Valantine
വര: ദ്വിജിത്ത്

നാലാം ക്ലാസിലാണന്ന്. മാര്‍ച്ച് മാസം. മലബാറില്‍ പൂരക്കാലമാണത്. അറേക്കാല്‍ (തെയ്യം കഴിക്കുന്ന കാവുകള്‍) പൂവിടലും പൂരക്കളിയുമുണ്ട്. മലബാറിലെ പൂരം, കാമന് പുനര്‍ജന്മം നേടിക്കൊടുക്കാനുള്ള ആഘോഷമാണ്. ചെമ്പകവും പാലപ്പൂവും മുരിക്കിന്‍പൂവുമൊക്കെയാണ് പൂവിടുന്നത്. പൂവിടുന്ന കുഞ്ഞുങ്ങളെ 'പൂരക്കുഞ്ഞികള്‍' എന്നുവിളിക്കും. വീടുകളിലും പൂവിടും.

അറയില്‍ പൂവിടുന്ന കുഞ്ഞുങ്ങള്‍ അറയില്‍ത്തന്നെ താമസിക്കും. പെറ്റിക്കോട്ടാണ് വേഷം. രാവിലെ പൂവിടുകയും, വൈകുന്നേരം പൂവിന് വെള്ളം കൊടുത്ത് പൂവാരി വെക്കുകയും വേണം. പച്ചരിച്ചോറാണ് ഭക്ഷണം. പുറത്തുനിന്നും ഒന്നും കഴിക്കരുത്. പൂവിടുമ്പോഴും, പൂവിന് വെള്ളം കൊടുക്കുമ്പോഴും വെള്ളമുണ്ടും അതിനൊരു ചുവന്ന നാടയുമാണ് വേഷം. പൂവിന് വെള്ളം കൊടുക്കുന്നത് സന്ധ്യക്കാണ്. അത് കഴിഞ്ഞാണ് പൂരക്കളി. മറത്തുകളിയെന്നൊരു സംഭവമുണ്ട്. രണ്ട് അറകള്‍ തമ്മിലുള്ള പൂരക്കളിയാണത്. മത്സരം പോലെ. രണ്ട് അറകള്‍ക്കും പൂരക്കളി പണിക്കര്‍ ഉണ്ടാകും. മറത്തുകളിദിവസം ഇവര് തമ്മിലുള്ള സംവാദവും പൂരക്കളിയുമുണ്ടാകും. 

അറക്ക് തൊട്ടുപിറകില്‍ ഭണ്ഡാരപ്പുരയുണ്ട്. അതിന്റെ പിറകുവശത്താണ് തെയ്യത്തിനും പൂരത്തിനുമൊക്കെ എത്തുന്നവര്‍ക്കും അറയിലെ അടിയന്ത്രക്കാര്‍ക്കുമൊക്കെയുള്ള ഭക്ഷണം പാകം ചെയ്യലൊക്കെ. നടുവിലെ മുറിയില്‍ മച്ച്. മച്ചിനു മുകളിലും രണ്ട് മുറികളുണ്ട്.മറത്തുകളി ദിവസം. അറയില്‍ നിറയെ ആളുകളാണ്. പൂരക്കളി തകര്‍ക്കുന്നു.
 
ഞാനന്ന് പൂരക്കുഞ്ഞിയാണ്. ഞങ്ങള്‍ കുട്ടികള്‍ ഭണ്ഡാരപ്പുരയുടെ അകത്ത് മച്ചിലേക്കുള്ള പടികളിലിരിക്കുന്നു. പെട്ടെന്നാണ്, ഒരു കൊച്ചുചെക്കന്‍ വന്ന് ജനാലയിലൂടെ എന്നെ നോക്കി വിളിച്ചു പറഞ്ഞത്, 'ഏയ് ഐ ലൗ യൂ'. പെട്ടെന്ന് എന്റെ ചുറ്റുമുള്ളവരെല്ലാം നിശബ്ദരായി.

