രക്തം കണ്ണുനീരിനോട് ചൊല്ലിയ ചിലപ്പുകളായിരുന്നു ഓരോ അയ്യപ്പന്‍ കവിതയും

സുഹൃത്തെ മരണത്തിനുമപ്പുറം
ഞാന്‍ ജീവിക്കും
അവിടെ ഒരു പൂക്കാലമുണ്ടായിരിക്കും
എന്ന് ഹൃദയം കൊണ്ട് പാടിയ കവി ജനനവും മരണവും ഇല്ലാത്തവന്‍ എന്ന് സ്വയം വിശേഷിപ്പിച്ച് വാറ്റു ചാരായത്തിന്റെ മണത്തോടെ നടന്നു കയറിയത് മലയാള സാഹിത്യത്തിന്റെ കെട്ടുകാഴ്ചകള്‍ക്കുമപ്പുറമുള്ള വിശാലലോകത്തേക്കാണ്. ജീവിതത്തെ സ്വാതന്ത്ര്യമെന്ന് ഒറ്റവാക്കിലൂടെ നിര്‍വചിച്ച അയ്യപ്പന്‍ തന്റെ ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ മലയാളിക്കു മുന്നില്‍ തുറന്നുവെച്ച് രഹസ്യങ്ങളില്ലാത്ത മനുഷ്യനായി ജീവിച്ചു. ഓരോ പ്രണയാഘോഷത്തിലോ വിരഹത്തിലോ അയ്യപ്പന്‍ കവിതകള്‍ ഉരുവിടാത്ത ചുണ്ടുകള്‍ മലയാളത്തില്‍ വിരളമാണ്. പ്രണയത്തിന്റെ സ്വര്‍ഗത്തുരുത്തുകളെയും നഷ്ടബോധത്തിന്റെ പാതാളഗര്‍ത്തങ്ങളെയും ആത്മാവ് കൊണ്ട് പകര്‍ത്തിയ അയ്യപ്പനെ ഒഴിവാക്കിയുള്ള പ്രണയവായനകള്‍ തീര്‍ച്ചയായും അപൂര്‍ണമായിരിക്കും.

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത
ഒരു രഹസ്യം പറയാനുണ്ട് 
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് 
ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ 
പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞുതന്നവളുടെ ഉപഹാരം
(എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്)

പ്രണയ ഭാവുകങ്ങളെ അന്‍പത്തിയൊന്നക്ഷരങ്ങളില്‍ തളച്ച അയ്യപ്പന്‍, നടന്ന വഴികളിലൊക്കെയും പ്രണയത്തീയുടെ പൊള്ളലുകള്‍ ദൃശ്യമായിരുന്നു. കൂട്ടം തെറ്റി നടന്ന അയ്യപ്പന്‍ ജഡീഭവിച്ച പ്രണയ എഴുത്തുകളില്‍ രചനയുടെ പുത്തന്‍ തലങ്ങള്‍ സ്വയം സൃഷ്ടിക്കുകയായിരുന്നു. അനാഥനായ തന്നെ കവിത സനാഥനാക്കിയെന്ന് അയ്യപ്പന്‍ ആവര്‍ത്തിക്കുമ്പോള്‍ കവിതയില്‍ വിരിഞ്ഞ പ്രണയലോകങ്ങളൊക്കെയും മലയാളത്തിലെ വാര്‍പ്പുമാതൃകകളെ കടപുഴക്കി കൊണ്ടായിരുന്നു.

വിഛേദിക്കപ്പെട്ട വിരലാണവള്‍
നഷ്ടപ്പെട്ടതെന്റെ മോതിരക്കൈ എന്ന് നഷ്ടപ്രണയത്തെക്കുറിച്ച് പാടിയ കവി തന്നെയാണ്

നീതന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം 
എനിക്ക് പ്രേമകാവ്യമായിരുന്നു
പുസ്തകത്തില്‍ അന്ന് സൂക്ഷിച്ചിരുന്ന ആലില നിന്റെ പച്ച ഞരമ്പുകളെ ഓര്‍മിപ്പിക്കുന്നു
അതിന്റെ സുതാര്യതയില്‍
ഇന്നും നിന്റെ മുഖം കാണാം. എന്ന് പ്രണയത്തെ ഓര്‍ത്തെടുക്കുന്നതും. എത്രയൊക്കെ പറഞ്ഞാലും അയ്യപ്പന്‍ കവിതക്ക് പ്രണയം നല്‍കിയ ഊര്‍ജ്ജവും ഓജസും കവിതയുടെ ഞരമ്പായി പടരുന്നുണ്ട്.

രക്തത്തില്‍ രേഖപ്പെടുത്താം 
നമുക്കീ രതിയുടെ ജന്മനിമിഷവും മൂര്‍ച്ചയും 
കണ്ണടയ്‌ക്കാം പിന്നെ കണ്ണുതുറക്കാം 
മുറിപ്പെടുത്താം സ്വയം മുറിവുണക്കാം (കാമപര്‍വ്വം)

പ്രണയത്തിന്റെയും രതിയുടെ പാരസ്പര്യത്തെയും ഇത്രമേല്‍ ആവിഷ്‌കരിച്ച വരികള്‍ മലയാളത്തില്‍ വിരളമായിരിക്കും തീര്‍ച്ച. അയപ്പന്റെ കവിതകളിലൊക്കെയും നിറയുന്ന പ്രയോഗമാണ് 'നീ'. പ്രണയധൂളികള്‍ പൊഴിയുന്ന അയ്യപ്പന്‍ കവിതകളിലെ ഈ പ്രയോഗം അയ്യപ്പന് മുന്നില്‍ സൃഷ്ടിക്കുന്നത് നെഞ്ചകം നിറയുന്ന പ്രണയാര്‍ദ്രതയാണ്.

