ഈ ലോകം വെടിഞ്ഞ ഏതോ പ്രണയികള്‍
ഇവിടെ ഉപേക്ഷിച്ച സ്വപ്നമാണ് ഞാനും നീയും.
എന്തെങ്കിലും ഒന്ന് പറയൂ
ഞാന്‍ നിന്നെക്കുറിച്ച് പറയാം.
ഒന്ന് പാടുമോ
ഞാന്‍ നിന്റെ പ്രണയത്തിന്റെ ആഴമറിയാം.
നീയില്ലാതായ ഈ ലോകം ഏറ്റവും വേദനാജനകമാണ്
എനിക്ക് കാണാം നീ പെരുമാറിയ ഇടങ്ങള്‍.
അവിടെയെല്ലാം അദൃശ്യതയില്‍-
നിന്നെ വരച്ചിരിക്കുന്നു.
നിന്റെ ഉടലിന്റെ രൂപം ആരോ വരച്ചത് ഞാന്‍ കണ്ടു.
എനിക്ക് പരിഭവമോ സങ്കടമോ ഇല്ല
ആത്മാവിനെ വരച്ചത് ഞാന്‍ മാത്രമാണ്
ഞാനൊരു ചിത്രകാരനല്ല
എന്നിട്ടും നീയൊരു ചിത്രമായി.
ഞാന്‍ കവി അല്ലാഞ്ഞിട്ടും
നീ ഉപമകളായി.
പാട്ടുകാരന് ഞാന്‍ പാടിയിട്ടും
നീ ഗാനമാവാഞ്ഞതെന്തേ.
നിന്റെ അടിവയറ്റില്‍ ഉമ്മവെച്ച് കാതോര്‍ത്തപ്പോള്‍
പൊക്കിള്‍ചുഴിയുടെ ആഴത്തില്‍ നിന്ന്-
കേട്ട രാഗം മോഹനമായിരുന്നു.
പിറവിയുടെ നിഗൂഡ ഭാഷ അങ്ങനെ ഞാനറിഞ്ഞു.
കോരിക്കുടിക്കുമ്പോള്‍ ഞാന്‍ നിനക്ക് ജലമായി
തിന്നുമ്പോള്‍ കനിയായി
ഉറങ്ങുമ്പോള്‍ ഉപധാനമായി
ഊതിക്കെടുത്താന്‍ ഒടുവില്‍ വിളക്കുമായി.
നിന്റെ അരക്കെട്ടിലൂടെയാണ്
ഞാന്‍ സൂര്യകാന്തിപ്പാടം കണ്ടത്.
നീയെന്റെ ചെവി കടിച്ചുമുറിച്ചു-
എന്നെ വാന്‍ഗോഗ് എന്ന് വിളിച്ചു.
ചരിത്രം പറഞ്ഞു തന്ന
പ്രേമോപഹാര കഥകളൊക്കെയും നീയാകണം.
നീലാകാശത്തിന് ഇവളുടെ കണ്ണുകള്‍ നല്‍കൂ
മലര്‍ന്ന് കിടന്ന്
ആ കണ്ണുകളിലേക്ക് നോക്കി നോക്കി
ഞാന്‍ അഴിഞ്ഞുതീരട്ടെ.
ഇവളെ മതിയാവോളം പുണര്‍ന്ന്
ഞാന്‍ നിന്നിലെക്ക് വരാം മരണമേ.
അതുവരെ ഇവളുടെ കുങ്കുമവിരലുകള്
നെറ്റിയില്‍ ചേര്‍ക്കുക.
പ്രേമത്തിന് എവിടെ നേരം എന്നു ചോദിച്ചു മാധവിക്കുട്ടി.
ശരിയാണ് പ്രേമത്തിന് നേരവും നേരുവുമില്ല.
പ്രണയമല്ല പ്രണയിയാണ് സത്യം.
പ്രണയിയല്ല പ്രണയമാണ് സമയം.
പ്രപഞ്ച മഹാ സമയം.
മഴ വന്നുപോയി
നിന്നെ നനച്ച്, നിന്റെ ഉടലിനെ കുതിര്‍ത്ത്
നാഭീഹര്ഷമായി നൃത്തമാടിപ്പോയി.
നിന്റെ കണ്ണുകളിലിപ്പോള്‍
ചിങ്ങവെയിലിന്റെ, നിലാവിന്റെ, തിരയിളക്കം.
മഴയെഴുതിയ നിന്നെ-
മഞ്ഞുകാലം വരെ ഞാന്‍ ചുംബിച്ചുറക്കും.
വേനലില്‍ ഞാന്‍ വേര്‍പെടും.
പ്രണയച്ചുഴിയില്‍ നൊന്ത് കറങ്ങുമ്പോള്‍
മഴയൊരുക്കം വീണ്ടും കാണാം.
ഋതുചക്രമേ നീയാണ് പ്രണയം പറഞ്ഞു തന്നത്.
ഓര്‍മിക്കണേ നിന്റെ ഓര്മ ഒരാലയമാണ്
ഞാന്‍ അതില്‍ വസിക്കും.
വെണ്ണക്കല്‍ ചുവരുകളും, പടവുകളും-
സുഗന്ധ ധൂപങ്ങളുമുള്ള അവിടം
എനിക്ക് നിത്യ അഭയം
നീ ഒറ്റക്ക് പണിത താജ്മഹല്‍.
എത്രയോ കാലമായി യാത്ര ചെയ്യുന്നു
എന്നിട്ടും തിരിച്ചെത്തുകയാണല്ലോ
അതുകൊണ്ടാണ് അങ്ങനെ വിളിച്ചത്, ജീവിതമെന്ന്.
നല്ല മഴയത്ത് വെറും മണ്ണില്‍ നിന്നോടൊത്ത്
ഒരു ക്രീഡ എന്റ സ്വപ്നമായിരുന്നു.
വിണ്ടുപൊട്ടിയ മണ്ണിലേക്ക് മഴ വന്നതേയില്ല
ഒടുവില്‍ മഴ വന്നപ്പോഴാവട്ടെ
എന്റെ സ്വപ്നങ്ങള്‍ക്ക് കുറുകെ
നീ മഴയില്‍ ഇല്ലാതെയായി.
നീ നിവര്‍ത്തിപ്പിടിച്ച കുടയില്‍
ഞാന്‍ എന്തെല്ലാം സ്വപ്നം കണ്ടിരുന്നു
കാറ്റില്‍ ആഞ്ഞുപൊട്ടി മഴ ഉലഞ്ഞപ്പോള്‍
കുട മുകളിലേക്ക് തുറന്നുപോയി
പിന്നെയത് പാറിപ്പോയി
ഞാന്‍ ഒറ്റയ്ക്ക് നനഞ്ഞു.
ജന്മം കിട്ടുന്നതിന് മുമ്പ് നമ്മള് എവിടെയായിരുന്നു
ഈ പ്രണയം എവിടെയായിരുന്നു
ജന്മാന്തരം ഇത് എവിടെപ്പോയ് മറയും
അതോര്‍ക്കുമ്പോഴാണ് പ്രേമമേ
ഇത്രയും ആകുലത.
ഋതുഭേദങ്ങളാണ് പ്രണയമുണ്ടാക്കിയത്
വെയിലാണ് മാടിവിളിച്ചത്
നിലാവാണ് ഓമനിച്ച് വളര്‍ത്തിയത്
മഴയാണ് ചുംബിച്ചുണര്ത്തിയത്
പ്രണയമുണ്ടാക്കിയത് ഋതുഭേദമാണ്