മുന്‍പൊരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവരെപ്പോലെ ഒരേ തീവണ്ടിയില്‍ അഭിമുഖമായിരുന്നൊരു യാത്ര പോണം.. അറിയാതെയെന്നോണം കൊരുത്തു പോവുന്ന നോട്ടങ്ങളില്‍ കുരുങ്ങി വീഴാതെ, ജാലകത്തിനപ്പുറം പിറകോട്ടോടി മറയുന്ന ഒരേ കാഴ്ചകളിലേക്ക് ഒരുമിച്ച് നോക്കണം..

ഇടയ്‌ക്കേതോ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയിടുമ്പോള്‍ ഒരു ഗ്ലാസ് ചൂടു കാപ്പി വാങ്ങിക്കുടിയ്ക്കണം.. അപ്പോള്‍ നിന്റെ മുഖം കുറുമ്പ് കൊണ്ട് വീര്‍ക്കുന്നത് ഇടം കണ്ണാലെ നോക്കി, എത്രയടക്കിയാലും അമര്‍ന്നു പോവാതെ തിക്കി വരുന്ന ചിരിയെ പുറംകൈ കൊണ്ട് മറയ്ക്കണം.. 

പിന്നെ അത്രമേല്‍ സ്വാഭാവികമായൊരു 'ഹലോ'യില്‍ നമുക്കിടയിലെ മൗനത്തിന്റെ വാചാലനിമിഷങ്ങളെ ഓര്‍മ്മകളിലേയ്ക്ക് നാടുകടത്തണം.. അത്രയും നേരം അപരിചിതരായിരുന്ന നമ്മള്‍ ജന്മാന്തരങ്ങളായി പ്രണയിക്കുന്ന രണ്ടാത്മാക്കളാവും.. 

love

നിന്റെ പരിഭവങ്ങള്‍ എന്റെ കൈത്തണ്ടയില്‍ ചുവന്ന നഖപ്പാടുകള്‍ തീര്‍ക്കും... എന്റെ ഇഷ്ടം നിന്റെ ചുണ്ടുകളില്‍ പവിഴമണികള്‍ പോലെ തിണര്‍ത്തുനില്ക്കും.. ചൂളം കുത്തിപ്പായുന്ന തീവണ്ടിയുടെ വാതിലിനരികില്‍ ചുവര്‍ ചാരി നമ്മള്‍ നില്ക്കും.. 

ഏതൊക്കെയോ സ്റ്റേഷനുകളില്‍ വണ്ടി പിടിച്ചിടുമ്പോള്‍ വിരലുകള്‍ കോര്‍ത്ത് പിടിച്ച് പ്ലാറ്റ്‌ഫോമിലൂടെ നടക്കും..അനങ്ങിത്തുടങ്ങുന്ന വണ്ടിയിലേക്ക് കിതച്ചോടിക്കയറും.. തീവണ്ടിമുറിയിലെ സദാചാരക്കറ പുരണ്ട അലോസരനോട്ടങ്ങളിലും മുഖം കോട്ടലുകളിലും തെല്ലുമസ്വസ്ഥരാവാതെ പ്രണയിക്കുന്ന രണ്ടുപേരെ തനിച്ചാക്കി സഹയാത്രികര്‍ തൊട്ടടുത്ത സ്റ്റേഷനില്‍ ഇറങ്ങും..

അവര്‍ക്ക് പകരക്കാര്‍ വന്നു ചേരാത്തതിനാല്‍, പകല്‍നേരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് എന്ന് നിരന്നിരിക്കുകയും രാത്രിയാവുമ്പോള്‍ ഒന്ന്,രണ്ട്,മൂന്ന് എന്ന് പടികള്‍ പോലെ മുകളിലേക്ക് നിവരുകയും ചെയ്യുന്ന ചാരനിറത്തിലുള്ള സീറ്റുകള്‍ മുഴുവന്‍ നമുക്ക് സ്വന്തമാവും..

അപ്പോള്‍ നീ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ എന്റെയിഷ്ടങ്ങള്‍ മാത്രം നിറച്ച് കൂടെ കരുതിയ പൊതിച്ചോറ് പുറത്തെടുക്കും..കനല്‍ച്ചൂടില്‍ വാടിയ വാഴയിലപ്പൊതി തുറന്ന് ഓരോ ഉരുളകളാക്കി പങ്കിട്ട് കഴിയ്ക്കും...

തീവണ്ടി കരിമ്പുപാടങ്ങളും, ചോളം മുത്തുകള്‍ അടുക്കുന്ന വയലുകളും, ഗോതമ്പു പാടങ്ങളും കടന്നു പൊയ്‌ക്കൊണ്ടിരിക്കും... തിളച്ചവെയിലില്‍ വിണ്ടു കീറിയ തരിശുനിലങ്ങള്‍ക്കരികിലൂടെ പോവുമ്പോള്‍ നമ്മുടെ ചുണ്ടുകള്‍ ഉണങ്ങിപ്പോവും ഇത്തിരി വെള്ളമെന്ന് നീയും ഞാനും പറയുമ്പോള്‍ ഒട്ടുമോര്‍ക്കാതെ ഒരു മഴ ചാറും... പിന്നെയതൊരു പേമാരിയായി പെയ്തു തോരും..

love

മൈലുകള്‍ക്കപ്പുറം അജ്ഞാതമായ ഒരു സ്റ്റേഷനില്‍ ഞാനിറങ്ങും ഒരു രാത്രിയുടെ ഉറക്കച്ചടവിനെ 
ഒരു കൈക്കുടന്ന വെള്ളത്തില്‍ ഒഴുക്കിക്കളഞ്ഞ് പിറകേ വരുന്ന നിന്നെയും കാത്ത് സ്റ്റേഷനിലെ കോണ്‍ക്രീറ്റ് ബഞ്ചിലിരിയ്ക്കും....

നിന്നെയും കൊണ്ട് ദൂരെ മറയുന്ന തീവണ്ടിയെ ഇത്തിരി അമ്പരപ്പോടെ നോക്കി നില്ക്കുമ്പോള്‍ കൊഴിഞ്ഞു പോയതൊരു കിനാപ്പൂക്കാലമാണെന്നു ഞാനറിയും... നീയപ്പോഴും ഒന്നുമറിയാതെ .......!