ഈ വാലെന്റൈന്‍സ്  ദിനത്തില്‍ പ്രണയത്തെ കുറിച്ചെഴുതുമ്പോള്‍ ഓര്‍മ്മയില്‍ ആദ്യം വരുന്നത് മാധവിക്കുട്ടിയുടെ വരികളാണ്.
''എന്റെ പ്രണയം കാട്ടുതേന്‍ പോലെയാണ് അതില്‍ വസന്തങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.'' 

ഇതില്‍ കൂടുതല്‍ ഭംഗിയായി എങ്ങിനെയാണ് ഒരാള്‍ തന്റെ പ്രണയത്തെ കുറിച്ച് എഴുതുക എന്ന് പലപ്പോഴും ഓര്‍ത്തു പോകാറുണ്ട്. വസന്തത്തിന്റെ എല്ലാ ഗന്ധങ്ങളും നിറങ്ങളും അലിഞ്ഞു ചേരുന്ന പ്രണയത്തിന്റെ മാധുര്യം.

പ്രണയത്തിന്റെ ഏറ്റുപറച്ചിലുകള്‍ ആയിരുന്നു കമലാ സുരയ്യ എന്ന മാധവിക്കുട്ടിയെ കേരളത്തിന്റെ സദാചാര ബോധത്തിന്റെ ശത്രുപക്ഷത്തു നിര്‍ത്തിയത്. സ്ഥിരവും ഭദ്രവുമായ സ്നേഹം തേടിയുള്ള അലച്ചിലുകള്‍ ആയിരുന്നു അവരുടെ എഴുത്തുകള്‍. തീവ്ര പ്രണയവും ഉന്മാദമായ രതിയും രോമകൂപങ്ങളില്‍ പോലും നൂണ്ടു കയറുന്ന വിരഹത്തിന്റെ വേദനയും സ്ത്രീപക്ഷത്ത് നിന്നുകൊണ്ടവര്‍ തുറന്നെഴുതി. 

'എന്റെ സ്നേഹം ഇളം വെയിലാണ് , വേനല്‍ മഴയാണ് , നിലാവാണ് .. എന്റെ സ്നേഹം ലഭിച്ചവരോട് എനിക്ക് തന്നെ അസൂയ തോന്നുന്നു....സ്നേഹിക്കപ്പെട്ട ആ ഹ്രസ്വകാലം, സ്വര്‍ലോക സംതൃപ്തി അവര്‍ക്ക് കൊടുത്തിരിക്കണം, പരിപൂര്‍ണ്ണതയില്‍ നിന്ന് അപൂര്‍ണ്ണതയിലേക്ക് വഴുതി വീണപ്പോള്‍ ആ വീഴ്ചയുടെ കാരണം അവര്‍ക്ക് മനസ്സിലായിരിക്കുകയില്ല...തീര്‍ച്ച, പക്ഷെ എന്നെ വെറുക്കാന്‍ അവര്‍ക്ക് കഴിയില്ല''. അത്രമേല്‍ ആഴത്തില്‍ മലയാളത്തിന്റെ പ്രിയ കഥാകാരി പ്രണയത്തെ എഴുതി വെച്ചിരിക്കുന്നു. 

ഒരു മനുഷ്യനെ ആകാശത്തോളം ഉയരത്തില്‍ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന മറ്റൊരു വികാരമുണ്ടാവില്ല. ഒരാള്‍ക്ക് ലോകം ഏറ്റവും സുന്ദരമായി തോന്നുന്നത് താന്‍ പ്രണയിക്കപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍ ആവണം. പ്രണയം രുചിക്കാത്ത ഒരുവന് സ്വപ്നം കാണാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അനുഭവത്തിലൂടെ കടന്നു പോകുമ്പോള്‍ ജീവിതത്തില്‍ ഏറ്റവും സുന്ദരമായ അനുഭവം സമ്മാനിച്ചത് പ്രണയങ്ങള്‍ തന്നെയാണെന്ന് തിരിച്ചറിയുന്നു. അതില്‍ പറയാതെ പോയ പ്രണയത്തിന്റെ ചെറുനോവുണ്ട്... നഷ്ടപ്പെട്ട പ്രണയത്തിന്റെ നീറ്റലുണ്ട്... ആത്മാവോളം ചേര്‍ത്ത് പിടിച്ച താളവേഗങ്ങളുടെ അനുഭൂതിയുണ്ട്.  

