" ജറുസലേം പുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണര്‍ത്തുകയുമരുത്"

ഈ പ്രണയദിനത്തിത്തിലും  എഡ്ഡിയുടെ ആ സ്വരം ഞാന്‍ ഓര്‍ക്കുന്നു, എട്ടു മാസം മുമ്പ് ഫിലഡെല്‍ഫിയയിലെ ഒരു രാവില്‍ എഡ്ഡി ഉറക്കെ ചൊല്ലിയ സോളമന്റെ ഗീതികള്‍

ഇടവപ്പാതിയുടെ വരവറിയിച്ച് ചാറ്റല്‍മഴ കുളിരു പകര്‍ന്ന ജൂണ്‍ ഒന്നിനാണ് ഞാനും ഭര്‍ത്താവ് റജിയും നെടുമ്പാശ്ശരിയില്‍ നിന്ന് അമേരിക്കയ്ക്ക്  വിമാനം കയറിയത്, മകളുടെ അടുത്തേക്ക്. അഞ്ചു വര്‍ഷം കാണാതിരുന്നതിന്റ ദുഖമൊക്കെ കണ്ടും പറഞ്ഞും ഒന്നടങ്ങിയപ്പോള്‍ കൊണ്ടുവന്ന പൊതികളഴിക്കുന്ന തിരക്കിലായി. ആ തിരക്കും തീര്‍ന്നപ്പോള്‍ പ്രത്യേക പണിയൊന്നുമില്ലാതായി. മുറ്റമടിക്കേണ്ട, മുറി തുടയ്ക്കേ്ണ്ട, തുണി അലക്കേണ്ട, പാത്രം കഴുകേണ്ട. എല്ലാം യന്ത്രം ചെയ്തോളും. ഞങ്ങള്‍ക്കു ബോറടിച്ചുതുടങ്ങിയെന്ന് മകള്‍ക്കു മനസ്സിലായി. അവള്‍ ഒരു പോംവഴി പറഞ്ഞുതന്നു.

വീടിനു വിളിപ്പാടകലെ വലിയൊരു മാളുണ്ട്, അവിടെ കൊണ്ടുപോയി കാണിച്ചിട്ടു പറഞ്ഞു 'ഇഷ്ടം ഉള്ളപ്പോഴെല്ലാം ഇവിടെ വരാം, എത്ര കണ്ടാലും മതിവരാത്തത്ര സാധങ്ങള്‍ കണ്ടും വാങ്ങിയും സമയം കൊല്ലാം. വീടിരിക്കുന്ന അപ്പാര്‍ട്ട്മെന്റ് കോംപ്ലക്‌സ്  പത്തു നൂറ്റമ്പതേക്കറിലാണ്. എവിടെ വേണേലും നടക്കാം. ഓടാം, ചാടാം, സൈക്കില്‍ ചവിട്ടാം, വ്യായാമിക്കാം.

മൊത്തത്തിലൊരു ഐഡിയ കിട്ടിയതോടെ പിറ്റേന്ന്  രാവിലെ 11 മണിയോടെ ഞാനും റജിയും മാളിലേക്ക് വച്ചുപിടിച്ചു. ആകപ്പാടെ ഒരു റിലാക്സേഷനൊക്കെയായി. കോട്ടയത്തെ വാരിശ്ശേരിയില്‍ നടക്കുമ്പോലെ ഞങ്ങള്‍ കൈവീശി  വഴി നടന്നുതുടങ്ങി. അപ്പാര്‍ട്ടുമെന്റിലെ താമസക്കാരൊക്കെ കാറോടിച്ചുപോകുന്നു. തണല്‍മരങ്ങളുടെ വനം. പച്ച പുല്‍മേടുകളിലൂടെ നടന്നും ഇരുന്നും ആസ്വദിച്ചും ഞങ്ങള്‍ നീങ്ങി.

