പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നത് നാമേറെ കേട്ട് പഴകിയ വാചകമാണ്. എന്നാല്‍, പ്രണയത്തിന് കണ്ണും മൂക്കും മാത്രമല്ല കൈയും കാലുമൊന്നും ആവശ്യമില്ലെന്ന് നമുക്ക് ബോധ്യമാകും, ഫാത്തിമയെയും ഇഷാഖിനെയും ഒരൊറ്റത്തവണ കണ്ടാല്‍. കാരണം കഴിഞ്ഞ മുപ്പത് വര്‍ഷമായി അക്ഷരാര്‍ത്ഥത്തില്‍ ഫാത്തിമയുടെ ശരീരത്തിലാണ് ഇഷാഖ് ജീവിക്കുന്നത്.

ചെറുപ്പത്തിലേ പോളിയോ വന്ന് അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നയാളാണ് ഇഷാഖ്. ഇഷാഖിനെ വിവാഹം കഴിക്കുമ്പോള്‍ ഫാത്തിമയ്ക്ക് ഒരു ഭര്‍ത്താവിനെ മാത്രമല്ല എപ്പോഴും പരിചരണം ആവശ്യമായ ഒരു മകനെ കൂടിയാണ് ലഭിച്ചത്. അതിന് ഈ അറുപത്തഞ്ചാം വയസിലും ഫാത്തിമ ഒരു കുറവും വരുത്തിയിട്ടില്ല. താന്‍ പോകുന്നിടത്തെല്ലാം ഭര്‍ത്താവിനെയും പുറത്തേറ്റി കൊണ്ടുപോകും. എന്തെങ്കിലും കിട്ടിയാല്‍ ആദ്യം ഇഷാഖിന് കൊടുക്കും. തിരിച്ച് ഫാത്തിമയെ കഴിപ്പിക്കാന്‍ ഇഷാഖിനും സന്തോഷം.

രാജസ്ഥാന്‍ സ്വദേശികളാണ് ഫാത്തിമയും ഇഷാഖും. നേരത്തേ ഇവര്‍ പണികള്‍ക്കൊക്കെ പോയിരുന്നെങ്കിലും പ്രായമായതോടെ അതിന് വയ്യാതായി. ഇപ്പോള്‍ ഇവര്‍ നാടോടികളായി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. യാത്രയ്ക്കിടെ ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ സന്തോഷത്തോടെ വാങ്ങും. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നാശംസിക്കും. പിന്നീട് നിറഞ്ഞ മനസോടെ നടന്നുനീങ്ങും, ഒരു ശരീരവും മനസുമായി...ആരെയും കൊതിപ്പിക്കുന്ന പ്രണയജോടികളായി..