ഒരു വാലന്റൈന്‍ ദിനത്തിലാണ് സൂര്യകാന്തി എന്നെ കാണാന്‍ വന്നത്. പറവൂരുകാരിയായ അവള് ഓസ്ട്രേലിയയില്‍ സോഷ്യല്‍ വര്‍ക്കറാണ്. സര്‍ക്കാര്‍ ഫണ്ടിങ് ഉപയോഗിച്ച് അശരണരായ വയോധികരെ പരിചരിക്കുന്ന കേസ് മാനേജര്‍. മക്കളില്ലാത്ത, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മൂമ്മമാരെക്കുറിച്ച് പറയുമ്പോള്‍ സൂര്യകാന്തിയുടെ കണ്ണുകള്‍ നിറയും.
ഒരു സ്നേഹസ്പര്‍ശത്തിനായി കൊതിക്കുന്ന 'സ്കിന്ഹംഗര്' വാര്‍ധക്യത്തെക്കുറിച്ച് അവള് പറഞ്ഞപ്പോള്‍ എനിക്ക് ശ്വാസംമുട്ടി. അവള് ശുശ്രൂഷിക്കുന്ന, കൗണ്‍സലിങ് നടത്തുന്ന മെല്‍ബണിലെ എയ്ജ്ഡ് ഹോംസ് ഞാന്‍ മനസ്സില്‍ക്കണ്ടു. സൂര്യകാന്തിയോടുള്ള എന്റെ പ്രണയത്തില്‍ ആരാധനയും നിറഞ്ഞു.
സൂര്യകാന്തി നല്ലവായനക്കാരിയാണ്. ആദ്യമായാണ് ഞങ്ങള്‍ കാണുന്നത്. അവള് എന്നെ വിളിക്കുക 'കഥ' എന്നാണ്. 'കഥേ' എന്ന് അവള് നീട്ടിവിളിക്കുമ്പോള്‍ വലിയകൗതുകവും ആനന്ദവും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഓസ്ട്രേലിയയിലേക്ക് പോകുന്നതിനുമുന്പ് അവള് ആദ്യമായി എനിക്ക് അയച്ച കത്തിന്റെ വിലാസം ഇങ്ങനെയായിരുന്നു: കഥ, പ്രപഞ്ചം, കോഴിക്കോട്-5.
കോഴിക്കോട്ട് ആദ്യമായി വരികയാണ് അവള്. പേരുകേട്ട മിഠായിത്തെരുവും മാനാഞ്ചിറയും പൊറ്റെക്കാട്ട് പ്രതിമയും അവള്‍ക്ക് കാണണം. പഴയ മിഠായിത്തെരുവിന് ഒരു പ്രണയപരിവേഷം ഉണ്ടായിരുന്നു. അന്നത്തെ കമിതാക്കള്‍ മിഠായിത്തെരുവിലെ ആള്ക്കൂട്ടത്തിലൊളിച്ചാണ് പ്രണയം പങ്കുവെച്ചത്. സ്വീറ്റ്മീറ്റ് സ്ട്രീറ്റ് ആണ് എസ്.എം. സ്ട്രീറ്റ് ആയത്. ഹലുവക്കടകളും മിഠായിക്കടകളും ധാരാളമുണ്ടായിരുന്ന തെരുവിന് ബ്രിട്ടീഷുകാര്‍ അരുമയോടെ നല്കിയ പേരാണ് സ്വീറ്റ് മീറ്റ് സ്ട്രീറ്റ്.
പഞ്ചസാരയില്‍ പൊതിഞ്ഞ മധുരദ്രവ്യമായിരുന്നു Sweet meat, മധുര ദര്‍ശനമെന്നും വാഗര്‍ഥം മാറ്റിപ്പറയാം. ഹലുവക്കടകള്‍ ഇന്ന് പേരിനുമാത്രമേയുള്ളൂ. മിഠായിത്തെരുവ് തുണിത്തെരുവായി മാറി. മരിച്ചുപോയ ഗീതാ ഹിരണ്യന് എന്ന കഥാകാരി ഒരു സാരിവാങ്ങാന്‍ വേണ്ടിമാത്രം പഴയ പ്രണയസ്മരണയില്‍ മിഠായിത്തെരുവിലെ 'ഉല്ലാസ്' തേടിവന്നത് ഓര്‍മവരുന്നു.
