കോട്ടയം: ദേശകാലങ്ങള്‍ക്കതീതമാണീ സൗഹൃദം. ഏതോ തെരുവോരത്തുവച്ചവര്‍ കണ്ടുമുട്ടി. മിണ്ടിയും പറഞ്ഞും വന്നപ്പോള്‍ ജീവിതത്തിന് ഒരേ നിറം. അതവരെ ഒന്നിപ്പിച്ചു. ജിപ്സികളുടെ പോലെ ജീവിതം ഒഴുകിനീങ്ങുന്നു... കോട്ടയം പാക്കില്‍ സംക്രമവാണിഭത്തില്‍ കച്ചവട സാധനങ്ങളുമായി എത്തിയ സ്ത്രീകളുടെ കൂട്ടായ്മ വാണിഭം തീരുമ്പോള്‍ അവസാനിക്കുന്നില്ല.

ലീല, സലില റെജി, അമ്മിണി ബേബി, രാജി രാധാകൃഷ്ണന്‍, തങ്കമ്മ, അംബികാ മനോജ്, തങ്കമ്മ... ആത്മബന്ധത്തിന്റെ വെള്ളിനൂലില്‍ കോര്‍ത്ത ജീവിതങ്ങള്‍. അടുത്തത് മണര്‍കാട് പള്ളിപ്പെരുന്നാള്‍, പിന്നെ തെള്ളിയൂര്‍ക്കാവ് അതുകഴിഞ്ഞാല്‍ പാറേല്‍പ്പള്ളി, നെടുംകുന്നം പള്ളി, പരുമലപ്പള്ളി.

'ഞങ്ങളിപ്പോള്‍ ഒരു കുടുംബമാണ്. സങ്കടോം സന്തോഷോം പരസ്പരം പറയാറുണ്ട്. വര്‍ഷത്തില്‍ ആറേഴുമാസം ഒരുമിച്ചാണ്. പിരിഞ്ഞാലും വിളിക്കും. വീണ്ടും അടുത്ത ഉത്സവക്കാലത്തു കണ്ടുമുട്ടും.' തൃക്കൊടിത്താനം സ്വദേശി രാജി പറയുന്നു.

സ്വര്‍ണപ്പണിയില്‍ ലാഭമില്ലെന്നു വന്നതോടെയാണ് ഭര്‍ത്താവ് രാധാകൃഷ്ണനൊപ്പം രാജി റെഡിമെയ്ഡ് വസ്ത്രവില്‍പ്പനയിലേക്കു മാറിയത്. പായിപ്പാടുകാരിയായ അമ്മിണി ബേബി പായ, കുട്ട, വട്ടി തുടങ്ങിയവയുമായി 38 വര്‍ഷമായി പാക്കിലെ സ്ഥിരം സാന്നിധ്യമാണ്. 69 വയസ്സായി. തൊട്ടടുത്ത സ്റ്റാളിലെ സലില ഇലന്തൂര്‍ക്കാരിയാണ്. വീട്ടിലെ നഴ്സറിയില്‍നിന്നുള്ള തൈകളും വിത്തുമാണ് വില്‍ക്കുന്നത്. വേളൂരില്‍നിന്നുള്ള അംബികാ മനോജും നഴ്സറി ജീവനക്കാരിയാണ്. മണ്‍ചട്ടിയും കലവും കൂജയുമൊക്കെയാണ് വരാപ്പുഴക്കാരി തങ്കമ്മ വില്‍ക്കുന്നത്. പാക്കില്‍ വാണിഭത്തിനെത്തിയിട്ട് 40 വര്‍ഷങ്ങളായി. ചാരുംമൂട്ടില്‍ മകള്‍ക്കൊപ്പമാണ് താമസം.

'മക്കള്‍ പൊന്നുപോലെ നോക്കും, പക്ഷേ ടി.വി.യുംകണ്ട് ഉണ്ടുറങ്ങി എന്റെ ജീവിതം പെട്ടെന്നു തീരും. ഇതിപ്പോ എത്രപേരെ കാണാം, എത്ര സ്ഥലം കാണാം,' മീന്‍ചട്ടി വില്‍ക്കുന്നതിനിടെ തങ്കമ്മ പറഞ്ഞു. തങ്കമ്മയും ലീലയുമൊക്കെ ഊണും ഉറക്കവും കടയ്ക്കുള്ളില്‍ത്തന്നെയാണ്.

'രാവിലെ എണീറ്റാലുടന്‍ അടുത്തുള്ള അമ്പലക്കുളത്തില്‍ മുങ്ങിക്കുളിച്ച് ദിവസം തുടങ്ങും. ഒരൂണു വാങ്ങിയാല്‍ രണ്ടുനേരം കഴിക്കാം. കുറേ കടകളില്ലേ, ഒന്നും പേടിക്കാനില്ല, സമാധാനത്തോടെ കിടന്നുറങ്ങാം,' ചങ്ങനാശ്ശേരിക്കാരി ലീല പറയുന്നു. കുട്ട, വട്ടി, പായ, മുളംപുട്ടുകുറ്റി...ഒക്കെയാണ് ലീലയുടെ കടയില്‍.

'കാര്‍ന്നോമ്മാരുടെ കൈപിടിച്ച് പാക്കനാരുടെ പിന്‍മുറക്കാരിയായി ഇവടെ കുഞ്ഞു പ്രായത്തിലെത്തിയതാ ഞാന്‍,' ചാണകം മെഴുകിയ മുറത്തിനു വില പറയുന്നതിനിടയില്‍ 72-കാരി തങ്കമ്മ പറഞ്ഞു.

ചങ്ങനാശ്ശേരി മാമ്മൂടുകാരിയാണ്. വില്‍പ്പന കുറയുന്നു എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുമ്പോഴും സൗഹൃദത്തിന്റെ സന്തോഷം അതിനെയൊക്കെ അതിജീവിക്കുകയാണ്.

Content Highlights: Women sellers friendship in Market