ന്നലെയെന്നത് മാഞ്ഞുവോ എന്നറിയില്ല... എന്നാല്‍  ഇന്നലെകള്‍ മാത്രമാണെന്‍ മനസ്സിലിപ്പോള്‍ ഇന്നെന്‍ സ്വപ്നവും ചലനവും നീ തന്ന ഇന്നലെയുടെ പ്രണയധ്വനിയില്‍ ചാമരം വീശുന്നു.  

ഇന്നലെ നിന്നെ കണ്ടുമുട്ടിയ കാഴ്ചശിവേലിയുടെ കൂടെയാണ് എന്റെ പ്രണയധമനികള്‍ ഇപ്പോള്‍ തുടികൊട്ടി അലയുന്നത്... പ്രദക്ഷിണവഴികളില്‍  ഇഴയുന്ന നിന്റെ  ഇളംപച്ച പട്ടുപാവാടയുടെ നെയ്ത്തുനൂലുകള്‍ പോലെ  ഇഴയാര്‍ന്നു ചേര്‍ന്നീടുവാന്‍ കൊതിച്ചു കൊണ്ടായിരുന്നു ഞാനിന്നലെ നിന്‍പുറകിലായ് പ്രദിക്ഷണം വെച്ചത്....

കാഴ്ചാ ശിവേലിയുടെ ആദ്യപ്രദക്ഷിണം തുടങ്ങുമ്പോഴാണ് ഞാന്‍ നിന്നില്‍ തുളുമ്പുന്ന പ്രണയത്തിന്‍ വദനം ദര്‍ശിച്ചത്... അടര്‍ന്നുവീഴാറായ കളഭ കുറിയണിഞ്ഞ് പ്രദക്ഷിണവഴിയില്‍ നീയെന്നെ കാത്തുനില്‍ക്കുന്നത് പോലെ എനിക്ക് തോന്നി..  ഭക്തിയുടെയും മേളത്തിന്റെയും അനുഭൂതികള്‍ നിറഞ്ഞൊഴുകുന്നതില്‍ നിന്നും ഞാനറിയാതെ വ്യതിചലിച്ച നിമിഷങ്ങള്‍... 

പരന്നൊഴുകുന്ന നെയ്ത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും ഹൃദ്യമായഗന്ധം നിന്നില്‍ നിന്നെന്നെ തേടിവരുന്ന പ്രണയഗന്ധമാണെന്ന് എനിക്ക് തോന്നിയ സുരഭില സായാഹ്നം.... ഭക്തിയെന്ന ലഹരിയില്‍ നിന്ന് ഞാനറിയാതെ കൊഴിഞ്ഞ് വീണത് നീ എനിക്കായൊരുക്കിയ പ്രണയത്തിന്‍ നീല തടാകത്തിലേക്കായിരുന്നു.. പ്രണയത്തിലേക്കുള്ള ഇഴുകിചേരല്‍... 

ആ വെണ്‍മയാര്‍ന്ന നൊമ്പരങ്ങള്‍ ഹൃദയത്തിന്റെ ഉള്ളറകളില്‍ മിടിപ്പിന്റെ താളം തെറ്റിച്ചു... ശിവേലിക്കൊപ്പം പടര്‍ന്നുകയറുന്ന മാരാരുടെ കലാശതാളങ്ങളേക്കാള്‍ വേഗതയായിരുന്നു ആ നിമിഷങ്ങളിലെന്റെ ഹൃദയമിടിപ്പിന്.. നിന്‍മിഴികളിലൊന്നു കൊരുത്തീടുവാന്‍ ഞാനവതും എന്‍മിഴിയെറിഞ്ഞിട്ടെങ്കിലും  നീയത് കാണാതെ പോയതില്‍ ഹൃദയം വിങ്ങിയിരുന്നു....

അവസാന പ്രദക്ഷിണം കഴിഞ്ഞു നീയെന്നെ കാണുമ്പോള്‍ പ്രണയ ശ്രുതിതാളത്താല്‍ എന്റെ മനസ്സില്‍ നെയ്ത്തിരി നാളങ്ങള്‍ ആളികത്തുകയായിരുന്നു.....  നിന്‍ വിടര്‍ന്നമിഴികളില്‍ ചേക്കേറുവാന്‍ നീയെന്നെ മാടിവിളിച്ചത് പോലെ എനിക്ക് തോന്നിയപ്പോള്‍ അമ്പലപ്രാവുകള്‍ കുറുകുന്നത് നീകേട്ടുകാണും.... 

പ്രണയമെന്ന  അനുഭവത്തെ ഞാനാദ്യമായറിയുന്നത് നിന്നിലൂടെയാണ് എനിക്ക്  വേണ്ടി  കൊരുത്തെടുത്ത പിച്ചകപൂമാലപോലെ നീയെന്‍ മാറിലണഞ്ഞതായ് തോന്നിയ നിമിഷങ്ങള്‍ ....നിന്റെ തിരുനെറ്റിയിലണിഞ്ഞ  കളഭമായ് മാറുവാന്‍ വ്യഥമാണെങ്കിലും ഞാന്‍ സ്വപ്നം കാണുകയായിരുന്നു.. കളഭമായ് മാറി നിന്‍ നെറ്റിത്തടത്തിലെ ഇളം ചൂടണിഞ്ഞ് ചായുവാന്‍ ഞാനന്നേരം  കൊതിച്ചുപോയി ....

കുങ്കുമപ്പൂവിന്‍ നിറമുള്ള നിന്റെ കവിളുകളില്‍ പുഞ്ചിരിയാല്‍ വിരിയുന്ന നുണകുഴികള്‍ക്കുള്ളില്‍ എനിക്കായ് കാത്തുവെച്ച പ്രണയത്തെ ഞാന്‍ കണ്ടു..... അമ്പലവാതില്‍ കടന്നു നീ തിരിഞ്ഞെന്നെ നോക്കുമ്പോള്‍ പ്രണയവാതില്‍ തുറന്നിട്ടതു ഞാന്‍ നിനക്കായ് മാത്രം.... ഇനിയെന്‍ ഹൃദയത്തെ തൊട്ടു തലോടുവാന്‍ നിന്‍ പ്രണയ പീലികളെനിക്കായ് നല്‍കേണം....