ഇനി നീ കടലാകുക, ഞാന്‍ കാറ്റും. നമ്മുടെ തൂലിക ഇവിടെ സ്വതന്ത്രമാകട്ടെ. പ്രക്ഷുബ്ധമായ ഒരു കടലിരമ്പത്തേക്കാള്‍ പ്രഭാതത്തിലെ ശാന്തമായ ഒരു കടലായി നീ മാറുന്നത് കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അപ്പൂപ്പന്‍താടിയും മഞ്ചാടിയും പിന്നെ നീ എനിക്ക് സമ്മാനിച്ച മയില്‍പ്പീലിയും മാത്രമുണ്ടായിരുന്ന എന്റെ ലോകം ഇന്നെനിക്ക് നിന്നിലൂടെ നഷ്ടമാകുന്നു.

അല്ലെങ്കില്‍ നമുക്ക് സംസാരിക്കാന്‍  ഈ ഭാഷ വേണോ? ലെബനോണിലെ പ്രിയകവി ഖലീല്‍ ജിബ്രാന്‍ തന്റെ പ്രണയിനി സല്‍മയ്‌ക്കെഴുതിയ പ്രണയലേഖനങ്ങളിലെ ഭാഷയെക്കുറിച്ചായിരുന്നല്ലോ നീ എപ്പോഴും സംസാരിച്ചിരുന്നത്. അത്രമേല്‍ ഹൃദ്യമായിരുന്നു ഹൃദയത്തില്‍ പ്രണയം നിറച്ച് വിഷാദത്തില്‍ ജിബ്രാന്‍ എഴുതിയ ഓരോ വരികളും.

എന്നാണ് എപ്പോഴാണ് നിന്നെ ഞാന്‍ പ്രണയിച്ചു തുടങ്ങിയത് ?. രാവിനും പകലിനുമിടയില്‍ പൂക്കള്‍ വിരിയുന്ന ചില മാത്രകളുണ്ട്.നാമറിയാതെ എന്നും നമ്മെ തഴുകി കടന്നുപോകുന്ന അത്തരം മാത്രകളിലൊന്നിലാണ് ഞാന്‍ നിന്നെ പ്രണയിക്കാന്‍ തുടങ്ങിയത്. പൂക്കള്‍ക്കിടയിലെ ഓരോ ഇതളും രാവിനെ പുണര്‍ന്നു കൊണ്ട് പതുക്കെ ഉണര്‍ന്ന നിമിഷം. ഉറക്കത്തില്‍ നിന്നും നീ ഉണര്‍ന്നപ്പോള്‍ എന്റെ പ്രണയം നിനക്കരികിലുണ്ടായിരുന്നു. കണ്ണുകള്‍ പതുക്കെ തുറന്ന് നീ ചോദിച്ചു.' നീ ആരാണ്'

നിന്നിലുണ്ടായിട്ടും നീ അറിയാതെ പോയ ഒന്ന്' എന്റെ പ്രണയം നിന്നോട് മറുപടി പറഞ്ഞു

മഴപെയ്യവെ മണ്ണില്‍ പതിക്കുന്ന ഓരോ മഴത്തുളളികള്‍ക്കിടിയിലും അകലം തീര്‍ക്കുന്ന ഒരു മാത്രയുണ്ട്. അവിടെ വെച്ചാണ് പിന്നീടൊരിക്കല്‍ ഞാന്‍ എന്റെ പ്രണയത്തെ വീണ്ടും നിന്നിലേക്കെത്തിച്ചത്.

നീ മുറ്റത്തെ വരാന്തയില്‍ വെറുതെയിരിക്കുമ്പോള്‍ എന്റെ പ്രണയം മഴയത്ത് ഈറനണിഞ്ഞ് നിന്റെയടുത്തു വന്നു. അന്നും നീ പ്രണയത്തെ തിരിച്ചറിഞ്ഞില്ല വിറയാര്‍ന്ന ചുണ്ടിനാല്‍ നീ വീണ്ടും എന്നോട് ചോദിച്ചു.'നീ ആരാണ് '?

