പ്രണയത്തോളം ശക്തിയുള്ള ഒന്ന് ഞാന്‍ വേറെ കണ്ടിട്ടില്ല. ആകാശത്തെ അതിലംഘിച്ച് കടന്നു പോകുന്ന തീപിടിച്ച പേടകങ്ങളേക്കാള്‍ കരുത്തുണ്ടതിന്. നിങ്ങളെ ഒരു രാജകുമാരനോ രാജകുമാരിയോ ക്രൂരനോ കൊലപാതകിയോ ആക്കാന്‍ അതിനു കഴിയും. 

പ്രണയം എത്ര നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ-ഒരാളെ അടിമുടി മാറ്റിമറിക്കാന്‍ കടപുഴക്കി വീഴ്ത്താന്‍ സമതലങ്ങളും മലനിരകളും ഒഴുകിപ്പരന്നു താണ്ടാന്‍ അതിനുള്ള കഴിവ് വേറെ ഒന്നിനുമില്ല. 

ഹൃദയത്തില്‍ പ്രണയത്തിന്റെ ഇത്തിരിവെട്ടമില്ലാത്തവര്‍ എന്നെ അദ്ഭുതപ്പെടുത്താറുണ്ട്-ഇരുട്ടുനിറഞ്ഞ വീടുകളെപ്പോലെ. വെളിച്ചമില്ലാതെ അവരങ്ങനെ കനംതൂങ്ങിനില്‍ക്കും... ഇവരെങ്ങനെ ഇങ്ങനെയൊക്കെ ജീവിക്കുന്നു? 

ജീവിതത്തിലേക്ക് ഞാനടുപ്പിച്ച പ്രണയത്തിന് ഒരു തൂവല്‍കനമേയുള്ളൂ. ഒരു വഞ്ചിയില്‍ സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍ പ്രണയം ഇല്ലാതാകുന്നില്ലെങ്കിലും പ്രായോഗികതയുടെ പാഠങ്ങള്‍ ഉരുവിടുന്നതിനിടെ വല്ലപ്പോഴുമുള്ള ഒരു നോട്ടത്തിലോ ആണ്ടിലൊരിക്കല്‍ മാത്രം വിരിയുന്ന കുസൃതിച്ചിരിയിലോ അത് ഒതുക്കാന്‍ നോക്കും. പഠിച്ചും വായിച്ചും തീര്‍ന്ന പാഠപുസ്തകം പോലെ അതു മറിച്ചുനോക്കേണ്ട എന്നു നമ്മള്‍ പരസ്പരം വിധിയെഴുതും. 

അതവിടെ അങ്ങനെ നില്‍ക്കട്ടെ... പറയാതെ പോകുന്ന പ്രണയത്തിന്റെ ഭംഗി ലോകത്ത് ഒന്നിനുമില്ല എന്ന് എനിക്കറിയാം.''ആകെത്തുടുത്തൊരു സന്ധ്യപോല്‍ ഉള്ളിലൊരു തിരിനീട്ടി എങ്ങോ മറഞ്ഞ പ്രണയം'' എന്ന് ഏതോ ഒരു കവി....ആത്മഹത്യ ചെയ്ത എന്റെ സുഹൃത്ത് പത്രപ്രവര്‍ത്തകന്‍ ജി.രാജേഷ്‌കുമാറിന്റെ ഓര്‍ക്കുട്ട് സ്റ്റാറ്റസില്‍ ഒരു വരിയുണ്ട്- ഒറ്റനോട്ടം കൊണ്ട് എന്നില്‍ പ്രണയം നിറച്ച് ഏതോ ഒരു ബസില്‍ എവിടെയോ മറഞ്ഞ പെണ്‍കുട്ടി. 

ഒരിക്കലും കാണില്ലെങ്കിലും അവളെ ഓര്‍ക്കാന്‍ എന്തു രസമായിരിക്കും...മരണത്തിന്റെ തൂക്കുകയര്‍ കഴുത്തില്‍ മുറുക്കുമ്പോഴും അവന്റെ ഉള്ളില്‍ ആ പെണ്‍കുട്ടി ഉണ്ടായിരുന്നിരിക്കുമോ? അങ്ങനെയൊരാള്‍ എന്റെ ജീവിതത്തിലുമുണ്ട്. ദിനോസറുകള്‍ നടക്കാന്‍ തുടങ്ങുംമുന്‍പ്.... 

മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് കഥാമല്‍സരത്തില്‍ സമ്മാനം കിട്ടിയപ്പോള്‍ എന്നെ അഭിനന്ദിച്ചുവന്ന കത്തുകളില്‍ നിന്ന് കൈയക്ഷരത്തിന്റെ ഭംഗികൊണ്ട് ആ കത്തു വേറിട്ടുനിന്നു. പതിനേഴും പതിനെട്ടും വയസ്സുള്ള നല്ല രണ്ടുകൂട്ടുകാരുടെ കൗതുകമായി ആ കൂട്ടുവളര്‍ന്നു. രാജന്‍ ആര്‍ഇസിയിലെ വിദ്യാര്‍ഥിയായിരുന്നെങ്കിലും എന്‍ജിനീയറിങ്ങിനൊപ്പം തന്നെ കവിതയും സംഗീതവും അവന്റെ ഇഷ്ടങ്ങളായിരുന്നു. 

വേലിത്തലപ്പിലെ മന്ദാരപ്പൂ പോലെ അകളങ്കമായ സ്നേഹമായി അതങ്ങനെ വളര്‍ന്നു. പഠിത്തം കഴിഞ്ഞ് അവന്‍ ബാംഗളൂരുപോയിട്ടും അതു തുടര്‍ന്നു. അടുത്ത വീട്ടിലെ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പോകുന്നതുമുതല്‍ ''പുണ്യനിളാനദി പാലാമൃതൂട്ടുന്ന നാവാമണപ്പുറം'' കണ്ടപ്പോള്‍ എന്നെ ഓര്‍ത്തതുവരെ അവനെഴുതി. 

റാവു എന്ന ചീഫിന്റെ ലളിതജീവിതതത്വചിന്തകള്‍, രഹ്ന കേന, ജിജി എന്നീ കൂട്ടുകാരികള്‍.. 19-ാമത്തെ പിറന്നാളിന് എന്‍ജിനീയറുടെ കൃത്യതയോടെ അവന്‍ ഓര്‍മിപ്പിച്ചിരുന്നു. 19, 38, 57, 76 ഈ പിറന്നാളുകളില്‍ ജന്മനക്ഷത്രവും തീയതിയും ഒന്നിച്ചുവരുമെന്ന്. 

അവന്റെ എല്ലാ കത്തുകളിലും ഒരു കൗതുകം ഒളിച്ചിരുന്നു. കവിതയുടെ ഒരു തുണ്ട്... ചിന്തയുടെ ഒരു വേര്... ജീവിതത്തിന്റെ മണം... ഇളനീരിന്റെ തണുപ്പുള്ള സ്നേഹം.. അവനെപ്പോലെ വേറൊരാളെ ഞാന്‍ പിന്നെ കണ്ടിട്ടേയില്ല. (അല്ല അവനെയും കണ്ടിട്ടില്ലല്ലോ!)

അവന്റെ അവസാനത്തെ കത്ത് വരുന്നത് എന്റെ കല്യാണതലേന്നാണ്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ കല്യാണത്തിനു വരും എന്നെഴുതിയിരുന്നു. 99ലെ ആ പ്രളയദിനത്തില്‍ ഞാനറിഞ്ഞില്ല. കല്യാണശേഷം പെരുമഴയിലേക്ക് ഇറങ്ങിപ്പോയ അനേകം അപരിചിതരില്‍ ഞാന്‍ തിരഞ്ഞിരുന്നു. പിന്നീടും ബെംഗളൂരുവിലെ ആ പഴയ വിലാസത്തിലേക്ക് ഒന്നു രണ്ടു കത്തുകള്‍ കൂടി അയച്ചിരുന്നു. ഒന്നിനും മറുപടി കണ്ടില്ല. അവന്റെ മൗനം, അവന്‍  എവിടെ എന്നതിനു ഒരുത്തരം പോലുമില്ലാത്ത അവസ്ഥ- അതെന്നെ അമ്പരപ്പിക്കാറുണ്ട്. 

