'അടുത്തടുത്തിരുന്നിട്ടും അറിയാതെ പോകുന്നതാണ് യഥാര്‍ഥത്തില്‍ നഷ്ടപ്പെടല്‍'
ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്കേസ് 
 
ആദ്യമായി എനിക്കുളില്‍ പ്രണയം കവിഞ്ഞൊഴുകിയത് വലിയ രഹസ്യങ്ങളെ  ഉള്ളില്‍ പേറുന്ന കടല്‍ പോലെയായിരുന്നു. പ്രണയത്തിന്റെ കൈവഴികള്‍ എല്ലാം പല കാലങ്ങളിലും പലതായിരുന്നു എല്ലാ കാലത്തും. ഒരിരുട്ടുമുറിയിലേക്ക് വെളിച്ചം പൊടുന്നനെ ചിതറി വീഴും പോലെ ശാന്തമായോ, വിഷാദപ്പെരുമഴയിലേക്ക്  ചിറകായി തണല്‍ തന്ന മരത്തിന്റെ ചില്ലകള്‍ പോലെയോ, ഏകാന്തതയുടെ കറുത്ത ചായങ്ങളിലേക്ക് അറിയാതെ വരച്ചു ചേര്‍ത്ത മഞ്ഞപ്പൂക്കളുടെ ചാരുത പോലെയോ, ഒറ്റയെന്ന അപക്വ ചിന്തയിലേക്ക്  തോള്‍ ചേര്‍ന്ന് നിന്ന പേരില്ലാത്ത സ്വപ്നം പോലെയോ, അങ്ങനെയങ്ങനെ വിസ്മയത്തിന്റെ ആകാശ നീലിമകള്‍ പടര്‍ത്തിയ പ്രണയ ഭാവങ്ങള്‍. 
 
ഓര്‍ത്തെടുക്കുമ്പോള്‍ ഏറ്റവും രസകരമായി, കുറുമ്പോടെ, പഴയ പട്ടുപാവാടക്കാരിയിലേക്ക് മടക്കി കൊണ്ട് പോകുന്ന ഒരു പ്രണയമേ സംഭവിച്ചിട്ടുള്ളൂ ആദ്യത്തെ പ്രണയം. ഗ്രാമത്തിന്റെ സകല ചൈതന്യവും നിറഞ്ഞു നിന്ന കുട്ടിക്കാലത്തില്‍ നിന്നും ഋതുമതിയായ പെണ്ണിലേക്ക് ഉടല്‍രാജ്യം പരകായം ചെയ്ത കൗമാരത്തില്‍ എന്താണ് പ്രണയം എന്ന്, അത് സംഭവിക്കുന്ന വഴികള്‍ എത്ര ദുരൂഹവും സങ്കീര്‍ണ്ണവും ആണെന്ന് മനസിലാക്കി തന്ന പ്രണയം. മറ്റൊരാള്‍ക്കും സ്വന്തമാവരുത് എന്ന സ്വാര്‍ഥതയോടെ നെഞ്ചില്‍ ഏറ്റിയിട്ടും പരസ്പരം പറയാതെ, അറിയാതെ പറയാതെ പോയ പ്രണയം. കാലങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തിയ പ്രണയം.
 
കൗമാരം അതിന്റെ എല്ലാ നിഗൂഢതകളും പ്രകടിപ്പിച്ചു തുടങ്ങിയ സ്‌കൂള്‍ കാലം. ഏകാന്തവും വിരസവുമായ പകലുകള്‍, രാത്രികള്‍. ഡയറിയുടെ താളുകളില്‍ മുഖമില്ലാത്ത സങ്കല്‍പ്പ കാമുകന് വിഷ്ണു എന്ന് പേരിട്ട് സങ്കടങ്ങളും സന്താപങ്ങളും പരിഭവങ്ങളും കുത്തി നിറച്ചിരുന്ന, കവിതകള്‍ക്കും നോവലുകള്‍ക്കും ഇടയില്‍ ഉറങ്ങുകയും ഉണരുകയും ചെയ്ത പെണ്ണ്. എന്നിലേക്ക് പ്രണയം കടന്നു  വരിക എളുപ്പമായിരുന്നു. വായിച്ചു കൂട്ടിയ കഥകളിലെ പ്രണയിനികളിലേക്ക് എന്നെ പ്രതിഷ്ടിച്ചുകൊണ്ട് ഞാന്‍ സ്‌നേഹത്തിന്റെ ശിഖരങ്ങള്‍ ഇളവെയിലിലേക്കും മഴയിലേക്കും കാടിന്റെ പച്ചപ്പിലേക്കും  തോടിന്റെ തുടിപ്പുകളിലേക്കും ചായ്ച്ചു വെച്ചു. 
  
