ജമാലിനെ പ്രേമിക്കാന്‍ തൊടങ്ങിയ അന്ന് മൊതലേയുള്ള ന്റെ ഏറ്റവും വല്യ നഷ്ടബോധമായിരുന്നു ജമാലിന്റൊപ്പം കോളേജീപ്പഠിക്കാന്‍ പറ്റാതിരുന്നത്. ഓന്റൊപ്പം കോളേജീപഠിച്ച എല്ലാര്വായിട്ടും ഓനിപ്പഴും ഭയങ്കര കൂട്ടാണ്. ആണ് ന്നോ പെണ്ണ് ന്നോ ല്ല്യാതെ പിച്ചീം മാന്തീം തോളീക്കയ്യിട്ടും കൂട്ടുകൂടിയുമൊക്കെയാണ് പഠിച്ചത്. പത്താം ക്ലാസ് പാസ്സായപ്പോ ന്നോട് ഉപ്പ പറഞ്ഞതാ വേണങ്കി കോളേജീപ്പൊക്കോളാന്‍.

പക്ഷേ, കെട്ടിക്കാന്‍ പ്രായായ പെണ്ണിനെ കോളേജീ വിടണ കോപ്രായമൊന്നും മ്മടെ കുടുമ്മത്ത് നടക്കില്ലാന്ന് പറഞ്ഞ് ഉമ്മ ആ തീരുമാനത്തെയങ്ങെടുത്ത് ഉപ്പിലിട്ടു. പിന്നേം രണ്ടു കൊല്ലം കൂടി കഴിഞ്ഞിട്ടാണ് ഗള്‍ഫുകാരന്‍ മൊഞ്ചന്‍ സഫീര്‍ മൊഹമ്മദ് ന്നെ നിക്കാഹ് കയിച്ചത്. ഞാന്‍ ഇനി പോയ് വരുമ്പഴക്കും ഇയ്യ് പഠിച്ചു മിട്ക്കിയാവണം എന്നനുഗ്രഹിച്ച് ഇന്നെ കോളേജീച്ചേര്‍ത്തിട്ടാണ് സഫീറ് ഗള്‍ഫീ പോയത്.

ആപ്പോക്കു പോയിട്ട് പിന്നെ തിരിച്ച് വന്നത് സഫീറിന്റെ മയ്യത്താണ്. ആദ്യം അന്റെ കുട്ടിക്കളി മാറട്ടെ ന്ന്ട്ട് മതി മ്മക്ക് കുട്ട്യോള്  എന്നും പറഞ്ഞ് ആദ്യരാത്രി തൊട്ട് എന്നെ നെഞ്ചത്ത് കെടത്തിയൊറക്കീതോണ്ട് ഇനിക്ക് കുഞ്ഞാവേം ഇണ്ടായില്യ. ' ന്റെ മോന്റാഗ്രഹാ... അതോണ്ട് ഞാന്തന്നെ ഓളെ പഠിപ്പിക്കും' എന്ന സഫീറിന്റെ ബാപ്പയുടെ ഉഗ്രശപഥത്തില്‍ ന്റെ കോളേജ് പഠിപ്പ് പൂര്‍ത്തിയാക്കി. പക്ഷേ ശരിക്കിനും പറഞ്ഞാ അയിനും മൂന്നാല് കൊല്ലം മുമ്പേ ജമാലിന്റെ പഠിപ്പ് കഴിഞ്ഞിര്ന്ന്. അതോണ്ട് അപ്പഴൊന്നും ഓനെ കണ്ടിട്ട്ണ്ടായിര്ന്നില്ല. ആദ്യായിട്ട് ഓനെ പരിചയപ്പെട്ട അന്ന് തന്നെയാണ് രണ്ടാളും ഒരേ കോളേജ് കാരാണ്ന്നറീന്നത് അന്ന് മൊതലേ ഓന് പറയാന്‍ കുന്നായിരം കഥകള്ണ്ടായിരുന്നു.

ഓരോ ദിവസം കാണുമ്പഴും ഓരോരോ കൂട്ടുകാരന്മാരടേം കൂട്ടുകാരത്തികള്‌ടേം കഥയിങ്ങനെ പറഞ്ഞോണ്ടിരിക്കും. സത്യം പറയാലോ, ഓന്റെ ചങ്കിന്റെ ചങ്കും ലോജിക്കല്‍ എക്സ്റ്റന്‍ഷനുമായ (അങ്ങനെന്യാന്ന് തോന്ന്ണൂ ഓന്‍ പറയാറ്) സാറേടേം, ഓനോട് ഉള്ളിന്റെയുള്ളിന്റെയുള്ളില്‍ മൊഹബ്ബത്ത്ണ്ടായിരുന്ന സുപര്‍ണ്ണേടേം ഒറ്റയ്ക്ക് യാത്ര പോകുമ്പോ ഓനെ മാത്രം കൂടെക്കൂട്ടാറുള്ള സമീരാ തങ്കച്ചീടെയുമൊക്കെ കഥകള്‍ എന്യൊരു കുശുമ്പത്ത്യാക്കീന്ന് ള്ളതാ നേര്.

