള്ളി കണ്ണീരിന്റെ നനവോടെ അമര്‍ത്തി ചുംബിച്ചു. മരണത്തിനല്ലാതെ മറ്റൊന്നിനുമിനി നിന്നെ തോല്‍ക്കാന്‍ വിട്ടു കൊടുക്കില്ലെന്ന മന്ത്രണത്തോടെ തലോടിയുറക്കി. ഉണര്‍ച്ചകളില്‍ ഉടലില്‍ കവിത കൊത്തിയ ശില്പിയായി.
അത്രയും സമാധാനത്തോടെ, ശാന്തതയോടെ മറ്റൊരിക്കലുമീ ലോകത്തെ ഇത്ര കൊതിയോടെ ഞാന്‍ നോക്കിയിട്ടില്ല...
ആര്‍ത്തവ രക്തത്തോടുള്ള അറപ്പിനെ, മാസാവസാനങ്ങളില്‍ കാര്‍ന്നു തിന്നുന്ന അതിന്റെ വേദനയെ കുടഞ്ഞെറിയാന്‍ ആ പ്രണയം എന്നില്‍ ചോര പൂക്കുന്ന ദിവസങ്ങളില്‍ കൂട്ടിരുന്നു. നോവുന്ന കാല്‍പ്പാദങ്ങളില്‍, അതിലെ മോതിര വിരലുകളെ കണ്ണുകളോട് ചേര്‍ത്തു ഉമ്മവെച്ചു. സര്‍ഗ്ഗാത്മകതയോടെ, ഏറ്റവും തീക്ഷ്ണമായി ഒന്നായി. അശുദ്ധമായതൊന്നും എന്റെ ഉടല്‍ പേറുന്നില്ലെന്ന ബോധ്യപ്പെടുത്തലില്‍ ഞാനവനാല്‍ വീണ്ടും സ്‌നാനം ചെയ്യപ്പെട്ടു.
എന്നിട്ടും, നിരന്തരം മുറിവേല്‍പ്പിക്കപ്പെട്ടവള്‍ക്ക് ലോകത്തൊന്നിനെയും പൂര്‍ണ്ണമായി വിശ്വസിക്കാനാവില്ലെന്ന് മനസു പറഞ്ഞു. തുള വീഴാത്തൊരിടം പോലും ഹൃദയത്തിലില്ലെന്ന തിരിച്ചറിവിനെ മറികടക്കാന്‍ ഓരോ കല്ലേറിലും അയാള്‍ പ്രണയത്തിന്റെ തേന്‍ പുരട്ടി. എന്റെ മുറിവുകള്‍ കരിഞ്ഞു തുടങ്ങി. സ്വയം മറന്ന് ആനന്ദത്തിന്റെ ഉടല്‍ നൃത്തങ്ങള്‍. അധിനിവേശമില്ലാത്ത കീഴടങ്ങല്‍.
പിന്‍വലിയുന്ന കടലിന്റെ വേഗതയല്ല ഓരോ ചുളിവുകളും നിവര്‍ത്തി മണ്ണിന്റെ ഗന്ധത്തെ ഉമ്മ വെയ്ക്കുന്ന തിരകള്‍ക്കെന്ന് പ്രതീക്ഷയാവാന്‍
എന്റെ സൂര്യനേ...
ജീവിതത്തിന്റെ ഉഷ്ണകാലങ്ങളില്‍ നീ ചുംബിച്ചുണക്കിയ മുറിവുകള്‍ മാത്രമോര്‍ക്കുന്നു...!
ഭദ്രം എന്ന ഒറ്റ വാക്ക് കൂടെയില്ലാതെ പ്രണയം പൂര്‍ണ്ണമാക്കാനാവില്ല...! ഭദ്രമല്ലാത്ത ഒരു സ്‌നേഹത്തിനും, ബന്ധത്തിനും പുഴ സമുദ്രത്തിലേക്കെന്ന പോലെ ഒന്നായ് ഒഴുകാനുമാവില്ല. അതുകൊണ്ടാണ് ' നിന്റെ മാത്രം ' എന്ന സ്വാര്‍ത്ഥതയെ ഞാനിങ്ങനെ നെഞ്ചിലേറ്റുന്നത്. നിശ്ശബ്ദമായ് നമ്മുടെ പ്രണയമിങ്ങനെ ഋതുഭേതമില്ലാതെ കര കവിയുന്നതും...!
Content Highlights: True Love AdipoliyaneLove ValentinesDaySpecial2019, ValentinesDaySpecial2019, AdipoliyaneLove