25 വയസ്സ് മാത്രമുള്ള, നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ "നരുന്ത് പോലാരു ചെക്കൻ' ഒരുമ്മച്ചിക്കുട്ടിയേയും കൊണ്ട് നാടുവിട്ടു. ചെക്കന്റെയും പെണ്ണിന്റെയും അടുത്ത സുഹൃത്തുക്കൾ പോലും അന്തം വിട്ടു. പ്രണയമോ, ഇവര് തമ്മിലോ. പിന്നെ, സുരാജ് ചോദിച്ച പോലെ എപ്പോ, എങ്ങനെ ഏതായാലും ചെക്കനും പെണ്ണും കൈപിടിച്ചോടി. പൂക്കൾ വിരിച്ച പാതയായിരുന്നില്ല മുന്നിൽ. കോളേജുകളിൽ രാഷ്ട്രീയം സജീവമാണന്ന്.  സംഘടനാപ്രവർത്തനം സർഗാത്മകമായി കൊണ്ടുനടക്കുന്ന യുവാക്കൾ. വായന, എഴുത്ത്, സമരം, ചെറിയ ചില അടിപിടികൾ സുമേഷ് നസീമയെ കണ്ടത് അങ്ങനെയൊരു പശ്ചാത്തലത്തിലാണ്

"എസ്.എഫ്.എെയുടെ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രവർത്തകരുടെ വീടുകളിൽ പോവേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് നസീമയുടെ വീട്ടിൽ പോകുന്നത്. അന്ന് കുറച്ച് സംസാരിച്ചു.'' നസീമ പിന്നീട് ബാലുശ്ശേരി ഒരു കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു.  ഇരുവരും ഏരിയയിലെ കട്ട സഖാക്കളായി. ഒന്നിച്ച് മുദ്രാവാക്യം വിളിച്ചു, സംഘടനാപ്രവർത്തനത്തിന് വിദ്യാർഥികളെ സംഘടിപ്പിച്ചു. അങ്ങനെനെയങ്ങനെ ഏതോ ഘട്ടത്തിൽ ഇത് വെറും സൗഹൃദമല്ലല്ലോ എന്ന് തോന്നിയത് സുമേഷിന്.

"ആദ്യം ഇഷ്ടമാണെന്ന് പറയുന്നത് ഞാനാണ്. അതൊന്നുമല്ല നമ്മൾ വെറും സുഹൃത്തുക്കൾ മാത്രാണെന്ന് അവളും. അപ്പോ ഞാൻ വല്ല്യ ഡയലൊഗൊക്കെ അടിച്ചിറക്കി. നീയെന്നെ വെറും സഖാവായി കണ്ടോ, പക്ഷേങ്കീ എനിക്കിഷ്ടാണ്. ഇഷ്ടമാണ് എന്ന് ഞാൻ പറയുന്നത് എന്റെ ജനാധിപത്യം. തിരിച്ചതില്ല എന്ന് പറയുന്നത് നിന്റെ ജനാധിപത്യം. കൊറച്ചങ്ങനെ പൊറകെത്തന്നെ വിടാണ്ട് നടന്നു.'' 

നിലവിളിച്ചുപോയ കാലം
എപ്പോഴെങ്കിലും പിന്തുണക്കുമെന്ന് കരുതിയ വീട്ടുകാർ ഇതൊന്നും നടക്കില്ല എന്ന വാദത്തിൽ ഉറച്ചുനിന്നു. ചേർത്തു നിർത്തിയില്ലെങ്കിലും, പ്രശ്നത്തിലാകില്ല എന്ന് ഏകദേശം ബോധ്യപ്പെട്ടപ്പോൾ രണ്ടുപേരും കോഴിക്കോടെത്തി. "ഗുലാബ് ജാൻ, രജനി ഇവർ രണ്ടുപേരും നമ്മളെപ്പോലെ മിശ്രവിവാഹിതരാണ്. പൊക്കുന്ന് മലയ്ക്കടുത്ത് ഒരുകുഞ്ഞ് വീടെടുത്ത് അവർക്കൊപ്പം താമസിച്ചു തുടങ്ങി. അപ്പോ, ചില സുഹൃത്തുക്കളും സഖാക്കളുമൊക്കെ വന്ന് കല്ല്യാണം ഒരു ചടങ്ങായി നടത്തണം എന്ന് പറഞ്ഞുതുടങ്ങി.

അങ്ങനെ കോഴിക്കോട് ബാങ്ക് ഒാഡിറ്റോറിയത്തിൽവെച്ച് എസ്.എഫ്.എെ., ഡി.വൈ.എഫ്.എെ. നേതൃത്വത്തിൽ ഒരു റിസപ്ഷൻ. അതിൽ നാട്ടിലെ കുറേപ്പേരെ അവർ ക്ഷണിച്ചു. നമുക്ക് യാതൊരു പരിചയവുമില്ലാത്തവർ. അവരൊക്കെ വന്ന് പൈസയൊക്കെ തന്നു. വെള്ളയിൽ പ്രദേശത്തൊക്കെ ഉള്ള മീൻ വിക്ക്ന്ന ആൾക്കാരൊക്കെയാണവർ. അവര് നൂറ്, അഞ്ഞൂറ് ഒക്കെ തന്നിട്ട് പോവുന്നു. മീൻ മണക്കുന്ന, മണ്ണ് മണക്കുന്ന പൈസ... '' സുമേഷിന്റെ കണ്ണ് ചെറുതായി നനഞ്ഞു.

gRIHAഅന്നത്തെ കഷ്ടദിവസങ്ങൾ പെട്ടെന്നൊന്നും തീർന്നിരുന്നില്ല. "നസീമയ്ക്കൊന്നും വീട്ടിലിടാനുള്ള ഡ്രസ്സ് പോലും ഇല്ല. ഫ്രണ്ട്സൊക്കെ വന്നിട്ടാണ് അതൊക്കെ വാങ്ങിക്കൊടുത്തത്. കയ്യിൽ ഭക്ഷണം കഴിക്കാനൊന്നും പൈസയില്ല. ചോറ് വാങ്ങിത്തരുമോന്നു ചോദിച്ചാൽ ആരെങ്കിലും വാങ്ങിച്ചുതന്നേക്കും. പക്ഷെ, കയ്യിലഞ്ചിന്റെ പൈസ പോലൂല്ലാണ്ട് ഒരു പെണ്ണിനേം കൂട്ടി പോയതല്ലേ. അനുഭവിക്കട്ടേ എന്നാകും മിക്കവരുടേം മനസില്. അതോണ്ട്, ആരോടും ഒന്നും പറഞ്ഞില്ല. മാനാഞ്ചിറ മൈതാനത്തിരുന്ന് കെട്ടിപ്പിടിച്ചു നെലവിളിച്ചു.''

കൂടുതൽ വായിക്കാം ഗൃഹലക്ഷ്മിയിൽ