ഫെബ്രുവരി 14 'വാലന്റൈന്‍സ് ഡേ' ആണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, എന്താണ് ഈ 'ഗാലന്റൈന്‍സ് ഡേ ?' 
അതിനു മുന്‍പ് ഒരു രഹസ്യം വാലന്റൈന്‍സ് ഡേ കമിതാക്കള്‍ക്ക് ഉള്ളതാണ്. പ്രേമിക്കുന്നവരും പണ്ട് പ്രേമിച്ചവരും ഒക്കെ പൂക്കളും സമ്മാനങ്ങളും പങ്കാളിക്ക് നല്‍കുന്ന ദിവസം. പക്ഷേ, ഇതില്‍ ചതിയന്മാരും ചതിക്കുന്നവളുമാരും ഉണ്ട്. നമുക്കൊരു ഉദാഹരണം നോക്കാം:

ചാള്‍സും മെറീനയും പ്രേമിച്ചു വിവാഹം കഴിച്ചവരാണ്. അവര്‍ ആദ്യം കണ്ടുമുട്ടിയതു തന്നെ ഒരു വാലന്റൈന്‍സ് ദിനത്തിലും. എല്ലാ വാലന്റൈന്‍സ് ദിനത്തിലും സമ്മാനങ്ങള്‍ കൈമാറിയ അവര്‍ അവസാനം വിവാഹം കഴിച്ചതും ഒരു വാലന്റൈന്‍സ് ദിനത്തില്‍ തന്നെ. 

ഈ വര്‍ഷവും വാലന്റൈന്‍സ് ദിനത്തില്‍ അവര്‍ സമ്മാനങ്ങള്‍ കൈമാറും. നല്ലൊരു ഡിന്നറിനായി അവര്‍ മുന്തിയ ഹോട്ടലില്‍ പോകും. ഇതിനായി തയ്യാറെടുക്കുകയാണ് മെറീന.  ചാള്‍സ് പക്ഷേ, ഒരു ബിസിനസ് ടൂറില്‍ ആണ്. ഫെബ്രുവരി 14 ന് രാവിലെ മാത്രമേ അയാള്‍ വരികയുള്ളു. 

പാവം മെറീന അയാള്‍ക്കായി കാത്തിരിക്കുന്നു. ഈ സമയം ചാള്‍സ് എവിടെയാണ്?  അയാള്‍ ഇപ്പോള്‍ അനീറ്റയെന്ന വെപ്പാട്ടിയുടെ കൂടെയാണ്. അത്തരക്കാര്‍ക്കും ഒരു ദിനമുണ്ട്. അതാണ് ഫെബ്രുവരി 13. ആ ദിനത്തെ 'മിസ്ട്രസ് ഡേ' എന്നാണ് വിളിക്കുക. 

വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ തമ്മില്‍ കണ്ടുമുട്ടുന്ന അതേ തീവ്രതയില്‍ തന്നെ പതിമൂന്നിന് വിവാഹേതര ബന്ധത്തിലെ പങ്കാളികളും കണ്ടുമുട്ടുകയും സമ്മാനങ്ങള്‍ കൈമാറുകയും ഒക്കെ ചെയ്യും. ഇതൊക്കെ രഹസ്യമായിരിക്കും എന്നു മാത്രം.

ഇവിടെ ഒരു പ്രശ്‌നമുണ്ട്, മറ്റൊരാളുമായി ബന്ധമുള്ള ഒരു സ്ത്രീയ്ക്ക് പതിമൂന്നാം തീയതി വൈകുന്നേരം മുതല്‍ പൈട്ടന്നൊന്നും ഭര്‍ത്താവില്‍ നിന്നോ വീട്ടുകാരില്‍ നിന്നോ മാറിനില്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. 

രാത്രിയിലൊക്കെ കറങ്ങിനടക്കുന്ന കാര്യം ചിന്തിക്കാന്‍ കൂടി കഴിയുകയുമില്ല. എങ്കിലും 'മിസ്ട്രസ് ഡേ'യില്‍ കള്ളക്കാമുകന്റെ ഒപ്പം പോകാന്‍ ചില വെപ്പാട്ടികളെങ്കിലും അവസരമൊരുക്കുകയും ചെയ്യും.

