കഴിഞ്ഞ അഞ്ചുവര്‍ഷമായി തന്റെ കാമുകിക്കു വേണ്ടി എല്ലാമൊരുക്കി കാത്തിരിക്കുക. എങ്കിലും അവള്‍ ഒന്നും മിണ്ടിയില്ല. ഒന്ന് നോക്കുകപോലും ചെയ്തില്ല. പക്ഷേ, അവന്‍ നിരാശനായില്ല. അവള്‍ക്കു വേണ്ടി മാത്രം ജീവിച്ചു. അവളെ ഓര്‍ത്തായിരിക്കണം അവന്റെ അവസാനത്തെ ശ്വാസവും അവന്‍ ഉള്ളിലേക്കെടുത്തത്.  

ഫ്‌ലാഷ്ബാക്ക്

നാഷണല്‍ ഓഡുബോണ്‍ സൊസൈറ്റിയുടെ വൈസ് ചെയര്‍മാന്‍ സ്റ്റീഫന്‍ ക്രെസ്സിന്റെ ഒരു പരീക്ഷണത്തെക്കുറിച്ച് ആദ്യം പറയാം. ഈസ്റ്റേണ്‍ എഗ് റോക്ക് എന്ന ഒരു ചെറിയ ദ്വീപിലുണ്ടായിരുന്ന 'അറ്റ്ലാന്റ്റിക് പഫിന്‍സ്' എന്ന പക്ഷിയെ നാട്ടുകാര്‍ വേട്ടയാടി ഇല്ലാതാക്കി. അവിടെ എങ്ങനെ അവയെ തിരിച്ചുകൊണ്ടുവരാം എന്നതായിരുന്നു സ്റ്റീഫന്‍ ക്രെസ്സിന്റെ ചിന്ത. അതിനായി വഴികള്‍ പലതും നോക്കി പരാജയപ്പെട്ടു. അറ്റ്ലാന്റ്റിക് പഫിന്‍സിന്റെ കുഞ്ഞുങ്ങളെ ദ്വീപില്‍ കൊണ്ടുവന്ന് വളര്‍ത്തുക എന്നതായിരുന്നു സ്റ്റീഫന്‍ കണ്ടെത്തിയ ഒരു വിദ്യ. വളര്‍ന്നുവലുതാകുന്ന അറ്റ്ലാന്റ്റിക് പഫിന്‍സ് മുട്ടയിടാന്‍ തിരിച്ചുവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ വളര്‍ന്ന് പറന്നുപോയതിനു ശേഷം അവ തിരിച്ചുവന്നില്ല. എന്തുകൊണ്ടായിരിക്കും ഇവ തിരിച്ചുവരാത്തത് എന്നായി സ്റ്റീഫന്റെ ചിന്ത?. അതിനുള്ള ഉത്തരം അദ്ദേഹംതന്നെ കണ്ടെത്തി. കൂട്ടമായി ഒരിടത്ത് പാര്‍ക്കുന്ന പക്ഷികളാണ് അറ്റ്ലാന്റ്റിക് പഫിന്‍സ്. മറ്റു പക്ഷികള്‍ ഇല്ലാത്ത ഇടം അവ അവഗണിക്കുകയാണ് പതിവ്. 

സ്റ്റീഫന്റെ തലയില്‍ ഒരു (കു)ബുദ്ധിയുദിച്ചു. എന്തു കൊണ്ട് ഈ പക്ഷികളെ നമുക്ക് പറ്റിച്ചുകൂടാ? അതിനായി അറ്റ്ലാന്റ്റിക് പഫിന്‍സിന്റെ രൂപങ്ങള്‍ ദ്വീപില്‍ സ്ഥാപിച്ചു. എന്നുമാത്രമല്ല അവയുടെ ശബ്ദം ആ ദ്വീപില്‍നിന്ന് അദ്ദേഹം കൃത്രിമ മാര്‍ഗങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. അറ്റ്ലാന്റ്റിക് പഫിന്‍സ് കൂട്ടമായി അവിടെയെത്തി. തണുത്തുറഞ്ഞ് അനങ്ങാതെയിരിക്കുന്ന കൃത്രിമപക്ഷികളെ കണ്ടപ്പോള്‍ തങ്ങള്‍ പറ്റിക്കപ്പെട്ടുവെന്ന് അവയ്ക്ക് പെട്ടെന്ന് മനസ്സിലായി. അതോടെ അവര്‍ സ്ഥലം കാലിയാക്കിത്തുടങ്ങി. സ്റ്റീഫന്‍ അവരെ വീണ്ടും പറ്റിച്ചു. ദ്വീപില്‍ പലയിടത്തായി അദ്ദേഹം കണ്ണാടികള്‍ സ്ഥാപിച്ചു. ഇക്കുറി പക്ഷികള്‍ തോറ്റു. കണ്ണാടിയില്‍ കാണുന്ന പ്രതിരൂപങ്ങളെ കണ്ട് തെറ്റിദ്ധരിച്ച് അറ്റ്ലാന്റ്റിക് പഫിന്‍സ് അവിടെ കൂടുകൂട്ടി പെരുകി.

