പ്രണയദിനമാണ് ഇന്ന്. എന്തിനേയും സ്നേഹിച്ചു തീര്‍ക്കാന്‍ ഒരു ദിനമോ ഒരു ജീവിതം തന്നെയോ മതിയാകുമോ? എന്നാല്‍, കാലമില്ലാത്ത പ്രണയം ഒരായുസില്‍ അനുഭവിപ്പിക്കാന്‍ ചിലപ്പോഴെങ്കിലും ചിലതിനു കഴിയും. അത് സാദ്ധ്യമാണ്.

ഇനിയുള്ള ജീവിതങ്ങള്‍ക്കും പ്രണയിക്കാന്‍ ഒരാള്‍ തന്റെ ശബ്ദമാണ് കാലത്തിന് നല്‍കിയത്. ഇനിയെങ്ങനെയാണ് ഞാന്‍ നിങ്ങളെ പ്രണയിപ്പിക്കേണ്ടതെന്ന് ആ ശബ്ദം ഇപ്പോഴും ചോദിച്ചുകോണ്ടേയിരിക്കുന്നു. അതിന്റെ ഉടമ മലയാളിയുടെ പ്രിയപ്പെട്ട പ്രണയഗായകന്‍ ജി വേണുഗോപാല്‍ സംസാരിക്കുന്നു, പ്രണയത്തെക്കുറിച്ചു മാത്രം.

നല്ല പ്രണയഗാനം പാടാന്‍ മനസില്‍ പ്രണയം വേണോ

മനസില്‍ പ്രണയമില്ലാത്ത ആരുമുണ്ടാവില്ലല്ലോ. അതിന്റെ തോത് ഏറിയോ കുറഞ്ഞോ ഇരിക്കുമെന്നേയുള്ളൂ. എല്ലാര്‍ക്കും ഉള്ളില്‍ പ്രണയമുണ്ട്. കേട്ടുവളര്‍ന്ന പ്രണയഗാനങ്ങള്‍ ഒരു ലൈബ്രറി പോലെ നമ്മുടെ ഉള്ളിലുണ്ടാകും. പ്രത്യേകിച്ച് പഴയകാല ഹിന്ദി -മലയാളം സിനിമാ ഗാനങ്ങളെല്ലാം പ്രണയഗാനങ്ങളായിരുന്നു. 

ലളിതഗാനങ്ങളും. പാടുമ്പോള്‍ ഈ രചനയ്ക്കനുസരിച്ച് നമ്മുടെ ശബ്ദം അതിലൂടെ എന്തോ ഒരു വിരുത് നെയ്യുന്നുണ്ട്. അതാണ് പ്രണയമെന്ന ഭാവമായി കേള്‍വിക്കാരനില്‍ എത്തുന്നത്. ഒരു പ്രത്യേക രൂപത്തെയോ വ്യക്തിയോ മാത്രം പ്രണയിക്കുകയാണെങ്കില്‍ അത് ലിമിറ്റഡ് ആയിപ്പോകും. 

venugopal

ഒരു പാട്ടുകാരനെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങളോട് പ്രണയമുണ്ടാകും. അത് ഒരു സ്ത്രീയോട് തന്നെ ആവണമെന്നില്ല. സ്ത്രീകളോടുമാകാം. സൗന്ദര്യമുള്ള ചിത്രങ്ങളോടാകാം. നല്ല ഭക്ഷണമുള്‍പ്പെടെ എന്തിനോടുമാകാം. 

വിഗ്രഹമോ പല പല ഇമേജുകളോ അങ്ങനെ എന്തിനോടുമാകാം. പറഞ്ഞറിയിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ എഴുത്തിലൂടെ, പാട്ടിലൂടെ വരുമ്പോള്‍ അതിനൊരു മിഴിവ് വരുന്നുണ്ടാകാം. അതുകൊണ്ടാകാം അത് കേള്‍ക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുന്നത്.

പ്രണയം തോന്നിയ പാട്ടുകള്‍

എന്റെ ഗാനങ്ങളില്‍ പലരും പ്രണയം ദര്‍ശിച്ചിട്ടുണ്ട്. പക്ഷേ, ഞാന്‍ പ്രണയിച്ച ഗാനങ്ങളെല്ലാം ഞാന്‍ പാടുംമുമ്പ് കേട്ട ഗാനങ്ങളാണ്. ദാസേട്ടന്റെ, മുഹമ്മദ് റഫിയുടെ, തലത് മഹ്മൂദിന്റെ, മുകേഷിന്റെ, എസ്.പി.ബിയുടെ, ടി.എം സൗന്ദര്‍രാജന്റെ, മെഹ്ദി ഹസന്റെ, ഹരിഹരന്റെ, ഗുലാം അലിയുടെ, അനൂപ് ജലോട്ടയുടെ, പങ്കജ് ഉധാസിന്റെ ഇവരുടെയൊക്കെ ഗാനങ്ങള്‍ എന്നിലവശേഷിപ്പിച്ച പ്രണയ കല്‍പ്പനകള്‍ വളരെ ആഴത്തിലുള്ളതാണ്.