പത്താം ക്ലാസില്‍ പഠിക്കുന്ന സമയം. വല്ലപ്പോഴും കണക്കിന്റെ ഹോംവര്‍ക്ക് പുസ്തകങ്ങളുമായ് പഠിക്കാനായി ഞാന്‍ ചെല്ലാറുണ്ടായിരുന്ന ഒരു വീടുണ്ട്. രാഷ്ട്രീയം എന്ന് കേള്‍ക്കുമ്പോള്‍ പാര്‍ട്ടി മീറ്റിങ്ങുകളും ചര്‍ച്ചകളും നടക്കുന്ന ആ വീട് തന്നെയാണ് ഇപ്പോഴും ഓര്‍മ വരിക. അവിടെ എല്ലാവരും വിദ്യാഭ്യാസം ഉള്ളവരും ജോലിക്കാരും ആരുന്നു. കാറല്‍ മാര്‍ക്‌സും ചെഗുവേരയും ഇ.എം.എസും ചിത്രങ്ങളായി തൂങ്ങുന്ന വീടിന്റെ ഉമ്മറം. 
 
തോടും റോഡും കടന്ന് വീണ്ടും പല കുറുവഴികള്‍ താണ്ടി, നിറയെ കരിങ്കല്ലുകള്‍ പാകിയ വലിയ നട കയറുമ്പോള്‍ പലപ്പോഴും കണ്ടു ഇറയത്ത് കാവി മുണ്ടുടുത്ത് പുസ്തകത്തിലേക്ക് തല പൂഴ്ത്തിയിരുന്ന് പഠിക്കുമായിരുന്ന ആ പതിനേഴുകാരനെ. മെലിഞ്ഞു കൊലുന്നനെയുള്ള, ഇരുണ്ട നിറമുള്ള, ശാന്തനായ, ആ സഖാവിനെ. എന്റെ നീളന്‍ പാവാടയുടെ ഞൊറികള്‍ അരികില്‍ എത്തുമ്പോള്‍ തലയുയര്‍ത്തി സഖാവ് ഒന്നു നോക്കും. ഇറയത്തിന്റെ പടികളില്‍ നിന്ന് നേരിയ ഒരു പുഞ്ചിരിയോടെ നീങ്ങി ഇരിക്കും. ആ വീട്ടിലെ ബന്ധുവായിരുന്നു ആ സഖാവ്. അവിടെ  പലപ്പോഴും ഞാന്‍ വരുന്നത് കണ്ടിട്ടും എന്നോടധികം സംസാരിക്കാത്ത അവന്റെ പ്രകൃതത്തിനു നേര്‍ക്ക് ഗര്‍വ്വോടെ ഒരു ചിരി നീട്ടിയെറിഞ്ഞ് ഞാന്‍ അകത്തേക്ക് നടക്കും. സഖാവ് വീണ്ടും പുസ്തകങ്ങള്‍ക്ക് ഇടയിലേക്ക് മുഖം ഒളിപ്പിക്കും. ഞാനന്ന് കണക്കിന് മണ്ടി ആയിരുന്നു എന്നത് സഖാവിനു അറിയാം എന്നത് എന്ന് എന്നെ തെല്ലു അലോസരപ്പെടുത്തുകയും ചെയ്തു. 
 
