1
മഴക്കോളും കുരിരുട്ടും
ഇണചേര്‍ന്നിരുന്ന ആ രാത്രി,
കൊയിലാണ്ടിക്ക് അത്രയൊന്നും
പരിചിതമല്ലാത്ത,
മത യാഥാസ്ഥിതികതയെ വെല്ലുവിളിക്കുന്ന, ജീവിതഗന്ധിയായ
ഒരു പ്രണയത്തിന്റെ പുതുനാമ്പ് വിരിയുകയായിരുന്നു.
2
നിര്‍ത്താതെ കുരക്കുന്ന
പട്ടിയുടെ ശബ്ദം കേട്ട്
റെയില്‍പ്പാളത്തിലേയ്ക്ക്
നോക്കിയതായിരുന്നു ആ ചെറുപ്പക്കാരന്‍.
മിന്നല്‍ വെളിച്ചത്തില്‍ ഒരു സ്ത്രീരൂപം
അയാള്‍ വ്യക്തമായി കണ്ടു.
അലറി കുതിച്ചെത്തുന്ന മരണത്തെ,
തീവണ്ടിയുടെ രൂപത്തില്‍ കണ്ട അവന്‍ മറ്റൊന്നുമോര്‍ത്തില്ല.
കതിച്ചെത്തി പട്ടിയെ തൊഴിച്ചു മാറ്റി,
അവളെ വലിച്ച്
റെയില്‍പാളത്തിന് പുറത്തേക്കിട്ടു.
കിതപ്പിലും അവന്റെ മുഖത്ത്
അഭിമാനം തുളുമ്പിയിട്ടുണ്ടാവണം.
ഒരു ജീവന്‍ രക്ഷിച്ചതിന്റെ അഭിമാനം.
പക്ഷേ യുവതിയായ ആ പെണ്ണ് പൊട്ടിക്കരയുകയായിരുന്നു.
വറുതിയും ജാതിയും
യൗവനം തുളുമ്പി നിന്ന
പെണ്ണുടലും ചേര്‍ന്ന്
ചാര്‍ത്തി നല്‍കിയ ദുരിത ജീവിതം
ഏതാനും നിമിഷം കൊണ്ട്
ആ റെയില്‍പ്പാളത്തില്‍ ചിന്നിച്ചിതറി അവസാനിക്കുമായിരുന്നു.
'ചാരങ്ങള്‍ പോലും പകുത്തു
തിന്നുന്ന മനുഷ്യ പിശാചുക്കള്‍'
അരങ്ങുവാഴുന്ന മണ്ണിലേയ്ക്ക്
എന്തിനീ മനുഷ്യന്‍ തന്നെ വീണ്ടും വലിച്ചിട്ടുകൊടുത്തൂ?

3
ഇതൊരു പഴം പുരാണമോ
നിറം പൂശിയ സിനിമാ കഥയോ ഒന്നുമല്ല.
പച്ചയായ ജീവിത കഥ.
കൊയിലാണ്ടിയിലെ മതപുരോഹിതനും
മദ്രസ്സാ അദ്ധ്യാപകനുമായ
ആലിക്കുട്ടി മുസല്ല്യാരുടേയും
വീട്ടമ്മയായ ഇമ്പിച്ചിപ്പാത്തുവിന്റേയും
മകന്‍ ഇമ്പിച്ചി മമ്മുവാണ് നായകന്‍. കുറുവങ്ങാട്ടെ
ഊരാളി വീട്ടില്‍ ദാക്ഷായണി അമ്മയാണ് നായിക. പന്ത്രെണ്ടാമത്തെ വയസ്സില്‍ ത്തന്നെ
തന്റെ പെണ്ണുടല്‍ വിവാഹ കമ്പോളത്തില്‍ വിറ്റുപോയ പെണ്ണ്.
നാലു മക്കളെ സമ്മാനിച്ച ഭര്‍ത്താവ് ഉപേക്ഷിച്ചുപോയപ്പോള്‍
ഗത്യന്തരമില്ലാതെയാണ് ദാക്ഷായണി ജീവിതം അവസാനിപ്പിക്കാനുറച്ചത്.
തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍.
4
ദളിത് വിഭാഗത്തിലെ പരവ സമുദായാത്തിലായിരുന്നു(പരക്കുറുപ്പ്) ദാക്ഷായണി ജനിച്ചത്.
ഈ വിഭാഗത്തിലെ സ്ത്രീകള്‍
കൊടിയ ജാതി ചൂഷണമാണക്കാലത്ത് അനുഭവിച്ചുകൊണ്ടിരുന്നത്.
പേറെടുക്കലും പ്രസവശുശ്രൂഷയും ഒക്കെയായിരുന്നു ഇവരുടെ കുലത്തൊഴില്‍.
5
തീവണ്ടി ചക്രങ്ങള്‍ക്കിടയില്‍
ചിതറിത്തെറിച്ചു പോകുമായിരുന്ന ജീവിതം രക്ഷിച്ചെടുത്ത ഇമ്പിച്ചി മമ്മു,
ദാക്ഷായണിയെ വഴിയില്‍ ഉപേക്ഷിച്ചില്ല. ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കി.
