ഹിന്ദുവായ നിഷിധ മുസല്‍മാനായ അബ്ദുള്ളയെ വിവാഹംകഴിക്കുന്നു; അതുപോലെ രാജന്‍ സല്‍മാബിയെയും. നിഷിധയെ പിന്നീട് തട്ടമിട്ടമട്ടില്‍ ചിലരെങ്കിലും പ്രതീക്ഷിച്ചെങ്കില്‍ അവര്‍ക്ക് തെറ്റി. പൊട്ടുതൊട്ട സല്‍മാബിയെ ഭാവനയില്‍ കണ്ടവര്‍ക്കും തെറ്റി. ഇവരിലാരുംതന്നെ മതമോ പേരോ മാറ്റിയില്ല. കോടതിയും ഇടപെട്ടില്ല.  കലഹമോ കലാപമോ പൊട്ടിപ്പുറപ്പെട്ടതുമില്ല. പരിചയപ്പെടുത്താന്‍മാത്രം പ്രത്യേകതകള്‍ ഇവര്‍ക്കില്ലെങ്കിലും മതത്തിനതീതമായി മനുഷ്യനെ സ്‌നേഹിച്ചതിന്റെ കൈയൊപ്പുണ്ട് ഇവരുടെ ജീവിതത്തിന്. മതേതരകേരളം ഇനിയും മരിച്ചിട്ടില്ലെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഇവര്‍ കേരളമണ്ണില്‍ ജീവിച്ചുതീര്‍ത്ത വര്‍ഷങ്ങള്‍.

കുടുംബജീവിതത്തിലേക്ക് വഴിമാറുമ്പോഴാണ് പ്രണയത്തിന് മതത്തിന്റെ നിറവും രൂപവും പേറേണ്ടിവരുന്നത്. മതംമാറ്റത്തില്‍ പലപ്പോഴും ആണ്‍കോയ്മയും നിലനില്‍ക്കുന്നു. സ്ത്രീകളാണ് പലപ്പോഴും പുരുഷന്റെ മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. എന്നാല്‍, അന്യമതസ്ഥരെ വിവാഹം കഴിച്ചശേഷം സ്വന്തം അസ്തിത്വത്തിന് ഭ്രംശംവരുത്താത്ത അനേകര്‍ കേരളത്തിലുണ്ട്. ഒരു കൂരയ്ക്കുള്ളില്‍ രണ്ട് വ്യത്യസ്ത വിശ്വാസങ്ങളുള്ള വ്യക്തികളായി, സ്‌നേഹത്തിന് ഒരു ഭംഗവും വരാതെ അവര്‍ കഴിയുന്നുമുണ്ട്. അവരില്‍ രണ്ട് കുടുംബങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

കൊടുവള്ളിയിലെ കെ.എസ്.ആര്‍.ടി.സി. പ്രണയം

സാമുദായിക സദാചാരവാദവും വിചാരണകളുമൊന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത നാട്ടിന്‍പുറത്തിന്റെ സന്തതികളാണ് അബ്ദുള്ളയും നിഷിധയും. സമൂഹത്തില്‍നിന്നോ മതമേലധ്യക്ഷന്‍മാരില്‍നിന്നോ ഒളിച്ചോടാതെ കോഴിക്കോട് കൊടുവള്ളിയിലെ വാവാട് എന്ന സ്വന്തം ഗ്രാമത്തില്‍, ജനിച്ച മതത്തില്‍നിന്ന് മാറാതെതന്നെ ഇവര്‍  17 വര്‍ഷമായി ഒരുമിച്ചുകഴിയുന്നു. സ്വാര്‍ഥതയില്ലാത്ത ഈശ്വരസ്‌നേഹവും ഭക്തിയുമാണ് അമ്മയും അമ്മൂമ്മയും നിഷിധയ്ക്ക് ചെറുപ്പംമുതലേ പകര്‍ന്നുനല്‍കിയത്.  പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ജീവിക്കാന്‍ അര്‍ഹരാണെന്നും അവയെ ഉപദ്രവിക്കുന്നതും വാസസ്ഥലങ്ങള്‍ നശിപ്പിക്കുന്നതുമൊക്കെ ദൈവകോപത്തിന് കാരണമാകുമെന്നും ജീവജാലങ്ങളോട് സ്‌നേഹത്തോടെ പെരുമാറുന്നതാണ് ദൈവപ്രീതിക്ക് നിദാനമെന്നും ചെറുപ്പത്തിലേ കേട്ടറിഞ്ഞ് വളര്‍ന്നവള്‍.  അതാണ് അവളുടെ മതവും. അതിനാല്‍ നിഷിധയെ സംബന്ധിച്ച്  മുമ്പോട്ടുള്ള മതനിരപേക്ഷജീവിതം എളുപ്പം സാധ്യമാവുന്ന ഒന്നായിരുന്നു.  തൊട്ടടുത്ത മുസ്ലിംവീടുകളില്‍നിന്ന് അരിയും കറിയും എന്നുവേണ്ട അടുപ്പെരിയാനുള്ള തീപോലും പങ്കുവെച്ചിരുന്ന സൗഹൃദാന്തരീക്ഷമായിരുന്നു നിഷിധയുടെ വീടിനുചുറ്റും നിലനിന്നിരുന്നത്. അതിനാല്‍ സ്വന്തമതം-അന്യമതം എന്ന ചിന്താഗതികള്‍ക്കപ്പുറമാണ് നിഷിധ രൂപപ്പെടുത്തിയ ജീവിതകാഴ്ചപ്പാട്.

കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജില്‍വെച്ചാണ് നിഷിധയും അബ്ദുള്ളയും പരിചയപ്പെടുന്നത്. കോളേജിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിലെ ഒരുമിച്ചുള്ള യാത്രയിലാണ് അവര്‍ കൂടുതല്‍ ആശയവിനിമയം നടത്തുന്നതും സൗഹൃദത്തിലാവുന്നതും. പ്രണയത്തിലാവുന്നതോടെ അക്കാലമത്രയും ഇരുവരുടെയും ജീവിതത്തില്‍ വേലിതീര്‍ക്കാതിരുന്ന മതം കണ്ണുരുട്ടിത്തുടങ്ങി. സംശയക്കാരുടെ കണ്ണെത്താത്ത കോഴിക്കോടിന്റെ കൈവഴികളും സ്‌നേഹം ഉപാധികളില്ലാതെ സ്വീകരിക്കപ്പെടുന്ന നഗരത്തിലെ മതേതര ഇടങ്ങളുമെല്ലാം പ്രണയിക്കുന്ന കാലത്ത്് അവര്‍ക്ക് അഭയമായി.സാമുദായികസമ്മര്‍ദങ്ങളില്‍പ്പെട്ട് തത്കാലം പതറിപ്പോയാലും മാതാപിതാക്കളും പ്രദേശത്തെ സുഹൃത്തുക്കളും ആത്യന്തികമായി കൂടെയുണ്ടാകുമെന്ന ഉത്തമബോധ്യം നിഷിധയ്ക്കുണ്ടായിരുന്നു. അതായിരുന്നു അവളുടെ പ്രണയത്തിന് ശക്തിനല്‍കിയതും. ഏതാണ്ട് ഏഴുവര്‍ഷംനീണ്ട പ്രണയത്തിനുശേഷമാണ് അബ്ദുള്ളയും നിഷിധയും സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍വിവാഹംചെയ്യുന്നത്.

നിഷിധയുടെ പഠനം പൂര്‍ത്തിയാക്കുന്നതിനും ആര്‍ക്കെങ്കിലുമൊരാള്‍ക്ക് ഒരു സ്ഥിരവരുമാനമുള്ള ജോലി തരപ്പെടുന്നതുവരെയും ഏഴുവര്‍ഷം ഇരുവരും വിവാഹംകഴിക്കാതെ കാത്തിരുന്നു. ആയിടയ്ക്ക് അബ്ദുള്ളയ്ക്ക് വാട്ടര്‍ അതോറിറ്റിയില്‍ ജോലി ലഭിച്ചു. അങ്ങനെയാണ് 2000-ത്തില്‍ ഇവര്‍ വിവാഹിതരാവുന്നത്. വാവാട് കവലയില്‍ വലിയ പൊട്ടിത്തെറിയൊന്നുമുണ്ടായില്ലെങ്കിലും ആ സവിശേഷസാഹചര്യത്തെ അബ്ദുള്ളയുടെ കൂട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനായി. പാര്‍ട്ടിസഖാക്കളും നല്ല പിന്‍ബലം നല്‍കി. വിവാഹംകഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ നാട്ടിലെത്തി ഒരു വാടകവീട്ടില്‍ താമസിക്കാനാവശ്യമായ സാഹചര്യമൊരുക്കിയത് ഈ സുഹൃത്തുക്കളും സഖാക്കളുമാണ്. അവരാണിവര്‍ക്ക് പിന്തുണയും ശക്തിയും.

