കാര്‍, പഴയൊരു തമിഴ് മെലഡിയുടെ ഓളത്തിലങ്ങനെ പോയ്‌ക്കൊണ്ടിരുന്നു. കാറില്‍, ഞങ്ങള്‍ നാലുപേരും പ്ലസ്ടു കാലം മുതലിങ്ങോട്ട് ഒന്നിച്ചുണ്ട്. ആരും സംസാരിക്കുന്നില്ല. മണിയെ കാണാനാണ് പോക്കെന്ന ഒരാശ്ചര്യവും പുഞ്ചിരിയും ഞങ്ങൾക്ക് നാലാൾക്കുമുണ്ട്. വെറും രണ്ടു വര്‍ഷം മാത്രം ക്ലാസിലിരുന്ന് ചേര്‍ത്തെടുത്ത ഓര്‍മ്മകള്‍ അവര്‍ക്ക് അത്രത്തോളമുണ്ടാകുമോ എന്ന് ഞാനും ചിന്തിച്ചു. ഓര്‍മ്മകളുടെ കനം എനിക്കാണ് കൂടുതല്‍. ഒന്നു തൊട്ട് പ്ലസ്ടു വരെ മണി എന്റെ ക്ലാസിലായിരുന്നല്ലോ! കാര്‍, പുതിയൊരു മലയാളം മിക്‌സില്‍ കുലുങ്ങി.

പേരിലൊരു മണിയുള്ളതുകൊണ്ട്, പ്ലസ്ടുവില്‍ ക്ലാസ് ടീച്ചറായി കേറിവന്ന ഗീത ടീച്ചറാണവളെ കൃഷ്ണമണീ...ന്ന് നീട്ടി വിളിച്ചത്. ടീച്ചറൊഴികെ ഞങ്ങളെല്ലാവരും അവളെ മുഴക്കത്തോടെ 'മണീ... ' യെന്നു വിളിച്ചു. 
ഒരു പ്രത്യേകതയുമില്ലാത്ത പ്രത്യേകതയുള്ള പെണ്‍കുട്ടികളുടെ മുഖമായിരുന്നു അവള്‍ക്ക്. ലതികയും ഹേമാംബികയും ഭാവനയും ഉരുണ്ടും നേര്‍ത്തും പതിഞ്ഞും ഭംഗിപ്പെട്ടു. വെളുപ്പും കറുപ്പുമായി ശുഭയും ശ്രുതിയും രശ്മിയും അടയാളപ്പെട്ടു. ഇരു നിറത്തില്‍ അക്കൂട്ടത്തില്‍, കൊറേപ്പേര്‍ക്കിടയില്‍ ഒരാളായിരുന്നു അവള്‍. അന്തുമാനുമായി പൊരിഞ്ഞ അടി നടത്തി വിജയിച്ച ഒരു സന്ദര്‍ഭമൊഴിച്ചാല്‍, അവളെ ഓര്‍മ്മയില്‍ ചെത്തിമിനുക്കിയിടുന്നത് പ്ലസ്ടുകാലത്തു തന്നെ.

വൈകിയെത്തുന്ന സന്ദര്‍ഭങ്ങളില്‍ ടീച്ചറവളെ അനുഭാവപൂര്‍വ്വം പരിഗണിച്ചിരുന്നു. നീളം കുറഞ്ഞ മുടിയിഴകളെ പകുത്ത് കെട്ടലില്‍ നിന്നും ടീച്ചറവളെ മോചിപ്പിച്ചിരുന്നു. പനങ്കുല മുടിക്കാരികള്‍ അവളെ അസൂയക്കണ്ണോടെ നോക്കി. അവരൊക്കെ മെടഞ്ഞ്, നീലയോ വെള്ളയോ റിബ്ബണ്‍ വച്ച് മുടി പകുത്തിരുന്നു...പ്ലസ്ടു പകുതിയെത്തിയ ഒരു പകല്‍, ആരോ പറഞ്ഞു:

'മണിയുടെ അമ്മ മരിച്ചോയി.. 'അന്ന് ക്ലാസ് മരിച്ചു. യൂണിഫോമിട്ട ഒരു വലിയ വരി മണിയുടെ നാട്ടിലേക്ക് പോയി മടങ്ങി. എന്തോ വലിയ അസുഖമായിരുന്നു. അവളുടെ കരച്ചില്‍ ദൂരെ നിന്നേ കേള്‍ക്കാമായിരുന്നതുകൊണ്ട്, ഞങ്ങള്‍ സാധുക്കള്‍ ആണ്‍കുട്ടികള്‍ കുറേ ദൂരെ മാറി നിന്ന് മടങ്ങി. 'അവള്‍ടച്ഛനും മുന്‍പേ പോയിരുന്നു...' - പുതിയ നീറ്റലുമായി ഞങ്ങള്‍ കൊറേ നാള്‍ അവളെപ്പറ്റി മാത്രം സംസാരിച്ചു.

അവള്‍ തുടര്‍ന്ന് ക്ലാസില്‍ വന്നു തുടങ്ങുമ്പോഴേക്കും അവസാന വര്‍ഷ പരീക്ഷയുടെ സമയമായിരുന്നു.  അവള്‍ പരീക്ഷയെഴുതി. പാസ്സായെന്നറിഞ്ഞു. അന്നേരത്തു തന്നെ ഒരു കല്യാണം ശരിയായെന്നും വലിയ പ്രതിസന്ധികളും വിഷമങ്ങളും പകുതിയാക്കിപ്പോയെന്നും പറഞ്ഞു കേട്ടു . അതില്‍ ഞങ്ങളെല്ലാം സന്തോഷിച്ചു.

