നിതാ.., നിനക്ക്.. ഓര്‍മ്മകളുടെ നിറമാണ്. നീയീ ലോകത്തില്ലെന്ന്.. ഈ പത്തു വര്‍ഷത്തിനു ശേഷവും എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഡിഗ്രി മലയാളം ക്ലാസ്സില്‍ ശാന്ത ടീച്ചര്‍ അയ്യപ്പപണിക്കരുടെ ഗോപി കാദണ്ഡകത്തിലെ വരികള്‍ പാടിത്തന്നത്  ഓര്‍മ്മയുണ്ടോ നിനക്ക്?

ഉണ്ടാവും അല്ലേ?? മരണം നിന്റെ ഓര്‍മ്മകളെയെല്ലാം നശിപ്പിച്ചാലും എന്നെ മറക്കാന്‍ നിനക്കു കഴിയില്ലെന്ന് എനിക്കറിയാം. കണ്ണിലെ നനവ് നീ ചൊല്ലാറുള്ള കവിതയിലെ വരികള്‍ ഓര്‍മ്മിപ്പിക്കുന്നു. 'നീയില്ലെങ്കില്‍ നിന്‍ വ്രതഭക്തിയില്ലെങ്കില്‍ ഈ ശ്യാമകൃഷ്ണന്‍ വെറും കരിക്കട്ടയെന്നറിയുന്നു ഞാന്‍'.

ഈ പത്തുവര്‍ഷം എനിക്കു നല്‍കിയ തിരിച്ചറിവും ഈ വരികളായിരുന്നു... നിതാ..... കൊടുങ്ങല്ലൂര്‍ താലപ്പൊലിക്കാവിലെ നിന്റെ കുപ്പിവളക്കിലുക്കം.. മുതല്‍ ക്യാന്‍സര്‍ വാര്‍ഡിലെ അവസാന ശ്വാസം വരെയും... നീയെന്ന തണലിലായിരുന്നു ഞാന്‍. നീയിന്നും ഇവിടെയുണ്ട് നിതാ.. എന്റെ ഓര്‍മ്മകളില്‍... സ്വപ്നങ്ങളില്‍.. ജീവിതത്തിലും.

എന്റെ കാഴ്ചയെ  മാത്രം മറയ്ക്കാനല്ലേ.. ഈശ്വരനു കഴിയൂ.... ഈ സ്‌നേഹത്തെ ഇല്ലാതാക്കാനാവില്ലല്ലോ..? ഇതു വായിച്ചാല്‍ ... നീയെഴുതാറുള്ള കത്തു പോലും വായിക്കാന്‍ മടി കാണിക്കാറുളള ഞാനിതെഴുതുന്നതോര്‍ത്ത് നീ... കളിയാക്കിച്ചിരിക്കുമായിരിക്കും.

നഷ്ടങ്ങള്‍ വലിയ തിരിച്ചറിവുകളാണ്... നിതാ... നീയില്ലാത്ത ആദ്യ പ്രണയദിനത്തില്‍ എന്റെ കരച്ചില്‍ കണ്ട് അമ്മ എന്നോടു പറഞ്ഞു....' മുറിച്ചു മാറ്റാനാവാത്ത ചില ബന്ധങ്ങളും ഈ ലോകത്തുണ്ട്... നിന്റെ പകുതിയില്‍ കരിഞ്ഞ സ്വപ്നങ്ങള്‍ക്കു വേണ്ടി ജീവിക്കണം.

love

പ്രണയം... അനശ്വരമാണെന്ന്. പിന്നീടിതു വരെ നമ്മുടെ നഷ്ടമോര്‍ത്ത് ഞാന്‍ കരഞ്ഞിട്ടില്ല. നീണ്ട ഈ പത്താം വര്‍ഷത്തെ, നീയൊപ്പമില്ലാത്ത പ്രണയദിനത്തിലും നിതക്കുട്ടീ.. നിനക്ക് എന്റെ പ്രണയദിനാശംസകള്‍.

മരിച്ചു പോയവര്‍ക്ക് ഈശ്വരനെ കാണാന്‍ കഴിയുമെന്ന് മുത്തശ്ശി പറയാറുണ്ട്... കണ്ടാല്‍ പറയണം... പ്രണയത്തേക്കാള്‍ വലുതല്ല മരണമെന്ന്.. നമ്മളതറിയുന്നുവെന്ന്. പറയില്ലേ?? ഇന്ന് കാവിലുത്സവമാണ്.. താലം അമ്പലത്തിലെത്താറായി. നീയും വരൂ.. നമുക്കീ നിലാവിലലിയാം..

ഒരു പുനര്‍ജനി കൊതിച്ചു കൊണ്ട്. സ്വന്തം.. സാവന്‍

(സമര്‍പ്പണം..അകാലത്തില്‍ പൊലിഞ്ഞു പോയ സുഹൃത്തിന്)