രണ്ടു ഹൃദയങ്ങളില്‍ നിന്നും കരകവിഞ്ഞൊഴുകുന്ന സ്‌നേഹവര്‍ഷമാണ്  പ്രണയമെന്ന വികാരം. സ്ത്രീപുരുഷബന്ധത്തിന്റെ  അടിസ്ഥാനമായാണ് അനുരാഗത്തെ സമൂഹം നോക്കികാണുന്നത്. മനസ്സില്‍ തളിരിടുന്ന പ്രണയത്തിന്റെ പൂമൊട്ടുകളെ വാടിക്കരിയാതെ സുഗന്ധപൂരിതമായ ഉദ്യാനഭൂമികയാക്കുവാന്‍ ഏത് പ്രതിബന്ധങ്ങളിലും കെട്ടഴിഞ്ഞുപോവാത്ത  രണ്ടുമനസ്സുകളുടെ അടിയുറച്ച മനപ്പൊരുത്തം മാത്രം മതി. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവരായി ആരുമില്ലെന്ന് ആലങ്കാരികമായി പറയുന്നത് ധാരാളം കേള്‍ക്കാറുണ്ട്. സ്വന്തം അനുഭവത്തിന്റെ സാക്ഷ്യത്തില്‍ അനുരാഗത്തിന്റ വെളിച്ചം സ്പര്‍ശിക്കാതെ കടന്നുപോയ കൗമാരങ്ങള്‍ ക്യാമ്പസ് തട്ടകങ്ങളില്‍ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ഒരിക്കല്‍ അധ്യാപകന്‍ പറഞ്ഞ ഒരു വാചകം മനസ്സിലേക്കോടിയെത്തുകയാണ് . 'ജീവിതത്തില്‍ പ്രണയിച്ചിട്ടേയില്ലയെന്ന് പറയുന്നത് ശുദ്ധകളവാണ്, വളര്‍ച്ചയുടെ കാലഘട്ടത്തില്‍ ഏതൊരാണിനും പെണ്ണിനും  ആകര്‍ഷണവും, പ്രണയവും തോന്നിയിരിക്കണം. '

സ്‌കൂള്‍ജീവിതംതൊട്ട് വര്‍ഷങ്ങളോളം പ്രണയിച്ചു ക്യാമ്പസ് കാലഘട്ടത്തിലും അതേ പ്രണയം ഒരേ താളത്തില്‍ ഒരുമിച്ചു തുഴഞ്ഞു പ്രണയതീരത്തെത്തി മംഗല്യത്തിലകം ചാര്‍ത്തുന്ന ദമ്പതികളോട് ഒരു പ്രത്യേകമായ ആരാധന പലപ്പോഴും തോന്നാറുണ്ട്. പരസ്പരം തോന്നുന്ന ഇഷ്ടത്തിനു വിട്ടുവീഴ്ചകള്‍ ചെയ്യാനും, നിനക്കെന്നും കൂട്ടായി ഞാനുണ്ടെന്നു തുറന്ന് പറയാനും, വാക്കിനധിഷ്ഠിതമായ പ്രവര്‍ത്തി ജീവിതത്തില്‍ ഉള്‍പ്പെടുത്തിയതിനാലുമാണ് ഈ പ്രണയവിജയങ്ങള്‍ സംഭവിക്കുന്നത്. ഇന്നത്തെ ക്യാമ്പസിലെ പ്രണയങ്ങളില്‍ ചിലതെല്ലാം ഭംഗിയുള്ള വസ്ത്രം പോലെയാണ് ഉപയോഗിച്ച ശേഷം ദൂരേക്ക് വലിച്ചെറിയുന്ന പ്രവണത ഏറി വരുന്നുണ്ട്. ആത്മാര്‍ത്ഥത ഒട്ടും കലര്‍ത്താത്ത ഇത്തരം  ഇഷ്ടങ്ങള്‍ ഏറിവരുന്നത് പ്രണയത്തിന്റെ തീവ്രശോഭയില്‍ മങ്ങലേല്‍പ്പിക്കുകയാണ്. ഇന്റര്‍നെറ്റ് യുഗത്തില്‍ ജീവിതം സമൂഹമാധ്യമങ്ങളിലേക്കു ചുരുങ്ങുമ്പോള്‍ അവിടെയും ഈയാംപാറ്റകളെപ്പോലെ അനുരാഗം പൂവിടരുകയും, ധാരാളം കൊഴിഞ്ഞു വീഴുകയും ചെയ്യുന്നത് നിത്യമായ കാഴ്ച. രതിയെ മാത്രം കേന്ദ്രീകരിച്ചു ബന്ധങ്ങള്‍ തഴച്ചു വളരുന്നതുകൊണ്ടാകാം പ്രണയം പല ബന്ധങ്ങളിലും നിലനില്‍ക്കാത്തത്. അനുരാഗത്തെ  സ്‌നേഹപൂരിതമായി ആത്മാര്‍ത്ഥതയോടെ ഹൃദയത്തില്‍   താലോലിക്കുന്ന നല്ല മനസ്സുകളും ഈ സ്വര്‍ഗഭൂമിയിലുണ്ട് അവരാവണം നല്ല നാളെയുടെ പ്രചോദനങ്ങള്‍.

