ഒരിക്കല്‍ അയ്യപ്പന്‍ തന്റെ എഴുത്തുകളിലൊന്നില്‍ പറഞ്ഞു "ഞാന്‍ പ്രേമത്തെയും കലാപത്തേയും ഒരു പോലെ സ്‌നേഹിച്ചവനായിരുന്നു. പ്രേമം പരാജയപ്പെട്ടു കലാപം ഇന്നും തുടരുന്നുവെന്ന്". പ്രണയകാലത്തെയും ശിഷ്ടജീവിത്തെയും കുറിച്ച് ഇത്രമേല്‍ അര്‍ഥവത്തായ വരികള്‍ മറ്റാരെങ്കിലും എഴുതിയിട്ടുണ്ടോയെന്നതും സംശയം. ഒരുകാലത്ത് പ്രണയത്തിന് വേണ്ടി ജീവിച്ച് സമരം ചെയ്ത് വിജയിപ്പിച്ചെടുത്ത  തന്റെ പ്രണയത്തെ വിവാഹം ശേഷം പൂര്‍ണമായും മറക്കുന്നവരാണ് ഏറേയും. യാഥാര്‍ഥ്യത്തോടടുക്കുമ്പോള്‍ പണ്ട് നല്‍കിയ പ്രണയലേഖനങ്ങളെയും, പ്രണയ ദിനങ്ങളെയും മറക്കുന്നവര്‍. അത് പഴയപോലെ കാത്ത് സൂക്ഷിക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണെന്ന് പറയുന്നതില്‍ തെറ്റില്ലെന്ന് തന്നെ പറയാം.   

ഇതിനിടയില്‍ ചിലരെങ്കിലും വ്യത്യസ്ഥരാവാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെയൊരാളെ കഴിഞ്ഞ ദിവസം യാത്രയ്ക്കിടെ എനിക്ക് കാണാനായി. ഒരു നീണ്ട യാത്രകഴിഞ്ഞ് പാതിരാത്രി എറണാകുളം ഇടപ്പള്ളിയില്‍ വണ്ടി ചവിട്ടി, വല്ലാത്ത വിശപ്പ്, എന്തെങ്കിലും കഴിക്കണം. ഹോട്ടലില്‍ കയറിയപ്പോള്‍ അതാ മഹാരാജാസ് കോളേജിലെ പഴയ ചങ്ങാതിയും ഭാര്യയും. മൂലയ്ക്കിരുന്ന് ഇണക്കുരുവികളെപ്പോലെ രണ്ടാളുംകൂടി ഒരു ഫലൂദ വാങ്ങി കഴിക്കുകയാണ്. അവരുടെ വീട്ടിലേക്ക് അവിടെനിന്ന് കഷ്ടി അഞ്ചുകിലോമീറ്ററില്ല. എന്നെ കണ്ടപ്പോള്‍ അവര്‍ക്കാദ്യമൊരു ചമ്മല്‍ പോലെ. എന്താ പാതിരയ്ക്ക് രണ്ടാളും കൂടി? സിനിമയ്ക്ക് വല്ലതും വന്നതാണോ?

 'ഹേയ്, ഞങ്ങള്‍ ഒളിച്ചോടിയതാണ്, വീട്ടില്‍നിന്ന്. മക്കളുടെ ശല്യമില്ലാതെ ഒരു നൈറ്റ് റൈഡ്. സ്‌നാക്‌സ്, ഫലൂദ. ചുമ്മാ ഒരു രസം...' മറുപടി എനിക്കും രസിച്ചു. പതിനെട്ട് വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ്. മൂത്ത മകള്‍ക്ക് വയസ്സ് പതിനേഴായി, ഇളയമകന് പന്ത്രണ്ടും. പഴയ പ്രണയത്തിന്റെ സ്മരണകള്‍ പുതുക്കാന്‍ രാത്രി ഇടയ്ക്കിടക്ക് അവര്‍ വീട്ടില്‍നിന്ന് മുങ്ങും. കാറെടുക്കാതെ ബൈക്കില്‍ നഗരം ചുറ്റും. എന്തെങ്കിലും സ്‌നാക്‌സ് കഴിക്കും. മഴപെയ്താല്‍ ഒരുമിച്ച് നനയും. ഒട്ടിയിരുന്ന് കുളിരകറ്റും. രണ്ടുമണിക്കൂര്‍കൊണ്ട് തിരിച്ച് വീടണയും. ന്യൂജനറേഷന്‍ പിള്ളേരുമാത്രം പ്രേമിച്ചാല്‍ മതിയോ.? -ഇതാണ് സുഹൃത്തിന്റെ ചോദ്യം. നാല്പത്തിയഞ്ചുവയസ്സിനടുത്തുള്ള അവരുടെ പ്രണയം സത്യം പറഞ്ഞാല്‍ എന്നില്‍ ചെറിയ അസൂയയാണ് ഉണര്‍ത്തിയത്.

വിവാഹത്തോടെ പ്രണയമില്ലാതായെന്ന് പരിതപിക്കുന്ന നിരവധി കാമുകീകാമുകന്‍മാരെ കണ്ടിട്ടുണ്ട്. ആലോചിച്ച് നടത്തിയ കല്യാണങ്ങളില്‍ത്തന്നെ തുടക്കത്തിലെ പ്രണയഭരിതമായ ദിനങ്ങള്‍ കൊഴിഞ്ഞാല്‍ പിന്നെ, നീണ്ട വരള്‍ച്ചയാണ് പലര്‍ക്കും.

