'ഒരു ഈദ് ആശംസയിലൂടെയാണ് അതുവരെ മനസ്സില്‍ മാത്രം സൂക്ഷിച്ചിരുന്ന പ്രണയം പരസ്പരം പങ്കുവെച്ചത്. അക്കാലം ഓര്‍ക്കുമ്പോള്‍ എങ്ങനെ അന്ന് അതിനുള്ള ധൈര്യമുണ്ടായെന്ന് ഇപ്പോഴും അദ്ഭുതം തോന്നുന്നു. അന്ന് ടെന്‍ഷനടിച്ചാലെന്താ. ഇപ്പോഴും സന്തോഷത്തോടെ കഴിയാന്‍ പറ്റുന്നില്ലേ...' -ഒരുനിമിഷംകൊണ്ട് റഷീദും ഹെര്‍മിനും പഴയ ഓര്‍മകള്‍ പൊടിതട്ടിയെടുത്തു. 

പ്രണയം സമ്മാനിച്ച ബീച്ച്

എം.പി.യും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു റഷീദിന്റെ ഉപ്പ ബി.വി. അബ്ദുള്ളക്കോയ. കോര്‍ട്ട് റോഡിനു സമീപമാണ് താമസം. ബീച്ചിന് സമീപം തന്നെയായിരുന്നു ക്രിസ്ത്യന്‍ കുടുംബാംഗമായ ഹെര്‍മിന്റെയും വീട്. ബാങ്കില്‍ ജോലിചെയ്യുന്ന റഷീദ് ബീച്ചില്‍ വെച്ചാണ് കോളേജ് വിദ്യാര്‍ഥിനിയായ ഹെര്‍മിനെ കണ്ടത്.

ഒരു ഈദ് ദിവസം ഹെര്‍മിന്‍ റഷീദിന് ഈദ് ആശംസ നേര്‍ന്നു. അതായിരുന്നു പ്രണയത്തിന്റെ പച്ചക്കൊടി. അതിനുമുമ്പ് പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ചിരിച്ചിട്ടുണ്ടെങ്കിലും ആ ഒരു നിമിഷത്തിലാണ് അവര്‍ പ്രണയം തിരിച്ചറിഞ്ഞത്.

ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളെല്ലാം അവരുടെ സ്‌നേഹത്തിനുമുന്നില്‍ പൊളിഞ്ഞുവീണു. ഒരുപാട് സംസാരിച്ചില്ലെങ്കിലും എന്നും കണ്ടില്ലെങ്കിലും അവരുടെ പ്രണയം ദൃഢമായിരുന്നു. 'ഒന്നു കാണാനും മിണ്ടാനുംതന്നെ ഏറെ കഷ്ടപ്പെട്ടിരുന്നു.

ഏറിയാല്‍ അഞ്ച് മിനുട്ട്. അതും ആരെങ്കിലും കണ്ടാല്‍ ആകെ പ്രശ്‌നമാകുമല്ലോ. പൊതുവഴികളില്‍ എവിടെനിന്നെങ്കിലും കാണും. ചെറിയ വിശേഷംപറയലില്‍ തീര്‍ന്നു' -റഷീദ് പറഞ്ഞപ്പോള്‍ ഹെര്‍മിനയും തലകുലുക്കി. 

ഇന്നത്തെപ്പോലെ മൊബൈല്‍ ഇല്ല, ഫോണ്‍ ചെയ്യാന്‍പോലും വഴിയില്ല. വീട്ടിലെ ഫോണില്‍ വിളിച്ചാല്‍ത്തന്നെയും സംസാരിക്കാനാവില്ല. അങ്ങനെയൊരു കാലത്തായിരുന്നു പ്രണയം. 'ഇടയ്ക്ക് വീട്ടിലെ ഫോണില്‍ വിളിക്കും. സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്.

കത്തുകളിലൂടെത്തന്നെയാണ് പ്രണയം വളര്‍ന്നതും. വഴിവക്കില്‍നിന്ന് കത്തുകള്‍ കൈമാറും. എത്രയെത്ര കത്തെഴുതിയിട്ടുണ്ട് അന്ന്. ഒക്കെ ഇപ്പോഴും ഞങ്ങള്‍ കാത്തുസൂക്ഷിച്ചുവെച്ചിട്ടുണ്ട്. അതൊരു കാലം' -ഹെര്‍മിന്‍ പഴയ ഇരുപതുകാരിയായി. 