മറ്റുള്ളോരേക്കാളൊക്കെ ഓന്റെ വെല്യ കൂട്ടുകാരിയാവണംന്ന് ഇനിക്ക് അന്നേരം തൊടങ്ങിയ വല്ലാത്തൊരാഗ്രഹായിരുന്ന്. ഇന്റെ എല്ലാ വിശേഷോം സങ്കടോം സന്തോഷോമൊക്കെ ഞാന്‍ ഓനോട് മാത്രം പറയും. ഓന്റെയെല്ലാം ഓനെന്നോടും. ഞങ്ങക്കിടയില്‍ ഒരു കുഞ്ഞു രഹസ്യം പോലൂണ്ടാവര്ത് അതായിരുന്നു എന്റാഗ്രഹം. ഒരൂസം ഇത് പറഞ്ഞപ്പോ ഓന്‍ പറഞ്ഞതെന്താന്നോ ഇയ്യെന്റെ ചങ്കിന്റെ ചങ്കിന്റെ ചങ്കല്ലേന്ന്. പിന്നെ താഴത്തൊന്ന്വല്ല ഞാന്‍ നടന്നീര്ന്നത് ഇന്റെ സഫീറിനേം വീടിന്റപ്പ്‌റത്തെ കളിക്കൂട്ടുകാരി രാജിയേയും പോലും ഞാന്‍ മറന്ന് പോയീര്ന്നു.

ഒരൂസം ഞാനോനോട് ചോയ്ച്ചു, ഇന്നെ കെട്ടിക്കൂടേന്ന് കെട്ടിയാപ്പിന്നെ രസൊക്കെ പോവില്ലേ ബഡ്ക്കൂസേ ' ന്ന് പറഞ്ഞ് അന്നോനെന്റെ മണ്ടയ്ക്ക് കിഴ്ക്കി അന്നെനിക്ക് വെല്യ വെഷമം ആവേം ചെയ്തിര്ന്ന്. പിന്നെനിക്ക് തോന്നി, ഓന്‍ കാര്യല്യാണ്ട് അങ്ങനെ പറയണോനല്ലാന്ന്. അപ്പോ ന്റെ വെഷമൊക്കെ പോയി. കെട്ടിയാലും ഇല്ലെങ്കിലും ഓനെന്റെയും ഞാന്‍ ഓന്റെയുമാണല്ലോന്ന് എനിക്കറിയായിര്ന്നന്നല്ലോ. അതോണ്ട് ഞാനതങ്ങട് സയിച്ചു.പിന്നീടിന്നാളാണ് മ്മക്കൊന്നിച്ച് കോളേജീപ്പഠിച്ചാലോ ന്ന്ട്ട് ചത്താലും കൊഴപ്പല്യ. ഇനിക്ക് അന്റെ ഏറ്റോം വെല്യ കൂട്ടുകാര്യാവണം എന്ന് ഓനോട് തൊറന്ന് പറഞ്ഞത്.

അത് കേട്ട് ഓന്‍ ഒറക്കെയൊറക്കെ ചിരിച്ചു. പിന്നേം പിന്നേം ചിരിച്ചു. ഇരുന്നും നിന്നും ചിരിച്ചു. ചിരിച്ച് ചിരിച്ച് കണ്ണീന്നൊക്കെ വെള്ളം വന്നു. ന്ന്് പറഞ്ഞു.'കല്യാണം കയിച്ച് പിള്ളേരെപ്പെറണ പോല്യെല്ല സൗഹൃദം അത് വേറൊര് റെയ്ഞ്ചണ്.

അനക്കൊന്നും അത് പറ്റൂല്ലാ. അന്നെയൊക്കെ പ്രേമിക്കണതന്നെ ദുരന്താ.ഇനിക്കിഷ്ടള്ള കൂട്ടുകാരത്തികള് ണ്ട്. സത്യം പറഞ്ഞാ വേറാരും ഓരോട് മിണ്ടണത് പോലും എനിക്കിഷ്ടല്യാത്ത കൂട്ടുകാരത്തികള്. ആ ലെവല്‍ലിക്കൊന്നും അനക്ക് വരാന്‍ കയ്യൂല്ല മോളേ.ഇനിക്ക് ഇത്രയൊക്കെ സ്‌നേഹേ അന്നോട് കാണിക്കാമ്പറ്റൂ. ഇദന്നെ അധികായിട്ടാ ഇനിക്ക് തോന്നണേ.
ഇത്രയും ഓന്‍ പറഞ്ഞു നിര്‍ത്തീപ്പഴാ ഇനിക്ക് ബോധം വന്നത്. ശെര്യാ... ഈ കുഞ്ഞാമിനയ്ക്ക് റെയ്ഞ്ചിത്തിരി കൊറവാ..