സൂര്യകാന്തിയയെയും കൊണ്ട് ഞാന്‍ മിഠായിത്തെരുവിലെത്തി. ജീവന്‍തോമസ് നിര്‍മിച്ച പൊറ്റെക്കാട്ടിന്റെ പ്രതിമയ്ക്കുമുന്നില്‍ നിന്നു. പൊറ്റെക്കാട്ടിന്റെ സഞ്ചാരസാഹിത്യമെല്ലാം സൂര്യകാന്തി വായിച്ചിട്ടുണ്ട്. 'ഭയങ്കരം റൊമാന്റിക്കാണ് പൊറ്റെക്കാട്ട്' എന്ന് അവള് പറയും. പൊറ്റെക്കാട്ടിന്റെ കഥാപുസ്തകങ്ങളുടെ പേരുകള്‍ നോക്കൂ. പുള്ളിമാന്‍, ഇന്ദ്രനീലം, പൗര്‍ണമി, രാജമല്ലി, കനകാംബരം, കാട്ടുചെമ്പകം, നിശാഗന്ധി, ഏഴിലംപാല, ചന്ദ്രകാന്തം! ശരിയാണ്. ഞാന്‍ ഓര്‍ത്തു.
ചന്ദ്രകാന്തം എന്ന വീട്ടില്‍ പില്ക്കാലത്ത് പൊറ്റെക്കാട്ടിന്റെ മകന് പാമ്പുകളെ വളര്‍ത്തി കൂടെക്കഴിഞ്ഞകഥ ഞാന്‍ സൂര്യകാന്തിയോട് പറഞ്ഞില്ല. വാലന്റയിന്‍ മിഠായിത്തെരുവിനെ സ്വാധീനിച്ചതായി കണ്ടില്ല. ''പ്രണയം കഥയ്ക്ക് എന്തുതന്നു?'' -സൂര്യകാന്തി ചോദ്യമായി. ഞാന്‍ പറഞ്ഞു ''നൂറ്റിയൊന്ന് പ്രണയപാഠങ്ങള്‍ കാവ്യകഥപോലെ ഇപ്പോള്‍ എഴുതിയിട്ടുണ്ട്. അതൊക്കെയും പ്രണയം തന്നതാണ്.'' ഒരു പ്രണയപാഠം ഞാന്‍ പറഞ്ഞുകൊടുത്തു.
''ഇവിടെ മഴയാണെന്നുപറഞ്ഞപ്പോള് നീ അവിടെ ഓസ്ട്രേലിയയിലും മഴയാണെന്നുപറഞ്ഞു.
ആ മഴ ഞാന്‍ കണ്ടിട്ടില്ല.
ഈ മഴയാണോ ആ മഴയാണോ പ്രിയം എന്ന് ചോദിച്ചപ്പോള്‍ നീ പെട്ടെന്ന് മറുപടി പറഞ്ഞു.
ഒരിക്കല്‍ നാം ഒന്നിച്ചുനനഞ്ഞ മഴ''
സൂര്യകാന്തി പിന്നെ പ്രണയസംവാദമായി.
''ഏതാണ് കഥയുടെ ഇന്നത്തെ വാലന്റയിന്‍ ഗാനം?''
ഞാന്‍ പാടി: ''മാനസേശ്വരി മാപ്പുതരൂ...''
''അതെന്താ അങ്ങനെയൊരു പാട്ട്?''
''ജന്മജന്മാന്തരങ്ങളിലൂടെ
രണ്ട് സ്വപ്നാടകരെപ്പോലെ
കണ്ടുമുട്ടിയ നിമിഷംനമ്മള്-
ക്കെന്താത്മനിര്വൃതിയായിരുന്നു -അതുകൊണ്ടാണ്''.