ഇവിടെങ്ങും കാക്കയെ കാണാനില്ലല്ലോടീ  റജി എന്നോടു പറഞ്ഞു. ''ഇത്രേം പ്രായത്തിനിടെ എത്രായിരം കാക്കയെ കണ്ടു, അമേരിക്കയില്‍ വന്നിട്ടും കാക്കയെ കാണാനെന്നാ പൂതിയ നിങ്ങള്‍ക്ക് ?'' എനിക്ക് കലിവന്നു 

''ഓ,എന്നാ  ഉണ്ടെന്നു പറഞ്ഞാലും, കാക്കേം കുയിലും കാക്കതമ്പുരാട്ടിയും ചെമ്പോത്തും ഒന്നുമില്ലാത്തൊരു നാട ്'' 
നടന്നു നടന്നു മാളിന്റെ കാര്‍പാര്‍ക്കിംഗിലെത്തി ഞങ്ങള്‍. ദാ.വരുന്നു ഒരു സായ്പും മദാമ്മയും. കൈ കോര്‍ത്തുപിടിച്ചാ വരവ് !
''കൈവിട്ടാല്‍ ആരാണ്ടു തട്ടിപ്പറിച്ചോണ്ടോടും ഇതിനെ'' ഞാന്‍ റജിയോടു പറഞ്ഞു. ഹണി, സ്വീറ്റി, ഡാര്‍ലിംഗ്വഎന്നൊക്കെ പുന്നരിച്ച് കെട്ടിപ്പിടിച്ച് ഒരു നടപ്പ്..

''നിനക്കു അസൂയയാ, പെണ്ണെവിടെ ചെന്നാലും സ്വഭാവം മാറുമോ ?നീ വേണേല്‍ എന്റെ കൈയ്യില്‍ പിടിച്ചോണ്ടു നടന്നോ''
ഓ, ഇനിയിപ്പം വേണ്ട, കോട്ടയത്ത് പിടിക്കാത്തവര് അമേരിക്കയിലെന്നാ പിടിക്കാനാ, കല്യാണം കഴിഞ്ഞതിന്റെ പിറേറയാഴ്ച വേനല്‍ മഴ പെയ്തപ്പം നിങ്ങടെ കുടയില്‍ കയറിനിന്ന് കെട്ടിപ്പിടിച്ചതിന് എന്നെ തള്ളി മാറ്റിയതല്ലേ. അന്നു നിങ്ങള്‍ക്കു നാണക്കേടായിരുന്നു. ഇനി കൊച്ചുമക്കളായപ്പോ എന്നാ പിടിക്കാനാ തന്നെ പിടിച്ചാല്‍ മതി'', ഞാനിച്ചിരി കടുപ്പിച്ചു പറഞ്ഞു.
''അതുപിന്നെ ഞാന്‍ ജനിച്ചുവീണ പട്ടണമല്ലേടീ, ഒരു പെണ്ണിനെ കിട്ടിയപ്പം കണ്‍ട്രോളുവിട്ടെന്ന് നാട്ടുകാരെക്കൊണ്ടു പറയിപ്പിക്കേണ്ടെന്നേ വിചാരിച്ചൊള്ളു, ഇത്രേം വര്‍ഷത്തിനിടയ്ക്ക് നീയിതെത്രാം വട്ടമാ കുത്തുന്നത് ?

''നിങ്ങളു ജനിച്ചുവീണത് പട്ടണത്തിലോട്ടാരുന്നോ, ഞാനൊക്കെ , ഇത്രേം പറഞ്ഞു തീര്‍ന്നപ്പോഴേക്കും  മുന്നില്‍ കണ്ട മദാമ്മ പൊത്തോന്നു വീണുകിടക്കുന്ന കാഴ്ച. കോര്‍ത്തു പിടിച്ച സായ്പിനെ കാണാനില്ല. അയാള്‍ കാര്‍ സ്ററാര്‍ട്ടാക്കുന്ന തിരക്കിലാണ്. സ്വീറ്റി വീണതറിഞ്ഞിട്ടില്ല. രാജ്യം രണ്ടാണേലും അവരും ഒരു സ്ത്രീയല്ലേ, വയസ്സീം.. ഞാനോടിചെന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചു, ഷൂ തെന്നിയതാണെന്നു തോന്നുന്നു. കൈയ്യിലെ കൂടൊക്കെ തെറിച്ചുപോയത് എടുത്തു. ഉടുപ്പില്‍ പററിയ ഇലയും പൊടിയും  തട്ടിക്കൊടുത്തു.''ആര്‍ യു ഓക്കെ ''
 
