പ്രണയം അതെന്നും സ്വകാര്യമാവണമെന്ന നിര്‍ബന്ധത്തിന് അന്നുമിന്നും മാറ്റമൊന്നുമില്ല. ഞാനെന്നും നിന്റേതെന്ന് പറയാന്‍ വടിവൊത്തെ അക്ഷരങ്ങള്‍ക്ക് പകരം പുതിയ വഴികള്‍ തേടുന്ന ഫ്രീക്ക് പ്രണയിതാക്കള്‍ ഇന്ന് കാമ്പസ്സിന്റെ സ്ഥിരം കാഴ്ചയാണ്. എന്റെ ഇഷ്ടം എന്റേത് മാത്രമാണെന്ന ഉറച്ച വിശ്വാസമുള്ള പുതിയ കാമ്പസ് പ്രണയത്തിലും പരീക്ഷണങ്ങള്‍ക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്.  ഇഷ്ടം പറയാന്‍ കാഞ്ചനയും മൊയ്തീനുമുണ്ടാക്കിയ ഭാഷപോലെ പുതിയ കാലത്തെ പ്രണയിതാക്കള്‍ക്കുമുണ്ട് അവരുടേതായ ഭാഷകളും ചിത്രങ്ങളും ചിഹ്നങ്ങളും. ഒരു പക്ഷെ രണ്ടുപേരും ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രം തെളിഞ്ഞ് വരുന്ന പ്രണയഭാഷ. അതില്‍ അവരുടെ ഇഷ്ടവും സ്‌നേഹവും കാഴ്ചപ്പാടും നിറഞ്ഞ് നില്‍ക്കുന്നുണ്ടാവും. ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ടാറ്റൂ പ്രണയം. 

മുറിഞ്ഞുപോയ ഒരു ഹൃദയത്തിന്റെ ഒരു പാതി കാമുകന്റെ കയ്യില്‍ മറുപാതി കാമുകിയുടെ കയ്യില്‍. ഇരു കൈകള്‍ ചേര്‍ത്ത് വെച്ചാല്‍ മാത്രം വിരിയുന്ന റോസാപ്പൂവ്. കാല്‍പാദങ്ങള്‍ ഒരുമിച്ച് വെച്ചാല്‍ മാത്രം വായിക്കാന്‍ കഴിയുന്ന ലൗ എന്ന നാലക്ഷരം. പുതിയ ഫ്രീക്കന്‍ പ്രണയങ്ങള്‍ ഇങ്ങനെയൊക്കെയാണ് ഭായ് എന്ന് പറയാന്‍ നമ്മുടെ കാമുകീ കാമുകന്‍മാര്‍ക്ക് ഒരു മടിയുമില്ല. പഴയ ഇന്‍ലെന്റ് കത്തില്‍ തുടങ്ങിയ പ്രണയം തീര്‍ത്തും സാങ്കേതികത നിയന്ത്രിക്കുന്ന പുതിയ കാലത്ത് ഇന്ന് എവിടെ എത്തിനില്‍ക്കുന്നുവെന്നതാണ് അത്ഭുതപ്പെടുത്തുന്നത്.  അതില്‍ ഏറ്റവും ഒടുവിലത്തെ പ്രണയ ഭാഷയാണ്‌ ടാറ്റു.

പ്രണയിതാക്കളുടെ പുതിയ ട്രെന്‍ഡ് തിരിച്ചറിഞ്ഞ കച്ചവടക്കാര്‍ പ്രധാന നഗരങ്ങളിലെല്ലാം മികച്ച രീതിയിലുള്ള ടാറ്റു ഷോപ്പുകള്‍ക്ക് തുടക്കമിട്ടുണ്ട്. പണം അല്‍പ്പം കൂടുമെന്ന് മാത്രം. ടാറ്റുവിന്റെ ഭാഷ പലപ്പോഴും പ്രണയിതാക്കള്‍ക്ക് മാത്രം തിരിച്ചറിയാന്‍ കഴിയുന്നതാണ്. അതുകൊണ്ടുതന്നെ തന്റെ പ്രണയം ഒളിപ്പിച്ച് വെക്കാനുള്ള ഏറ്റവും സൗകര്യ പ്രദമായ മാര്‍ഗമായി ഇതിനെ കാണുന്നവരുണ്ട്. രണ്ടുപേര്‍ ചേര്‍ന്നാല്‍ മാത്രം തിരിച്ചറിയാന്‍ കഴിയുന്നതാണ് ഇതിലെ ആശയമെന്നത് കൊണ്ട് വീട്ടുകാര്‍ക്ക് പോലും ഒന്നും മനസ്സിലാവില്ല എന്നതാണ് ടാറ്റുവിനോടുള്ള ഇഷ്ടം വര്‍ധിപ്പിക്കുന്നത്‌.

വെല്ലുവിളിയേറ്റെടുത്ത് രണ്ടുപേരുടേയും കൈത്തണ്ടകളില്‍ സൂചികൊണ്ട് ചിത്രങ്ങളും അക്ഷരങ്ങളും ആലേഖനം ചെയ്യുന്നവരും പുതിയ കാലത്തെ പ്രണയിതാക്കള്‍ക്കിടയില്‍ കുറവൊന്നുമില്ല. എന്തും വെല്ലുവിളിയായി ഏറ്റെടുക്കുന്ന പുതിയ കാലത്ത് പ്രണയങ്ങള്‍ക്കുമുണ്ട് അതിന്റെ ചൂടും ചൂരുമെന്നാണ് കോളേജ് അധികൃതരും ചൂണ്ടിക്കാട്ടുന്നു. കാണുന്നവര്‍ക്ക് ചിലപ്പോള്‍ പുച്ഛമായി തോന്നുമെങ്കിലും എന്റെ ഇഷ്ടം എന്റേത് മാത്രമാണെന്ന് പുതിയ കാമ്പസ് പറയുന്നു.

പറന്ന് പോകുന്ന പക്ഷിക്കൂട്ടങ്ങളില്‍ ഒരു പാതി കാമുകിയുടെ കയ്യിലും മറുപാതി കാമുകന്റെ ഇടനെഞ്ചിലേക്കും ടാറ്റുവടിക്കുന്നവരുണ്ട്. രണ്ടും ചേര്‍ത്ത് വെച്ചാല്‍ മാത്രം വായിക്കാം നീയെന്നും എന്നില്‍ സുരക്ഷിതയാണെന്നും അല്ലെങ്കില്‍ സുരക്ഷിതനാണെന്നുമുള്ള ആശയങ്ങള്‍. കോളേജ് കുട്ടികളാണ് പലപ്പോഴും ടാറ്റുവടിക്കാനെത്തുന്നവരില്‍ കൂടുതല്‍. ഒരിക്കല്‍ ടാറ്റുവെടുത്താല്‍ അത് എന്നെന്നോക്കുമായി മായ്ച്ച് കളയുക എന്നത് റിസ്‌ക്കുള്ള കാര്യമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പലരും ഇതിന് തയ്യാറായി വരുന്നതെന്ന് ടാറ്റു ഷോപ്പ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. 

എന്താണ് ദേഹത്ത് കുത്തിവെച്ചിരിക്കുന്നതെന്ന് വീട്ടുകാര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയില്ലെന്നത് കൊണ്ട് ഫീക്ക് പ്രണയിതാക്കള്‍ ഒരു ടാറ്റു പ്രണയിതാക്കള്‍ കൂടിയായി മാറിയെന്നത് യാഥാര്‍ഥ്യമാണ്.