കഥാപുരുഷന്‍
ചുണ്ടുകളുടെ നനവ് വിട്ട് പോകുന്നതിന് മുന്‍പേ വീണ്ടും ചുംബിക്കാനായി ആഞ്ഞപ്പോള്‍ നീ എടുത്ത ദീര്‍ഘ നിശ്വാസം ഇന്നും എന്റെ കാതുകളില്‍ ഇരമ്പുന്നുണ്ട്. ഹൃദയത്തെ പൂത്തുലക്കുന്നുണ്ട്.സൂര്യനോട് അസ്തമിക്കരുത് എന്ന് ഇത്രമേല്‍ കെഞ്ചിയ മറ്റൊരു ദിവസവും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.
ഗൗരി അവളാണ് ഈ കഥയിലെ നായിക. ഇത് അവളുടെ കഥയാണ്.
വാലന്റൈന്‍സ് ഡേയില്‍ പറയാന്‍ കരുതി വച്ച പ്രണയം അന്ന് വരെ കൊണ്ടെത്തിക്കാന്‍ മനസിന്റെ വിങ്ങല്‍ അനുവദിച്ചില്ല.
തണുപ്പിനെ കുടഞ്ഞ് മാറ്റി സൂര്യന്‍ അരിച്ചിറങ്ങുന്ന ജനുവരിയുടെ അവസാനത്തെ വെള്ളിയാഴ്ചയായിരുന്നു അന്ന്. കോളേജ് ഗേറ്റ് തുറക്കുന്ന മണിയേട്ടന് മുന്‍പേ ഞാന്‍ എത്തി.
ആരാ ഇപ്പൊ ഇത് സ്ഥലം മാറി പോയതാണോ സഖാവെ
സ്ഥിരമായി തോന്നുംപടി വരാറുള്ള ക്യാമ്പസിലെ പ്രിയപെട്ടവനോടുള്ള സ്‌നേഹപൂര്‍ണ്ണമായ ചോദ്യമായിരുന്നു അത്.
മറുപടി ചെറിയൊരു ചിരിയില്‍ ഒതുക്കി.
ഗേറ്റ് കടന്നാല്‍ മര കൂട്ടങ്ങളാണ്,ഓരോ മരത്തിനും പേരും അര്‍ത്ഥവുമുണ്ട്.
ചിലതിന് രാഷ്ട്രീയവും.
ചുവന്ന പൂക്കള്‍ ചുറ്റും പൊഴിച്ച് എന്നെ എന്നും ആകര്‍ഷിച്ചിരുന്ന പടുകൂറ്റന്‍ ഗുല്‍മോഹറിന്റെ അടുത്തേക്ക് നടന്നു. എന്റെ എല്ലാം ഞാന്‍ അവനോട് എന്നേ പങ്കുവച്ചതാണ്.
വരാന്‍ പോകുന്ന മണിക്കൂറുകളില്‍, ഇറക്കി വെക്കാന്‍ തീരുമാനിച്ച മനസിലെ വിങ്ങലിന്റ വരും വരായികളെ കുറിച്ചുള്ള പല ചിന്തകളായിരുന്നു.
എല്ലാത്തിനും വിരാമമിട്ടുകൊണ്ട് ദൂരെ നിന്നും വരുന്നുണ്ട് അവള്‍.
നീലയില്‍ കുഞ്ഞു കുഞ്ഞു പൂക്കളാല്‍ പൊതിഞ്ഞ ചുരിദാരില്‍ അവള്‍ കൂടുതല്‍ മനോഹരിയായിരുന്നു.
അടുത്തേക്ക് എത്തും തോറും നെഞ്ചിലെ തീ ശരീരമാകെ പടര്‍ന്നു.
ഗൗരി ഒരു നിമിഷം ഒന്ന് വരു.
എന്താ സഖാവേ ഒരു പരുങ്ങല്‍.
ആദ്യമായി എന്നെ കാണുന്നവള്‍ അല്ല ഗൗരി. സമര ഇടങ്ങളിലും,വായന മുറികളിലും ഞങ്ങള്‍ പറയാതെ പങ്കുവെച്ചിരുന്ന എന്തൊക്കെയോ ഉണ്ട്.
അവള്‍ മറ്റൊന്നും പറയാതെ എന്റെ കൂടെ ഗുല്‍മോഹറിന് അടുത്തേക്ക് വന്നു.
പ്രണയം പറയാനായി ഗൗരിയുടെ അടുത്തേക്ക് ചേര്‍ന്നപ്പോള്‍ ഉണ്ട കണ്ണിലെ കൃഷ്ണ മണിക്കുള്ളില്‍ എന്നെ തന്നെ കണ്ട് പകച്ച ഞാന്‍ ഒരടി പിന്നോട്ടാഞ്ഞു.
പിന്നെ ശബ്ദം പുറത്തേക്ക് വന്നതേയില്ല.
അവള്‍ ബാഗ് തുറന്ന് ചുവപ്പും നീലയും കലര്‍ന്ന വാലന്റൈന്‍സ് ഡേ കാര്‍ഡ് എന്റെ നേരെ നീട്ടി, ഇതല്ലേ സഖാവേ പറയാന്‍ വന്നത്.
ഇതിലൊരു കഥയെഴുതിയിട്ടുണ്ട് പക്ഷെ പൂര്‍ത്തിയായിട്ടില്ല. ഇനി സഖാവത് മുഴുമിപ്പിച്ചോ.
അവളതും പറഞ്ഞ് മുഖം നിറയെ ചിരിയുമായി എന്നെ കടന്നു പോയി.
ആ ചിരിക്ക് പുറകിലും ഒപ്പവും കാലങ്ങള്‍ ഒരുപാട് പോയി.
ക്യാമ്പസിലെ ധീരനായ സഖാവിന് ജീവിത യാഥാര്‍ഥ്യങ്ങളോട് അത്രമേല്‍ ധീരത കാണിക്കാന്‍ കഴിയാത്തതിനാല്‍,
പുസ്തകത്തിനും,സമരത്തിനും പുറത്തെ ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ അവള്‍ ഗുല്‍മോഹറില്‍ നിന്ന് ഞെട്ടറ്റ് പാറി പോവുകയായിരുന്നു.
ഇന്നും ഗൗരി തന്ന വാലന്റൈന്‍ കാര്‍ഡിനുള്ളിലെ
എന്നോടുള്ള പ്രണയത്തിന്റെ തീ ജ്വാല, എഴുതി മുഴുമിപ്പിക്കാത്ത കഥയിലെ ഓരോ അക്ഷരത്തിലും പൊള്ളിക്കുന്നുണ്ട്.
ആ കഥ പൂര്‍ത്തിയാക്കാന്‍ ഇനിയും എനിക്ക് കഴിഞ്ഞിട്ടില്ല.
സ്വയം നഷ്ട്ടപെട്ട കഥയിലെ കഥാപുരുഷനായി കഥ തുടരുകയാണ്.
Content Highlights: AdipoliyaneLove ValentinesDaySpecial 2019