ഞാന്‍ ചോദിച്ചതും ജാള്യംമാറാത്ത ചുവന്നു തുടുത്ത മുഖം ഉയര്‍ത്തി അവരെന്നെ നോക്കി..''താങ്ക് യു സോ മച്ച് '',പിന്നെ ഒറ്റ വായില്‍ ഒരമ്പതു താങ്ക്സ് പിന്നാലെ. കാറിനരികിലേക്ക് ഞാനവരെ നടത്തി. കാറില്‍ കയറി അവര്‍ ഇരുന്നപ്പോഴേക്കും തെറിച്ചുവീണ കൂട് ഏല്‍പ്പിച്ചുകൊടുത്തു. ദാണ്ടേ  വരുന്നു, താങ്ക്സ് പിന്നേം..ബായ് പറഞ്ഞ്  തല്‍ക്കാലം ഞാന്‍ രക്ഷപ്പെട്ടു.

''ഒരു നല്ല കാര്യം ചെയ്തിന്റെ പോസിററീവ് എനര്‍ജി ഫീല്‍ ചെയ്യുന്നുണ്ടിപ്പം.''  എല്ലാം നോക്കനിന്ന റജിയോടു ഞാന്‍ പറഞ്ഞു.
''ആയിക്കോട്ടെന്നേ, ഇത്തിരി മുമ്പു പറഞ്ഞതിന്റെ നെഗററീവ് എനര്‍ജി പോയി കിട്ടുമല്ലോ ''ഭര്‍ത്താവെന്നെ ഒന്നു 'താങ്ങി'  .
നാലര ഡോളര്‍വച്ച് രണ്ടുകിലോ ആപ്പിള്‍ ഒമ്പതു ഡോളര്‍ കൊടുത്തു വാങ്ങി, 63 രൂപയെ ഒമ്പതു കൊണ്ടു ഗുണിച്ചുനില്‍ക്കുമ്പോള്‍ റജി പറഞ്ഞു''ഇതു കിടിലന്‍ എൈറ്റമാ'' വീട്ടില്‍ചെന്ന് ഒന്നു മയങ്ങിയെണീററപ്പം മണി നാല്. ഇനി മൂന്നാഴ്ച കൂടിമാത്രം..എന്നാപ്പിന്നെ പത്തു നാട്ടുകാരെ കാണാമല്ലോ എന്നായി റജി. അങ്ങനെ ഈവ്നിംഗ് വോക്കിനുളള പുറപ്പാടായി...

തണുത്ത കാററിന്റെ അകമ്പടി. സൈക്കിള്‍ സഞ്ചാരികളുടെ പടപ്പുറപ്പാട്. കൈകോര്‍ത്തും കെട്ടിപ്പിടിച്ചും മിഥുനങ്ങള്‍. മഷിയിട്ടുനോക്കിയിട്ടും 'നമ്മുടെ'കൂട്ടരില്ല ..''അമ്മേ. ഉല്ലസിക്കാം. പക്ഷേ തുറിച്ചുനോട്ടം പാടില്ലെന്നു മറക്കേണ്ട '' മകളുടെ മുന്നറിയിപ്പ് ഓര്‍മയുള്ളതുകൊണ്ട് ഒരു ലിമിററിട്ടാണ് 'കാഴ്ചകള്‍ ' കാണുന്നത്. ''ഹലോ,ഗൈസ് ''കനത്ത ശബ്ദം കേട്ടു നോക്കുമ്പോള്‍ ഒരു തടിയന്‍സായ്പ്.. ആറടി പൊക്കം കാണും. 90 കിലോയും 75 നു മീതെ പ്രായം തോന്നും. നമ്മളെയെന്തിനാ ഇങ്ങേരു വിളിക്കുന്നെ ഇനി പോലിസോ മറ്റോ ആണോ അപരിചിതരെ കണ്ടു വിളിക്കുന്നതാണോ. എനിക്കു സംശയമായി..