''ഇതെന്താ വയലാറിനെ പിടിച്ചത്? പി. ഭാസ്കരനോടല്ലേ കഥയ്ക്ക് പ്രേമം?''
''ദിവ്യസങ്കല്പങ്ങളിലൂടെ
നിന്നിലെന്നും ഞാനുണരുന്നു!
നിര്വചിക്കാനറിയില്ലല്ലോ
നിന്നോടെനിക്കുള്ള ഹൃദയവികാരം''
ആ പാട്ടിന്റെ ചരണം പാടി ഞാന്‍ പറഞ്ഞു.
''വയലാര്‍ പ്രണയം നിര്‍വചിക്കാന്‍ അറിയില്ലല്ലോ എന്നുപറയും. ഭാസ്കരന്മാഷ് അത് ലളിതമായി വിടര്‍ത്തി കാണിച്ചുതരും.
''ഇന്നലെ നീയൊരു സുന്ദരഗാനമായെന്‍
പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു
മാമകകരാംഗുലീചുംബനലഹരിയില്
പ്രേമസംഗീതമായി നീ പുറത്തുവന്നു...''
സൂര്യകാന്തി അടുത്ത ചോദ്യമായി.
''ഏതാണ് ഇന്നത്തെ വാലന്റയിന്‍ കവിത?''
''അമൃതസത്യം''
''അതാരുടെയാ?''
''എന്‍.കെ. ദേശത്തിന്റെ''
''കേള്‍ക്കട്ടെ''
''ഒരു പെണ്കിടാവിനെപ്പണ്ടു ഞാനെ-
ന്തരുമയായ് സ്നേഹിച്ചിരുന്നുവെന്നോ
എവിടെയാപ്പെണ് കിടാവിപ്പോഴെന്നോ?
അറിവീല, ചോദ്യം കഥയില്‍ നിന്നോ?
അഴകുള്ള കള്ളങ്ങളേച്ചുകെട്ടാ-
തമൃതില്ക്കുതിര്ന്നൊരു നേരുകാട്ടാം.
അവളെ ഞാന്‍ സ്നേഹിച്ചപോലൊരാളും
ഒരുവളെ സ്നേഹിച്ചീലിത്രനാളും!''
''കഥേ, ഇനിയൊരു കഥപറയ്, വാലന്റൈന്‍ കഥ...''
ഞാന്‍ കഥ പറഞ്ഞുതുടങ്ങി.
''പണ്ട് ഒരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. രാജാവിന് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. അവള് കൊട്ടാരത്തിലെ പൂന്തോട്ടം കാവല്‍ക്കാരനുമായി പ്രണയത്തിലായി. രാജാവ് കാര്യമറിഞ്ഞു. കാവല്ക്കാരന് പിടിക്കപ്പെട്ടു. ദര്‍ബാര്‍ഹാളില്‍ വിളിച്ചുകൂട്ടിയ പ്രജകളുടെ സഭയില്‍ രാജാവ് കാവല്ക്കാരനോട് പറഞ്ഞു. നീ ചെയ്തത് എന്റെ ദൃഷ്ടിയില് വലിയ അപരാധമാണ്. നിന്നെ ഞാന്‍ ശിക്ഷിക്കുന്നത് തലവെട്ടിയോ കഴുവേറ്റിയോ അല്ല. രക്ഷപ്പെടാന്‍ ഒരു പഴുതു തന്നുകൊണ്ടാണ്.