ഇമ്പിച്ചി മമ്മുവും ബാപ്പയും ഉമ്മയും
ഒക്കെ ചേര്‍ന്ന് അവരെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നു.
തുടര്‍ന്നു അവരുടെ വീട്ടിലെത്തിയ ദാക്ഷായണിയോട് ഇമ്പിച്ചിമമ്മുവിന്
തോന്നിയ ഭൂതദയയില്‍ സ്വാഭാവികമായി
ഒരു പ്രണയം വളര്‍ന്നു.
മകന്റെ ജീവിതത്തിലേയ്ക്ക്
ദാക്ഷായണി കടന്നു വരുന്നതില്‍
ചിലര്‍ക്കൊക്കെ എതിര്‍പ്പുണ്ടായിരുന്നു.
ഉമ്മയും ബാപ്പയും മകന്‍ മമ്മുവിന്റെ ആഗ്രഹത്തിനൊപ്പം നിന്നു.
6
ഇസ്ലാമിക വിധിപ്രകാരമുള്ള
വിവാഹമൊന്നും നടന്നില്ല.
ഇവര്‍ക്ക് നാല് മക്കളുണ്ടായി.
ദാക്ഷായണി മത പരിവര്‍ത്തനം നടത്തി
ഇസ്ലാം മതം സ്വീകരിക്കണമെന്ന
ആവശ്യമുയര്‍ന്നു.
മതപുരോഹിതന്‍ കുടിയായ
ബാപ്പയും ഉമ്മയും ഇമ്പിച്ചി മമ്മുവുമൊക്കെ അതിനെതിരായിരുന്നു.
ഓരോരുത്തരും അവരവരുടെ വിശ്വാസ പ്രമാണങ്ങള്‍ പിന്തുടര്‍ന്നു ജീവിക്കണമെന്നായിരുന്നു
അവരുടെ ആഗ്രഹം.
ഭര്‍തൃവീട്ടില്‍ കഴിയുന്ന കാലത്ത്
ഉമ്മച്ചിക്കുപ്പായം ധരിച്ചു നടന്നതൊക്കെ ദാക്ഷായണി അമ്മയുടെ ഓര്‍മ്മയിലുണ്ട്. അപ്പോഴും ഇസ്ലാമിക മതാചാരപ്രകാരമുള്ള ചടങ്ങുകളിലൊന്നും അവര്‍ പങ്കെടുത്തിരുന്നില്ല.
7
നീണ്ട 47 വര്‍ഷക്കാലം അവര്‍ ജീവിതത്തിന്റെ 'നിമ്‌നോന്നതമാം വഴികളിലൂടെ തേര് പായിച്ച് '' ജീവിച്ചു.
മക്കള്‍ക്കെല്ലാം 'ഹിന്ദു നാമങ്ങ'ളാണ്
ഇമ്പിച്ചി മമ്മു ചൊല്ലി വിളിച്ചത്.
അപ്പോഴും മക്കള്‍ അച്ഛനെന്നല്ല
ബാപ്പ എന്നാണ് അദ്ദേഹത്തെ വിളിച്ചത്.
മക്കളെ അളവറ്റ് സ്‌നേഹിക്കുകയും കഴിവനുസരിച്ച് വളര്‍ത്തുകയും ചെയ്ത
ബാപ്പയെ മക്കളും ജീവനുതുല്യം സ്‌നേഹിച്ചു. അവസാനകാലത്ത് കുറുവങ്ങാട്
മനത്താംകണ്ടി താഴെയുള്ള ദാക്ഷായണി അമ്മയുടെ വീട്ടിലായിരുന്നു ഇമ്പിച്ചി മമ്മു താമസിച്ചിരുന്നത്.
8
കിടപ്പിലായ ബാപ്പയെ നന്നായി ശുശ്രൂഷിക്കുന്നതിന് ക്ഷൗരം
പരിശീലിച്ചെടുക്കാന്‍ പോലും
ഓട്ടോ ഡ്രൈവറും ഗായകനുമൊക്കെയായ
മകന്‍ ബിജു തയാറായി.
അവസാന കാലത്ത്,
തന്റെ മയ്യത്ത്, പള്ളിയില്‍ ഖബറടക്കാന്‍ കഴിയുമോ എന്ന ആശങ്കയിലായിരുന്നു
ഇമ്പിച്ചി മമ്മു.
ബാപ്പയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ബിജു കുറുവങ്ങാട്ടെ ഉല്പതിഷ്ണുക്കളായ മുസ്ലീം ചെറുപ്പക്കാരെ സമീപിച്ചു. അവര്‍ ഇമ്പിച്ചി മമ്മുവിന്റെ അന്ത്യാഭിലാഷം നടപ്പിലാക്കാന്‍ രംഗത്തിറങ്ങിയത് മാതൃകാപരമായ നടപടിയായിരുന്നു.
