മരണത്തിനുമപ്പുറം ജീവനോട് ജീവിതത്തോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നതാണ് ഓരോ പ്രണയവും. അവനോട് പറയാന്‍ ബാക്കിവെച്ചതും ഒരിക്കല്‍ക്കൂടി നീ എന്റെയൊപ്പം ഉണ്ടായിരുന്നൂവെങ്കിലോ എന്ന് ഓരോ നിമിഷവും ആഗ്രഹിക്കുന്നു. ജിജി തന്റെ തൂലികകളില്‍ കത്തുകളായി ആ പ്രണയത്തെ ചേര്‍ക്കുമ്പോള്‍ ജിജിയും പപ്പുവും കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുകയാണ്.....നിനക്കുള്ള കത്തുകള്‍ എന്ന പുസ്തകത്തില്‍ നിന്നുള്ള കത്ത് വായിക്കാം
പപ്പൂ...
എല്ലാ ഓര്‍മകളും നിന്നിലേക്കാണ് വന്നുചേരുന്നത്...
പാട്ടുകളും സിനിമകളും പുസ്തകങ്ങളുമെല്ലാംതന്നെ നിന്നെയോര്‍മിപ്പിക്കുന്നു... ആര്യങ്കാവ് ക്ഷേത്രത്തില്‍ സംഗീതപരിപാടിക്കുള്ള ninakkulla kathukalയാത്രയ്ക്കിടയിലാണ് നിന്നെയാദ്യം കണ്ടത്... കൈയില്‍ ഒരു പുസ്തകവും തുറന്നുവെച്ച്, ഇടയ്ക്കു വായിച്ചും ഇടയ്ക്കു കലപില കൂട്ടിയും ഒരാള്‍. ആദ്യമാദ്യം ശ്രദ്ധിച്ചില്ല... പക്ഷേ, പിന്നീട് തോന്നി, മറ്റുള്ളവരെക്കാള്‍ വ്യത്യസ്തമായിട്ടാണല്ലോ സംഭാഷണശൈലിയെന്ന്... പരിപാടി തുടങ്ങുന്നതിനു മുന്‍പുള്ള ഒരിത്തിരി സമയത്തിനിടയ്ക്കാണ് പരിചയപ്പെടുന്നത്... പക്ഷേ, ട്വിസ്റ്റ് അവിടെയൊന്നുമായിരുന്നില്ല... നിന്റെയും എന്റെയും കൈയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ ഖലീല്‍ ജിബ്രാന്റെ ദൈവം പ്രണയം സംഗീതം എന്നതായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് കഥ മാറാന്‍ തുടങ്ങിയത് (ചില സിനിമകളില്‍ കാണുന്നപോലെ, ല്ലേ?).
പ്രോഗ്രാം തുടങ്ങി... ആദ്യത്തെ ഹിന്ദി ഗാനം നമ്മള്‍ ഒന്നിച്ചു പാടി... ഓര്‍മയുണ്ടോ? 'കഹോനാ പ്യാര്‍ഹേ..' ഹിറ്റായി നില്ക്കുന്ന സമയമായിരുന്നു അത്... നീ തുടങ്ങി... 'ഐ ലവ് യൂ...' (അതായിരുന്നു ആ പാട്ടിന്റെ തുടക്കം) പാട്ട് നമ്മള്‍ തകര്‍ത്തു... ആരൊക്കെയോ വന്ന് നിന്നെ എടുത്തുയര്‍ത്തി... അവരെല്ലാം അഭിനന്ദിച്ചുകൊണ്ടിരുന്നപ്പോള്‍ നീ പറഞ്ഞത് എന്തായിരുന്നൂന്നോ? 'എന്റെ കഴിവല്ല, എന്റെ കൂടെപ്പാടിയ ആളുടെ കഴിവാണെ'ന്ന്.
ഹോ... ഞാനങ്ങു നാണിച്ചുപോയി... (നീ അതിനെക്കാള്‍ വലിയത് പറയുന്ന വില്ലനാണെന്ന് പിന്നീടല്ലേ മനസ്സിലായത്..!)
എന്തായാലും, അന്നത്തെ തിരിച്ചുപോക്കിനുള്ളില്‍ നമ്മള്‍ നല്ല കൂട്ടായി... (ഞാന്‍ നിന്റെ ആ വല്ലാത്ത വലയത്തില്‍പ്പെട്ടുപോയി എന്നതാവും ശരി..!)
അന്നെനിക്കറിയില്ലായിരുന്നല്ലോ, ഇതെന്റെ ജീവനാകാന്‍ പോകുന്നവനാണെന്ന്..!
പപ്പൂ, ഞാനോര്‍ക്കുകയാണ്... ഒരിക്കല്‍ക്കൂടി ആര്യങ്കാവിലെ ആ സംഗീതപരിപാടി പുനഃസൃഷ്ടിച്ചാലോയെന്ന്... 'അടുത്തതായി 'കഹോനാ പ്യാര്‍ഹേ' എന്ന ഹിന്ദിഗാനം ആലപിക്കുന്നു സന്തോഷ് ആന്‍ഡ് ജിജി...' എന്നു വിളിച്ചുപറയുമ്പോള്‍ നീയൊരു മാന്ത്രികനെപ്പോലെ പാറിവന്ന് എന്റെയൊപ്പം പാടാന്‍ തുടങ്ങിയാലോ..?
അത്യാഗ്രഹത്തോടെ,
നിന്റെ അമ്മു.
നിനക്കുള്ള കത്തുകൾ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Content Highlights: Ninakkulla Kathukal Jiji Jogi