ഈ മുറിവിലൂടെ നിന്റെ ചുണ്ടുകളോര്‍മ്മ വന്നു
നിന്റെ കണ്ണുകളുടെ നീരാവി
ഇന്ന് മഴയായ് പെയ്തു
ഉള്ളുനിറയെ തീ നിറച്ച മഞ്ചാടിമാല
ചുംബനങ്ങളേറ്റു തുടുത്തുകൊണ്ടിരിക്കുന്നു
അക്ഷരങ്ങള്‍ പൂക്കുന്ന ഈ കടലാസ് മണക്കുന്നു
(പാവം മഹാഗണിയുടെ ഹൃദയം)

പ്രണയത്തിന്റെ ആര്‍ദ്രതയെ പുല്‍കിയ അതേ കവി തന്നെയാണ് പ്രിയാ 
കാനയിലുദിക്കും സൂര്യന്‍
ഇന്നു ഞാന്‍ കണ്ടേനതു
കാട്ടുപോത്തിന്റെ ഒരു ചുവന്ന കണ്ണായ് പ്രേമം ധവളാഭമാം ദുഃഖം കാപട്യം
കെട്ടുപോയ് കനലുകള്‍
ഓര്‍ക്കുവാന്‍ നെടുവീര്‍പ്പോ
ഒരോര്‍മ്മയോ
ഒന്നുമില്ലാതായ് തീര്‍ന്നു ഇന്നെനിക്കെന്റെ പ്രേമം
എന്‍ പ്രിയ പ്രണയിനഎന്ന വാക്കുകളിന്നു
രണ്ടു നോക്കുകുത്തികള്‍
പണ്ടവര്‍ പ്രേമിച്ചവര്‍
ഇതാ,
ഒരു മൃഗത്തിന്റെ നഖങ്ങളാഴുന്നെന്നിലഇതല്ലോ ഇക്കാലത്തില്‍ പ്രേമത്തിന്‍ സാക്ഷാത്കാരം (നഖം) എന്ന കപട പ്രണയത്തിന്റെ ആധുനിക മുഖത്തെയും ചൂണ്ടിക്കാട്ടിയത്. ആത്മകഥാസ്പര്‍ശിയായ കവിതാ വരികളില്‍ പ്രണയങ്ങള്‍ തകര്‍ന്നത് തന്റെ കുറ്റം കൊണ്ടാണെന്ന് അയ്യപ്പന്‍ സമ്മതിക്കുന്നുണ്ട്.

കുന്നിക്കുരുകൊണ്ട് മാലയുണ്ടാക്കി
എണ്ണം തെറ്റാതെ നൂറുവരെയെണ്ണാതെ
മണ്ണപ്പമുണ്ടാക്കിയൂട്ടിയ പെണ്ണിനെ 
കണ്ണീരില്‍ കുളിപ്പിച്ചവന്‍
(ഗുരുകോപം)

അയ്യപ്പന്‍ കവിതകളിലെ ആവര്‍ത്തിക്കുന്ന തികട്ടലാണ് പ്രണയം. അതില്‍ പ്രണയത്തിന്റെ നനുത്ത ഓര്‍മകളുണ്ട്, നഷ്ടപ്രണയത്തിന്റെ കണ്ണുനീരുണ്ട്, പ്രണയത്തിന്റെ പ്രതീക്ഷകളുണ്ട്. 'പ്രണയവും രാഷ്ട്രീയവുമാണെന്നെ ഇങ്ങനെയാക്കിയതെന്ന്' വിളംബരം ചെയ്ത കവിയുടെ കവിതകളൊക്കെയും നെഞ്ചകം നിറഞ്ഞു തുളുമ്പിയ പ്രണയ ഓര്‍മകളാണ്. 

ഓരോ കവിതയിലും കവി നിഗൂഢമായതെന്തോ ഒളിപ്പിച്ചു വെയ്ക്കുമ്പോഴും കവിതയിലടക്കം ചെയ്ത മയില്‍പ്പീലിയും മഞ്ചാടിയും മഴയുമൊക്കെ മറനീക്കി പുറത്തുവരുന്നു. കാലുറക്കാതെ ആരെയും വകവെക്കാതെ നടന്നു കയറിയ മലയാള കവിതയില്‍ അയ്യപ്പന്‍ കവിതകള്‍ പകര്‍ന്നാടിയ പ്രണയഭാവങ്ങള്‍ കള്ളുപോലെ കരളു തിന്നുന്ന ലഹരിയാണ് പ്രണയമെന്നുറക്കെ പാടുന്നുണ്ട്. 

പ്രണയം വിളിച്ചാല്‍ ഉറക്കെ വിളികേള്‍ക്കുന്ന അയ്യപ്പന്‍ തിരസ്‌കരിച്ച യാഥാസ്ഥിതിക ജീവിതവഴികളില്‍ മുറുകെപിടിച്ചത് പ്രണയമെന്ന ലഹരിയെയും മരണമെന്ന യാഥാര്‍ഥ്യത്തെയുമാണ്. മലയാള കവിതയിലും മലയാളിയുടെ ഹൃദയകോണിലും കുത്തിയിരുന്ന് കാലുകള്‍ രക്തത്തില്‍ തല്ലിക്കളിച്ച് കവി ഇപ്പോഴും ഉറക്കെ പാടുന്നു.

'കരളുപങ്കിടാന്‍ വയ്യെന്റെ പ്രണയമേ
പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികള്‍'