രാജാവ് ഒന്നു നിര്‍ത്തി തുടര്‍ന്നു,
ഈ ഹാളിന്റെ ഇങ്ങേ അറ്റത്ത് ഇരുവശങ്ങളിലുമായി രണ്ട് വാതിലുകളുണ്ട്. ഒരു വാതിലിനുപിന്നില്‍ കുറേ നരികളാണ്. മറുവാതിലിനുപിന്നില് ഒരു സുന്ദരി. നീ ഹാളിലൂടെ പ്രജകള്ക്കിടയിലൂടെ നടന്നുവന്ന് ഒരു വാതില്‍ തുറക്കുക. നീ തുറക്കുന്നത് നരിയുടെ വാതിലാണെങ്കില്‍ അവ നിന്നെ കടിച്ചുകീറി കൊല്ലും. സുന്ദരിയുടെ വാതിലാണെങ്കില്‍ നിനക്ക് അവളെയും കൊണ്ട് വേറെ എവിടെയെങ്കിലും പോയി ജീവിക്കാം.
പൂന്തോട്ടം കാവല്ക്കാരന് ഹാളിലൂടെ നടന്നുവന്നു. രാജാവിനുമാത്രമേ ഏതു വാതിലിനുപിന്നില്‍ നരി, ഏതു വാതിലിനുപിന്നില്‍ സുന്ദരി എന്ന സത്യം അറിയുകയുള്ളൂ. എങ്ങനെയോ ഈ രഹസ്യം രാജകുമാരി മനസ്സിലാക്കി.
ഹാളിന്റെ മട്ടുപ്പാവില്‍ കരഞ്ഞുകിടക്കുകയായിരുന്ന അവള് കാവല്ക്കാരന് നടന്നുവരുമ്പോള്‍ മുകളില്‍നിന്ന് രഹസ്യമായി ഒരു വാതിലിനുനേരേ ആംഗ്യം കാണിച്ചു. കാവല്ക്കാരന് ഒന്നു ആലോചിച്ചുനിന്ന് അവള് പറഞ്ഞ വാതില്‍ തുറക്കാതെ മറുവാതില്‍ തുറന്നു. അവിടെ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി അയാളെ കാത്തുനില്പുണ്ടായിരുന്നു!''
ഈ കഥയ്ക്ക് മറ്റൊരു ഭാഷ്യമുണ്ട്. രാജകുമാരി പറഞ്ഞതുപ്രകാരം അയാള്‍ വാതില്‍ തുറന്നു എന്ന് കഥ അവസാനിക്കുന്നു. ഏത് വാതില്‍ എന്ന് കഥാകാരന് പറയുന്നില്ല. കഥവായിച്ച് വായനക്കാര്‍ ഉത്തരംകിട്ടാതെ വെപ്രാളപ്പെടുന്നു.
കഥാകാരന്റെ വീട്ടിലെ ഫോണ്‍ നിരന്തരമായി ബെല്ലടിക്കുന്നു. ഫോണെടുക്കുമ്പോള്‍ ചോദ്യം കേള്‍ക്കുന്നു, ഏത് വാതില്‍? കഥാകാരന് പുറത്തേക്കിറങ്ങുമ്പോള്‍ ആളുകള്‍ പിന്നാലെ ചെന്ന് തോണ്ടിവിളിച്ച് ചോദിക്കുന്നു, ഏത് വാതില്‍?
''സൂര്യകാന്തീ, പറയൂ... ഏത് വാതിലാണ്!''
മിഠായിത്തെരുവിന്റെ കൂട്ടുകാരി പറഞ്ഞു
''നരിയുടെ വാതില്‍ എന്നുപറയുമ്പോള്‍ ഞാന്‍ തനിപ്പെണ്ണാകും. സുന്ദരിയുടെ വാതില്‍ എന്നുപറഞ്ഞാല്‍ കഥയ്ക്കുമുന്നില് ഞാന്‍ ഫ്രോഡാകും. അതുകൊണ്ട് ആദ്യം പറഞ്ഞതുമതി.
പൂന്തോട്ടം കാവല്ക്കാരന് ആ സുന്ദരിയുമൊത്ത് എവിടെയെങ്കിലും പോയി ജീവിക്കട്ടെ. അവര്‍ക്ക് നമ്മുടെ പ്രണയാശംസകള്‍''
ഖല്‍ബകലാതെ, പ്രിയപ്പെട്ടവരേ നിങ്ങള്‍ക്കും.