പിന്നീടെപ്പോഴാണ് ഞാന്‍ സഖാവിനെ  ബോധപൂര്‍വ്വം ശ്രദ്ധിച്ചു തുടങ്ങിയതെന്നോര്‍മയില്ല. സ്വപ്നങ്ങളിലേക്ക് സഖാവിന്റെ മുഖം പതിഞ്ഞു പോയ ദിനം പക്ഷേ വ്യക്തമായും ഓര്‍മ്മയുണ്ട്. സഖാവിന്റെ നോട്ടു പുസ്തകത്തില്‍ കൃഷ്ണന്റെ ചിത്രം വരച്ചതിന് ദേഷ്യപ്പെട്ട് കൈ പിടിച്ച് തിരിച്ചപ്പോള്‍ ഉണ്ടായ നീറ്റലില്‍ നിന്നാവണം പ്രണയത്തിന്റെ ആ കുപ്പിച്ചില്ല് നെഞ്ചിന്റെ അടിത്തട്ടില്‍ തറഞ്ഞു പോയത്. നിനക്ക് നൊന്തോ എന്ന ചോദ്യത്തിനു മറുപടി പറയാതെ കണ്ണുകള്‍ നിറഞ്ഞു നിന്ന നേരം പറഞ്ഞു
'സാരോല്ല... നീ ഇതിന്റെ പേരില്‍ പിണങ്ങരുത്.' 
 
കൈ നൊന്തതിന്റെ ദേഷ്യത്തോടെ, സങ്കടത്തോടെ സന്ധ്യക്ക് പടികള്‍ ഇറങ്ങി നിറയെ കായ്ച്ചു നില്‍ക്കുന്ന അക്കേഷ്യാ മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കിയില്ല ജനാലക്കിടയിലൂടെ എന്റെ നേര്‍ക്കു നീണ്ടേക്കാവുന്ന ആ കണ്ണുകളെ. തോടു മുറിച്ചു കടന്ന് വീട്ടിലേക്കുള്ള ഇടവഴി കയറുമ്പോള്‍ ദേഹത്തു വീണ അക്കേഷ്യാ പൂക്കളെ വാത്സല്യത്തോടെ കുടഞ്ഞു കളഞ്ഞു. അവന്‍ പിടിച്ച കൈകളെ ഒന്ന് തൊട്ടു നോക്കി. പൂക്കളുടെ വാസന ഗാഡമായി ദേഹത്തെ പൊതിയും പോലെ. അത്രമേല്‍ തീവ്രമായി അതിനു മുന്‍പൊരിക്കലും ആ പൂക്കളുടെ ഗന്ധത്തെ ഞാനറിഞ്ഞിരുന്നില്ല എന്ന് തോന്നി.
 
അന്ന് രാത്രി എനിക്കുറങ്ങാനായില്ല. ഡയറിയുടെ താളില്‍ വിഷ്ണു എന്ന കപട നാമത്തിനു ചുവട്ടില്‍ ഞാനാ അരൂപിയായ പ്രണയത്തിന് മുഖം വരച്ചു. 
 
പിന്നീട് ഞാനാ വീട്ടില്‍ പോയതെല്ലാം അവനെ തിരഞ്ഞായിരുന്നു. വല്ലപ്പോഴും കാണുമ്പോഴെല്ലാം സഖാവിനു മുന്നിലൂടെ മനപ്പൂര്‍വം ഞാനെന്റെ കൊലുസിന്റെ കിലുക്കം കേള്‍പ്പിച്ചു നടന്നു. സഖാവിന്റെ ശ്രദ്ധ തിരിക്കാനായി വേണ്ടി ഞാനെന്റെ പ്രണയത്തെ സന്ദര്‍ശകയാക്കി. കണക്കില്‍ പോട്ടിയായ എന്നെ സഖാവ് ശ്രദ്ധിച്ചേക്കില്ല എന്ന തോന്നലില്‍ ഞാനെന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ ഒന്നുകൂടി മിനുക്കി. കുളിച്ചു പിന്നിയ മുടിയില്‍ തുളസിക്കതിര്‍ ചൂടി, മറുകു പോലെ കുത്തിയ കറുത്ത പൊട്ടിനു മീതെ ചന്ദനക്കുറി വരച്ചു. അവന്റെ കണ്‍വെട്ടത്ത് മനപ്പൂര്‍വ്വം പലവട്ടം പ്രത്യക്ഷപ്പെട്ടു. പക്ഷേ എന്റെ ശ്രമങ്ങള്‍ ഒന്നും ഫലം കണ്ടില്ല. എനികവനോടുള്ള ഇഷ്ട്ടത്തിന്റെ പേരോ ലക്ഷ്യമോ ഒന്നും എനിക്കും വ്യക്തമായിരുന്നില്ല. പക്ഷേ അവിടെ വരുന്ന ഒരു പെണ്‍കുട്ടിയും അവനോടു സംസാരിക്കുന്നത് എനിക്കിഷ്ട്ടമായിരുന്നില്ല. അങ്ങനെയാണ് എനിക്ക് പ്രീയപ്പെട്ട കളിക്കൂട്ടുകാരി എന്റെ ശത്രു ആകുന്നതും. 
 