പ്രണയനിരാസത്തെ കുറിച്ച് നന്ദിത എഴുതി. 
''ഞാനുരുകുകയാണ് ഉരുകുകയാണ് ഉരുകുകയാണ് 
നീയല്ലാതെ യാതൊന്നും എന്നില്‍ ശേഷിക്കുന്നില്ല.... '. നഷ്ടപ്പെട്ട ഏതോ സ്നേഹത്തിന്റെ പേരില്‍ ജീവിതം തന്നെ പാതി വഴിക്ക് ഉപേക്ഷിച്ചു കടന്നു കളഞ്ഞവള്‍. കൊടുത്താലും കൊടുത്താലും മതിവരാത്ത, ലഭിച്ചാലും ലഭിച്ചാലും കൊതി തീരാത്ത സ്നേഹം. സ്നേഹത്തിന്റെ ഉന്മാദം നിറഞ്ഞു പൂത്ത വരികള്‍. 

ദൈവത്തിന്റെ ചുംബനങ്ങള്‍ എന്ന പുസ്തകത്തില്‍ തന്റെ പ്രണയിനിയായ ജോസഫൈന്‍നെകുറിച്ച് ഖലീല്‍ ജിബ്രാന്‍ എഴുതുന്നു. 
'ഇനി നീ എന്നാണ് കിനാവില്‍ വരിക?
ഇനി നീ എന്നാണ് വാക്കുകളുടെ നീലത്തടാകങ്ങള്‍
ഈ ദേവാങ്കണത്തില്‍ ഒരുക്കുക?
എന്റെ കാത്തിരിപ്പിനു ശലഭഭംഗിയുണ്ടെന്ന്
നീ പറഞ്ഞത് ഞാനിപ്പോഴും മറന്നിട്ടില്ല. '

എഴുത്തില്‍ പ്രണയം നല്‍കിയ മിഴിവുകള്‍ അത്രമേല്‍ ഹൃദ്യമായി ജിബ്രാന്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ശാന്തമായ തടാകം പോലെയോ, നക്ഷത്രങ്ങളാല്‍ നിബിഡമായ ആകാശം പോലെയോ സുന്ദരമായ അനുഭവമായി പ്രണയം അദേഹത്തിന്റെ വരികളില്‍ തെളിഞ്ഞു നിന്നു. അതില്‍ കാല്‍പ്പനികതയുടെ നവരസങ്ങള്‍ നിറഞ്ഞു. ഉത്തമഗീതങ്ങള്‍ പോലെ സുന്ദരമായ വരികള്‍ കൊണ്ട് പ്രണയത്തിന്റെ മായാജാലം തീര്‍ത്ത നെരൂദയെ മറക്കുന്നതെങ്ങനെ. 

'മരണത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ 
യാതൊന്നുമില്ലെന്നു വന്നോട്ടെ 
പ്രണയമെങ്കിലും വേണം 
ജീവിതത്തില്‍ നിന്നും നമ്മെ രക്ഷിക്കാന്‍'  പ്രണയം വിപ്ലവമായി മാറുന്ന പ്രതിഭാസം ഒരുപക്ഷെ നെരൂദയോളം എഴുത്തില്‍ നിറച്ച മറ്റൊരാളെ ഈ ദിനം ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.

പിന്നെയും എത്രയോ പ്രണയ ലിപികള്‍ ഉണ്ട് വായനയില്‍ വന്നു പോയത്. ഹൃദയത്തില്‍ വിരലടയാളം പതിപ്പിച്ചത്. ജീവിതത്തിലോ, ചിന്തിപ്പിച്ചതും കരയിപ്പിച്ചതും രാത്രികളെ, പകലുകളെ അലോസരപ്പെടുത്തിയതുമായ എത്രയോ പ്രണയകാല അനുഭവങ്ങള്‍. അതെ, പ്രണയം മഴപോലെയാണ്. മൂടിക്കെട്ടി മാറി നില്‍ക്കും, ചാറി പെയ്യും, ആര്‍ത്തലയ്ക്കും, പെയ്തൊഴിഞ്ഞു ശാന്തമാവും. അപ്പോഴും പെയ്തുവേന്നോര്‍മ്മപ്പെടുത്താന്‍ മരങ്ങള്‍ പെയ്തുകൊണ്ടിരിക്കും. വരും കാലത്തേക്ക് നനവുകള്‍ സമുദ്രങ്ങളിലേക്ക് കവിഞ്ഞൊഴുകും.