love brokenഷ്ട പ്രണയങ്ങളുടെ മുറിവേല്‍ക്കാത്തവര്‍ അപൂര്‍വ്വമാണ്.  പലപ്പോഴും പ്രണയത്തേക്കാള്‍ അമിതമായ വികാര തള്ളിച്ചയാണ് പ്രണയം നഷ്ടപ്പെടുന്നവര്‍ക്ക്. പങ്കാളിയുടെ വിടവാങ്ങലിനെ സ്വയം വെറുത്തും ആത്മഹത്യയിലഭയം തേടിയും വിഷച്ചുവയുള്ള വാക്കുകളിലൂടെ പങ്കാളിയെ പരസ്യമായി അപമാനിച്ചും ചിലര്‍ ആശ്വാസം കൊള്ളുമ്പോള്‍ അപൂര്‍വ്വം ചിലരേ ജീവിതത്തിലേക്ക് വിവേക പൂര്‍വ്വം നടന്നു നീങ്ങൂ. വിജയകരമായ പ്രണയം വിവാഹമാണെന്ന തെറ്റിദ്ധാരണ നമ്മെ എവിടെയോ പിടിമുറുക്കിയിരിക്കുന്നു. 

പ്രണയവും വിവാഹവും തമ്മില്‍ ഇഴചേരുമ്പോഴേ പ്രണയം വിജയിച്ചെന്ന് നമ്മള്‍ പറയാറുള്ളൂ. അതാണോ ശരി. പ്രണയത്തിന്റെ പരിസമാപ്തി വിവാഹമാണോ. ഒരു പ്രണയത്തിന് തുടക്കവും ഒടുക്കവുമുണ്ടോ. നിര്‍വ്വചിക്കാന്‍ വയ്യ. 'പലരിലും വ്യത്യസ്തമായ രീതിയില്‍ അനുഭൂതമാകുന്ന ഒരവസ്ഥാ വിശേഷമാണ് പ്രണയം, അതിന് നിശ്ചിത മാനദണ്ഡങ്ങള്‍ നല്‍കി നിര്‍വ്വചിക്കാന്‍ സാധ്യമല്ല' എന്ന് പറഞ്ഞ ശാരദക്കുട്ടിയുടെ വാക്കുകള്‍ ഓര്‍ത്തു പോവുന്നു.

എന്നാല്‍ പ്രണയത്തെപ്പോലെ വൈവിധ്യമല്ല നഷ്ടപ്രണയം. അതിന് പ്രണയത്തെ പോലെ മഴവില്‍ നിറങ്ങളില്ല. വിളറിയ കറുപ്പാണ് അതിന്റെ സ്വത്വം. അത് പൊടിക്കുന്ന ചോരയുടെ നിറം ചുവപ്പു മാത്രവും. നഷ്ട പ്രണയത്തെ അതിജീവിച്ചവൾ ജീവിക്കാന്‍ പഠിച്ചവളെന്ന ആശ്വാസ വാക്കിനെ നെഞ്ചിലേറ്റി ചിലരെങ്കിലും ജീവിതത്തിലേക്ക് നടന്നു കയറിയിട്ടുണ്ടാവണം. ഹിറ്റ്‌ സിനിമയിലെ ഡയലോഗ് പോലെ The life must go on എന്നാണല്ലോ.

പ്രണയ നഷ്ടങ്ങള്‍ ഒരു മനുഷ്യന് നല്‍കുന്ന കരുത്ത്  വലുതാണ് അതുകൊണ്ടായിരിക്കാം വിവാഹത്തില്‍ കലാശിച്ച പ്രണയത്തേക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടതും സിനിമകളായതും, കവിതകളും ഇതിഹാസ കഥകളുമായതും നഷ്ട പ്രണയങ്ങളാണ്. നഷ്ടം ഒരുവനെ ശക്തനാക്കുന്നു. അവനെ/ അവളെ സര്‍ഗ്ഗാത്മക തേരിലേറ്റുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അത്തരമൊരു നഷ്ടം(ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം) അതിമനോഹരമായ എഴുത്തില്‍ പൊതിഞ്ഞ് എന്നെയും തേടിയെത്തിയിരുന്നു. അതിങ്ങനെ,

