എന്റെ പ്രണയത്തിന്റെ സാക്ഷി കാലമായിരുന്നു. അവധിക്കാലത്തു മാത്രം നാടിനെ സ്‌നേഹിച്ചിരുന്ന അമ്മു എന്ന എന്നെ ഒരു നാട്ടിന്‍പുറത്തുക്കാരിയാക്കിയത് നിന്നോടുള്ള സ്‌നേഹമായിരുന്നു. പ്ലസ് ടു കഴിഞ്ഞ് നാട്ടിലേക്ക് വരാനുള്ള എന്റെ തീരുമാനം അച്ഛനും അമ്മയുമൊക്കെ എതിര്‍ത്തപ്പോള്‍ മുത്തശ്ശിടെ കൂടെനില്‍ക്കാന്‍ വേണ്ടി ആണെന്നും നൃത്തം തുടരണമെന്നും പറഞ്ഞ് വാശിപിടിച്ചു നാട്ടിലേക്കുള്ള ടിക്കറ്റ് എടുപ്പിച്ചത് ഇന്നും ഓര്‍മയില്‍ ഉണ്ട്. ബനാറസിലെ എന്റെ കുട്ടികാലത്തേക്കാള്‍ എനിക്ക് ഏറെ ഇഷ്ടം അവധിക്കു വരുമ്പോഴുള്ള ഇവിടത്തെ ഓര്‍മ്മകളായിരുന്നു. ഓരോ സ്‌കൂള്‍ അവധിക്കു വേണ്ടിയുള്ള എന്റെ കാത്തിരിപ്പുകള്‍. കാലം ആരെയും കുട്ടികളായി മാത്രം നിലനിര്‍ത്തില്ലല്ലോ. ഞാനും വളര്‍ന്നു. കുട്ടിത്തവും ബാല്യവും കഴിഞ്ഞ് കൗമാരക്കാരിയായി. ഞാന്‍ പോലും അറിയാതെ മനസ്സില്‍ എപ്പോഴോ നിന്നോടുള്ള ഇഷ്ടവും കൂടി കൂടി വന്നു. 

നാട്ടില്‍ ഞാന്‍ ഡാന്‍സ് ക്ലാസിനു ചേര്‍ന്നു, വല്ലപ്പോഴും വീട്ടിലേക്ക് വരുന്നനിന്നെ കാണുന്നതായിരുന്നു അന്നത്തെ എന്റെ ഏറ്റവും വലിയ സന്തോഷം. കുങ്കുമം പടര്‍ന്ന ആകാശവും വേരുകള്‍ നിറഞ്ഞ ഇടവഴിയും നടന്ന് എത്രയോ തവണ അമ്പലത്തിലേക്ക് നീ കൂട്ടുവന്നിരിക്കുന്നു.. അപ്പോഴൊക്കെ ഒരുപാട് സംസാരിക്കുമെങ്കിലും എന്റെ അപ്പച്ചിയുടെ മോനോടുള്ള എല്ലാ ബഹുമാനവും എനിക്ക് നിന്നോട് ഉണ്ടായിരുന്നു. പലപ്പോഴും നിന്നോടുള്ള എന്റെ ഇഷ്ടം പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എഴുതി എഴുതി എന്റെ ചവറ്റുകുട്ടയില്‍ മാത്രം സ്ഥാനം പിടിച്ച എത്രയോ കത്തുകള്‍. നിനക്കു വേണ്ടി മാത്രം ഞാന്‍ സ്‌നേഹിച്ച കുപ്പിവളകളും പട്ടു, പാവാടകളും. നിന്നോട് മാത്രം പറയാനായി മനസ്സില്‍ കരുതിയ എന്റെ ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ അങ്ങിനെ എന്തെല്ലാം. സത്യത്തില്‍ എനിക്ക് നിന്നെ പേടിയായിരുന്നു. ഞാന്‍ നിന്നോടുള്ള ഇഷ്ടം പറയുമ്പോള്‍ നിന്റെ പ്രതികരണം എങ്ങിനെയാവും എന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. ചിലപ്പോ തമാശയായി ചിരിച്ചു കളയുമായിരിക്കും അല്ലെങ്കില്‍ പോടിന്നു പറഞ്ഞു കുറെ ചീത്ത വിളിക്കുമായിരിക്കും അറിയില്ല. തുറന്നു പറയാനുള്ള ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുപോലും അന്നത് പറയാതെ പോയത് എന്തിനായിരുന്നു ഒരുപക്ഷേ ഒരിക്കലെങ്കിലും നിനക്കു എന്നെ ഇഷ്ടമാണെന്നു പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നത് കൊണ്ടാവും. 