ജീവിതത്തിലെ പ്രണയത്തോട് ചേര്‍ന്നു നില്‍ക്കുന്ന പാട്ടുകള്‍

ആദ്യം പ്രണയിച്ചു തുടങ്ങുന്ന കാലത്ത് കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയോടാകും നമുക്കതുണ്ടാവുക. സൗന്ദര്യമുള്ള ഒരു മനസാണ് എനിക്കിഷ്ടപ്പെട്ടത് എന്നൊക്കെ പറയാമെങ്കിലും ഒരു കാലത്ത് കാണാന്‍ സൗന്ദര്യമുള്ള പെണ്‍കുട്ടികളോടൊക്കെ നമുക്ക് പ്രണയം തോന്നും.

അന്ന് കേട്ടിരിക്കുന്ന എനിക്കിഷ്ടപ്പെട്ട പാട്ടുകള്‍ ഒരു പുഷ്പം മാത്രമെന്‍, പാരിജാതം തിരുമിഴി തുറന്നു, എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍, ഇന്നലെ മയങ്ങുമ്പോള്‍ ഒരുമണിക്കിനാവിന്റെ എന്നിങ്ങനെ ഒരു കാലത്ത് ഉദാത്തമായ കവിതാശകലങ്ങള്‍ അതിസുന്ദരമായ ശബ്ദങ്ങളിലൂടെ, ഈണങ്ങളിലൂടെ പെയ്തിറങ്ങി ഞാനുള്‍പ്പെടുന്ന ഒരു തലമുറയെ പ്രണയ ലോലുപരാക്കിയിട്ടുണ്ട്. 

family

പ്രണയഗാനം പോലെയാണോ ജീവിതത്തിലെ പ്രണയവും?   സ്വപ്നം കാണുന്ന വായിച്ചറിഞ്ഞിട്ടുള്ള പ്രണയം ഒന്ന്, നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പ്രണയം മറ്റൊന്ന്. യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ വായിച്ചറിഞ്ഞ പ്രണയമല്ല. വളരെ പ്രാക്ടിക്കലായ ജീവിതത്തിലേക്കിറങ്ങുമ്പോള്‍ ധാരാളം കഷ്ടപ്പാടുകളും പ്രശ്നങ്ങളുമുണ്ടാകും. വ്യക്തിപരമായ വൈരുദ്ധ്യങ്ങള്‍ക്കിടയിലൂടെ രണ്ടാത്മാക്കള്‍ അടുക്കുകയാണ്.

ആ സ്പേസ് ഷെയര്‍ ചെയ്യാന്‍ പിന്നെ ഒന്നോ രണ്ടോ കുട്ടികളും വരുന്നു. ബന്ധുക്കളുണ്ടാകുന്നു. അപ്പോ അവിടെ ഒരു കോംപ്രമൈസ്, അഡ്ജസ്ന്റ്മെന്റ് ഒക്കെയുണ്ടാകുന്നു. അതിനിടയിലൂടെ അവര്‍ പ്രണയിക്കുന്നു. അവരുടേതായ വികാരങ്ങളിലൂടെ അവര്‍ പ്രണയിക്കുന്നു. അതാണ് എന്റേയും ഭാര്യ രശ്മിയുടേയും പ്രണയം. ഞങ്ങള്‍ക്ക് മാത്രം അനുഭവവേദ്യമായ, ഞങ്ങള്‍ തന്നെ കണ്ടെത്തിയതാണ് എന്റേയും രശ്മിയുടേയും പ്രണയം.

വ്യക്തിപരമായ പ്രണയാനുഭവങ്ങള്‍

എന്റെ പാട്ടുമൂലം ഒന്നായിട്ടുള്ളവരുടെ അനുഭവങ്ങള്‍ ഏറെയുണ്ട്. ചന്ദനമണിവതില്‍ ഇറങ്ങിയ കാലത്ത് സിനിമയിറങ്ങി രണ്ടുവര്‍ഷം കഴിഞ്ഞാണ് പാട്ട് പ്രസിദ്ധമായത്. ആ പാട്ട് റേഡിയോയിലൂടെ അലയടിക്കുമ്പോള്‍ ഒരു ദിവസം എനിക്കൊരു ഫോണ്‍ വന്നു.

venugopalഒരു കാമുകനും കാമുകിയുമാണ് ഫോണില്‍. ഇടയ്ക്കെന്തോ പിണക്കത്തിലായിരുന്ന അവരിരുവരും ഈ പാട്ടിലൂടെ വീണ്ടും പ്രണയിക്കാന്‍ തീരുമാനിച്ചതറിയിക്കാനാണ് വിളിച്ചത്. വീണ്ടും പ്രണയിക്കുകയാണ്.

രാത്രിയുടെ അന്ത്യയാമത്തില്‍ ഞങ്ങള്‍ ഒന്നായി. ഇനി ഞങ്ങള്‍ ഒന്നിച്ചുജീവിക്കുകയാണ്, കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചു എന്നൊക്കെ പറഞ്ഞു. പിന്നീടവരുടെ കല്ല്യാണക്കുറിയും കുറിപ്പും അയച്ചു തരികയും ചെയ്തു.

പിന്നീടെന്താണ് സംഭവിച്ചതെന്നറിയില്ല. പാട്ടുകളിലൂടെ ഒന്നായിത്തീര്‍ന്നവരുണ്ട്. എന്റെ വ്യക്തിപരമായ ഒരു അനുഭവം മാത്രമാണിത്. വേറെ ഒരുപാടു പാട്ടുകളുടെ കാര്യത്തില്‍ ഇങ്ങനെയുണ്ടാകും.