മാപ്പപേക്ഷിക്കാന്‍ യോഗ്യതയില്ലാത്ത 
തെറ്റുകള്‍ മാത്രം ചെയ്ത ഈ ജീവിതം... 
അതിന് ഇനി മറ്റൊരു കളങ്കം കൂടി... 
നിന്റെ കണ്ണീര്‍... 
അതിന് പകരം നല്കാന്‍ അത് പരിഹരിക്കാന്‍ 
ഈ ജീവിതം ദൈവത്തിന് വേണമെങ്കില്‍ അത് എടുത്തോട്ടെ...


പൊറുക്കുക... 
തെറ്റുകള്‍ മാത്രം ചെയ്ത് കടന്നുപോകുന്ന 
ഒരു സുഹൃത്തിന്റെ അപേക്ഷയാണ്. 
എന്നെപ്പറ്റി എന്തെങ്കിലും മോശമായ ധാരണകള്‍ 
നിന്റെയുള്ളില്‍ ഉണ്ടെങ്കില്‍ അത് തിരുത്തണമെന്ന് 
പറയാന്‍ എനിക്കാകില്ല. കാരണം 
അത് തിരുത്താനാകാത്ത സത്യങ്ങളാണ്.


ഞാന്‍ തിരിച്ചറിയുന്നു.... 
എന്റെ വഴികള്‍, 
തീരുമാനങ്ങള്‍, 
ആഗ്രഹങ്ങള്‍.... എല്ലാം തെറ്റായിരുന്നുവെന്ന്...

നിന്റെ കണ്ണീര്‍ത്തുള്ളികള്‍
എന്റെ ജീവിതത്തില്‍ ശാപമായി
പതിക്കുമ്പോഴും
ലോകത്തിന്റെ 
ഏതെങ്കിലും ഒരു കോണിലിരുന്ന്
ആ പഴയ മഞ്ഞുകാലം ഞാന്‍
നെഞ്ചിലേറ്റിക്കോളാം...

നന്മകള്‍ മാത്രം നേരുന്നു...
വഴിപിഴയ്ക്കാതെ നീ മുന്നേറുക....
ഉയരങ്ങള്‍ താണ്ടുമ്പോള്‍ 
പിന്നില്‍ ശക്തമായ പിന്തുണയുമായി
അദൃശ്യനായി ഞാനുണ്ടാകും...
ഒരു നിമിഷമെങ്കിലും ഞാന്‍ 
ആത്മാര്‍ഥമായി ഇനി പ്രാര്‍ഥിക്കാന്‍
ദൈവതിരുമുമ്പില്‍
മുട്ടുമടക്കുമ്പോള്‍....
ആദ്യം നിനക്കുവേണ്ടി ....

ഇത് എന്റെ വാക്ക്...
പാലിക്കാന്‍ കഴിയാത്ത നിരവധി
വാഗ്ദനപ്പെരുമഴയില്‍
അവസാനത്തേതെങ്കിലും ഞാന്‍
പാലിക്കും...

അതിമനോഹരമായ പ്രണയ നാടകത്തിലെ അവസാന തിരുശേഷിപ്പ്. അതൊരു പ്രണയമല്ല പകരം നാടകമാണെന്ന് പറയുന്നതില്‍ ഒരു കാരണമുണ്ട്. കാരണങ്ങള്‍ മെനഞ്ഞുണ്ടാക്കിയ ഒരു അന്ത്യമാണ് അതിനുള്ളതെന്നതു കൊണ്ട് തന്നെ. മതത്തെയും മത പുരോഹിതരെയും തന്റെ പ്രണയിനിയേക്കാള്‍ മനസ്സിലേറ്റിയ പുരുഷന്റെ വില കുറഞ്ഞ അടിയറവാണ് ആ വാക്കുകള്‍. വഞ്ചനയേക്കാള്‍ ആ വാക്കുകളില്‍ മുഴച്ച് നിന്നതും ആ അടിയറവ് തന്നെ. 