ചില ബന്ധുവീടുകളിലെ ബഹിഷ്‌കരണ പരിപാടികളൊഴിച്ചാല്‍ പ്രതീക്ഷിച്ച പ്രശ്‌നങ്ങള്‍ ഇരുവരുടെയും കുടുംബങ്ങളില്‍നിന്ന്് ഉണ്ടായിട്ടില്ല. കലഹവും കലാപവും പ്രതീക്ഷിച്ചിരുന്നവര്‍ നിരാശരായിട്ടുണ്ടാകാം. മാത്രമല്ല, ഇരുകുടുംബങ്ങള്‍ക്കും ഊരുവിലക്കുകളും ഈ കൊച്ചുഗ്രാമത്തില്‍ നേരിടേണ്ടിവന്നില്ലെന്നതും ശ്രദ്ധേയമാണ്. ഹിന്ദുമതസ്ഥയോടൊപ്പം ജീവിക്കുന്ന അബ്ദുള്ളയെ കുടുംബമോ അബ്ദുള്ളയുടെ കുടുംബത്തെ മഹല്ലോ വിലക്കിയില്ല. ഭാര്യയെ മതംമാറ്റണമെന്ന നിര്‍ദേശവുമായി ആ മതേതരവാദിയുടെ മുന്നില്‍ ആരുമെത്തിയില്ല. നിഷിധയുടെ കുടുംബത്തിന്റെ നിലപാടും മറിച്ചായിരുന്നില്ല. പി.എസ്.സി. പരീക്ഷയെഴുതി 2005-ല്‍ രാരോത്ത് പരപ്പന്‍പൊയില്‍ ഗവ. മാപ്പിള ഹൈസ്‌കൂളില്‍ അധ്യാപികയായി നിഷിധ ജോലിയില്‍ പ്രവേശിച്ചു.

വിവാഹശേഷം എട്ടുവര്‍ഷം സ്വന്തം കുഞ്ഞെന്ന മോഹവുമായി ഏതൊരു ദമ്പതിമാരെയുംപോലെ മുന്നോട്ടുപോയ ഇവര്‍ പിന്നീട് ആറുമാസം പ്രായമുള്ള അനാഥനായൊരു ആണ്‍കുഞ്ഞിന് അച്ഛനും അമ്മയുമായിത്തീര്‍ന്നു. സമാധാനം എന്നര്‍ഥംവരുന്ന അമന്‍ എന്ന പേര് അവരവന് നല്‍കി. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മതത്തിന്റെ കള്ളി ഒഴിഞ്ഞുതന്നെ കിടന്നു. കുഞ്ഞിന് അച്ഛന്റെ മതവും നാമവും നല്‍കുന്ന സ്ത്രീസൗഹൃദമല്ലാത്ത കീഴ്വഴക്കവും അവര്‍ പിന്തുടര്‍ന്നില്ല.  

കേരളത്തില്‍ മതംമാറിയവരില്‍ ഭൂരിഭാഗവും പ്രണയംമൂലമാണെന്നാണ് കണക്കുകള്‍. കഴിഞ്ഞവര്‍ഷം പ്രണയവിവാഹംചെയ്ത് മതംമാറിയവരില്‍ നല്ലൊരു ശതമാനവും ഹിന്ദുമതത്തില്‍നിന്ന്് മുസ്ലിം മതത്തിലേക്കാണെന്നും കണക്കുകള്‍ പറയുന്നു.  അവര്‍ക്കിടയിലാണ് മുസ്ലിംകുടുംബത്തില്‍ ജനിച്ച അബ്ദുള്ള അബ്ദുള്ളയായിത്തന്നെയും ഹിന്ദുകുടുംബത്തില്‍ ജനിച്ച നിഷിധ നിഷിധയായിത്തന്നെയും ഈ 17 വര്‍ഷവും മതനിരപേക്ഷജീവിതം നയിക്കുന്നത്. സ്വന്തം മതവിശ്വാസം ഉപേക്ഷിക്കാതെതന്നെ പരസ്പരവിശ്വാസം പുലര്‍ത്താനാകുമെന്ന് ഈ ദമ്പതിമാര്‍ തെളിയിക്കുന്നു.