സഖാവിന്റെ നേരങ്ങളെല്ലാം പുസ്തകങ്ങള്‍ തിന്നു തുടങ്ങി.  ഞാനോ സഖാവിനു ചുറ്റും എപ്പോഴും കാക്ക ദൃഷ്ട്ടിയുമായി ചുറ്റി പറ്റി നടന്നു. ഓരോ തവണയും സഖാവിനെ കാണുമ്പോള്‍ മനസ്സില്‍ പൂമ്പാറ്റകള്‍ പാറി. ഹൃദയത്തിന്റെ താളഗതികള്‍ ഉയര്‍ന്നു. കണ്ണുകള്‍ പ്രണയത്തിന്റെ പ്രകാശം പരത്തി. കൊലുസിന്റെ കിലുക്കങ്ങളെ അവന്റെ അരികിലൂടെ ഞാന്‍ കൊഞ്ചിച്ചു നടത്തി. പക്ഷേ എന്നെ നോക്കുന്ന അവന്റെ കണ്ണുകളില്‍ പ്രണയത്തിന്റെ യാതൊരു കൗതുകവും കണ്ടെത്താനായില്ല. എനിക്കുറക്കം നഷ്ട്ടപ്പെടുന്നത്ര തീവ്രമായ എന്തോ ഒരു വികാരം ചിന്തകളില്‍ തിളച്ചു മറിയുന്നത് അനുഭവപ്പെട്ടു തുടങ്ങി. പ്രത്യേകിച്ചു കാരണങ്ങളില്ലാത്ത നോവുകള്‍ എന്റെ നിന്ദ്രയെ വന്നു നുള്ളിയുണര്‍ത്തുന്നതറിഞ്ഞു. അതാണ് പ്രണയം എന്ന് പതിയെ ഞാന്‍ തീര്‍ച്ചപ്പെടുത്തി. 
 
സഖാവിനോട് ബഹുമാനം കലര്‍ന്ന സ്‌നേഹമായിരുന്നു എനിക്ക്. അവന്റെ വിപ്ലവ സ്വപ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലണം എന്ന് ഹൃദയം ശാട്യം പിടിച്ചു. എന്റെ കാത്തിരിപ്പുകള്‍ എങ്ങുമെത്തിയില്ല. സഖാവിന്റെ ബന്ധു വീട്ടിലേക്കുള്ള വരവ് കുറഞ്ഞു. അവന്‍ ഉപരി പഠനത്തിനായി സ്വന്തം വീട്ടിലേക്കു മാറി. നോവോടെ, അതിലേറെ നിരാശയോടെ ഞാനെന്റെ നെഞ്ചിലെ ലാവയെ ഒളിപ്പിച്ചു വെച്ചു. 
 