 മുറ്റത്തെ ചെമ്പകമരം അപ്പാടെ, അപ്പോള്‍ പൂത്തത് എന്റെ ഉള്ളിലാണ്. ആദ്യമായാണ് ഒരാളെന്നോടങ്ങനെ പറയുന്നത്. അവനെ എനിക്കറിയാം. ഞാനവനെ എന്നോ മുതല്‍ കാണുന്നുണ്ട്. അവന്‍ തെയ്യത്തിനും പൂരത്തിനും വരാറുണ്ട്. പൂരക്കളി കളിക്കാറുണ്ട്. എനിക്കും അവനെ ഇഷ്ടമാണ്. 'ഐ ലൗ യു' പറഞ്ഞതിന്റെ പിറ്റേദിവസവും അവന്‍ വന്നു. എന്റെ മുഖത്ത് നോക്കുമ്പോഴൊക്കെ അവന് ചമ്മലാണ്. അവന്റെ വലിയ കണ്ണുകളിലപ്പോള്‍ നാണമാണ്. എന്നോട് ചിരിക്കുമ്പോള്‍ അവന്റെ നുണക്കുഴിക്ക് ഇരട്ടിവലിപ്പമാണ്. അവനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെയുള്ളില്‍ തെയ്യക്കാലവും പൂരക്കാലവും ഒരുമിച്ച് വരും. 

valantine
വര: ദ്വിജിത്ത്

പൂരമൊക്കെ കഴിഞ്ഞ് സ്‌കൂളിലെത്തി. അവന്‍ എന്റെ സ്‌കൂളിലല്ല പഠിക്കുന്നത്. അവനെക്കുറിച്ച് ഞാന്‍ കൂട്ടുകാരോട് പറഞ്ഞു. കൂട്ടുകാര്‍ തന്ന ധൈര്യത്തില്‍ ഞാനങ്ങനെ അവന് കത്തെഴുതി. നീണ്ടുനിവര്‍ന്ന കത്തുതന്നെ എഴുതി. അതിലെന്താണെഴുതിയതെന്ന് എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. പക്ഷെ, അതിലെന്റെ ഒറ്റപ്പെടലുകളുണ്ടായിരുന്നു, ആരോടും പറയാനാകാത്ത ഒരുപാട് സങ്കടങ്ങളുണ്ടായിരുന്നു. ഒരു പെണ്‍കുട്ടിക്ക് ആ പ്രായത്തില്‍ എങ്ങനെയൊക്കെ പ്രണയം പ്രകടിപ്പിക്കാന്‍ കഴിയുമോ അങ്ങനെയൊക്കെ ഞാനത് പ്രകടിപ്പിച്ചിരുന്നു. ഒരു പ്രണയം പറയുക എന്നതിനപ്പുറം ആരെങ്കിലുമെന്നെ വായിക്കുക എന്നതായിരുന്നു എനിക്കപ്പോള്‍ പ്രധാനം. 

അന്ന് മംഗളത്തിലോ, മനോരമയിലോ എന്നോര്‍മ്മയില്ല, 'ഐ ലൗ യൂ' എന്നൊരു നോവലുണ്ട്. ആ നോവലിന്റെ പേരെഴുതിയിരുന്നത് കുറേ പൂക്കളൊക്കെ വച്ചിട്ടാണ്. ഞാനത് വെട്ടി ആ കത്തിന്റെ അടിയില്‍ ഒട്ടിച്ചുവച്ചു. കത്തെങ്ങനെ അവനിലെത്തിക്കുമെന്ന് അപ്പോഴും എനിക്കറിയില്ല. ഇനി കാണുക അടുത്ത ജനുവരിയിലെ തെയ്യത്തിനാണ്. അതുവരെ എനിക്ക് കാത്തിരിക്കാന്‍ വയ്യ. ഒടുവില്‍ ഞാനാ സാഹസം കാണിച്ചു. സീനിയറായി പഠിക്കുന്ന ഒരു ഏട്ടന്റെ കയ്യില്‍ ആ കത്ത് കൊടുത്തുവിട്ടു. കൊടുത്തുവിടുന്നതിനുമുമ്പ്, ഒരായിരം തവണ ഞാനാ കത്ത് വായിച്ചു. 

ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു കത്തിനെ കുറിച്ച് വലിയ വിവരമൊന്നുമില്ല. ഞാന്‍ തീഗോളം വിഴുങ്ങിയതുപോലെയാണിരിക്കുന്നത്. പിന്നെയും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു. അന്ന് നാട്ടില്‍ ആകെ ഒന്നോ രണ്ടോ വീട്ടിലാണ് ടി.വിയുള്ളത്. ഞായറാഴ്ച ദിവസങ്ങളിലാണ് ആകെ സിനിമ കാണുന്നത്. അന്ന് രാവിലെ പുഴയില്‍ പോയി കുറേ നേരം നീന്തിക്കുളിയൊക്കെ കഴിഞ്ഞുവരും. 

മിക്കവീട്ടിലും അച്ഛനും അമ്മയും കൂലിപ്പണിക്കാരായിരിക്കും. കുട്ടികള്‍ തന്നെ വീട്ടിലെ പണികളെല്ലാം ഒതുക്കും. നാല് മണിയാകുമ്പോള്‍ ടി.വിയുള്ള വീട്ടിലെത്തും. കുട്ടികളെല്ലാം ടി.വി വച്ച മുറിയില്‍ നിലത്തിരിക്കും. നീണ്ട ഹാളാണ് പിറകില്‍. അവിടെ നിലത്ത് കുറച്ചുകൂടി മുതിര്‍ന്നവരിരിക്കും. ഏറ്റവും പിറകിലായി ബെഞ്ചില്‍ നാട്ടിലുള്ള മുതിര്‍ന്ന ആണ്‍കുട്ടികളിരിക്കും. അന്ന് സിനിമ കാണാന്‍ പോയപ്പോള്‍, അവരിലാരോ ഒരാള്‍ എന്തോ ഒരു വാക്ക് പറഞ്ഞു. വേറൊരാള്‍ അതേറ്റുപിടിച്ചു. എനിക്ക് തല കറങ്ങി. അതെല്ലാം ഞാനെഴുതിയ പ്രേമലേഖനങ്ങളിലെ വരികളാണ്. എനിക്കെഴുന്നേറ്റ് ഓടാന്‍ തോന്നി. എനിക്ക് പേടിയായി. അച്ഛനെങ്ങാനും അറിഞ്ഞാല്‍ എന്നെ കൊന്നുകളയും. പിന്നീട് നാട്ടില്‍ പലയിടത്തുനിന്നും പലരില്‍ നിന്നും ഞാന്‍ ആ കത്തിലെ ഓരോ വരികള്‍ കേട്ടു. ആ കത്ത് ലക്ഷ്യം കണ്ടില്ലെന്നും അത് വേറെ എവിടെയൊക്കെയോ എത്തിയെന്നും എനിക്ക് മനസിലായി. എന്റെ കുട്ടിക്കാലം ഭയത്തിന്റേതുകൂടിയായി. 