ഒരിക്കല്‍ കാണാനെത്തിയെങ്കിലും നിന്റെ ഓര്‍മ്മയില്‍  തങ്ങി നില്‍ക്കാതെ പോയ ഒരു നിഷ്‌കളങ്ക, എന്റെ പ്രണയം വീണ്ടും മറുപടി പറഞ്ഞു.

ഈറനണിഞ്ഞതിനാല്‍ എന്റെ കവിളുകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര്‍ നീ കണ്ടില്ല.ഞാന്‍ പടിയിറങ്ങി മഴയിലേക്ക് തിരിച്ച് പോയി.

ഒരു വേനലില്‍ കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ നെടുവീര്‍പ്പുകള്‍ ഉയര്‍ത്തി ഏറെ ചിന്തിച്ച ശേഷം വീണ്ടും ഞാന്‍ നിന്റെ അരികിലെത്തി. വിയര്‍ത്ത് തളര്‍ന്ന് നീ അന്ന് ഒരു കാറ്റിനായി കൊതിച്ചിരിക്കുകയായിരുന്നു. ഞാന്‍ നിന്നിലേക്ക് ആഞ്ഞടിച്ചു.നിന്റെ കൈയിലെ പുസ്തകത്താളുകള്‍ വേഗത്തില്‍ മറഞ്ഞുപോയി. നിന്റെ പുരികപ്പൊടികളുയര്‍ത്തി അന്നും നീ ചോദിച്ചു.' നീ ആരാണ്'?

അന്നും നീ എന്നെ തിരിച്ചറിയാത്തതില്‍ മനംനൊന്ത് മറുപടി പറയാതെ എന്റെ പ്രണയം പടിയിറങ്ങി. ഇനിയൊരിക്കലും നിന്നെ കാണാന്‍ വരില്ലെന്ന് മനസ്സിലുറപ്പിച്ച് നിഴലിനൊപ്പം ഞാന്‍ മറഞ്ഞു.

ഹൃദയത്തിന്റെ താളബോധം നഷ്ടമായ നിമിഷത്തില്‍ രാവില്‍ കാറ്റിനൊപ്പം തിമിര്‍ത്തു പെയ്യുന്ന മഴയായി ഞാന്‍ മാറി. എന്റെ നിശ്വാസവും കണ്ണുനീരും എന്നിലെ കറുത്ത വിഷാദവും പടര്‍ന്നു.കണ്‍മഷി പരന്ന കണ്ണിമകള്‍ പോലെ. രാവ് മാഞ്ഞു തുടങ്ങി ഞാന്‍ തളര്‍ന്നു വീണപ്പോള്‍.നീ എന്റെ മുന്നില്‍ മഴ നനഞ്ഞ് നില്‍പ്പുണ്ടായിരുന്നു. ' നീ എന്റെ പ്രണയമല്ലേ.. ഞാന്‍ തിരിച്ചറിയാതെ പോയ എന്റെ പ്രണയം?'

തളര്‍ന്നു വീണ എന്റെ പ്രണയം മറുപടി പറഞ്ഞു' അല്ല ഞാന്‍ മഴയുടെ നനവും കാറ്റിന്റെ ഇരമ്പലും രാവിന്റെ ഇരുട്ടുമാകുന്നു.'

തളര്‍ച്ചയില്‍ ഇഴഞ്ഞ് നീങ്ങവെ എന്റെ പ്രണയത്തിന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു. പക്ഷെ അത് നിന്നെക്കുറിച്ചോര്‍ത്തായിരുന്നില്ല.നീ തിരിച്ചറിയാതെ പോയ എന്നെ നീറിച്ച നോവായ പ്രണയത്തെക്കുറിച്ചോര്‍ത്തായിരുന്നു. പറന്നകലുന്ന ഒരു പക്ഷിയായി ഇനി നമ്മുടെ പ്രണയം സ്വതന്ത്രമാകുന്നു.