സ്റ്റീഫന്റെ ഈ പരീക്ഷണം ന്യൂസിലന്‍ഡിലുള്ള ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയില്‍പ്പെട്ടു. സോഷ്യല്‍ അട്രാക്ഷന്‍ എന്ന പേരില്‍ അറിയപ്പെട്ട ഈ പരീക്ഷണം അവിടെ 'ഗാന്നെറ്റു'കളില്‍ (ഒരു തരം മീന്‍ റാഞ്ചി പക്ഷികളാണ് 'ഗാന്നെറ്റു'കള്‍) നടത്തി. ന്യൂസിലന്‍ഡില്‍ അപൂര്‍വ പക്ഷിയൊന്നുമല്ല ഗാന്നെറ്റ്. എന്നാല്‍ വളരെ കുറച്ചുസ്ഥലത്ത് കൂട്ടമായി ജീവിക്കുന്ന ഈ പക്ഷികള്‍ രോഗങ്ങള്‍ മൂലമോ ശത്രുക്കള്‍ മൂലമോ കൂട്ടമായി ചത്തുതീരുകയോ വംശ നാശം സംഭവിക്കുകയോ ചെയ്യാം. അതൊഴിവാക്കാന്‍ സ്റ്റീഫന്റെ സോഷ്യല്‍ അട്രാക്ഷന്‍ പരീക്ഷിക്കാന്‍ ന്യൂസിലന്‍ഡ് വന്യജീവി സംരക്ഷണ വകുപ്പ് തീരുമാനിച്ചു. അതിനായി അവര്‍ കരയോടടുത്തുള്ള മാനാ ദ്വീപിനെ തിരഞ്ഞെടുത്തു. 

ആദ്യമായി അവര്‍ ചെയ്തത് മാനാ ദ്വീപില്‍നിന്ന് ഗാന്നെറ്റുകള്‍ക്ക് നാശംവരുത്താന്‍ കഴിവുള്ള ജീവികളെ ദ്വീപില്‍നിന്ന് തുരത്തുക എന്നുള്ളതായിരുന്നു. പിന്നീട് അവിടെ 5,00,000 മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. അവിടെ ഗാന്നെറ്റിനു പുറമേ മറ്റു പക്ഷികള്‍ മുതല്‍ ഓന്തുകളെ വരെ എത്തിച്ചു. അതിനുശേഷം 1990-ല്‍ അവര്‍ ദ്വീപില്‍ ഗാന്നെറ്റുകളുടെ എണ്‍പത് കോണ്‍ക്രീറ്റ് പ്രതിമകള്‍ സ്ഥാപിച്ചു. സ്‌കൂള്‍കുട്ടികളാണ് അവയ്ക്ക് നിറം നല്‍കിയത്. ഇതിനുശേഷം സോളാര്‍ സെല്ലുകള്‍ ഘടിപ്പിച്ച ഉച്ചഭാഷിണികളിലൂടെ ഗാന്നെറ്റുകളുടെ ശബ്ദം പുറത്തേക്കുവിട്ടു.

നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് ആ ദ്വീപില്‍ ഒരു ഗാന്നെറ്റ് കടന്നുവരുന്നത്. നിരവധി ഗാന്നെറ്റ് പക്ഷികള്‍ അവിടെ വന്നുവെങ്കിലും അതില്‍ ഒരെണ്ണം മാത്രം അവിടെ താമസിക്കാന്‍ തീരുമാനിച്ചു. അതിന് 'നിഗെല്‍' എന്ന് ശാസ്ത്രജ്ഞന്മാര്‍ പേരുമിട്ടു. നിഗെലിന്റെ സാന്നിധ്യം മൂലം മറ്റ് ഗാന്നെറ്റുകള്‍ അവിടെ വരുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ആരും അവിടെ വന്നില്ല. സ്വാതന്ത്ര്യമുണ്ടായിട്ടും നിഗെല്‍ പറന്നുപോയുമില്ല. ലോകത്തിലെ ഏറ്റവും ഏകാന്തനായ പക്ഷി എന്നവന് പേരും വീണു. ദ്വീപിലുണ്ടായിരുന്ന പക്ഷികളുടെ കോണ്‍ക്രീറ്റ് പ്രതിമകളില്‍ ഒന്നിനെ നിഗെല്‍ വല്ലാതെ ഇഷ്ടപ്പെട്ടു. അവന്‍ അവളുമായി പ്രേമത്തിലായി. ചുറ്റുംനടന്ന് അതിന്റെ 'തൂവലുകള്‍' കോതിക്കൊടുക്കാനും അവളുടെ ചുണ്ടില്‍ തന്റെ ചുണ്ട് ഉരുമ്മാനും അവന്‍ ശ്രമിച്ചു. അവള്‍ക്കുവേണ്ടി അവന്‍ ചുള്ളിക്കമ്പും ചെളിയുംകൊണ്ട് കൂടുകൂട്ടി. അവിടെയിരുന്ന് അവന്‍ അവളെ ക്ഷണിച്ചു. തന്റെ ചിറകുകള്‍കൊണ്ട് അവളെ തലോടി കൂട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു.