ചില പൂന്തോട്ടങ്ങളില്‍ എല്ലാക്കാലത്തും പലതരം പൂക്കള്‍ വിടര്‍ന്ന് വര്‍ണഭംഗിയോടെ നില്‍ക്കുന്നതു കാണാം. ഓരോ ഋതുവിലും പൂക്കുന്ന ചെടികളുടെ വിത്തുകള്‍ പ്രത്യേകം പാകിമുളപ്പിക്കുമ്പോഴാണ് പ്രകൃതിയില്‍ ഈ മാന്ത്രികസൗന്ദര്യം വിരിയുന്നത്. ഇതുപോലെ, ഓരാ പ്രായത്തിലും പ്രണയത്തിന് പ്രത്യേക ഭംഗിയുണ്ട്... കാലത്തിനും പ്രായത്തിനുമൊപ്പം മാറുന്ന പ്രണയങ്ങള്‍ പാകിമുളപ്പിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? അതോ ചില കാലങ്ങളില്‍ മാത്രം പൂക്കുകയും പിന്നീട് തരിശായി കിടക്കുകയും ചെയ്യുന്ന ഹൃദയവയലുകളാണോ നമ്മുടേത്.
  
അല്പസമയം നീക്കിവെച്ചാല്‍ ജീവിതം പ്രണയഭരിതമാക്കാം, ഒരു ചെലവുമില്ലാതെ. ഒരു നോട്ടം, സ്പര്‍ശം, ഹൃദയം തുറന്നുള്ള സല്ലാപം.. പങ്കാളിക്ക് മാത്രമായി സൂക്ഷിക്കുന്ന ചിരി... ഇതെല്ലാം ധാരാളം. കല്യാണം കഴിഞ്ഞ് മക്കളുമായി.. മൂക്കില്‍ പല്ലും മുളയ്ക്കാറായി.. ഈ പ്രായത്തിലിനിയെന്ത് പ്രണയം എന്ന് ചിലര്‍ ചോദിച്ചേക്കാം. പ്രണയത്തിന് പ്രായമില്ലെന്നോര്‍ക്കുക, മാത്രമല്ല പ്രണയം നിങ്ങളെ ചെറുപ്പത്തിലേക്ക് നയിക്കും.

ചിലര്‍ക്ക് പ്രണയമെന്നത് ബെഡ് റൂമിനുള്ളില്‍ മാത്രമൊതുങ്ങേണ്ടതാണെന്ന തെറ്റിദ്ധാരണയുണ്ട്... പങ്കാളിയെ, മക്കള്‍ക്ക് മുന്നില്‍വെച്ച് ചുംബിക്കാന്‍പോലും ഭയക്കുന്നവരുണ്ട്... കുടുംബത്തിലെ ഇത്തരം സ്‌നേഹപ്രകടനങ്ങളെ ലൈംഗികതയുമായി ബന്ധിപ്പിക്കേണ്ടതില്ല. അച്ഛന്റെയും അമ്മയുടെയും നിര്‍മലസ്‌നേഹപ്രകടനങ്ങള്‍ മക്കള്‍ക്ക് കുടുംബത്തില്‍ നല്‍കുന്ന സുരക്ഷിതത്വവും ആത്മവിശ്വാസവും വലുതാണ്. ഇതോടൊപ്പം മക്കളെയും ചേര്‍ത്തുപിടിച്ച് സ്‌നേഹം പ്രകടിപ്പിക്കാന്‍ മറക്കരുതെന്നുമാത്രം. എല്ലാറ്റിലുമുപരി ഇത്തരം സ്‌നേഹപ്രകടനങ്ങള്‍ പങ്കാളികള്‍ തമ്മിലുള്ള ഹൃദയബന്ധം ദൃഢമാക്കും. ദാമ്പത്യബന്ധം കൂടുതല്‍ ഊഷ്മളമാകും. പരസ്പരം ചുംബിച്ച് ഓഫീസിലേക്ക് പോകുന്ന ഭാര്യയും ഭര്‍ത്താവും സിനിമയില്‍ മാത്രമൊതുങ്ങേണ്ടതല്ല.

അപ്രതീക്ഷിതമായുള്ള ചേര്‍ത്തുപിടിത്തം, കവിളത്തൊരു തലോടല്‍... പ്രഭാതത്തില്‍ ഒരുമിച്ചുള്ള നടത്തം, അടുക്കളയില്‍ ജോലിക്കിടയിലൊരു സല്ലാപം.. വിനോദയാത്രകള്‍... വല്ലപ്പോഴും പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങി പ്രണയം പകരാന്‍ അനേകം വഴികളുണ്ട്. തൊഴില്‍രംഗത്തും കുടുംബങ്ങളിലും സ്ട്രസ് കൂടിവരുന്ന സാഹചര്യത്തില്‍ പ്രണയം ഒരു സാന്ത്വനം കൂടിയാണ്.
 
ദാമ്പത്യജീവിതം ഒരു ചടങ്ങായി മാറിയെന്ന് പരിതപിക്കുന്നവര്‍ ഹൃദയത്തിലൊന്നു തൊട്ടുനോക്കണം.. നിങ്ങളുടെ പ്രണയം അവിടെ സ്പന്ദിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എവിടെയാണ് കൈമോശം വന്നത്? അന്വേഷിക്കുക, കണ്ടെത്തുക... ഇനിയും വൈകിയിട്ടില്ല.