പക്ഷെ, അപ്പോഴും ഞാന്‍ തെയ്യക്കാലങ്ങള്‍ക്കും പൂരക്കാലങ്ങള്‍ക്കുമായി കാത്തു കാത്തിരുന്നു. തെയ്യത്തിനെത്തിയാല്‍ പലനിറമുള്ള ബലൂണുകള്‍ നിറഞ്ഞ ചന്തകള്‍ക്കിടയിലൂടെ ഞങ്ങള്‍ പരസ്പരം കണ്ടു, കണ്ണുകള്‍ കൊണ്ടുമാത്രം സംസാരിച്ചു. ഭഗവതി ഉറഞ്ഞാടിയപ്പോള്‍, ചെണ്ടക്കൊട്ടുകള്‍ക്ക് എന്റെ ഹൃദയമിടിപ്പിന്റെ താളമായി. ഞാനവനെയും അവനെന്നെയും മാത്രം കാണുകയായിരുന്നു. രാത്രി വൈകി തെയ്യം കഴിയുമ്പോള്‍ അവന്‍, അവന്റെ അച്ഛന്റെയോ കൂട്ടുകാരുടെയോ കൂടെ മടങ്ങി. ഞാന്‍ അമ്മയുടെ കൂടെയും. കണ്ണില്‍ നിന്നുമറയുന്നതുവരെ ഞങ്ങള്‍ തിരിഞ്ഞുതിരിഞ്ഞു പരസ്പരം നോക്കി. ഇനി കാണാന്‍ മാര്‍ച്ചോ, ഏപ്രിലോ ആവണം. പൂരമെത്തണം. പൂരക്കാലത്ത് അവന്‍ പൂരക്കളി കളിക്കും. അനേകം പേര്‍ക്കിടയില്‍ ഞാന്‍ അവനെ മാത്രം കാണും. ഇടയ്ക്കിടയ്ക്ക് അവന്‍ ചരിഞ്ഞെന്നെ നോക്കും. 

രണ്ടുകൊല്ലം കഴിഞ്ഞു, മിണ്ടിയിട്ടില്ല അപ്പോഴും തമ്മില്‍. ദൂരെനിന്നുമാത്രമാണ് കാണുക. അടുത്തുനിന്ന് കാണേണ്ടി വന്നാല്‍ രണ്ടുപേരും പരസ്പരം നോക്കാതെ മുങ്ങിക്കളയും. ഞാനപ്പോഴും എന്റെ ഇഷ്ടം അവനോട് നേരില്‍ പറഞ്ഞിട്ടില്ല. അവനതറിയാം. എന്നാലും എനിക്കു പറയണം. എനിക്കും നിന്നെ ഇഷ്ടമാണെന്ന് അവന്റെ ഉണ്ടക്കണ്ണുകളില്‍ നോക്കി പറയണം. അങ്ങനെ, ഒരു തെയ്യക്കാലം, ഞാന്‍ ഏഴില്‍, അവന്‍ എട്ടില്‍. ഞാന്‍ ഒരു കൂട്ടുകാരിയോട് പറഞ്ഞുവിട്ടു, എനിക്കവനെ കാണണം എന്നൊന്നു പറയുമോ? കാവിന്റെ അടുത്താണ് തറവാട്.

എല്ലാവരും ഉണ്ടാകും. അമ്മമ്മയും അവരുടെ ഒമ്പത് മക്കളും മക്കളുടെ മക്കളുമെല്ലാം. പക്ഷെ, ഭഗവതി പുറപ്പെടുന്ന നേരം എല്ലാരും കാവിലായിരിക്കും. അങ്ങനെ, അവിടെ ഭഗവതി പുറപ്പെട്ടു. അവനെന്നെ കാണാനെത്തി. ഭയന്നു വിളറിയാണവനെത്തിയത്. അപ്പോഴും അവന്റെ മുഖത്ത് നിഷ്‌കളങ്കമായ ചിരിയുണ്ട്. ഞങ്ങള്‍ മുറ്റത്തിന്റെ ഒരു ഭാഗത്തേക്ക് മാറിനിന്നു. ഞാനവനോട് പറഞ്ഞു, 'എനിക്ക് നിന്നെ ഇഷ്ടമാണ്.' അവന്‍ തലയാട്ടി. 'നിനക്കിപ്പോഴും എന്നെ ഇഷ്ടമല്ലേ...',  'അതെ, ഇഷ്ടമാണ്.' അവനെന്റെ കണ്ണിലേക്ക് ചെരിഞ്ഞുനോക്കി പറഞ്ഞു. പിന്നെ, ഓടിപ്പോയി. തെയ്യം കഴിയുന്നതുവരെ ദൂരെയിരുന്ന് ഞങ്ങള്‍ കണ്ണില്‍ക്കണ്ണില്‍ നോക്കി.  