 ഇടയ്ക്ക് അവന്‍ അവളുമായി ഇണചേരാനും ശ്രമിച്ചു. എന്നാല്‍ അവനെ അവള്‍ പൂര്‍ണമായും അവഗണിച്ചു. ആ കോണ്‍ക്രീറ്റ് പ്രതിമയുടെ അവഗണന അവനെ തെല്ലും ബാധിച്ചില്ല. അത്രയ്ക്ക് അന്ധമായിരുന്നു അവന്റെ പ്രണയം. അവന്‍ അവളോട് സല്ലപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയത് അവന്‍ അറിഞ്ഞില്ല... (2013ല്‍ ആണ് നിഗെല്‍ അവിടെ എത്തിയതെന്നും അതല്ല 2015 ആദ്യമാണെന്നും ശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ രണ്ടഭിപ്രായം ഉണ്ട്. ) 
 2017 അവസാനത്തോടെ മൂന്നു ഗാന്നെറ്റുകള്‍കൂടി ആ ദ്വീപില്‍ എത്തി. എന്നാല്‍ തന്റെ കാമുകിയെ വിട്ട് അവരോടൊപ്പം ചേരാന്‍ അവന്‍ ശ്രമിച്ചില്ല. നിഗെലിനെ പോലെ മണ്ടനാകാന്‍ മറ്റുള്ളവര്‍ തയ്യാറായതുമില്ല. നിഗെല്‍ പുതിയ താമസക്കാരെ വിട്ടു വീണ്ടും കോണ്‍ക്രീറ്റ് പ്രതിമകള്‍ക്കിടയിലിരുന്ന് തന്റെ കാമുകിപ്രതിമയോട് സല്ലപിച്ചുകൊണ്ടിരുന്നു. 

ആ ദ്വീപിലെ ഏക സന്ദര്‍ശകന്‍ റേഞ്ചര്‍ ക്രിസ് ബെല്‍സ് ആയിരുന്നു. ജനുവരിയുടെ അവസാന നാളുകളിലൊന്നില്‍ അദ്ദേഹം നിഗെലിനെ മരിച്ച നിലയില്‍ കണ്ടെത്തി. തന്റെ 'കോളനി'യായി അവന്‍ തിരഞ്ഞെടുത്ത കോണ്‍ക്രീറ്റ് കൂട്ടുകാര്‍ക്കിടയില്‍ തന്റെ കൂട്ടുകാരിയോട് ചേര്‍ന്നുകിടക്കുകയായിരുന്നു അവന്റെ തണുത്തുവിറങ്ങലിച്ച ശരീരം. കഴിഞ്ഞ ദിവസമാണ് അദ്ദേഹം നിഗെലിന്റെ മരണവിവരം പുറത്തുവിട്ടത്. 'എത്ര നിരാശനിറഞ്ഞതായിരുന്നു നിഗെലിന്റെ ജീവിതം. അവന്റെ വീക്ഷണ കോണിലൂടെ നോക്കിയാല്‍ അവന്റെ പ്രണയാഭ്യര്‍ത്ഥനകള്‍ അവന്റെ കാമുകി സ്വീകരിച്ചുമില്ല, നിരാകരിച്ചുമില്ല, ഒന്നും പ്രതികരിച്ചുമില്ല. എങ്കിലും അവന്‍ അവള്‍ക്കുവേണ്ടി ജീവിച്ചു. എപ്പോള്‍വേണമെങ്കിലും അവന് മറ്റു പക്ഷികളുടെ അടുത്തേക്ക് പറന്നുപോകാമായിരുന്നു' -ക്രിസ് പറയുന്നു.അവിടേക്ക് മറ്റു പക്ഷികള്‍ വന്നപ്പോള്‍ മാത്രമാണോ മനുഷ്യന്‍ ചെയ്ത ചതി നിഗെല്‍ മനസ്സിലാക്കിയത്? ...ആയിരിക്കില്ല. വളരെദൂരം പറന്ന് കൂട്ടംചേരുന്നവയാണ് ഗാന്നെറ്റുകള്‍. എന്നിട്ടും അവന്‍ പോയില്ല. അത്രയ്ക്ക് അന്ധമായ പ്രണയത്തിന്റെ ആഴക്കടലില്‍ അവന്‍ പതിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ അവന്റെ ജീവിതം വ്യര്‍ത്ഥമല്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കാരണം ആ ഒരു ഏകാന്തപക്ഷിയുടെ സാന്നിധ്യം മൂലമാകണം മറ്റു മൂന്നുപേര്‍ കൂടി അവിടെ എത്തിയത്.