അന്നത്തെ കാമ്പസ് ഭാഷയില്‍ പറയുകയാണെങ്കില്‍ അതൊരു നൈസായ ഊരലായിരുന്നു. ഏതൊരു വ്യക്തിയെയും പോലെ ഒരു പാട് കരഞ്ഞു. കുടിച്ചു തീര്‍ക്കാന്‍ കുപ്പികള്‍ കിട്ടാത്തതു കൊണ്ടും കൊളളാന്‍ മഴയില്ലാത്ത കൊടുംവേനലായതു കൊണ്ടും പല സിനിമകളെയും അനുകരിച്ച് ആ പ്രണയ നഷ്ടത്തെ ആഘോഷമാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. 

ഒരു പെണ്‍കുട്ടിയുടെ ഹോസ്റ്റലില്‍ അന്ന് അവൈലബിള്‍ ആയ 'മെറ്റീരിയിലുകളില്‍' ഒന്നായ ദൈവ പ്രതിമയ്ക്ക് മുന്നില്‍ മുട്ടിപ്പായി പ്രാര്‍ഥിച്ച് കുറെ കരഞ്ഞു. മനസ്സു കൊണ്ട് അടിമപ്പെട്ടും വിധേയപ്പെട്ടും ചെറുതായിപ്പോയിരുന്നു ആ പ്രണയകാലയളവില്‍ ഞാന്‍...

love

ആ തിരിച്ചറിവ് എനിക്കുണ്ടായിരുന്നപ്പോഴും അവന്റെ തിരിച്ചു വരവിനായി ഞാന്‍ കാത്തു, കരഞ്ഞു. കരച്ചില്‍ ഏറുന്തോറും സ്വയം പുച്ഛമേറി, ദൈവത്തില്‍ നിന്ന് കൂടുതലാകുന്നു..

ആ സ്വയം പുച്ഛത്തെയും പ്രണയതിരസ്‌കാരം പോറലേല്‍പിച്ച ആത്മവിശ്വാസത്തെയും തിരിച്ചു പിടിക്കാനായാണ് ഞാന്‍ പുസ്തകങ്ങളെ ആശ്രയിച്ചത്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച കാലയളവ് വേറെയുണ്ടാവില്ല. 

ആ പുസ്തക വായനയ്ക്ക് പിന്നില്‍ ഒരു ദുരുദ്ദേശവുമുണ്ട്. പ്രണയം ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് മുക്തയായി ഒടുവില്‍ ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കുമ്പോള്‍ ആ കാലയളവ് അത്രയും കരഞ്ഞ് തീര്‍ത്ത് പാഴാക്കിയല്ലോ എന്ന കുറ്റബോധം വേട്ടയാടരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. 

അതു കൊണ്ടാവാം മുറിവുകളില്‍ നിന്ന് നീന്തി മറ്റൊരു കരയിലെത്തിയപ്പോള്‍ നാല് വര്‍ഷത്തെ പുസ്തക വായന എന്നിലുണ്ടാക്കിയ മാറ്റത്തെ അഭിമാനത്തോടെ വരവേല്‍ക്കാന്‍ സ്വയം കഴിഞ്ഞതും.. പ്രണയം അടിമത്വമല്ലെന്നും ആത്മാഭിമാനം നഷ്ടപ്പെടലല്ലെന്നുമുള്ള തിരിച്ചറിവിൽ പിന്നീട് പിറകെ പോയില്ല.