വീട്ടുകാരുടെ ചുവപ്പുകൊടി

രണ്ടു വീട്ടിലെയും ഇളയകുട്ടികളായിരുന്നു ഇവര്‍. പ്രണയവിശേഷമറിഞ്ഞതോടെ വീട്ടുകാര്‍ എതിര്‍ത്തു. പക്ഷേ, പാതിയില്‍ കൈവെടിയാന്‍ വേണ്ടിയല്ലല്ലോ ഹെര്‍മിനെ ഹൃദയത്തോടുചേര്‍ത്തത്. വന്ന കല്യാണാലോചനകളൊക്കെ പല കാരണങ്ങള്‍ പറഞ്ഞ് റഷീദ് ഒഴിവാക്കി. ഹെര്‍മിന്റെ വീട്ടില്‍ വലിയ പൊട്ടിത്തെറിയൊന്നുമുണ്ടായില്ല, എങ്കിലും ചെറിയ പ്രശ്‌നങ്ങള്‍. ഒടുവില്‍ അവര്‍ ഒന്നിച്ചു ജീവിക്കാന്‍ വഴി കണ്ടെത്തി, രജിസ്റ്റര്‍ വിവാഹം.

'നാലുവര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു തീരുമാനം. കൂട്ടുകാരന്‍ സതീഷാണ് എല്ലാത്തിനും കൂടെയുണ്ടായിരുന്നത്. 1980 ഒക്ടോബര്‍ 14-നാണ് വിവാഹം രജിസ്റ്റര്‍ചെയ്തത്. വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങി.

ഹെര്‍മിന്റെ വീട്ടുകാരുടെ പരിഭവം എട്ടുമാസംകൊണ്ട് തീര്‍ന്നു. മൂന്നു വര്‍ഷമാകുമ്പോഴേക്കും എന്റെ വീട്ടുകാരും ഇണക്കത്തിലായി. പിന്നെ തറവാട്ടിലായി താമസം' -റഷീദ് പറഞ്ഞു. ഇതിനിടെ ഹെര്‍മിന്‍ പഠനം മതിയാക്കി അധ്യാപികയായി ജോലിതുടങ്ങി.

ആദ്യത്തെ പരിഭവം നന്നായിയെന്നാണ് ഹെര്‍മിനിപ്പോള്‍ തോന്നുന്നത്. 'ഉമ്മ കുഞ്ഞാച്ചുവില്‍നിന്നാണ് എങ്ങനെ ജീവിക്കണമെന്നു പഠിച്ചത്. കുടുംബം എങ്ങനെ കൊണ്ടുപോകണം, അതിന് എന്തൊക്കെ ചെയ്യണം... അങ്ങനെ ഓരോന്നും പഠിച്ചു. 27 വര്‍ഷം അവിടെ താമസിച്ചു. അത് ശരിക്കും ഇപ്പോഴുള്ള ജീവിതത്തിനും സഹായിക്കുന്നുണ്ട്' -ഹെര്‍മിന്‍ പറഞ്ഞു. സ്‌കൂള്‍ പ്രധാനാധ്യാപികയായ ഹെര്‍മിനും ബാങ്കില്‍നിന്ന് വിരമിച്ച റഷീദും ഇപ്പോള്‍ പുഷ്പ ജങ്ഷനു സമീപമാണ് താമസം. ഒറ്റമകനാണിവര്‍ക്ക്, മസൂദ്.

പ്രണയം ഭ്രമമല്ല

ഇപ്പോഴുള്ള പ്രണയത്തെക്കുറിച്ചും പലതിലും സംഭവിക്കുന്ന ക്രൂരതകളെക്കുറിച്ചും ഇരുവര്‍ക്കും പറയാനുണ്ട്. 'ജാതിയും മതവുമൊന്നും സ്‌നേഹത്തിനു തടസ്സമല്ല. പ്രണയം ഒരിക്കലും താത്കാലികമായ ഒന്നല്ല. ഒരു നിമിഷത്തിലോ ഏതാനും ദിവസംകൊണ്ടോ ഇല്ലാതാവില്ല സ്‌നേഹം.

അതാണ് ഇപ്പോള്‍ ക്ലാസില്‍ക്കയറി പെട്രോളൊഴിച്ച് കത്തിക്കുന്നതിലേക്കും വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിലേക്കും എത്തുന്നത്. അത്തരത്തില്‍ ചെയ്യുന്നത് കേവലഭ്രമം മാത്രമാണ്. പെട്ടന്നുള്ള എടുത്തുചാട്ടമാകരുത് സ്‌നേഹം. എന്തും ഉള്‍ക്കൊള്ളാനും സഹിക്കാനുമുള്ള മനോഭാവമാണു വേണ്ടത്.

സാമൂഹികമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നം. അതല്ല പ്രണയം. സ്‌നേഹം തിരിച്ചറിഞ്ഞ് പരസ്പരം ഉള്ളുതുറന്ന് ജീവിക്കുക. അത് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ തീരാവുന്നതാണ് എല്ലാ പ്രശ്‌നങ്ങളും നൈരാശ്യവും...' -പരസ്പരം നോക്കി അങ്ങനെയല്ലേയെന്ന്  ഇരുവരും ഒന്നുകൂടി ഉറപ്പാക്കി. ഒടുവിലൊരു ചോദ്യം, എന്നാ ഈ വാലന്റൈന്‍സ് ഡേ...? പ്രണയം ഒരുദിവസംകൊണ്ട് തീരുന്നില്ലല്ലോ...