അടുത്തു ചെന്നപ്പോഴാ കണ്ടത് വീണ മദാമ്മ അപ്പുറത്ത്  ഇരിപ്പുണ്ട്. സായ്പ് എനിക്കുനേരെ കൈ നീട്ടി. എന്റെ കൈ ഒരൊന്നന്നര കുലുക്കുകുലുക്കി  താങ്ക്സ് കോരിയിട്ടുതുടങ്ങി. അടുത്ത കുലുക്ക് റജിക്ക്. വീണ മദാമ്മ എന്നോടു 'എവിടെയാണു താമസം, ഏതു രാജ്യത്തില്‍നിന്നാണ് എന്നൊക്കെയായി 

''ഓ,യൂ ആര്‍ ഫ്രം ഇന്ത്യാ ! ''

സായ്പ് പിന്നേം റജിയുടെ കൈ കുലുക്കാന്‍ തുടങ്ങി. സായ്പ് ഇന്ത്യയില്‍ വന്നിട്ടുണ്ടത്രേ. കെറളത്തില്‍ കുമറകത്തും മുന്നാറും കൊത്തയത്തും താമസിച്ചിട്ടുണ്ട് .ഞങ്ങള്‍ പെട്ടന്ന് വേണ്ടപ്പെട്ടവരായി. സായ്പിന്റെ പേര് എഡ്വേര്‍ഡ്. മദാമ്മ രൂത്ത് .സായ്പായി ഞങ്ങടെ നേതേവ്. കൂട്ടുകാരെ പരിചയപ്പെടാം എന്നായി. എട്ടുനിലകെട്ടിടത്തിന്റെ മുമ്പില്‍ ചെന്നുനിന്നതും ''ഇതാണു ഞങ്ങടെ താമസസ്ഥലമെന്നായി ''.

മുതിര്‍ന്ന പൗരന്‍മാര്‍ പണം നല്‍കി  താമസിക്കുന്ന ഇടം. എഡ്ഡി, കൂട്ടുകാരെ വിളിച്ചതും, തുറസ്സായ ഹാളില്‍ സൊറപറഞ്ഞിരുന്ന എട്ടൊന്‍പതു ആജാനുബാഹുക്കള്‍ പറന്നെത്തി '' ഇത് ഇന്ത്യയില്‍ നിന്നുള്ള എന്റെ ഫ്രന്‍ഡ് മി.ഴജി,വൈഫ് ജോളി''
കുമറകത്തിനു തൊട്ടടുത്താണ് വീടെന്നുംകൂടെ എഡ്ഡി തട്ടി വിട്ടതോടെ ഞങ്ങള്‍ക്കു മനസ്സിലായി ആളൊരു പുലിയും സംസാരപ്രിയനുമാണെന്ന്. എഡ്ഡിയുടെ ഇന്ത്യന്‍ യാത്രാവിവരണം കേട്ട കൂട്ടുകാര്‍ വൈകാതെ ഇന്ത്യയ്ക്ക് ആ പുറപ്പെടാനുളള ഒരുക്കത്തിലുമാണ്.

റെക്സ്, ലൂക്ക്, കാരന്‍, കാതറിന്‍, ആല്‍ഫി,സ്‌ററീവ്്, ബില്ലി, അലക്സ് പിറ്റേന്നും കാണാമെന്നു പറഞ്ഞാണ് കൂട്ടുകാര്‍ ഞങ്ങളെ യാത്രയാക്കിയത്. മൂന്നു ദിവസത്തിനു ശേഷം. അന്നൊരു ബുധനാഴ്ചയായിരുന്നു. മറ്റൊരു ദിശയിലേക്കായിരുന്നു അന്നു ഞങ്ങള്‍ നടക്കാന്‍ പോയത്. പൂമരങ്ങള്‍ പൂത്തുചാഞ്ഞുകിടക്കുന്ന , മനോഹരവീടുകളുള്ള , പേരറിയാമരങ്ങളുള്ള നിരത്ത്. ഏക്കറുകളോളം പുല്‍മേടുകള്‍. വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍.