പിന്നീടുള്ള എഴുത്തുകളിലും വീക്ഷണങ്ങളിലും ആ വായന നല്‍കിയ ശക്തി വളരെ വലുതാണ്.  ഇല്ലായിരുന്നുവെങ്കില്‍ നീണ്ട ഇടവേളയ്ക്ക ശേഷം  ഒരു വാലന്റൈന്‍ ദിനത്തില്‍ വീണ്ടും പഴയ ബന്ധത്തെ ഊട്ടിയുറപ്പിക്കാന്‍ ക്ഷമാപണത്തോടെ അവന്‍ വന്നപ്പോള്‍ എന്റെ വിധേയത്വം വീണ്ടും സടകുടഞ്ഞെഴുന്നേറ്റേനെ, ഞാന്‍ ആ കൈ ചേര്‍ത്തു പിടിച്ച്  വീണ്ടും കൂടെ നടന്നേനെ.

ആ ദുരന്തം ഉണ്ടായില്ല, വിധേയത്വത്തെ പ്രണയത്തില്‍ നിന്ന് വേര്‍തിരിച്ചു കാണാന്‍ പുസ്തകങ്ങളും സിനിമകളും അതിനോടകം തന്നെ എന്നെ പ്രാപ്തയാക്കിയിരുന്നു. ‍ഞാൻ അവഗണിച്ചു കൊണ്ട് എന്റെ നിലപാട് വ്യക്തമാക്കി.

love

സമ്മാനങ്ങളും മധുരം പുരട്ടിയ വാക്കുകളില്‍ പൊതിഞ്ഞ ആശംസകളും കിട്ടിയ അവനോടൊപ്പമുള്ള ആ പഴയ വാലന്റൈന്‍ ദിനത്തേക്കാള്‍ ഞാന്‍ നെഞ്ചോട് ചേര്‍ക്കുന്നത് തിരസ്‌കരിക്കാന്‍ സ്വയം പഠിച്ച അടിമത്തത്തില്‍ നിന്ന് മോചിതയാവാന്‍ കൂടുതല്‍ കരുത്ത് നല്‍കിയ ആ രണ്ടാമത്തെ വൈലന്റൈന്‍ ദിനത്തെയാണ്. 

ഭാവിയില്‍ ജീവിതത്തിലുടനീളം എന്നോടൊപ്പമുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിച്ച ഒരു പങ്കാളിയെ സ്വയം തിരഞ്ഞെടുക്കുമ്പോള്‍ ആ പഴയ പ്രണയാനുഭവം നല്‍കിയ പാഠങ്ങള്‍ വലുതാണ്..

നന്ദി നഷ്ട പ്രണയമേ..... എന്നെ വായിക്കാനും വളരാനും ഒപ്പം തിരസ്‌കാരിക്കാനും പഠിപ്പിച്ചതിന്. കഴിഞ്ഞ ദിവസം അവാര്‍ഡ് തേടിയെത്തിയപ്പോള്‍ വീണ്ടും മധുരം പുരട്ടിയ ആശംസാ വാക്കുകളെത്തി, ആ പഴയ നമ്പറില്‍ നിന്ന്. അപ്പോൾ നാല് വര്‍ഷത്തെ ഒറ്റപ്പെടലും കണ്ണീരും വായനയും എല്ലാം ചേര്‍ന്നൊരു കരുത്ത് എനിക്ക് മുകളില്‍ ഉദിച്ചുയര്‍ന്നു. ഉള്ളില്‍ മന്ദഹസിച്ചു കൊണ്ട് ഒരു നന്ദി വാക്കു പോലും പറയാതെ ആ മെസേസജിനെ ഇന്‍ബോക്സില്‍ നിന്ന് ഡിലീറ്റ് ചെയ്ത് വീണ്ടും ഞാനാ വിജയമാഘോഷിച്ചു. നീ എന്നെ തിരസ്‌കരിച്ച ഇടത്തില്‍ നിന്ന് ഞാനൊത്തിരി വലുതായി എന്ന അഹങ്കാരവുമായി.