വര്‍ഷങ്ങള്‍ വീണ്ടും കടന്നു പോയി. ടൗണില്‍ ബസ് കാത്തു നില്‍ക്കുമ്പോഴൊക്കെ പലപ്പോഴും ഇടവഴി കടന്നു വരുന്ന സഖാവിനെ ഞാന്‍ പ്രതീക്ഷിച്ചു. സംഭവിച്ചില്ല. കാലം എനിക്കായും ഒരു പറിച്ചു നടല്‍ കരുതി വെച്ചിരുന്നു. നഗര ജീവിതം എന്നെയും മാറ്റി.ഒരിക്കല്‍ ബാംഗ്ലൂരിലേക്ക് പോവാന്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ തൊട്ടരികില്‍ സഖാവ്. രൂപം ഏറെ മാറിയിരുന്നു. മെലിഞ്ഞ രൂപം മാറി ഉയരത്തിനോത്ത വണ്ണം.  അപ്രതീക്ഷിതമായ ആ കൂടിക്കാഴ്ച്ചയില്‍ ഒരു നിമിഷം ഞാന്‍ സ്തബ്ദയായി നിന്നു. എന്റെ ചുണ്ടില്‍ ചിരി വിടര്‍ന്നില്ല. പരസ്പരം നോക്കി നില്‍ക്കേ അവനെന്തോ ചോദിച്ചതും മുന്നിലേക്ക് എനിക്ക് കയറേണ്ട ബസ് ഉറക്കെ ഹോണടിച്ച്  ഞരക്കത്തോടെ വന്നു നിന്നു. നോക്കി നില്‍ക്കാതെ വേഗം കയറൂ എന്ന അനിയത്തിയുടെ ശകാരത്തോടൊപ്പം എന്റെ കാലുകള്‍ മുന്നോട്ടേക്കെടുത്തു. തിരിഞ്ഞു നോക്കേ ബസ്സില്‍ തിങ്ങി കൂടിയ അനേകം മുഖങ്ങള്‍ ആ മുഖം മറച്ചു. എത്രയോ കാലം ഞാന്‍ തിരഞ്ഞു നടന്ന സഖാവിന്റെ മുഖം. ഒരിക്കല്‍ എന്റെ സ്വപ്നങ്ങളെ, നിദ്രകളെ  കീഴടക്കിയ മുഖം. 
 
പിന്നീടൊരിക്കലും ഈ നിമിഷം വരേയ്ക്കും ഞാനാ മുഖം കണ്ടിട്ടില്ല. എന്നോ ലീവിന് നാട്ടില്‍ വന്നപ്പോള്‍ അവന്റെ കല്യാണക്കുറി മേശപ്പുറത്തു കണ്ടു ഉള്ളു കാളി. പ്രതീക്ഷകള്‍ക്ക് തീ പിടിച്ചു. ഞാനതിനെ ദയയില്ലാതെ ഊതിക്കെടുത്തി, ആ പ്രണയത്തിന്റെ വേരറുത്തു. തിരിച്ചറിയാതെ പോയ എന്റെ സ്‌നേഹത്തെ ഓര്‍മ്മകളില്‍ ശീതീകരിച്ച് നഗര ജീവിതത്തിന്റെ ഭ്രാന്തന്‍ തിരക്കുകളിലേക്ക് ജീവിതത്തെ കുടഞ്ഞിട്ടു. ഹോസ്റ്റലില്‍ മൊബൈലും ലാപ് ടോപ്പും ഇല്ലാത്ത ഒരുവള്‍ ഞാന്‍ മാത്രമായിരുന്നു.   ജീവിതം പ്രണയത്തിന്റെ, വിവാഹത്തിന്റെ, ഉത്തരവാദിത്തങ്ങളുടെ, ഭാരിച്ച കെട്ടുപാടുകളുടെ കടുത്ത നിറങ്ങളാല്‍ വികൃതമാക്കപ്പെട്ടു. എഴുത്ത് എല്ലാത്തിനെയും മറികടക്കാനുള്ള ഉപാധിയായി. ഭാര്യയും അമ്മയുമായി. 
 
കുറച്ചു നാളുകള്‍ക്കു മുന്നേ ഒരു രാത്രി ഫേസ് ബുക്കിന്റെ ചാറ്റ് ബോക്‌സിലേക്ക് ഒരു മെസേജ് എത്തി.
 
'എവിടെയാണ് നീയിപ്പോള്‍? ഓര്‍മ്മയുണ്ടോ എന്നെ '? മെസേജിനു നേര്‍ക്കുള്ള നീല ഷര്‍ട്ടിട്ട രൂപം കണ്ടപ്പോള്‍ നെഞ്ചിടിച്ചു. അതെ, അതാ പഴയ സഖാവായിരുന്നു.. ഒരിക്കലെന്റെ സ്വപ്നങ്ങളുടെ അധിപനായിരുന്നു ആദ്യ പ്രണയത്തിലെ നായകന്‍ ആയ ആ സഖാവ്. 
 
