ഇവിടെ വണ്ടിയിറങ്ങുമ്പോള്‍ ആദ്യം ഓര്‍മിച്ചത് നിന്നെയായിരുന്നു. നിന്റെ ഓര്‍മകള്‍ കൊണ്ട് മാത്രമായിരിക്കാം എനിക്കീ നഗരം പ്രിയപ്പെട്ടതായത്.
കടുത്ത പനിയുടെ അവശേഷിപ്പുകള്‍ ഇടയ്ക്കിടെ ശല്യപ്പെടുത്തുന്നതൊഴിച്ചാല്‍ ഞാനിപ്പോള്‍ പരിപൂര്‍ണ ആരോഗ്യവാനാണ്..
നാളെ..അതേ..നാളെ നിന്റെ വിവാഹമാണെന്ന് ഞാന്‍ മറന്നിട്ടില്ല തീയതികള്‍ ഓര്‍ത്തുവെയ്ക്കുന്നതില്‍ ഞാനൊരു പൂര്‍ണ പരാജയമാണെന്ന് നീ തന്നെ കളിയാക്കാറുണ്ടായിരുന്നില്ലേ
നിന്റെ വിവാഹ ദിവസം മറക്കാന്‍ പാടില്ലാത്ത ഒന്നായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.
മുഖ പുസ്തകത്തില്‍ നിന്റെ സുഹൃത്തുക്കള്‍ ആരെങ്കിലും ചിത്രങ്ങള്‍ ഇടുമെന്ന് അറിയാം അതിനു ഞാന്‍ കാത്തിരിക്കുകയാണ് ചിത്രങ്ങളില്‍ നിന്റെ നിറഞ്ഞ ചിരി കാണാന്‍ ..
ഒരു മാസം മുന്‍പ് വരെ സ്വന്തമെന്ന് കരുതിയ ഒന്ന് ഇന്ന് വ്യാകരണമാറ്റം വരുത്തി സ്വന്തമായിരുന്ന ഒന്നാക്കി കാലം മാറ്റിയിരിക്കുന്നു അല്ലേ?
അത്....... പോട്ടെ അല്ലെ? എങ്ങോട്ട് എന്നു കൂടി പറയണം....
ഓര്‍മകള്‍ ചിക്കി ചികയുകയാണ്. ഇന്ദ്രപ്രസ്ഥത്തിന് പഴയ പ്രസരിപ്പ് ഉണ്ടോ എന്ന് സംശയമുണ്ട് ഒരു പക്ഷെ നീയില്ലായ്മയില്‍ നിന്നുണ്ടായ എന്റെ തോന്നലാവാം...
അളകനന്ദ ലെയിനിലെ 414ാം നമ്പര്‍ വീടിനന്റെ ചുവന്ന വക പൂക്കള്‍ വീണ മുറ്റത്ത് തോരാത്ത മുടിത്തുമ്പില്‍ വിരലോടിച്ച് നില്‍ക്കുന്ന നിന്നെ ഞാന്‍ ഓര്‍ക്കുകയാണ്. ഓഫീസില്‍ നിന്ന് താമസ സ്ഥലം വരെ ഏതോ വഴിപാട് പോലെ നടന്നിരുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട കാഴ്ച
ഈ നഗരത്തില്‍ നാമൊരുമിച്ച് നടന്നു തീര്‍ക്കാത്ത വഴികളുണ്ടാവാനിടയില്ല തെരുവ് നായ്ക്കളെ പേടിച്ച് മാത്രമാണ് നമ്മള്‍ മയൂര്‍വിഹാറിലെ സായാഹ്ന നടത്തങ്ങള്‍ ഒഴിവാക്കിയത് കൃത്യമായ് പറഞ്ഞാല്‍ ഒരു മാസം
അതിനിടയില്‍ എല്ലാം മാറി മറിഞ്ഞു ,മരണത്തിന്റെ ഭീകരതയെ പേടിച്ച് തന്നെയാണ് ആത്മഹത്യ പരീക്ഷണങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചത്. നീയില്ലായ്മയുടെ ശൂന്യതയാണ് ഇവിടെയെല്ലാം
ഇന്ദ്രപ്രസ്ഥത്തിലെ തണുത്ത രാത്രികളില്‍ ഓര്‍മിക്കാന്‍ നിന്റെ പൊട്ടിച്ചിരികള്‍ മാത്രമാണുള്ളത്.
വസന്ത് കുഞ്ചിലെ പഴയ പൊടി മണക്കുന്ന കസേരകളുള്ള തീയേറ്ററില്‍ നിന്റെ തോളില്‍ ചാഞ്ഞിരുന്ന് സിനിമ കാണാന്‍ എനിക്കാവില്ല ..... കണ്ടോ ..?
എന്റെ കറുത്ത ഷര്‍ട്ട് നരച്ച് തുടങ്ങിയിരിക്കുന്നു നീ എന്തിനാണ് കറുപ്പിനെ ഇഷ്ടപ്പെട്ടിരുന്നത്? എനിക്കിന്നും അത് അജ്ഞാതമാണ്. നമ്മള്‍ അവസാനമായ് കണ്ടപ്പോളും നീ ഇട്ടിരുന്നത് ഒരു കറുത്ത ചുരിദാറായിരുന്നു.... ഓര്‍മിക്കുന്നുവോ?
ഒരു തണുത്ത പകല്‍ക്കൂടി കഴിയുമ്പോള്‍ മറ്റൊരാളുമായ് നീയൊരു വിവാഹ ധാരണാപത്രത്തില്‍ ഒപ്പിടുകയാണ് സ്വസ്ഥമായി ശാന്തമായി ജീവിതത്തെ സമീപിക്കുക ജീവിച്ച് തീര്‍ക്കണ്ടത് ഒരു ജന്മമാണ് .....
മംഗളാശംസകള്‍
എന്ന് ...... പഴയ ഒരാള്‍
Content Highlights: AdipoliyaneLove ValentinesDaySpecial2019