ഞാന്‍ ഏഴില്‍നിന്ന് ജയിച്ചു. എട്ടാംക്ലാസ് വേറെ സ്‌കൂളിലാണ്. അവന്‍ പഠിക്കുന്ന സ്‌കൂള്‍. അവന്‍ എട്ടില്‍ നിന്ന് തോറ്റുപോയി. അവന്‍ സംസ്‌കൃതമാണ് പഠിക്കുന്നതെന്നെനിക്കറിയാം. ഞാനും ഏഴാം ക്ലാസുവരെ സംസ്‌കൃതം പഠിച്ചിട്ടുണ്ട്. അവന്റെ ക്ലാസില്‍ തന്നെയാകണം. എപ്പോഴും അവനെ കാണണം. ഞാനും സംസ്‌കൃതം തന്നെയെടുത്തു. പക്ഷെ, ആ വര്‍ഷം മുതല്‍ സംസ്‌കൃതം രണ്ടു ക്ലാസുകളിലായിട്ടാണ്. ഒരു ക്ലാസില്‍ സംസ്‌കൃതം കുട്ടികള്‍ മാത്രം. മറ്റേ ക്ലാസില്‍ സംസ്‌കൃതവും അറബിയും മിക്‌സ്. ഞാന്‍ മിക്‌സഡ് ക്ലാസിലാണ്. അവന്‍ സംസ്‌കൃതം മാത്രമുള്ള ക്ലാസിലും. സംസ്‌കൃതം പീരിയഡ് ഞങ്ങള്‍ സംസ്‌കൃതം ക്ലാസിലേക്ക് മാറും. അറബി ടീച്ചര്‍ ഞങ്ങളുടെ ക്ലാസില്‍ വന്ന് ക്ലാസെടുക്കും. എനിക്ക് സഹിക്കാനായില്ല. അവനെ കാണാന്‍ വേണ്ടി മാത്രമാണ്. ഞാന്‍ സംസ്‌കൃതമെടുത്തത് എന്നിട്ടും... 

അങ്ങനെ ഞങ്ങള്‍ സംസ്‌കൃതം ക്ലാസില്‍ തമ്മില്‍ കണ്ടു. ഇടയ്ക്ക് സ്‌കൂള്‍ വരാന്തകളിലോ, ഗ്രൗണ്ടുകളിലോ കണ്ടു. അവനെയും എന്നെയും 'തുമ്പി' എന്ന ഒരേ ഇരട്ടപ്പേരില്‍ സ്‌കൂളിലെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചു. പക്ഷെ, അവനെന്നെ നോക്കിയില്ല. അവന്‍ മുങ്ങിനടന്നു. പതിവു പോലെ തെയ്യത്തിനും പൂരത്തിനും കണ്ടപ്പോഴും അങ്ങനെതന്നെ.  അപ്പോഴേക്കും അവന്‍, അവന്റെ ക്ലാസിലെ തന്നെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. എനിക്കവനെ ഇഷ്ടമാണ്. അതിലുമപ്പുറം അവനെന്നെ ഉപേക്ഷിച്ചു. അതാണെനിക്ക് സഹിക്കാന്‍ കഴിയാഞ്ഞത്. 'ഒരാളാല്‍ ഉപേക്ഷിക്കപ്പെടുകയെന്നാല്‍ സ്വയം ഇല്ലാതാവുക'- എന്നാണെന്നാണ്, അന്ന് ഞാന്‍ കരുതിയിരുന്നത്. ഞാന്‍ കരഞ്ഞു, അവനെ ഫോണ്‍ വിളിച്ചു. ഒരുതവണപോലും അവനെ ഫോണില്‍ കിട്ടിയില്ല. കാണാന്‍ ശ്രമിച്ചപ്പോഴൊക്കെ അവന്‍ അകന്നുമാറി. ഒടുക്കം ഞാനവനെ മറന്നതുപോലെ അഭിനയിച്ചുതുടങ്ങി. അവനോടുള്ള പ്രതികാരമായിരുന്നു പിന്നത്തെ എന്റെ പ്രണയങ്ങള്‍. അതിലും പരാജയങ്ങള്‍...