പതിനൊന്നു കൊല്ലക്കാലത്തെ ഓര്‍മ്മകളുമായി കാര്‍ മണിയുടെ വീടിനു മുന്നില്‍ നിന്നു. മഴ നിന്നതേയുണ്ടായിരുന്നുള്ളു. മണി, അലക്കിയ തുണികള്‍ പന്തലിന്റെ തൂണുകളില്‍ അങ്ങിങ്ങായി വിരിഞ്ഞ അയകളില്‍  കുടഞ്ഞ് വിരിക്കുന്നുണ്ടായിരുന്നു. കനപ്പോടെ അവള്‍ ഞങ്ങളെ നോക്കി. പിന്നെ ചിരിച്ചു. യൂണിഫോമില്‍ നിന്ന് പുള്ളികളുള്ള മാക്‌സിയിലേക്ക് കൂടുമാറിയ മണി! മറ്റു മാറ്റങ്ങളൊന്നുമില്ല. പ്രസാദാത്മകമായ പഴയ ചിരി. ഓവര്‍ എക്പ്രഷനിട്ട് ഞെട്ടലു കാട്ടാത്ത അവളെക്കടന്ന് സര്‍പ്രൈസ് പൊളിഞ്ഞ ഭാവത്തില്‍ ഞങ്ങള്‍ നടന്നു. 
''വാ...' അവള്‍ കസേര നീക്കിയിട്ടു. മൂന്നു പെണ്‍കുട്ടികള്‍, മണിയുടെ ബാല്യത്തിന്റെ മുഖം വച്ച് നില്‍ക്കുന്നു.! കുരുന്നുകള്‍, കളങ്കമില്ലാതെ ചിരിക്കുന്നു, സംസാരിക്കുന്നു പേരു പറഞ്ഞ് ലജ്ജിക്കുന്നു.. 
'ഇരിക്ക്, അഞ്ച് മിനുട്ട് ഇരിക്ക്... ഞാന്‍ ചായയെടുക്കാം...''

അവള്‍ അകത്തേക്കു പോയി. എന്തൊക്കെ സംസാരിക്കാനുണ്ടായിരുന്നു. ആരും സംസാരിച്ചതേയില്ല. അഞ്ചു മിനുട്ട് തീര്‍ന്നു, പത്തായി. അതും കഴിഞ്ഞു.. 

ഞങ്ങള്‍ പുറത്ത് കുഞ്ഞുങ്ങള്‍ക്കൊപ്പം ചേര്‍ന്നു. സുരേഷ് കൊടുത്ത ചേക്‌ളേറ്റ് പൊതിയുമായി ഇളയവള്‍ അകത്തേക്ക് പോയി. അന്നേരം മണി രണ്ട് പാത്രങ്ങളുമായി ഹാളിലേക്ക് വന്നു. പുഴുങ്ങിയ അഞ്ചോആറോ കോഴിമുട്ടകള്‍ ! ഒരു പാത്രത്തില്‍ കുഞ്ഞ് പഴംപൊരികള്‍ ആവി പറത്തുന്നു. മൂത്തവള്‍ ചായയും കൊണ്ടു വന്നു.  'ഇവളിക്കൊല്ലം.. അഞ്ചിലാണ്..'
മണി ചിരിച്ചു.

'ഇസഹാക്കിന്റെ മുടിയൊക്കെ കൊറഞ്ഞു.. അല്ലേ? ഗള്‍ഫാ..?'

അവളുടെ ചോദ്യത്തിന് അവന്‍ ചിരിച്ചു കൊണ്ട് മൂളി.എന്റെ ഏതോ കവിതയെ അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതു കണ്ട് ഞാന്‍ തടഞ്ഞു. അവള്‍ പിന്നെയും ചിരിച്ചു.

'മണി, പിന്നീടാരെയും കോണ്‍ടാക്ട് ചെയ്തില്ലേ.. '

ഞങ്ങള്‍ ചോദിക്കുമ്പോള്‍ അവളൊന്ന് പ്ലസ്ടുവില്‍ കേറിയിറങ്ങി വന്നു.

'ഇല്ല.. ആരേം ഇല്ല...'

അവള്‍ ഗ്ലാസിലേക്ക് പിന്നെയും ചായയൊഴിച്ചു. കുട്ടികള്‍ ഞങ്ങളെ മണി നോക്കുന്ന പോലെ നോക്കി. ഞങ്ങള്‍ പുറത്തേക്കു നടന്നപ്പോള്‍, ഒരു നോട്ടുപുസ്തകമെടുത്ത് അവളു വന്നു.

'നമ്പര്‍ എഴുതൂ... എന്തെങ്കിലും വിശേഷമുണ്ടാകുമ്പോള്‍ വിളിക്കാലോ.. 'ഞങ്ങളെഴുതി. അവളുടെ വാട്‌സാപ്പ് നമ്പറും തന്നു. 

'മണി ഞങ്ങളെയൊക്കെ ഓര്‍ത്തിരുന്നോ, എന്നെങ്കിലും...'

എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. കുട്ടികളോട് ചിരിച്ച് കൈവീശി കാറില്‍ കയറി. നേരത്തെ ബാക്കിയാക്കിയ പാട്ട് പല്ലവിയോര്‍മ്മിപ്പിക്കാതെ തുടര്‍ന്നു. വണ്ടി നീങ്ങി... 'അവളെ, നമുക്ക് ഗെറ്റ് ടുഗദറിന്റെ ഗ്രൂപ്പിലൊന്നും കൊണ്ടിടണ്ട... സമാധാനത്തോടെ നിന്നോട്ട്, പാവം...' സുധീഷ് സീറ്റില്‍ ചാഞ്ഞു.

വണ്ടി കയറ്റം കയറിത്തുടങ്ങിയിരുന്നു.

Content Highlights: Meeting Childhood friend after a long year, story written by Mridul