ഏപ്രില്‍ ഒന്ന്, എന്റെ ചങ്ങാതിയേ കാണാന്‍ പോകുന്ന ആ ദിവസം. ഏകദേശംഒരു വര്‍ഷത്തിന് ശേഷം. അപ്പോള്‍ പിന്നെ സന്തോഷം എത്രമാത്രം ഉണ്ടാകുമെന്ന് എല്ലാ ചങ്ങാതിമ്മാര്‍ക്കും ഊഹിക്കാമല്ലോ. ആകാഷയും, സന്തോഷവും, ഒപ്പം ചമ്മലും ഉണ്ടായിരുന്നു. വേറൊന്നും കൊണ്ടല്ല, ഈ ഒരു വര്‍ഷം ചങ്ങാതിയും ഞാനും പിണക്കത്തിലായിരുന്നു. നല്ല കട്ട കലിപ്പില്‍. 

ആ പിണക്കം മാറിയതിനുശേഷമുള്ള കണ്ടുമുട്ടല്‍. നമ്മുടെ സൗഹൃദം തിരിച്ചു കിട്ടിയ സന്തോഷത്തിന്റെ ഒത്തുചേരലായിരുന്നു അന്ന്. 

രാവിലെ തലശ്ശേരിയിലേക്ക് പോകുന്ന എന്റെ ഫോണിലേക്ക് ദാ ചങ്കിന്റെ മെസേജ് 'ഞാന്‍ എത്തി...നീ എവിടെ'... എത്താറായെന്ന് ഞാന്‍ തിരിച്ചു മെസേജയച്ചു. സന്തോഷം ഒന്നു കൂടി ഇരട്ടിച്ചു. ചങ്ങാതിക്ക് പല മാറ്റങ്ങളും വന്നിട്ടുണ്ടാവും. രൂപത്തിലും ഭാവത്തിലും എന്നൊക്കെ ചിന്തിച്ചിരിക്കുന്നതിനിടയില്‍ ബസ്സ് ടൗണില്‍ എത്തി. ഇറങ്ങി നടന്നു, അതാ എന്നെ കാത്ത് സുഹൃത്ത് അവിടെ നില്‍പ്പുണ്ട്. 'ഉണ്ട്, മാറ്റമുണ്ട്,
തടിച്ചു' .... 'ഓ..ഹോ പുതിയ ബാഗ്, കുട എന്നൊക്കെ പറഞ്ഞ് ചങ്ങാതി സംഭാഷണം തുടങ്ങി' (എന്റെ പഴയ ബാഗിനേയും കുടയേയും കുറിച്ചാണ് പറഞ്ഞത് എന്നതാണ് തമാശ). 

നീ തടിച്ചല്ലോ എന്ന് ഞാനും പറഞ്ഞു. കുറേക്കാലത്തിന് ശേഷം കണ്ടിട്ടും ഞങ്ങള്‍ക്ക് ഒന്നും സംസാരിക്കാനില്ലായിരുന്നു, സത്യം അതായിരുന്നു. എങ്കിലും അന്ന് ഉച്ചവരെ ഞങ്ങള്‍ ഒന്നിച്ചിരുന്നു.

തലശ്ശേരിയിലെ നല്ല ഹോട്ടലീനായിരുന്നു ഉച്ചഭക്ഷണം. ഭക്ഷണം കഴിക്കുമ്പോള്‍ കോളേജ് കാലത്തെ ഒര്‍മകള്‍ മനസില്‍ കൂടി കടന്നു പോയി. ആ കാലത്ത് എപ്പോഴും ഒരുമിച്ചായിരുന്നു ഉച്ചഭക്ഷണം കഴിച്ചിരുന്നത്... ഭക്ഷണത്തിന്റെ പൈസയും കൊടുത്ത് ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി

പിന്നെ നേരെ റെയില്‍വേ സ്റ്റേഷനിലേക്കാണ്. ചങ്ങാതിയെ യാത്രയാക്കാന്‍. ട്രെയിന്‍ കാത്തരിക്കുമ്പോള്‍ മനസില്‍ ചെറിയ ഒരുവിഷമവും. ചങ്കിനും ഉണ്ടാവാതിരിക്കില്ല. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഞങ്ങള്‍ ചായകുടിക്കാറുണ്ട്. അതിന്റെ ചിത്രമെടുത്ത് സൂക്ഷിച്ചിട്ടുമുണ്ട്. സൗഹൃദത്തിന്റെ പ്രതീകമായി ആ ഒര്‍മ്മകള്‍ എന്റെ മനസില്‍കൂടി വീണ്ടും കടന്നുപോയി. 

ട്രെയിന്‍ എത്താറായപ്പോഴാണ് ആ കാര്യം ഓര്‍മ്മ വന്നത്. സെല്‍ഫി എടുത്തില്ല. സെല്‍ഫി ഇല്ലാതെ ചങ്ങാതിയെ അങ്ങനെ വിടാന്‍ പറ്റുമോ. ചിരിച്ചോണ്ട് ഒരു ക്ലിക്ക്. ട്രെയിനില്‍ കയറാന്‍ നേരം ഞങ്ങള്‍ പരസ്പരം കൈ കൊടുത്തു. ഇനിയും കാണാം... കാണണം എന്ന് ചങ്ക് പറഞ്ഞു. മടങ്ങുമ്പോള്‍ ഉള്ളില്‍ സന്തോഷമായിരുന്നു. ചങ്ങാതിയോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍
പറ്റിയതിന്റെയും പിണക്കം തീര്‍ന്നതിന്റെയും സന്തോഷം. എത്ര പിണങ്ങിയാലും ചങ്ങാതി എന്നും ചങ്ക് തന്നെയാണ്.

Content Highlights: Meeting college friend after one year written by Theertha Anneri