കിലോമീറ്ററുകളോളം നടന്ന് ഞങ്ങള്‍ മടങ്ങുമ്പോഴതാ ഇണക്കിളികള്‍ കൊക്കുരുമുന്നു.പുരുഷന്റെ തോളില്‍ തലചായ്ച് സ്ത്രീ, സ്ത്രീയുടെ ശിരസ്സില്‍ കവിള്‍ ചേര്‍ത്തണച്ച് അയാള്‍. തുറിച്ചുനോക്കരുതല്ലോ കാണാത്തതുപോലെ ഞങ്ങള്‍ മുന്നോട്ടുനടന്നു. സദാരചാരപ്പോലിസ് ഇല്ലാത്ത സമത്വ സുന്ദരമായ നാട്. 'അത് അവരല്ലേ എന്നൊരു സംശയം.എഡ്ഡിയും, റൂത്തും,' റജി 
'നിങ്ങള്‍ തുറിച്ചു നോക്കി അല്ലേ,''ഇല്ലേയില്ല, ഒളിഞ്ഞൊന്നു നോക്കി, ഒരുവട്ടം മാത്രം . ചിരി അമര്‍ത്തി റജി പറഞ്ഞു.

അടുത്തൊരു ദിവസം കൂടി അവരെ ഞങ്ങള്‍ ഇതേപോലെ കണ്ടെത്തി. ഇത്തവണ അവര്‍ കൊണ്ടും കൊടുത്തും ചുംബനലഹരിയിലായിരുന്നു. ഒന്നുമറിയാത്തതുപോലെ മുന്നോട്ടുനടന്ന ഞങ്ങളെ എഡ്ഡി ഉറക്കെ വിളിച്ചു.
ചമ്മലോടെ നോക്കുമ്പോള്‍.ചമ്മാളിപ്പില്ലാതെ അവരും. നിറഞ്ഞു ചിരിക്കുന്ന റൂത്തിന്റ തുടുത്ത മുഖം.

മടക്കയാത്രയുടെ ദിവസമടുത്തു. ഇനി ഒരു നാള്‍ക്കൂടി മാത്രം. അവസാനദിവസത്തെ ഒത്തുകൂടല്‍. ഇതിനോടകം ഞങ്ങളേറെ അടുത്തുകഴിഞ്ഞിരുന്നു. മക്കളെപ്പറ്റി ,നാടിനെപ്പറ്റി, ജീവിതത്തെപ്പറ്റി പങ്കുവച്ച്. പരസ്പരം ഹഗ്ഗ് ചെയ്ത് വിട പറഞ്ഞു. റൂത്തും എഡ്ഡിയും ഞങ്ങളെ കൊണ്ടാക്കാനായി ഒപ്പം വന്നു.

നേരിയൊരു ചമ്മലൊടെ ഞാന്‍ ചോദിച്ചു എഡ്ഡീ, ഒരപേക്ഷ, നിങ്ങള്‍ ഞങ്ങളെക്കാള്‍ ഒരുപാട് സീനിയറാണ്, ഈ പ്രായത്തിലും സ്നേഹം ഇങ്ങനെ ചൂടോടെ നിലനിര്‍ത്തുന്നതിന്റ രഹസ്യം എന്താണ് ?'

എഡ്ഡി പെട്ടെന്ന് പൊട്ടിചിരിക്കാന്‍ തുടങ്ങി. നിലയ്ക്കാത്ത പണ്ടാരച്ചിരി. റൂത്ത് എഡ്ഡിയെ കെട്ടിപ്പിടിച്ച് ചിരിക്കാന്‍ തുടങ്ങി. ഞാനാകെ ചമ്മി, റെജിയുടെ മുഖം വിളറി. ചിരി ഒന്നടങ്ങിടപ്പോള്‍ എഡ്ഡി പറഞ്ഞു,''കൂട്ടുകരേ, പ്രണയത്തെ കൊല്ലരുത്, നമ്മള്‍ മരിക്കുമ്പോഴേ നമ്മുടെ പ്രണയം മരിക്കാവൂ. നമ്മള്‍ക്കു ജീവിക്കാന്‍ ദൈവം തന്ന സമ്മാനമാണത്.''ഒന്നു നിര്‍ത്തിയിട്ടയാള്‍ രൂത്തിനെ നോക്കി. അവരുടെ കണ്ണില്‍ എന്തെന്നില്ലാത്ത തിളക്കം !