പരസ്പരം നോക്കാത്ത തെയ്യക്കാലങ്ങളും പൂരക്കാലങ്ങളും കഴിഞ്ഞുപോയി. പത്താംക്ലാസ് കഴിഞ്ഞു. ഞാന്‍ വേറെ സ്‌കൂളിലേക്ക് മാറി, പ്ലസ് ടുവിന് പഠിക്കുന്നു. അവനെന്നോ വീണ്ടും തോറ്റിരുന്നു. ഇപ്പോള്‍ പ്ലസ് വണ്ണിലാണ്. നമ്മള്‍ ഒരുമിച്ചു പഠിച്ചിരുന്ന അതേ സ്‌കൂളില്‍. ആ വര്‍ഷത്തെ തെയ്യമെത്തി. ചന്തയില്‍ നിന്ന് സില്‍വര്‍ കളറിലുള്ള ഒരു മാല വാങ്ങി തിരിഞ്ഞപ്പോഴാണ് അവനെ കണ്ടത്. അവന്‍ ചിരിച്ചു. ഞാനൊന്ന് ഞെട്ടി വര്‍ഷങ്ങള്‍ക്കുശേഷമാണ്... 'ആര്‍ക്കാ മാല' അവന്‍ ചോദിച്ചു. 'എനിക്കുതന്നെ', എന്റെ മറുപടി കേട്ടതും അവന്‍ തിരിച്ചുപറഞ്ഞു, 'ഇത് ആണുങ്ങളിടുന്ന മാലയല്ലേ.' 'എനിക്കങ്ങനെയൊന്നുമില്ല.' ഞാന്‍ മറുപടിയും പറഞ്ഞു. 

രാത്രിയാവാറായി. ആളുകളൊഴിഞ്ഞുതുടങ്ങി. ഞാന്‍ അരമതിലില്‍ ചാരിനില്‍ക്കുന്നു. അവനെന്റെ അടുത്തുവന്നു നിന്നു. ആയിടയ്ക്കാണ് അവന്‍ ആ പെണ്‍കുട്ടിയുമായുള്ള പ്രണയവും അവസാനിപ്പിച്ചുവെന്ന് ഞാന്‍ കേട്ടത്. ഞാനതിനെക്കുറിച്ച് ചോദിച്ചു. എന്തോന്നടേ... അവന്‍ പറഞ്ഞു. അങ്ങനെയൊന്നുമില്ല. എനിക്ക് പഠിക്കണം, ജോലി വാങ്ങണം അതോണ്ട് ഒന്ന് മാറിനിന്നതാണ്, അവളെ മറന്നതൊന്നുമല്ല. അന്ന് ഞങ്ങള്‍ കുറേ നേരം സംസാരിച്ചു. കുറേനേരമെന്നു പറഞ്ഞാല്‍ പാതിരാ വരെ. തെയ്യം കഴിഞ്ഞു. പന്ത്രണ്ട് മണിയൊക്കെ കഴിഞ്ഞുകാണും. എന്റെ അമ്മയും മറ്റു പെണ്ണുങ്ങളുമൊക്കെ ചേര്‍ന്ന് പാത്രമൊക്കെ കഴുകുന്നു. അതുനോക്കി, ഞാനും അവനും അവനെന്നെ ഇഷ്ടമാണെന്ന് പറയുമ്പോള്‍ ഞാനിരുന്ന അതേ ഭണ്ടാരപ്പുരയുടെ അടുക്കളഭാഗത്തിരുന്നു. എന്തൊക്കെയോ സംസാരിച്ചു. പ്രണയമൊഴികെ മറ്റെന്തൊക്കെയോ. സ്‌കൂള്‍ വിശേഷങ്ങള്‍, സുഹൃത്തുക്കളെ കുറിച്ച്, പഠനത്തെ കുറിച്ച്. എല്ലാവരും മടങ്ങാറായി. ഞാന്‍ അമ്മയുടെയും അവന്‍ അച്ഛന്റെയും കൂടെ മടങ്ങുന്നു. മടങ്ങുമ്പോള്‍ അവന്‍ തിരിഞ്ഞുതിരിഞ്ഞുനോക്കി. ഞാന്‍ കൈവീശിക്കാണിച്ചു. 