മറുപടി എഴുതും മുന്‍പേ ഞാന്‍ പ്രൊഫൈലില്‍ കയറി നോക്കി. സഖാവിന്റെ ഭാര്യയെ എനിക്ക് ലഭിക്കാതെ പോയ പ്രണയത്തിന്റെ അവകാശിയെ.  സ്ത്രീ സഹജമായ കുശുമ്പോടെ ഞാനവളുടെ ചിത്രങ്ങളെ നോക്കി. എനിക്കറിയുന്ന പെണ്‍കുട്ടി. ഗായികയും അധ്യാപികയും രണ്ടു കുഞ്ഞുങ്ങള്‍. ആദ്യം മനസില്‍ ഉയര്‍ന്നു വന്ന അസൂയയെ ഇരുണ്ട നിറക്കാരി, പൊക്കമില്ലാത്തവള്‍ എന്നൊക്കെ ഗുണിച്ചും ഹരിച്ചും എനിക്ക് കൂടുതല്‍ മാര്‍ക്കിട്ട്  ഞാന്‍ സമാധാനത്തിന്റെ നെടുവീര്‍പ്പിട്ടു.
 
ഞാനായിരുന്നു നല്ലതെന്ന് അഹന്തയോടെ ഉള്ളില്‍ പറഞ്ഞു. മനുഷ്യ സഹജമായ പ്രണയത്തിലെ സ്വാര്‍ത്ഥത ഒറ്റ നിമിഷം കൊണ്ട് ചിന്തകളില്‍ കൊടി പറത്തി.  ഞാനെന്റെ ആദര്‍ശങ്ങള്‍ കാറ്റില്‍ പറത്തി കീ ബോര്‍ഡില്‍ തുരുതുരെ എന്റര്‍ അടിച്ചു.
'മറക്കാനാവുമോ ... ഓര്‍മ്മേണ്ട് ' എന്ന് സഖാവിന് മറുപടി മെസേജ് അയക്കുമ്പോള്‍ ഓര്‍മ്മകളുടെ ഒരു വലിയ തകരപ്പെട്ടി ആ രാത്രി എന്റെ മുന്നിലേക്ക് തുറന്നു വീണു. ചുറ്റും പൊടിമണങ്ങള്‍, മാറാലകള്‍. 
രണ്ടു ലോകങ്ങളില്‍ രണ്ടു ജീവിതങ്ങളായി മാറി കഴിഞ്ഞതിന്റെ പൂര്‍ണ്ണ ബോധ്യത്തില്‍ നോവോ നഷ്ട്ടബോധമോ തെല്ലും അപ്പോള്‍ എന്നെ തൊട്ടിരുന്നില്ല. മാത്രമല്ല എന്നെ തിരിച്ചറിയാതെ പോയ സഖാവിനോടുള്ള പ്രണയത്തിന് അവന്റെ വിവാഹ ക്ഷണക്കത്ത് കണ്ട നാളുകളില്‍ ഞാന്‍ തീയിട്ടിരുന്നു. 
 
സങ്കോചമില്ലാതെ ഞാന്‍ പറഞ്ഞു.
'എടോ സഖാവേ... തന്നോടെനിക്ക് അസ്ഥിയില്‍ പൂത്ത പ്രണയമുണ്ടായിരുന്നു. സ്‌കൂള്‍ കാലം മുതല്‍ക്ക്. പക്ഷേ താനെന്നെ അറിഞ്ഞില്ലല്ലോ'.
അവനില്‍ നിന്ന് വാ പൊളിച്ചു ചിരിക്കുന്ന സ്‌മൈലി പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് അതിന്റെ മറുപടി വന്നു.
 
'ഞാന്‍ നിന്നെ അറിഞ്ഞിരുന്നു. നിനക്ക് എന്നോടുള്ള ഇഷ്ട്ടത്തെ. നീ സ്‌നേഹിച്ചതിന്റെ എത്രയോ ഇരട്ടി ആഴത്തില്‍ ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കും ഏട്ടനും ഏടത്തിക്കും പോലും അതറിയാമായിരുന്നു. നന്റെ പേര് പറഞ്ഞ് അവരെന്നെ കളിയാക്കുമായിരുന്നു. നിന്റെ ചിരികളെ, വിഡ്ഢിത്തങ്ങളെ, വെളുത്തു മെലിഞ്ഞ വിരലുകളെ ഒക്കെയും എനിക്കിഷ്ട്ടമായിരുന്നു. അറിയാതെ പോയത് നീയാണ്. എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം നീയായിരുന്നു. 
 
