''കലാലയ കാലത്ത് കാലിലെ സള്‍ഫര്‍ പൊള്ളലുമായി മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജ് ഐ.സിയുവിലായിരിക്കേ സാന്ത്വനത്തിന്റെ, സ്നേഹത്തിന്റെ ചിരിയുമായി കടന്നുവന്ന പെണ്‍കുട്ടിയാണ് പ്രണയത്തെക്കുറിച്ചുള്ള വ്യക്തിപരമായ ഒരു അനുഭവം. ഒന്നരമാസത്തോളം ആശുപത്രിയില്‍ കഴിയവേ, ഉച്ചയ്ക്കും വൈകിട്ടും രോഗിയുടെ വിവരങ്ങള്‍ അറിയിക്കാനായി ഡോക്ടര്‍മാര്‍ നിയോഗിച്ച ഒരാളുണ്ടായിരുന്നു, ഒരു നഴ്സിങ് വിദ്യാര്‍ത്ഥി. 

മരുന്നു കൃത്യമായി കഴിക്കേണ്ടതിനെക്കുറിച്ച് പറയുന്നതിനൊപ്പം എളുപ്പം രോഗം മാറുമെന്ന നല്ലവാക്കും ആ സുഹൃത്തില്‍ നിന്നുണ്ടായി. എന്നേക്കാള്‍ ഒന്നോ രണ്ടോ വയസിനു മുതിര്‍ന്ന, ചേച്ചിയെപ്പോലെ ഒരാള്‍. 

എല്ലാവരും രോഗവിവരം മാത്രം അന്വേഷിച്ചു മടങ്ങുമ്പോള്‍ ഇവരുടെ ചോദ്യങ്ങള്‍ കോളേജ് ജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമായി. ഇത് സ്ഥിരമായി തുടര്‍ന്നു. വേദനയില്‍ ഒരു സാന്ത്വനവും സാമീപ്യവുമായി. അതിനെ സൗഹൃദമെന്നാണോ പ്രണയമെന്നാണോ വിളിക്കേണ്ടതെന്നറിയില്ല. 

അവസാനദിവസം ഡിസ്ചാര്‍ജ് വാങ്ങിയിറങ്ങുമ്പോള്‍ ആ സുഹൃത്ത് എന്റെ കൈയ്യില്‍ ഒരു പുസ്തകമേല്‍പ്പിച്ചു, ഒപ്പമൊരു പേനയും. ഇത്തരം കാര്യങ്ങളുണ്ടാകുമ്പോള്‍ നിരാശപ്പെടരുതെന്ന നല്ലവാക്കും പറഞ്ഞു. ഭാവിയില്‍ ആരെങ്കിലുമൊക്കെ ആകുമ്പോള്‍ എന്നെ ഓര്‍ക്കണം എന്നൊക്കെ പറഞ്ഞ് വിലാസവും വാങ്ങി. 

വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ രണ്ടാംകൊല്ലം പഠിക്കേ, ഒരു വിഷുക്കാലത്ത് വീട്ടിലെത്തിയ എന്നെക്കാത്ത് ഒരു കത്തുണ്ടായിരുന്നു വീട്ടില്‍. നീരജയുടെ പേരില്‍ വന്ന കത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു, ഞാന്‍ കസ്തൂര്‍ബാ ആശുപത്രിയില്‍ നിന്ന് ഇറങ്ങുകയാണ്. 

വിദേശത്തേക്ക് പോകും മുമ്പാണ് ഈ കത്തയക്കുന്നത്. മറ്റു വിശേഷങ്ങളെന്തൊക്കെയാണ്. അന്നത്തെ കാര്യങ്ങളൊക്കെ ഓര്‍മ്മിപ്പിച്ച് നന്മയും സ്നേഹവും ഭാവുകങ്ങളും നേരുന്ന ഒരു കത്ത്. 

ജീവിതത്തില്‍ പല ഘട്ടങ്ങളിലായി വന്നുപോകുന്നവരെ നമ്മള്‍ മറന്നു പോകാറുണ്ട്. തിരക്കുകള്‍ക്കിടെയും അവരിലാരെങ്കിലും നമ്മുടെ ജീവിതത്തിലേക്കു വന്ന് നമ്മുടെ പ്രയാസത്തില്‍ സാന്ത്വനമായി മാറി പോകുന്നു. 

ജീവിതത്തില്‍ പല ഘട്ടങ്ങളിലായി വന്നുപോകുന്നവരെ നമ്മള്‍ മറന്നു പോകാറുണ്ട്. തിരക്കുകള്‍ക്കിടെയും അവരിലാരെങ്കിലും നമ്മുടെ ജീവിതത്തിലേക്കു വന്ന് നമ്മുടെ പ്രയാസത്തില്‍ സാന്ത്വനമായി മാറി പോകുന്നു. 

ചികിത്സയ്ക്കും ഒന്നര വര്‍ഷത്തിനു ശേഷം വിദേശത്തേക്കു പോകുന്നെന്നറിയിച്ചുള്ള ആ കുറിപ്പ് എവിടെയോ നന്മയോ വിശാലാര്‍ത്ഥത്തില്‍ പ്രണയമോ എരിയുന്ന നെരിപ്പോടാണ്. വേറൊന്നും ആലോചിച്ചിട്ടോ ഒന്നുമല്ല. പരസ്പരം ഇഷ്ടം പങ്കുവയ്ക്കാനുള്ള മനസാണത്. അതിനെ വേണമെങ്കില്‍ പ്രണയമെന്നും വിളിക്കാം..'

തയാറാക്കിയത്: ജിതന്‍ എസ്.ആര്‍