പണ്ടത്തെ ക്യാമ്പസുകളില്‍ പലരും എഴുത്തുകാരാവുന്നതിന്റെ ആരംഭം പ്രണയലേഖനങ്ങളാണ്. പ്രണയിനിക്കായി അവളെ വര്‍ണ്ണിച്ചെഴുതുന്ന അക്ഷരങ്ങള്‍ക്കെല്ലാം തേനൂറുന്ന മധുരമുണ്ടായിരിന്നു . പഴയ പ്രണയലേഖനങ്ങളുടെ പകിട്ട് മൊബൈല്‍ സന്ദേശങ്ങള്‍ക്കും ലഭിക്കില്ല. ഓര്‍മ്മകളുടെ പ്രണയതീരങ്ങളില്‍ ഇഷ്ടങ്ങളെ മധുരോദാരമാക്കിയിരുന്നത് നല്ല പ്രണയലേഖനങ്ങളാണ്. കത്തിന്റെ അവസാനം 'നിന്റെതു മാത്രം 'എന്നെഴുതി കാണുമ്പോള്‍ പ്രണയിനികള്‍ക്കുള്ളില്‍ പൂത്തുവിടരുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കുകയില്ല, തീര്‍ച്ചയായും അതനുഭവിച്ചാലേ മനസിലാവുകയുള്ളു.
പ്രണയിക്കാന്‍ പ്രായഭേദമില്ല മരണമുഖം കാണുംവരെ ഒന്നായി സ്‌നേഹിക്കുന്ന വൃദ്ധജനങ്ങളിലും ഒരായുസ്സിന്റെ പ്രണയം ഇനിയും ബാക്കിയാകുന്നുണ്ട്. മറഞ്ഞുപോയ പ്രണയാര്‍ദ്രമായ കാലഘട്ടങ്ങള്‍ ഇന്നിന്റെ മനുഷ്യരിലേക്ക്  തിരികെയെത്തുമെന്നുതന്നെ നമുക്ക് ആത്മാര്‍ത്ഥമായി  പ്രത്യാശിക്കാം.

മൗനത്തില്‍ ചാലിച്ച അനുരാഗത്തിന്റെ സാന്നിധ്യമറിയുവാന്‍ ശബ്ദമില്ലാത്ത വാക്കുകളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ സാധിക്കണം. തീര്‍ത്തും സ്വകാര്യമായി ഹൃദയം, ഹൃദയത്തോട് പ്രണയമോതുമ്പോള്‍ ചുറ്റും അനുരാഗവിവശയായ പുഴ നിറഞ്ഞൊഴുകുന്ന തുടിതാളങ്ങള്‍ കേള്‍ക്കാം. ഓര്‍മ്മയിലെ പ്രേമാര്‍ദ്രനിമിഷങ്ങളിലൂടെ  സഞ്ചരിക്കുകയാണ്. നടന്നുനീങ്ങുന്ന പാതയില്‍ ഒറ്റ ലക്ഷ്യം മാത്രം 'പ്രണയസാക്ഷാത്ക്കാരം '.

കളങ്കമില്ലാത്ത എല്ലാ കമിതാക്കള്‍ക്കും  പ്രണയദിനാശംസകള്‍.  എല്ലാ ദിവസങ്ങളും വസന്തം ചൊരിയുന്ന പ്രണയദിനങ്ങളായിത്തീരട്ടെ. കലഹങ്ങളിലും, സന്തോഷങ്ങളിലും ചേര്‍ത്തുപിടിച്ച കരങ്ങള്‍ ചങ്ങലപോലെ എന്നെന്നും ദൃഢമായിരിക്കട്ടെ, പ്രണയദിനാശംസകളോടെ