അപ്പോഴാണ് ചോദിക്കാന്‍ കരുതിവച്ചിരുന്നൊരു കാര്യം ചോദിച്ചില്ലല്ലോ എന്ന് ഞാനോര്‍ത്തത്. അതേ സ്‌കൂളില്‍ പഠിക്കുന്ന അവന്റെ മരുമകള്‍ കൊണ്ടുപോയ എന്റെ പത്താംക്ലാസിലെ ഓട്ടോഗ്രാഫില്‍ 'ഡിയര്‍ സിസ്റ്റര്‍' എന്ന പേരില്‍ എഴുതിയിരുന്നത് അവന്‍ തന്നെയാണോ എന്ന്. (ഇന്നാണെങ്കില്‍ ബ്രോ എന്നോ, സഹോ എന്നോ ഒക്കെ ഞാനതിനെ വായിച്ചേനെ.) ചോദിച്ചില്ല. പിന്നീടാകാം എന്നു കരുതി. മാര്‍ച്ച് മാസമായി. എക്‌സാമാണ്. ഞാന്‍ ഭീകരമായി പഠിക്കുന്ന തിരക്കിലാണ്. ഞാനീ ഭൂമിയില്‍ നിലനിന്നതുതന്നെ പഠിക്കുക എന്നൊന്നുണ്ടായിരുന്നതുകൊണ്ടാണ്. നല്ല മാര്‍ക്ക് വാങ്ങുക, എന്നതും എയ്ഡഡ് സ്ഥാപനത്തില്‍ തന്നെ ചേരുക എന്നതും എന്റെ നിലനില്‍പ്പിന്റെ തന്നെ ഭാഗമാണ്. ഞാന്‍ പഠനത്തില്‍ മാത്രം ശ്രദ്ധിക്കുകയാണ്. ഇവന്‍ കഴിഞ്ഞ് പിന്നീടുണ്ടായ പ്രണയവും തകര്‍ന്നതുകൊണ്ട് ആ ഭാഗത്തൂടെ സമയമോ എനര്‍ജിയോ തീരെ ചോരുന്നില്ല.