അവസാനം നിന്റെ ഇഷ്ടം എന്നെ അറിയിച്ച ആ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല സകല ദൈവങ്ങളോടും നന്ദി പറഞ്ഞു കരഞ്ഞിട്ടുണ്ട് ഞാന്‍. പിന്നീടുള്ള നമ്മുടെ ഓരോ ദിവസവും മരണത്തിനു മാത്രം മായ്ക്കാന്‍ കഴിയുന്ന ഓര്‍മ്മകളായിരുന്നു. ജോലിയുമായി ചെന്നൈയില്‍ നീ തിരക്കായപ്പോഴും ഒരിക്കലും നിന്നെ എനിക്ക് മിസ് ചെയ്തിട്ടില്ല. നേരം തെറ്റാതെ എന്നെ തേടി വന്നിരുന്ന ഫോണ്‍ കോളുകളും കത്തുകളും നമ്മെ കൂടുതല്‍ അടുപ്പിച്ചിട്ടേ ഉള്ളു.പ്രണയമെന്നത് കാലത്തിന്റെയും നിറത്തിന്റെയും ഗന്ധത്തിന്റെയും കൂടെയാണ്. മഴവില്‍ പോലെ സുന്ദരമായിരുന്നു പിന്നീടുള്ള കുറച്ചു മാസങ്ങള്‍. 
കുടുംബ ബന്ധങ്ങളിലുള്ള  ഈഗോ ഞങ്ങളുടെ ഇടയിലും കാര്യമായി തന്നെ ബാധിച്ചു. പരസ്പരമുള്ള സ്‌നേഹത്തേക്കാളും വിശ്വാസത്തെക്കാളും ബന്ധങ്ങളിലെ വിള്ളലുകള്‍ കാര്യമായി തുടങ്ങിയപ്പോള്‍ പരസ്പരം എല്ലാം അവസാനിപ്പിക്കേണ്ടി വന്നു. ഒരിക്കലും വെറുത്തു കൊണ്ടല്ല ഞങ്ങള്‍ എല്ലാം അവസാനിപ്പിച്ചത്. പകരം അന്നത്തെ എല്ലാ അവസ്ഥകളും മനസിലാക്കി വല്ലാത്ത നിസ്സഹായാവസ്ഥയോടും വേദനയോടും കൂടെ എടുത്ത തീരുമാനമായിരുന്നു പിരിയാനുള്ളത്. 

പിന്നീട് വല്ലപ്പോഴും മാത്രമേ നിന്നെ കണ്ടിട്ടുള്ളു. പരസ്പരം സംസാരിക്കാതെ ദൂരെ നിന്നുള്ള നിന്റെ നോട്ടത്തിന്റെ തീവ്രത ഞാന്‍ അറിയാതെ അറിഞ്ഞിട്ടുണ്ട്. വേദനകളെ അതിജീവിക്കാന്‍ നിന്റെ മനസ്  എന്നും എന്റെകൂടെ ഉണ്ടാവുമെന്ന് നീ പറഞ്ഞത് മറന്നോ? അതുകൊണ്ട് തന്നെ നിന്റെ മനസിന്റെ പിടച്ചിലും വിങ്ങലും വേദനകളും പലപ്പോഴും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. എന്റെ കണ്ണ് നിറയുന്നത് നിനക്കു ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രം ഞാന്‍ കരയാറേ ഇല്ല കാലമേറെ കഴിഞ്ഞു. നീ  ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മുടെ പ്രണകാലത്തിലെ നിറവും ഗന്ധവും വല്ലപ്പോഴും എന്നെ തേടി എത്താറുണ്ട്. ജീവിതം പലപ്പോഴും അങ്ങിനെയാണ്. സന്തോഷത്തേക്കാള്‍ ഏറെ വേദനകള്‍തന്നു നമ്മെ നോക്കി ദൂരെ നിന്നും ചിരിക്കും. കാലത്തിനു പോലും മായ്ക്കാന്‍ കഴിയാതെ നിന്നോടപ്പമുണ്ടായിരുന്ന എന്റെ ഓര്‍മ്മകള്‍ നിറം മങ്ങാതെ എന്നും എന്റെ കൂടെ ഉണ്ടാവും. എന്റെ മരണം വരെ. ചാരമായ് മാത്രം മായുന്ന ചില ഓര്‍മ്മകള്‍

എഴുതിയത്: സൈറ

Content Highlights: breakup stories valentines day