മതേതര ജീവിതത്തിന്റെ 34 ആണ്ടുകള്‍

1980-കളില്‍ വിക്ടോറിയ കോളേജിന്റെ സയന്‍സ്ലാബിലാണ് ആ വിപ്ലവപ്രണയം തളിര്‍ത്തത്. കോളേജില്‍ ഒരേവിഷയം പഠിക്കുന്നവര്‍, ഏതാണ്ട് ഒരേ മാര്‍ക്കുള്ളവര്‍, സാഹിത്യത്തിലും വായനയിലും വാസനയുള്ളവര്‍, സഹൃദയര്‍. പക്ഷേ, പ്രണയത്തെ പിന്നോട്ടുവലിക്കുന്ന വലിയൊരു സാമൂഹികയാഥാര്‍ഥ്യം അവരുടെ മുന്നിലുണ്ടായിരുന്നു. പരുത്തിപ്പുള്ളിക്കാരനായ കെ.എ. രാജന്‍ ജനിച്ചത് ഹിന്ദുകുടുംബത്തിലാണ്. ചെര്‍പ്പുളശ്ശേരിക്കാരി എം. സല്‍മാബിയാവട്ടെ മുസ്ലിംകുടുംബത്തിലും. എല്ലാ മേഖലയിലും സമാന അഭിരുചിയുള്ള അവര്‍ പക്ഷേ, മതത്തിന്റെ പേരില്‍ അകലാന്‍ ഒരുക്കമായിരുന്നില്ല.

ജോലിനേടിയശേഷം വിവാഹം എന്നായിരുന്നു ആലോചന. പക്ഷേ, പ്രണയംപൂവിട്ട സയന്‍സ് ലാബിലെ ജീവനക്കാരന്‍ സല്‍മയുടെ വീട്ടില്‍ ഒറ്റുകൊടുത്തതോടെ പദ്ധതികള്‍ പാളി. അവര്‍ എത്രയും പെട്ടെന്ന് വിവാഹിതരാകാന്‍ തീരുമാനിച്ചു. പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ ഇവര്‍ 1984-ല്‍ വിവാഹിതരായി.  ഒരുപക്ഷേ, സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം പാലക്കാട്ട് രജിസ്റ്റര്‍ചെയ്ത ആദ്യ ഹിന്ദു-മുസ്ലിം വിവാഹമായിരിക്കാം സല്‍മ-രാജന്‍ ദമ്പതിമാരുടേത്. 

പാരലല്‍കോളേജില്‍ പഠിപ്പിച്ചുകൊണ്ടാണ് സ്ഥിരജോലിയില്ലാത്ത ഒരു വര്‍ഷം ഇരുവരും മറികടന്നത്. വിവാഹംകഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ദക്ഷിണ റെയില്‍വേയില്‍ രാജന് ജോലികിട്ടുന്നത്.  ഊട്ടി, പള്ളിപ്പുറം, ഷൊര്‍ണൂര്‍, തൃശ്ശിനാപ്പള്ളി, പരപ്പനങ്ങാടി, ജോലാര്‍പേട്ട, ബുദ്ധിറെഡ്ഡിപെട്ടി തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ ജോലിചെയ്തു. ഒടുവില്‍ പാലക്കാട് ജങ്ഷനില്‍ സ്റ്റേഷന്‍മാസ്റ്ററായിരിക്കെ വി.ആര്‍.എസ്. എടുത്തു.

തന്റെ തൊഴില്‍ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നതിനിടയില്‍ സല്‍മാബിയുടെ കരിയര്‍സ്വപ്നങ്ങള്‍ രാജന്‍ തമസ്‌കരിച്ചില്ല എന്നതാണ് ഈ കുടുംബത്തെ മാതൃകാകുടുംബമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായി രാജന്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ സല്‍മാബി ബി.എഡിന് ചേര്‍ന്ന് പഠനം മുന്നോട്ടുകൊണ്ടുപോയി. ശേഷം ദേശമംഗലം സ്‌കൂളില്‍ അധ്യാപികയായി. പഠിച്ചപണി വിവാഹശേഷം നേടിയെടുത്തുകൊണ്ടുതന്നെ സല്‍മാബി രാജനൊപ്പം ജീവിച്ചു.

ഒരു വര്‍ഷം കഴിഞ്ഞ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. ഭരണഘടന വിഭാവനംചെയ്യുന്ന മതനിരപേക്ഷ ഇന്ത്യയില്‍ മതമില്ലാതെയും ജനിക്കാമെന്ന തിരിച്ചറിവിലാണ് അവര്‍ തങ്ങളുടെ മകന് ഗൗതം എന്ന പേരിടുന്നത്.  ലോകത്തെ ആദ്യ കമ്യൂണിസ്റ്റുകാരനാണ് ബുദ്ധന്‍ എന്നതിനാലാണ് മകന് ഗൗതം എന്ന പേരിട്ടതെന്ന് രാജന്‍ പറയുന്നു. ഒരു ജാതിയുടെയും മതത്തിന്റെയും സന്തതിയല്ല തങ്ങളുടെ പുത്രനെന്ന ഉറച്ച ബോധ്യത്തില്‍ ഇരുവരുടെയും പേരിന്റെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്ത് എസ്.ആര്‍. എന്ന് മകന് ഇനീഷ്യല്‍ നല്‍കി. മതനിരപേക്ഷതയ്‌ക്കൊപ്പം ലിംഗസമത്വവും നല്‍കിയുള്ള പേരിടല്‍.