അങ്ങനെ ഒരുദിവസം പഠിച്ചോണ്ടിരിക്കുമ്പോഴാണ് അനിയന്‍ വന്നു പറഞ്ഞത്, നീയറിഞ്ഞോ ഏട്ടന്‍ മരിച്ചു. ഒറ്റനിമിഷത്തിന്റെ പകുതിയിലെങ്ങാനുമാണ് അവനത് പറഞ്ഞത്. ഞാന്‍ ശൂന്യയായിപ്പോയി. കേട്ടത് വിശ്വസിക്കാനായില്ല. അവനും അപ്പോഴും അത് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. വീട്ടിലന്ന് ഫോണില്ല. അടുത്ത വീട്ടില്‍പ്പോയി, ആരെയൊക്കെയോ വിളിച്ചു. ആര്‍ക്കും ഉറപ്പില്ല. ഞാന്‍ തളര്‍ന്നിരുന്നു. ഉച്ചക്ക് പണിക്ക് പോയ അമ്മ വന്നപ്പോഴാണ് അത് സത്യമാണെന്നും, ഏതോ നാട്ടില്‍ ഒരു ജോലിയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെവച്ചാണ് മരിച്ചതെന്നും ഞാനറിഞ്ഞത്. അമ്മ ചോദിച്ചിരുന്നു, 'നീ വരുന്നില്ലേ കാണാന്‍' എന്ന് ഞാന്‍ പോയില്ല. എനിക്കവനെ അങ്ങനെ കാണാന്‍ പറ്റില്ല. പിന്നീട്, ആ കൊല്ലത്തെ തെയ്യത്തിനുപോലും പാതിരാവ് വരെ നമ്മള്‍ ഒന്നിച്ചായിരുന്നുവെന്ന് ആരൊക്കെയോ കുശുമ്പ് പറഞ്ഞു, നാലാം ക്ലാസില്‍ വച്ചു തുടങ്ങിയ പ്രേമമല്ലേ, ആ പെങ്കൊച്ച് ഇതെങ്ങനെ സഹിക്കുമെന്ന് പലരുമെന്നോട് സഹതപിച്ചു. ഞാന്‍ മാത്രമപ്പോഴും അവനോട് ചോദിക്കാന്‍, കുറേച്ചോദ്യങ്ങളുള്ളിലടക്കി കരയാനാവാതെ ഇരുന്നു.

ഇപ്പോഴുമെനിക്കറിയില്ല, നമ്മുടെ അവസാനത്തെ തെയ്യത്തിന് നീയെന്തിനാണ് എന്നോട് ഒരുപാട് മിണ്ടിയതെന്ന്. നിന്റെ മനസിലെന്തായിരുന്നുവെന്ന്. ആദ്യത്തെ പ്രണയം നിന്റെ ഉള്ളിലുണ്ടായിരുന്നോയെന്ന്... 

നീ പോയി. എല്ലാ ചോദ്യങ്ങളും എല്ലാ വികാരങ്ങളും ഇനിയെനിക്ക് മാത്രമുള്ളതാണ്. മരണമെന്നാല്‍ അങ്ങനെയാണ്. പ്രകടിപ്പിക്കാന്‍ വച്ച പലവക വികാരങ്ങളെ, ചോദിക്കാന്‍ ഓങ്ങിവച്ച അനേകചോദ്യങ്ങളെ ഒറ്റനിമിഷം കൊണ്ട് അസാധുവാക്കിക്കളയും. ബാക്കിയുള്ളൊരാള്‍ മാത്രം അതില്‍ വിങ്ങും പിടയും. 

പിന്നീട് ഞാനെത്രയോ പ്രണയപ്പുഴകള്‍ നീന്തി. പക്ഷെ, എന്റെ മനസില്‍ ആദ്യമായി പ്രണയത്തിന്റെ വിത്തിട്ടവനേ. നീ മുളപ്പിച്ച പ്രണയവിത്തുകളാണ്, പ്രണയത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യമെനിക്കോര്‍മ്മ വരിക. കാരണം, അത്രയും നിഷ്‌കളങ്കമായി എന്നെയാരും പ്രണയിച്ചിട്ടില്ല, ഞാനുമാരെയും പ്രണയിച്ചിട്ടില്ല. ഇനിയാര്‍ക്കുമതിന് കഴിയുകയുമില്ല, കാരണം, നമ്മളന്ന് കുഞ്ഞുങ്ങളായിരുന്നു. ഇപ്പോഴും തെയ്യമുണ്ട്, പൂരക്കാലമുണ്ട്. ഞാനുണ്ട്, നിന്റെ ഓര്‍മ്മയുണ്ട്, നമ്മളില്ല.നമ്മള്‍ മാത്രം...