പക്ഷേ വിശിഷ്ടമായൊരു ആഭരണപ്പെട്ടി പൂട്ടി താക്കോല്‍ കിണറ്റിലെറിയുംപോലെ ഞാനും നിശ്ശബ്ദനാവുന്നു. എനിക്കിപ്പോള്‍ നിന്നെ കാണേണ്ട! (ഞാനതിനു അവനെ ഇതുവരെ കണ്ടിട്ടേയില്ലല്ലോ..!) ഏഴു കൊല്ലത്തെ കൂട്ടിനിടെ അവനെഴുതിയ കത്തുകള്‍, അമ്മയുടെ മരണത്തോടെ ശൂന്യത നിറച്ച് വിറങ്ങലിച്ചുനിന്ന വീട്ടില്‍നിന്ന്, ചിതലുകളുടെ സ്നേഹം അടര്‍ത്തിക്കളഞ്ഞ് ഞാന്‍ കൊണ്ടുപോന്നു. 

അവസാനത്തെ രണ്ടു കത്തുകള്‍ വരെ. കത്തുകളില്‍ തെളിനീരുപോലുള്ള സ്നേഹം മാത്രമേയുള്ളു. 98ലെ പിറന്നാളിനു അവന്‍ അയച്ച ആ കാര്‍ഡ്- ഒരു കൊച്ചു പെണ്‍കുട്ടിയുടെ കണ്ണു പൊത്തുന്ന ആണ്‍കുട്ടിയുടെ ചിത്രമുള്ള കാര്‍ഡാണ് പറയാതെ പറഞ്ഞത്- അതുവരെയുള്ളതത്രയും കണ്ണുപൊത്തിക്കളിയാണെന്ന്. അതു കണ്ടില്ലെന്നു നടിച്ച് ഞാന്‍ മറുപടിയെഴുതുന്നു. 

''ഈ വരുന്ന മഴക്കാലത്ത് എന്റെ കല്യാണമാണ്. ഏഴുവര്‍ഷമായുള്ള പരിചയക്കാരന്‍; ഇനി 'ഫ'ര്‍ത്താവ്. '' ഓടിക്കളിക്കുന്നതിനിടെ വീണുപോകുന്ന കൂട്ടുകാരന്‍, വീഴ്ചയില്‍ നിന്നെണീറ്റ്, മുറിവു തടവി, ഒന്നും പറ്റിയില്ലെന്ന് ഭാവിക്കുന്നപോലെയായിരുന്നു, പിന്നെ അവന്റെ മറുപടി: ''ലോകത്തെവിടെയാണെങ്കിലും... നിന്റെ കല്യാണത്തിനു വരും.......'' അവന്‍ വാക്കു പാലിച്ചു കാണുമോ..?! 
        
ഫേയ്സ്ബുക്കിലും, ഓര്‍ക്കൂട്ടിലും ഞാന്‍ തിരഞ്ഞിട്ടുണ്ട്. ഗൂഗിളില്‍ പലതവണ വലവിരിച്ചിട്ടുണ്ട്. അവനെ ഫ്രണ്ടാക്കാനല്ല. ആരാധാനാലയങ്ങളിലൊക്കെ കയറി തൊഴുതുമടങ്ങുന്ന അതേ വിശുദ്ധിയോടെ ഒന്നെത്തി നോക്കി കടന്നുപോരാന്‍! എവിടെയോ നീയുണ്ടെന്ന തോന്നലിനു തന്നെ വലിയ സന്തോഷമുണ്ട്. 

  
മൂന്നു വര്‍ഷം മുന്‍പ് വയനാട്ടില്‍ നിന്നു മടങ്ങും വഴി മൊയ്തീന്റെ ഇരവഴിഞ്ഞിപ്പുഴ കാണാന്‍ തോന്നി(എന്‍. മോഹനന്റെ 'മൊയ്തീന്‍' എന്ന കഥയും, സാദ്ദിഖിന്റെ കാഞ്ചനമാല ജീവിതകഥയും വായിച്ച കാലത്ത്) മുക്കത്തു നിന്നു മടങ്ങുംവഴി ചാത്തമംഗലത്തെ എന്‍ഐടി (അവന്റെ ആര്‍ഇസി-റെക്) എത്തിയപ്പോള്‍ എന്റെ മകന്‍ പറഞ്ഞു: 'ആ ഹോസ്റ്റലിലെ ഒരു മുറിയില്‍ ഇപ്പോഴും അമ്മയുടെ പേരു മുഴങ്ങുന്നുണ്ടാകും'. 