'ഞാനൊന്നും എഴുതാതെ ആ വാക്കുകള്‍ തന്നെ വീണ്ടും വായിക്കെ പൂരിപ്പിക്കാന്‍ കഴിയാതെ പോയ, അത്രമേല്‍ തീവ്രമായിട്ടും പറയാന്‍ ധൈര്യം കാണിക്കാതെ പോയ  ആ പ്രണയത്തിന്റെ ഭാഗങ്ങള്‍ അവനെഴുതി ചേര്‍ത്തു.'സന്ധ്യക്ക് നീ വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നു പോകെ നിന്നെ നോക്കി നിന്ന എന്റെ ജാലക കണ്ണുകള്‍ അമ്പലത്തിലെ ഉത്സവത്തിന് നീ ഉണ്ടാകും എന്നുള്ള ഉറപ്പില്‍ നിന്നെ കാണാന്‍ വേണ്ടി മാത്രം ഉത്സവകാലത്ത് ബന്ധു വീട്ടില്‍ മുടങ്ങാതെ വരുന്നത്. 
 
താലപ്പൊലി കണ്ടു നില്‍ക്കുന്ന നിന്നെ നോക്കി നില്‍ക്കുന്നത് ചേച്ചിയുടെ കല്യാണത്തിന്റെ അന്ന് ചെറുക്കന്റെ വീട്ടിലേക്ക് പോയ എന്റെ സീറ്റിനരികില്‍ ചാരി നിന്ന് നിന്റെ  ശ്രദ്ധ പതിയാതെ നോക്കി നിന്നത് എട്ടന്റെ കല്യാണത്തിന് നീ എത്തുമെന്ന പ്രതീക്ഷയില്‍ പ്രണയം തുറന്നു പറയാനൊരുങ്ങി വന്നപ്പോള്‍ നിന്റെ അച്ഛന്‍ മാത്രമായി ചടങ്ങിനു വന്നത് ആ ചടങ്ങില്‍ നീയില്ലെന്നറിഞ്ഞ് സുഹൃത്തുക്കളോട് സങ്കടം പറഞ്ഞത്
നിന്റെ മീതെയുള്ള കൗതുകങ്ങളെ നിന്റെ പേര് ചൊല്ലി പ്രീയപ്പെട്ടവരൊക്കെ കളിയാക്കുന്നത്
നിന്നെ തന്നെ കല്യാണം കഴിക്കണം എന്ന ആഗ്രഹത്തില്‍ കുറച്ചു കൂടി കാത്തിരിക്കണമെന്നു പറയാന്‍ നഗരത്തിലേക്ക് ജോലി കിട്ടി പോകും മുന്നേ നിന്റെ വീട്ടില്‍ വന്നത്.
 
ആളില്ലാത്ത വീടിന്റെ അടഞ്ഞ വാതിലുകള്‍ക്ക് പിന്‍ തിരിഞ്ഞു നടന്നു പോകെ എന്റെ കണ്ണ് നീറി. 
ബാംഗ്ലൂര്‍ എന്ന ഒരേ നഗരത്തില്‍ നമ്മള്‍  ഇരുവരും ഉണ്ടായിരുന്നിട്ടും ഒരു പാതയോരത്തും കോഫീ ഷോപ്പിലും ബസ്സിലോ ഷോപ്പിംഗ് മോളിലോ പരസ്പരം നോട്ടങ്ങള്‍ കോര്‍ത്തില്ല എന്ന് സങ്കടപ്പെട്ടത്' സഖാവ്  എന്നെ കുറിച്ചുള്ള ഓര്‍മ്മകളുടെ വാതിലുകള്‍ ഓരോന്നായി തുറന്നിടവേ എനിക്കെന്തോ ഉള്ളു കനച്ചു. 
 
