Jasmin Sells Fish
ജാസ്മിന്‍ മെമ്പര്‍ വീടുകളിലേക്ക് മീനുമായുള്ളയാത്രയില്‍

ചേര്‍ത്തല: സൗഹൃദമാണ് എന്റെ കരുത്ത്...കസ്റ്റമറല്ല.., ഞാന്‍ മീനെത്തിക്കുന്നത് സൗഹൃദ കൂട്ടായ്മയിലെ കൂട്ടുകാര്‍ക്കാണ്. 33-കാരി ജാസ്മിന്റെ വാക്കുകളില്‍ സൗഹൃദത്തിളക്കം.

കൂട്ടുകാരും കൂട്ടുകാരുടെ കൂട്ടുകാരും...സൗഹൃദത്തിന്റെ ചങ്ങല വളര്‍ന്നപ്പോള്‍ ജാസ്മിന്‍ മെമ്പറുടെ മീന്‍കച്ചവടവും തിളങ്ങുന്നു. കടപ്പുറത്തുള്ള സൗഹൃദത്തില്‍നിന്ന് ഏതാനും കൂട്ടുകാര്‍ക്ക് മീനെത്തിച്ചായിരുന്നു ഒരുവര്‍ഷം മുന്‍പ് തുടക്കം.

മീന്‍ വാങ്ങിയ കൂട്ടുകാര്‍ അത് സമൂഹികമാധ്യമങ്ങളിലിട്ടപ്പോള്‍ കൂടുതല്‍ കൂട്ടുകാര്‍ കൂട്ടായ്മയിലെത്തി. അങ്ങനെ വളര്‍ന്ന് 457 പേരിലേക്കാണെത്തിയത്. മീനാവശ്യപ്പെടുന്ന കൂട്ടുകാരുടെ എണ്ണം കൂടിയപ്പോള്‍ ഇതിലേക്ക് ശ്രദ്ധയും കൂടി.

എല്ലാ ദിവസവും കടപ്പുറത്ത് വള്ളമടുക്കുന്ന സ്ഥലങ്ങളില്‍ ജാസ്മിനെത്തും. അവിടെക്കിട്ടുന്ന മത്സ്യങ്ങള്‍ ഗ്രൂപ്പുകളിലൂടെ കുട്ടുകാര്‍ക്ക് മുന്നിലേക്ക്. മത്സ്യത്തിന്റെ വില അവിടെ വച്ചുതന്നെ ഗ്രൂപ്പില്‍ അറിയിക്കും.

ആവശ്യമുള്ളവര്‍ക്ക് മത്സ്യം വൃത്തിയാക്കി അവരുടെ വീടുകളില്‍ നേരിട്ടെത്തിക്കും. ഫ്രീസര്‍ സംവിധാനങ്ങളില്ല. കിട്ടുന്നത് മുഴുവന്‍ ഉച്ചയ്ക്കുമുന്നേ നല്‍കും. ഇത് 'മഞ്ജു' എന്ന് വിളിക്കുന്ന ടി.എസ്.ജാസ്മിന്‍. പട്ടണക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍. ബി.എ. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദധാരി. വീടുകളില്‍ ട്യൂഷനെടുക്കലായിരുന്നു പ്രധാന വരുമാനമാര്‍ഗം. അതിനിടെയാണ് കൂട്ടുകാര്‍ നല്‍കിയ ഊര്‍ജം കരുത്താക്കി പുതിയപ്രവര്‍ത്തനം തുടങ്ങിയത്. പുലര്‍ച്ചേ നാലുമുതല്‍ ഒന്നുവരെയാണ് മീന്‍ കണ്ടെത്തി ക്ലീന്‍ചെയ്ത് എത്തിക്കുന്നത്. പട്ടണക്കാട് മാത്രമായിരുന്ന കൂട്ടായ്മ ഇന്ന് താലൂക്കിലാകെ വളര്‍ന്നു.

ജോലിക്കാരായവര്‍ക്ക് ഓര്‍ഡറനുസരിച്ച് വൈകീട്ടും മീനെത്തിക്കും. ഇരുചക്രവാഹനത്തില്‍ നേരിട്ടാണ് എത്തിക്കുന്നത്. ക്ലീന്‍ചെയ്യാന്‍ രണ്ടുപേര്‍ സഹായികളായുണ്ട്. ഇതിനിടയിലാണ് വാര്‍ഡിലെ ജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനവും. ഒരുമണിക്കുശേഷം പഞ്ചായത്തിലും വാര്‍ഡിലുമായി നിറയും. വിവിധ ഫണ്ടുകള്‍ എത്തിച്ചുള്ള വാര്‍ഡിലെ വികസനം ഇതിനുതെളിവ്.

വിദ്യാഭ്യാസ മേഖലയോടുള്ള താത്പര്യത്തിന് തെളിവായി വരുമാനത്തിലൊരുപാതി നിര്‍ധന വിദ്യാര്‍ഥികളുടെ പഠനത്തിനായും ചെലവഴിക്കുന്നുണ്ട്. ഇതിനുകരുത്തായി അധ്യാപികയായ കൂട്ടുകാരിയുമുണ്ട്. ഞായറാഴ്ച മീന്‍ വില്‍പ്പനയില്ല, അന്ന് വിദ്യാര്‍ഥികളുടെ അധ്യാപികയാകും. ഇതിനിടയില്‍ നിയമപഠനത്തിനുള്ള ശ്രമത്തിലുമാണിപ്പോള്‍.

Content Highlights: Woman Panchayat member Jasmin sells fish through online friends group