ഞാന്‍ ചിരിച്ചു: 'കളിയാക്കണ്ട. സത്യമായിട്ടുള്ള സ്നേഹത്തിന് അങ്ങനെ മുഴക്കങ്ങളൊന്നുമുണ്ടാകില്ല'.. എനിക്കുറപ്പാണ്. അങ്ങനെ ആഡംബരങ്ങളൊന്നുമുള്ള സ്നേഹമായിരുന്നില്ല, അതെന്ന്! തൊഴില്‍രഹിതനായ ചേട്ടന്റെ, അവിവാഹിതരായ മൂന്നു സഹോദരിമാരുടെ ഉത്തരവാദിത്തത്തിന്റെ ഭാരമുണ്ടായിരുന്നു, അക്കാലത്തെ അവന്റെ തലയ്ക്ക്. എന്നിട്ടും അതു നിറയെ കവിത നിറഞ്ഞാതാണദ്ഭുതം! 
        
'അച്ഛാ.. അമ്മ ലോക്കറിലെ സ്വര്‍ണപ്പെട്ടിയില്‍ ആ കത്തും കാര്‍ഡും സൂക്ഷിച്ചിട്ടുണ്ട്. അറുപതു വയസ്സു കഴിഞ്ഞ് അമ്മ ജീവിച്ചിരുന്നാല്‍ ഒരു ദിവസം പോയിക്കാണുമെന്നാണു പറയുന്നത്'. മകന്‍ അവന്റെ വലിയ കണ്ണ് ഒന്നുകൂടി പരത്തി, അതില്‍ കുറേക്കൂടി പ്രകാശം നിറച്ചു. '60 വയസ്സ്'! അവന്റെ അച്ഛന്‍ ചിരിച്ചു. ഞാന്‍ ആ ചിരി പതിഞ്ഞ കണ്ണാടിയിലേക്കു തറഞ്ഞു നോക്കി. 

മിടുക്കരും നല്ലവരുമായ കുട്ടികള്‍, നല്ല കുടുംബം, ശാന്തമായ ജീവിതം. ഈ ബാലന്‍സിങ് ഫോര്‍മുലയ്ക്ക് കോട്ടം തട്ടാതെ പോറലേല്‍പ്പിക്കാതെ നോക്കുന്ന അതിബുദ്ധിമതിയെയാണ് 'കണ്ണാടിയിലെ ചിരി' എന്നില്‍ പ്രതീക്ഷിച്ചത്. പക്ഷേ 'പ്രതിപുരുഷന്‍' കണ്ടത്, 17 വയസ്സിന്റെ പ്രതീക്ഷകളും അന്നത്തെ സത്യസന്ധതയുമുള്ള ഒരുത്തിയെയാണ്....?! 

ജീവിതരഥം തിരിക്കുന്ന 'പ്രതിപുരുഷനു' പ്രായോഗികമതിയും പക്വമതിയും മിതവാദിയും മാന്യനുമായ ഒരുവന്-ഉറപ്പുണ്ട്- തൃശൂര്‍പൂരത്തിന്റെ പുരുഷാരത്തിനിടെ, കൂട്ടംതെറ്റി പോകാതിരിക്കാന്‍, ചെറിയച്ഛന്റെ കൈകളില്‍ ഉടുപ്പിന്റെ വള്ളി കെട്ടിയിട്ട, തണുത്തുതളര്‍ന്ന കൈകള്‍, ചെറിയച്ഛന്റെ കൈയില്‍ അമര്‍ത്തിപ്പിടിച്ച ആ പഴയ കുട്ടിയാണ് കാറില്‍ ഒപ്പമിരിക്കുന്നതെന്ന്. 

ജോലിസംബന്ധമായും മറ്റും അവന്റെ അയല്‍ഗ്രാമത്തിലെത്തിയിട്ടും, ഒന്നോ രണ്ടോ ഫോണ്‍വിളികൊണ്ട് അവനെ കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ലെന്നറിയാമായിരുന്നിട്ടും, ഞാനതിനു മുതിര്‍ന്നില്ല. ഷഡ്കാലഗോവിന്ദമാരാരുടെ ആ ഗ്രാമത്തില്‍ചെന്ന് ഒന്നു കൂകി വിളിച്ചാല്‍ അവനെ കണ്ടെത്താനാകില്ലേയെന്ന് എന്റെ കൂട്ടുകാര്‍ ചോദിക്കാറുണ്ട്. 