ഇങ്ങനെയിരിക്കെ 2010-ല്‍ 'Parks and Recreation' എന്ന അമേരിക്കന്‍ പൊളിറ്റിക്കല്‍ കോമഡിയില്‍ ഒരു കഥാപാത്രം ഒരു ചോദ്യമുന്നയിച്ചു: 'നമ്മളില്‍ നിന്നും ഒളിച്ചു പോകുന്ന ഭര്‍ത്താവ് അല്ലെങ്കില്‍, കാമുകന്‍ മിസ്ട്രസ് ഡേയും ആഘോഷിച്ച് നാളെ പാല്‍പ്പുഞ്ചിരിയുമായി കടന്നുവരും. വീട്ടില്‍ ബോറടിച്ചിരുന്ന നമുക്കും വേണ്ടേ എന്തെങ്കിലും ആഘോഷം ?'

 ലെസ്ലി നോപ് എന്ന കഥാപാത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'എല്ലാ ഫെബ്രുവരി പതിമൂന്നിനും ഞാനും എന്റെ സ്ത്രീ സുഹൃത്തുക്കളും ഞങ്ങളുടെ കാമുകരെയും ഭര്‍ത്താക്കന്മാരെയും മറന്ന് ആഘോഷിക്കുന്ന ഒരു ഒഴിവുദിനം. സ്ത്രീകള്‍ സ്ത്രീകളോടൊപ്പം ആഘോഷിക്കുന്ന ഒരു ദിനം.'

ഈ എപ്പിസോഡ് പുറത്തു വന്നതോടെ സ്ത്രീകള്‍ ഈ ദിനത്തിനായി ഇപ്പോള്‍ കാത്തിരിക്കുന്നു. 'മിസ്ട്രസ് ഡേ' ആഘോഷിക്കാന്‍ എന്നുള്ള പേരുദോഷം ഒഴിവാക്കാന്‍ ഉച്ചയ്ക്ക് മുന്‍പുള്ള ഒരു ഭക്ഷണത്തിനായി കൂടുകയാണ് പതിവ്. 

നിങ്ങള്‍ക്ക് എല്ലാം തുറന്നു പറയാവുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ അവരുമായി ഒരു ട്രിപ്പ് പോകാം. സേവന തല്പരരാണെങ്കില്‍ എല്ലാവര്‍ക്കും കൂടെ ഒരല്പം സാമൂഹ്യ പ്രവര്‍ത്തനം ആകാം. ഒരാളില്‍ മാത്രമായി നിങ്ങളുടെ ആഘോഷം ഒതുക്കുകയും ആകാം. സമ്മാനങ്ങള്‍ കൈമാറാം. 

വൈകുന്നേരങ്ങള്‍ ഒഴിവാക്കേണ്ട കാര്യമില്ല. രാത്രി വരെ ആഘോഷം തുടരാം. ഈ ദിനത്തിന് നല്‍കിയിരിക്കുന്ന പേരാണ് 'ഗാലന്റൈന്‍സ് ഡേ'. (Parks and Recreation-ന്റെ ഇരുപത്തിരണ്ടാം എപ്പിസോഡ് തന്നെ ഗാലന്റൈന്‍സ് ഡേ എന്ന പേരിലാണ് ഉള്ളത്).

തമാശയ്ക്ക് പറഞ്ഞുതുടങ്ങിയതാണെങ്കിലും വളരെ വേഗം ഇത് പടര്‍ന്നുപിടിക്കുകയാണ്. ഒരു പെണ്‍കുട്ടിക്ക് തന്റെ കൂട്ടുകാരികളോടൊപ്പം ആഘോഷിക്കാന്‍ കിട്ടുന്ന ഒരു മനോഹരദിനമായി ഇന്ന് 'ഗാലന്റൈന്‍സ് ഡേ' മാറിക്കഴിഞ്ഞിരിക്കുന്നു. അടുത്ത വര്‍ഷം ഈ കൊച്ചു കേരളത്തില്‍ നമുക്കും 'ഗാലന്റൈന്‍സ് ഡേ ഉണ്ടാകട്ടെ എന്ന് അന്യോന്യം ആശംസിക്കാം.