പണമുണ്ടായിട്ടും രാജനും സല്‍മാബിയും ഗൗതമിന് സര്‍ക്കാര്‍ സ്‌കൂളില്‍ത്തന്നെ വിദ്യാഭ്യാസം നല്‍കി. സ്‌കൂളില്‍ മതമില്ലാത്ത ജീവനായി മതകോളത്തില്‍ 'ചശഹ' എന്ന് രേഖപ്പെടുത്തി. അവനെയുംകൊണ്ട് അവര്‍ ഇന്ത്യമുഴുവന്‍ കറങ്ങി. രാജനും സല്‍മയും ചുറ്റിക്കാണാത്ത ഇന്ത്യന്‍ സംസ്ഥാനങ്ങളില്ലെന്നുപറയാം. ''ഇന്ത്യയില്‍ മതമേധാവികള്‍ക്കേ തീവ്രമായ മതബോധമുള്ളൂ, സാധാരണ ജനങ്ങള്‍ക്കതില്ല'' എന്നാണ് ആ വലിയ യാത്രയില്‍നിന്ന് തങ്ങള്‍ക്ക് മനസ്സിലായതെന്ന് രാജന്‍ പറയുന്നു.

ചെന്നൈയില്‍നിന്ന് എം.ടെക്. പൂര്‍ത്തിയാക്കിയ ഗൗതം ബെംഗളൂരുവില്‍ ഡിസൈന്‍ എന്‍ജിനീയറായി ജോലിചെയ്യുന്നു. അച്ഛനും അമ്മയും മതവിശ്വാസമോ നിരീശ്വരവാദമോ അടിച്ചേല്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഇന്നോളം മതകോളത്തില്‍ 'ചശഹ' എന്നല്ലാതെ ഗൗതം രേഖപ്പെടുത്തിയിട്ടില്ല. മതമില്ലാത്തതിനാല്‍  ഗൗതമിന്റേതും മതേതര വിവാഹമായിരുന്നു. അച്ഛനും അമ്മയും നല്‍കിയ സഞ്ചാരങ്ങളുടെ ത്രില്‍ നഷ്ടപ്പെടാത്തതിനാല്‍ ഇപ്പോള്‍ ഭാര്യക്കൊപ്പം ലോകം കറങ്ങലാണ് ഗൗതമിന്റെ  ഹോബി. സല്‍മയും രാജനും 34 വര്‍ഷമായി വ്യത്യസ്ത മതസ്ഥരായിത്തന്നെ തുടര്‍ന്നുകൊണ്ട് മതേതരജീവിതംനയിച്ച് മുന്നോട്ടുപോവുന്നു. മനുഷ്യത്വമാണ് മതത്തേക്കാള്‍ വലുതെന്ന് കരുതുന്നവര്‍ക്ക് ഞങ്ങളുടെ ജീവിതം മാതൃകയാക്കാമെന്ന് രാജന്‍. 

ഈ ജീവിതങ്ങളെക്കുറിച്ചാകുമോ 1943-ല്‍ പുറത്തിറങ്ങിയ 'പ്രേമലേഖനം' എന്ന വിഖ്യാതനോവലില്‍ ബഷീര്‍, കേശവന്‍നായരുടെ വാക്കുകളിലൂടെ ഇങ്ങനെ പറഞ്ഞത്:'സമൂഹം നമ്മെ തീറ്റിപ്പോറ്റുകയില്ല. ക്ഷേത്രവും ചര്‍ച്ചും നില്‍ക്കേണ്ടിടത്തുതന്നെ നില്‍ക്കട്ടെ. നമ്മുടെ ഹൃദയങ്ങളുടെ ഇടയില്‍ മതിലുകള്‍ ഉണ്ടാവരുത്. സ്‌നേഹം സഹാനുഭൂതി കാരുണ്യം ഇവ മറക്കരുത്. നമ്മുടെ കുഞ്ഞുങ്ങളെ ഒരു മതത്തിലും വളര്‍ത്തണ്ട. അവര്‍ നിര്‍മതരായി വളരട്ടെ. എന്നിട്ട് അവനെ നമുക്ക് വിളിക്കാം, എടാ മോനേ ആകാശമിഠായീന്ന്...'