എന്തിനാണത്? നഷ്ടപ്പെട്ട സ്നേഹത്തിനാണു ഭംഗി കൂടുതല്‍. ഒന്നോ രണ്ടോ കുട്ടികളുടെ അച്ഛനായി സിലിക്കണ്‍വാലിയിലോ, പാരീസിലോ, ബെംഗളൂരുവിലെ അവന്‍ കഴിയുന്ന വീട്ടിലേക്ക്-അവന്റെ സ്വച്ഛതയിലേക്ക്- ഒരു മിന്നാമിനുങ്ങായിപ്പോലും ഞാന്‍ കടന്നുചെല്ലില്ല. 

കാട് അതിനെ കിളികളുടെ പാട്ട് എന്നു വിശേഷിപ്പിച്ചു. ആ പാട്ടുകളിലൂടെ അവര്‍ ദിവ്യമായൊരു സ്നേഹം കൈമാറി. അവ ഒരിക്കലും പരസ്പരം തമ്മില്‍ കണ്ടില്ല. പാട്ടുകള്‍ ഒരു ദിവസം നിലച്ചു.

ജന്മാന്തരസൗഹൃദങ്ങളുടെ കഥ അറിയാന്‍ വൈത്തീശ്വരന്‍ കോവിലിലെ ഓലകള്‍ക്കു കഴിയുമെങ്കില്‍ അവ പറയുമായിരിക്കും-ഒരേ കാട്ടില്‍ രണ്ടിടത്തു ജീവിച്ചിരുന്ന കിളികളായിരുന്നു നമ്മള്‍. നല്ല മഞ്ഞും തണുപ്പുമുള്ള ഒളിയിടങ്ങളിലെ ഇരുളന്‍കൂട്ടില്‍ മാത്രമേ ഒരു കിളിക്ക് ജീവിക്കാനാകുമായിരുന്നുള്ളു. 

രണ്ടാമത്തെ കിളിക്ക് നല്ല വെളിച്ചവും പ്രകാശവും ചൂടും പരപ്പുമുള്ള വാസസ്ഥലം വേണമായിരുന്നു. പക്ഷേ പ്രകൃതി നിശ്ശബ്ദമാകുമ്പോള്‍ രണ്ടു കിളികളും അവയുടെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടേയിരുന്നു. 

കാട് അതിനെ കിളികളുടെ പാട്ട് എന്നു വിശേഷിപ്പിച്ചു. ആ പാട്ടുകളിലൂടെ അവര്‍ ദിവ്യമായൊരു സ്നേഹം കൈമാറി. അവ ഒരിക്കലും പരസ്പരം തമ്മില്‍ കണ്ടില്ല. പാട്ടുകള്‍ ഒരു ദിവസം നിലച്ചു. എന്നെങ്കിലും ഒരു ദിവസം, അവസാനത്തെ ചിറകു പൊഴിയുന്നതിനു മുന്‍പ് കാണാനായേക്കും എന്ന് അവ കരുതി; അന്നു പാടാന്‍ ഒരു പാട്ടും അവ കരുതി വച്ചു. 

പ്രിയപ്പെട്ട കൂട്ടുകാരാ-കത്തിച്ചുവച്ച നിലവിളക്കിനു മുന്‍പില്‍ അവസാനത്തെ ആ 'കിടപ്പു' കിടക്കുന്നതിനു മുന്‍പ്- 'പഴകിപ്പിഞ്ഞിയ സ്മരണ സഞ്ചയം മരണമെന്നോട് പിടിച്ചുവാങ്ങുമ്പോള്‍  അതില്‍നിന്നുമൂര്‍ന്നു പൊഴിയണേ; നിന്റെ ശ്ലഥ ചിത്രം; എങ്കില്‍ മൃതിയെവെന്നു ഞാന്‍'! എന്ന കവിതയും എന്റെ ചുണ്ടു മറക്കും മുന്‍പേ നീ വരാതിരിക്കില്ല..എനിക്കറിയാം.