അന്‍സാറുല്‍ ഇസ്ലാം റിലീഫ് കമ്മറ്റി പ്രവര്‍ത്തകരായ പൂതക്കുറ്റിക്കുനി ഹമീദ്,
ചരിപ്പററ ഷബീര്‍, പി.വി മുസ്തഫ, മണ്ണാറത്തറയില്‍ റസാഖ്, ചരിപ്പറ്റ മുഹമ്മദ് തുടങ്ങിയവരൊക്കെ രംഗത്തിറങ്ങിയതോടെ
മത യാഥാസ്ഥിതികത്വം ഒരിടത്തും വഴിമുടക്കാനെത്തിയില്ല.
9
ഹിന്ദു പാരമ്പര്യമുള്ള
ദാക്ഷാണിയമ്മയുടെ വീട്ടില്‍
മയ്യത്ത് കുളിപ്പിക്കാനുള്ള സംവിധാനങ്ങളൊരുങ്ങി. മകന്‍ ബിജു ഉള്‍പ്പെടെ മയ്യത്ത് കുളിപ്പിച്ച് മതാചാരപ്രകാരം കഫ്ഫന്‍(പൊതിയല്‍) ചെയ്ത്, പ്രാര്‍ത്ഥനയ്ക്കായി കുറുവങ്ങാട് സ്രാമ്പിയിലെത്തിച്ചു.
കുറുവങ്ങാട് ജമാഅത്ത് പള്ളി മഹലില്‍ പെട്ടയാളാണ് ഇമ്പിച്ചി മമ്മു ഇപ്പോള്‍.
അത് കൊണ്ട് ഖബറടക്കം നടക്കേണ്ടത് കുറുവങ്ങാട് ഖബര്‍സ്ഥാനിലാണ്.
പക്ഷേ തന്റെ ഉമ്മയും ബാപ്പയും
അന്ത്യവിശ്രമം കൊള്ളുന്ന
മീത്തലെക്കണ്ടി ഖബര്‍സ്ഥാനില്‍
തന്നെയും അടക്കണം എന്ന ആഗ്രഹം
അദ്ദേഹം, മകന്‍ ബിജു വിനോടും മറ്റും അന്ത്യനാളുകളില്‍ പ്രകടിപ്പിച്ചിരുന്നു.
ആ ഒസ്സ്യത്ത് നടപ്പിലാക്കുന്നതിന്
സ്രാമ്പിയിലെ മയ്യത്ത് നമസ്‌കാരത്തിന് ശേഷം, കൊയിലാണ്ടിയിലെ മീത്തലെക്കണ്ടി ഖബര്‍സ്ഥാനില്‍ മതാചാരപ്രകാരം ഖബറടക്കി.
10
വര്‍ത്തമാനകാലത്ത് ഇത് തീര്‍ച്ചയായും ഉയര്‍ത്തിപ്പിടിക്കേണ്ട മാതൃക തന്നെയാണ്.
മതത്തിന്റെ കടുംപിടുത്തങ്ങളല്ല, മനുഷ്യന്റെ വിവേകം തന്നെയാണ്
മതവിശ്വാസികളേയും നയിക്കേണ്ടത് എന്ന്
ഈ സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതോടൊപ്പം മതവും ജാതിയുമൊക്കെപ്പടുത്തുയര്‍ത്തുന്ന
മതിലുകളെ തകര്‍ത്ത് മനുഷ്യര്‍
മുന്നോട്ടു തന്നെ പോകും എന്ന്
ദാക്ഷായണി അമ്മയുടേയും
ഇമ്പിച്ചി മമ്മുവിന്റെയും ജീവിതം
നമുക്ക് ഉറപ്പു തരുന്നു.
സമ്പത്തും ജാതിയും മതവുമൊക്കെ
എത്ര കാരിരുമ്പ് തിട്ടൂരങ്ങളിറക്കിയാലും അവയൊക്കെ സ്‌നേഹം, ആര്‍ദ്രത,
പ്രണയം, കാമം തുടങ്ങിയ
മനുഷ്യ കാമനകള്‍ക്ക് മുമ്പില്‍
പിണ്ണാക്ക് പോലെ കുതിര്‍ന്നു പോകും
എന്ന് വീണ്ടും വീണ്ടും ഇത് തെളിയിക്കുന്നുണ്ട്.
മതവും ജാതിയും സ്ത്രീവിരുദ്ധതയും ചേര്‍ന്ന് വീണ്ടും വീണ്ടും ചീന്തിയെറിയുമ്പോഴും
ഒരുമിച്ച് ജീവിതാസക്തിയുടെ
പുതു ചിത്രം വരച്ച ഇമ്പിച്ചി മമ്മുവിനും ദാക്ഷായണി അമ്മയ്ക്കും
നമുക്കൊരു ബിഗ് സല്യൂട്ട് നല്‍കാം.
content highlights: Imbichi Mammu - Dakshayani love story from Koyilandy