''രൂത്ത് എന്റെ നാലാമത്തെ പങ്കാളിയാണ്. അവളെന്റെ ഭാര്യ ആയിട്ടില്ല. വൈകാതെ ആയേക്കാം. ആദ്യ ഭാര്യയുമായി ഞാന്‍ പിരിഞ്ഞത് 44-ം വയസ്സില്‍. മൂന്നു മക്കളുമായി അവള്‍ പോയി. രണ്ടുവര്‍ഷം കഴിഞ്ഞ് കണ്ടുമുട്ടിയ ജാനറ്റിനെ വിവാഹം ചെയ്തില്ല. മൂന്നു വര്‍ഷം ഒരുമിച്ചു കഴിഞ്ഞശേഷം പിരിഞ്ഞു. സാറയെ വിവാഹം കഴിക്കുമ്പോള്‍ 52 വയസ്സ്. 16 വര്‍ഷം നീണ്ട ദാമ്പത്യം. രണ്ടു മക്കള്‍. സ്വരചേര്‍ച്ചയില്ലാതായതോടെ പിരിഞ്ഞു. ഇപ്പോഴെനിക്ക് 76 വയസ്സായി. ഞാന്‍ ഏകനാണ്. റൂത്ത് 25 വര്‍ഷം ഭര്‍ത്താവിനൊപ്പം ജീവിച്ചു. അദ്ദേഹം മരിച്ചു. മൂന്നു മക്കളും നല്ല നിലയില്‍. 72-ം വയസ്സില്‍ അവരും ഒറ്റയ്ക്ക്. ഇവിടെവച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയതും കൂട്ടുകാരായതും. ഒരുവര്‍ഷമായി പരസ്പരം അറിയാം. തടസ്സങ്ങളൊന്നുമില്ല, പക്ഷേ വിവാഹത്തിനു ഞങ്ങള്‍ക്കു ധൃതിയുമില്ല. ചെറുപ്പകാലത്തെ അതേ പ്രണയലഹരിയിലാണ് ഞങ്ങളിപ്പോള്‍. ഇത്തിരി കൂടെ നേരത്തെ കണ്ടുമുട്ടേണ്ടതായിരുന്നു അല്ലേ റൂത്ത് ?''
പുതുപ്പെണ്ണിനെപ്പോലെ റൂത്ത് ഒതുക്കി ചിരിച്ചു.

'' മി.ഴജി ഈ പ്രായത്തിലെ പ്രണയത്തിനു ലഹരി ഏറും, സ്നേഹിക്കാന്‍ മാത്രമുള്ള പ്രണയമാണിത്. അല്ലേ ഹണീ, സ്വതേ തുടുത്ത റൂത്ത് ഒന്നുകൂടി ചുവന്നു. അവരുടെ കഴുത്തറ്റം മുറിച്ചിട്ട മുടി മാടിയൊതുക്കി ആ തണുത്ത രാവില്‍ ഞങ്ങളെ സാക്ഷിയാക്കി എഡ്ഡി അവരെ ചുംബിച്ചു. വലംകൈകൊണ്ട് അവരെ ചേര്‍ത്തുപിടിക്കുമ്പോള്‍ പ്രണയാര്‍ദ്ര സ്വരത്തില്‍ അയാള്‍ ഒരു  കവിത പോലെ സോളമനെ ഉറക്കെ ചൊല്ലി.''ഡു നോട്ട് സ്റ്റിര്‍ അപ്പ് , നോര്‍ അവേക്കന്‍ ലവ്  അണ്‍ടില്‍ ഇറ്റ് പ്ളീസസ്സ് '' (പേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണര്‍ത്തുകയുമരുത് എന്നു ഞാന്‍ ആണയിട്ട് അപേക്ഷിക്കുന്നു)
             
എഡ്ഡി, ഈ പ്രണയദിനത്തില്‍ ഇങ്ങുദൂരെ കേരളത്തിലിരുന്ന് ഞങ്ങള്‍ ആശംസിക്കുന്നു ''ഗ്രാമങ്ങളില്‍ പോയി രാ പാര്‍ക്കുക, അതികാലത്തെഴുനേറ്റ് മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തോയെന്നും മാതളനാരകം പൂത്തോയെന്നും നോക്കുക,അവിടെവച്ച്  പ്രണയം പങ്കിടുക