വീണ്ടും അവന്‍ എഴുതി. 
' ദുബായ് ജീവിതത്തിന്റെ തിരക്കുകളിലേക്ക് വീണ്ടും ജീവിതം വഴി മാറിയപ്പോഴും ഞാന്‍ നിന്നെ തിരഞ്ഞു, ഓര്‍ക്കൂട്ടിലും ഫേസ് ബുക്കിലും. അവിടെയും കണ്ടെത്തിയില്ല. പ്രണയം തുറന്നു പറയാനുള്ള വഴികള്‍ മുന്നില്‍ അടഞ്ഞു തന്നെ കിടന്നു. 
 
വീട്ടുകാര്‍ സമ്മതിക്കാതെ വന്നാലും നിന്നെ തന്നെ വേണം എന്ന ധാരണയില്‍ ജോലി സ്ഥിരമായ ശേഷം നിന്നെ അറിയിക്കാം എന്ന് കരുതിയാണ് വന്നത്. പക്ഷേ അന്ന് നീ വീട്ടില്‍ ഉണ്ടായിരുന്നില്ല. 
 
നിന്റെ വിവാഹം ഉറപ്പിചെന്നു അനീഷ്  പറഞ്ഞു.'. അങ്ങനെയാണ് മറ്റൊരു വിവാഹത്തിന് വീട്ടുകാരുടെ നിര്‍ബന്ധത്തിന് ഞാന്‍ തയാറാവുന്നത്. '. പിന്നീടറിഞ്ഞു അനീഷിനും നിന്നെ ഇഷ്ട്ടമായിരുന്നു. അവന്‍ മനപ്പൂര്‍വ്വം നിന്റെ വിവാഹക്കാര്യം പറഞ്ഞു എന്നെ തെറ്റിദ്ധരിപ്പിച്ചതാണ്. '. ഈ ദുരന്ത പ്രണയ കഥയിലെ വില്ലന്‍ അവനായിരുന്നു.' 
മറുപടി എഴുതുമ്പോള്‍. കണ്ണുകള്‍ നിറഞ്ഞു തൂവി. 
'നീ ഭാഗ്യം ചെയ്തവനാണ്... നിന്റെ പെണ്ണും. സന്തോഷമായിരിക്കുക. അത് തന്നെയാണ് എനിക്കും സന്തോഷം. നന്മകള്‍...പ്രാര്‍ഥനകള്‍... സ്‌നേഹം' 
പക്ഷേ ആ രാത്രി മെസ്സെജിലെ അവസാന വാചകമെന്നപോലെ ഞാന്‍ എന്റെ ഹൃദയത്തോട്  മന്ത്രിച്ചു.
 
'സഖാവേ... നീയാ പ്രണയം തുറന്നു പറഞ്ഞിരുന്നെങ്കില്‍ എന്റെ ജീവിതം ഇത്രമേല്‍ കനത്തു പോവില്ലായിരുന്നു. ദുരന്തങ്ങളുടെ കടലുകള്‍ തനിച്ചു താണ്ടി കടക്കേണ്ടി വരില്ലായിരുന്നു. അതെനിക്കുറപ്പുണ്ട്. ഏതു മതിലുകള്‍ തകര്‍ത്തും നിനക്ക് ഒപ്പം വരാന്‍ ഞാന്‍ തയാറാവുമായിരുന്നു. അത്രമേല്‍ ആഴത്തില്‍ സ്‌നേഹിച്ചിരുന്നു. നീയെന്നെ തോല്‍പ്പിച്ചു കളഞ്ഞ നിമിഷത്തില്‍ ആവണം പ്രണയത്തിന്റെ അന്യോഷണങ്ങള്‍ എല്ലാം എന്നില്‍ പരാജയങ്ങള്‍ ആയത്.  
 
ഇനിയില്ല നമ്മളില്‍ പ്രകടമായ പ്രണയം. അതിന്റെ വേരുകളില്‍ നിന്ന് തായ് വേരുകള്‍ ഇനി മീതേക്ക് പൊട്ടി മുളയ്ക്കില്ല. അത്രമേല്‍ കീഴ്‌പ്പോട്ട്  ഇരു ധ്രുവങ്ങളിലേക്കു അദൃശ്യമായ് വഴി മാറി പോയ നമ്മുടെ പ്രണയത്തിന്റെ വേരുകളെ ഞാന്‍ കൂട്ടി ബന്ധിച്ചിരിക്കുന്നു. ഇനിയൊരു മടക്കമില്ലാത്ത വിധം'.